Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ ഇമലയാളിയില്‍

Published on 22 October, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ ഇമലയാളിയില്‍
(Read below)
തിരുവല്ല സ്വദേശിയായ പി.സി.നായര്‍ 1959-ല്‍ തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബി.എ.ഓണേഴ്‌സ് പാസ്സായി. കുറച്ചുകാലം ഡല്‍ഹിയില്‍ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ഡോ.ഇ.എ.ജെ. ജോണ്‍സന്റെ കൂടെ ജോലി ചെയ്തു.

പിന്നീട് ഉപരിപഠനത്തിന് അമേരിക്കയിലേക്കു പോയ അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും തുടര്‍ന്ന് ഡോക്ടറേറ്റും നേടി ഡോ.പി.സി.നായരായി.

മലയാളത്തില്‍ നിന്ന് അകലെയായിരുന്നിട്ടും അദ്ദേഹമിപ്പോള്‍ ഒരു മലയാള നോവല്‍ എഴുതിയരിക്കുന്നു: മേരി മഗ്ദലന്റെ ആത്മകഥ.

ഡാന്‍ ബ്രൗണ്‍ 2003- ല്‍ ഡാവിഞ്ചികോഡ് എന്ന നോവല്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് മഗ്ദലനിലെ മേരിയെ പുതിയൊരു കണ്ണുകൊണ്ടു കണ്ടു തുടങ്ങിയവര്‍ ഏറെയാണ്. ബ്രൗണിന്റെ മേരി ചരിത്രത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിച്ചവരുമുണ്ട്.

എന്നാല്‍ , ഗലീലി കടല്‍തീരത്തെ മഗ്ദലന്‍ പട്ടണത്തില്‍ ജനിച്ച് യഹൂദപാരമ്പര്യത്തില്‍ വളര്‍ന്ന്, യേശു എന്ന നിമിത്തത്തിലൂടെ സ്വയം കണ്ടെത്തുന്ന മേരിയെയാണ് ഡോ.പി.സി. നായര്‍ അവതരിപ്പിക്കുന്നത്. ബൈബിളിലെ നഖചിത്രങ്ങളില്‍ നിന്ന് ആധികാരിക ഗവേഷണഗ്രന്ഥങ്ങളുടെ സഹായത്തോടെ മേരിയുടെ ജീവിതം അദ്ദേഹം പുനര്‍നിര്‍മിക്കുന്നു.

ആത്മകഥാരൂപത്തില്‍ നോവലെഴുതുക എളുപ്പമല്ല. പക്ഷേ, ചരിത്രത്തിനും വിശ്വാസത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ സമര്‍ത്ഥമായി സഞ്ചരിച്ച് അസാധാരണമായൊരു രചാനാ ശില്പ്പം തീര്‍ത്തിരിക്കുന്നു നോവലിസ്റ്റ്.

ആത്മകഥാരൂപത്തിന്റെ പരിമിതികള്‍ നിലനില്‍ക്കെത്തന്നെ മേരി മഗ്ദലന്‍ ദാര്‍ശനികമാനങ്ങളുള്ള കഥാപാത്രമായി നമുക്കു മുന്നില്‍ അവതരിക്കുന്നു. ആത്മകഥ ആവശ്യപ്പെടുന്നതരത്തിലുള്ള ലളിതശൈലിക്ക് ബോധപൂര്‍വ്വമായ കൗശലങ്ങളുടെ പിന്‍ബലമില്ലതാനും.

ഡാവിഞ്ചികോഡ് വായിച്ചവരും വായിച്ചെന്നു സ്വയം വിശ്വസിക്കുന്നവരും മേരി മഗ്ദലന്റെ ആത്മകഥ വായിക്കണമെന്നും പറയാന്‍ ഡോ.പി.സി. നായര്‍ സ്ഥലത്തില്ല; അദ്ദേഹം ഇപ്പോഴും അമേരിക്കയിലാണ്.
(Jose Panchipuram-Bhashaposhini)

ഒന്ന്‌

ഗലീലി സമുദ്രത്തിന്റെ പടിഞ്ഞാറെ കരയിലുള്ള മഗ്‌ദലന്‍ എന്നൊരു ചെറിയ പട്ടണത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. എന്റേത്‌ ഒരു യഹൂദ കുടുംബമായിരുന്നു. അച്ഛനേയും അമ്മയേയും കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ വളരെ അവ്യക്തമാണ്‌. എനിക്ക്‌ നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ ആദ്യം അച്ഛനും, കുറച്ചു മാസങ്ങള്‍ കഴിഞ്ഞ്‌ അമ്മയും നടപ്പുദീനം പിടിപെട്ട്‌ മരിച്ചുപോയി. അമ്മയുടെ ഇളയ സഹോദരിയാണെന്നെ എടുത്തുവളര്‍ത്തിയത്‌.

