Image

വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 01 November, 2013
വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
വയലാര്‍ രാമവര്‍മയുടെ പുത്രന്‍ ശരത്‌ചന്