മഗ്‌ദലന്റെ വടക്കുഭാഗത്തുള്ള കുന്നിന്‍ചെരുവിലായിരുന്നു ഞങ്ങളുടെ വീട്‌. അത്‌ അലങ്കരിച്ചിരുന്നത്‌ യഹൂദരീതിയിലായിരുന്നു. അക്കാലത്ത്‌ ഞങ്ങളുടെ ആളുകള്‍, താമസിച്ചിരുന്ന വീടുകള്‍ക്കൊക്കെ യഹൂദഗൃഹം എന്നാണ്‌ പറഞ്ഞുവന്നിരുന്നത്‌. അല്ലാതെ വീടുകള്‍ക്ക്‌ പേരിടുന്ന പതിവ്‌ ഞങ്ങള്‍ക്കില്ലായിരുന്നു. വീടിനു മുമ്പിലുള്ള പ്രധാന വാതിലില്‍ മെസൂസാ തൂക്കിയിടും. ഇത്‌ തോറയില്‍ നിന്നെടുത്ത വേദവാക്യങ്ങള്‍ നേരിയ പട്ടുതുണിയിലെഴുതി ഒരു പേടകത്തിനുള്ളിലടക്കം ചെയ്‌തതാണ്‌. യഹൂദരുടെ ഒരു പഴയ ആചാരം. മെസൂസാ ഓരോ ഗൃഹസ്ഥനും പുറത്തേക്കിറങ്ങുമ്പോഴും, അകത്തോട്ടു പോകുമ്പോഴും അയാള്‍ക്ക്‌ ദൈവത്തോടുള്ള കടമയെ ഓര്‍മ്മിപ്പിക്കുന്നു; ദൈവകല്‌പനകളനുസരിച്ചു തന്നെ താന്‍ ജീവിക്കുമെന്ന്‌!

ആഴ്‌ചയില്‍ രണ്ടുദിവസം അശരണരായ നാട്ടുകാര്‍ക്ക്‌ അപ്പവും നെയ്യും ദാനം ചെയ്യുന്ന പതിവ്‌ ഇളയമ്മയ്‌ക്ക്‌ ഉണ്ടായിരുന്നു. മഗ്‌ദലനിലെ മിക്ക ആളുകളും ഉപജീവനം കഴിച്ചിരുന്നത്‌ സമുദ്രത്തില്‍ നിന്ന്‌ മീന്‍പിടിച്ച്‌ മറ്റു പട്ടണങ്ങളില്‍ കൊണ്ടുപോയി വിറ്റിട്ടാണ്‌. കാറ്റും, മഴയും വരുമ്പോള്‍ തോണി കടലിലേക്കിറക്കാന്‍ കഴിക്കാതെ വിശന്നു വലഞ്ഞിരിക്കുന്ന ജനങ്ങള്‍ അന്ന്‌ ധാരാളം ഉണ്ടായിരുന്നു. അവര്‍ക്ക്‌ ഒരു നേരമെങ്കിലും ആഹാരം കൊടുക്കുന്നത്‌ ഞങ്ങളുടെ വിശ്വാസപ്രമാണത്തിലെ ഒരു പ്രധാന അനുഷ്‌ഠാനമായിരുന്നു. മഗ്‌ദലനിലെ നാട്ടുകാര്‍ പ്രായേണ നിര്‍ദ്ധനരായിരുന്നെങ്കിലും എന്റെ കുടുംബം സമ്പന്നമായിരുന്നതു കൊണ്ട്‌ ഇളയമ്മയ്‌ക്ക്‌ എന്തു വേണമെങ്കിലും ദാനം ചെയ്യുന്നതിന്‌ പ്രയാസമുണ്ടായിരുന്നില്ല. ദീനം പിടിച്ചു കിടക്കുന്നവരെ പോയിക്കണ്ട്‌ സമാധാനിപ്പിക്കുക, മറ്റുള്ളവര്‍ക്ക്‌ തന്നാല്‍ കഴിയുന്ന സഹായം ചെയ്‌തു കൊടുക്കുക, അനാഥശിശുക്കളെ ശുശ്രൂഷിക്കുക തുടങ്ങിയ തോറയിലെ ദീനാനുകമ്പയ്‌ക്ക്‌ വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും കഴിയുമ്പോലെ ഇളയമ്മ അനുസരിച്ചുപോന്നു.

ഇളയമ്മ ജീവിതത്തില്‍ മതസംബന്ധമായ കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നതുകൊണ്ട്‌ എന്നും മൂന്നുനേരം പ്രാര്‍ത്ഥിക്ക പതിവായിരുന്നു; രാവിലെയും ഉച്ചയ്‌ക്കും വൈകീട്ടും. എല്ലാ ദിവസവും യഹൂദപള്ളിയില്‍ പോകും. ചില ദിവസങ്ങളില്‍ സച്ചാരിയറ്റ്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നു. അവിടുത്തെ പ്രാര്‍ത്ഥനാരീതിയും അര്‍ത്ഥവുമൊക്കെ എന്നെ പറഞ്ഞു മനസ്സിലാക്കുന്നതിന്‌ ഇളയമ്മയ്‌ക്ക്‌ വലിയ ഉത്സാഹമായിരുന്നു. സച്ചാരിയറ്റിന്റെ ആദ്യ ചടങ്ങ്‌ ദൈവാനുഗ്രഹത്തിനു വേണ്ട പ്രാര്‍ത്ഥയാണ്‌. പിന്നീട്‌ പഴയ നിയമത്തിലെ സങ്കീര്‍ത്തനങ്ങള്‍ പാടും. ഇത്‌ ഉച്ചവരെ നീണ്ടുനില്‍ക്കും. മദ്ധ്യാഹ്ന പൂജക്കും, വൈകുന്നേരത്തെ തോറ പാരായണത്തിനും ഇളയമ്മ പോകും. ആഴ്‌ചയില്‍ നാലു പ്രാവശ്യം തോറ വായിക്കുന്നത്‌ യഹൂദരായ ഞങ്ങളുടെ പതിവാണ്‌. ഇളയമ്മയ്‌ക്ക്‌ കുട്ടികളില്ലായിരുന്നു. ദാമ്പത്യജീവിതം തുടങ്ങി അധികകാലം കഴിയുന്നതിനുമുമ്പു തന്നെ ഭര്‍ത്താവും മരിച്ചുപോയി. മാനസികമായി ദുര്‍ബലയായി കഴിഞ്ഞിരുന്ന ആ സ്‌ത്രീ ഈശ്വരവിചാരത്തില്‍ സദാ ലീനയായിരുന്നത്‌ സ്വാഭാവികമാണല്ലോ. അവര്‍ വീട്ടിലില്ലാത്തപ്പോള്‍ ഞാന്‍ അയര്‍ക്കാരായ മറ്റു കുട്ടികളുമായി കളിക്കയോ, ഓര്‍ഗന്‍ വായിക്കുകയോ ചെയ്‌ത്‌ സമയം ചിലവഴിക്കും.

എനിക്കാറോ ഏഴോ വയസ്സ്‌ ഉള്ളപ്പോള്‍ ഇളയമ്മ എന്നെ ഞങ്ങളുടെ പള്ളിയുടെ ഭാഗമായിരുന്ന സ്‌ക്കൂളില്‍ ചേര്‍ത്തു. അല്‍ഫെയിസ്‌ എന്നു പേരായ റബ്ബൈയായിരുന്നു എന്റെ ഗുരുനാഥന്‍ . ഒരു വന്ദ്യവയോധികന്‍ . നീട്ടിവളര്‍ത്തിയ അദ്ദേഹത്തിന്റെ വെളുത്ത താടിയും, സദാ പ്രസന്നമായ മുഖവും കുട്ടികളെ ആകര്‍ഷിച്ചിരുന്നു. തലയില്‍ എപ്പോഴും ഒരു കിപായും കാണും.

അല്‍ഫെയിസ്‌ ഞങ്ങളെ അല്‍മെരിക്ക്‌ ഭാഷയില്‍ എഴുതുവാനും വായിക്കാനും പഠിപ്പിച്ചിട്ടുണ്ട്‌. ദൈവഭക്തി എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ട ആവശ്യമാണ്‌ ആദ്യമായി ചൂണ്ടിക്കാണിച്ചത്‌. എന്നും ദൈവത്തോട്‌ കടപ്പെട്ടവരായിരിക്കേ; ആത്മാര്‍ത്ഥതയുള്ളവരായിരിക്കേ; ഇത്‌ യഹൂദവിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണമായതു കൊ ണ്ട്‌ കുട്ടികളത്‌ സ്വമനസാ സ്വീകരിച്ചു.

അദ്ധ്യയനം തുടങ്ങുന്നതു തന്നെ അല്‍ഫെയിസിന്റേതായ ശാന്തമെങ്കിലും ഗംഭീരമായ സ്വരത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടാണ്‌. ?യഹോവാ, അങ്ങ്‌ ഞങ്ങളുടെ ഏകദൈവമാകുന്നു. ഇസ്രയേല്‍ ജനങ്ങളേ, നിങ്ങള്‍ കേള്‍ക്കണം??..പിന്നെ ദൈവം ആരാണ്‌?, എന്തു ചെയ്യുന്നു?, ദൈവവും മനുഷ്യരാശിയും തമ്മിലുള്ള ബന്ധം എന്ത്‌? എന്നീ വിഷയങ്ങളിലേക്കു കടക്കും. ആദ്യമൊക്കെ കുട്ടികള്‍ക്ക്‌ കടിച്ചാല്‍ പൊട്ടാത്ത വിഷയങ്ങളായിരുന്നു ഇതെല്ലാമെങ്കിലും എളുപ്പം മനസിലാക്കുന്ന ഗുരു പറഞ്ഞുതന്ന ഉപമകളും, തമാശയുള്‌ല കഥകളും കൊണ്ട്‌ ക്രമേണ അതെല്ലാം ഒരുവിധം മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞു.

എന്നാലൊരു കാര്യത്തിലെനിക്ക്‌ സംശയമുണ്ടായിരുന്നു. യഹൂദമതം ദൈവമായി സങ്കല്‍പ്പിച്ചിരുന്നത്‌ ഒരു പുരുഷനേയാണ്‌. അത്‌ എന്തു കൊണ്ടൊരു ദേവിയായിക്കൂടാ എന്ന്‌ എന്റെ ബാലമനസ്സില്‍ തോന്നി. എനിക്ക്‌ കുറച്ചുകൂടെ പ്രായമായ ശേഷം ഞാന്‍ മുതിര്‍ന്ന രണ്ടു മൂന്ന്‌ സഹപാഠികളോട്‌ ഇതേപറ്റി ചോദിച്ചു. അവര്‍ പറഞ്ഞത്‌, യഹൂദമദം മറ്റു ഗോത്രക്കാരുടേതില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിക്കാണിക്കാനാണ്‌ ഞങ്ങളുടെ പൂര്‍വികര്‍ ദൈവത്തിന്‌ പുരുഷസങ്കല്‌പം നല്‍കിയതെന്നാണ്‌. പുരാതനകാലത്ത്‌ പല ദേവികളെയും, ദേവന്മാരെയും ആരാധിച്ചിരുന്ന മറ്റു ഗ്രോത്രക്കാരില്‍ നിന്നും യഹൂദരെ വേര്‍തിരിച്ചിരുന്ന ഒരു സങ്കല്‍പമായിരുന്നു അത്‌. ഞങ്ങലുടെ ആളുകള്‍ , കാലം ചെല്ലുന്തോറും ദൈവം വളര്‍ന്നു വരുമെന്ന്‌ വിശ്വസിക്കുന്നു. സങ്കല്‌പങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും പരിവര്‍ത്തനം വരാം. ഓരോരുത്തരും അവരവരുടെ രീതിയിലും, സാഹചര്യത്തിലും ഈശ്വരനെ കണ്ടെത്തണം. ഇതാണ്‌ ഞങ്ങളുടെ മതം പഠിപ്പിച്ചത്‌.

അല്‍ഫെയിസ്‌ അദ്ധ്യയനം അവസാനിപ്പിക്കുന്നതും ദൈവത്തിനു സ്‌തോത്രം പാടിയാണ്‌:

ഞാന്‍ യഹോവക്ക്‌ പാട്ടുപാടും

അവന്‍ മഹോന്നതന്‍!

എന്റെ ബലവും, എന്റെ ഗീതവും

യഹോവയത്രെ!

അവനെനിക്ക്‌ രക്ഷയായിരുന്നു;

അവനെന്റെ ദൈവം, ഞാനവനെ പുകഴ്‌ത്തും!

ഞങ്ങളുമതേറ്റു പാടും

(തുടരും.........)
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ ഇമലയാളിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക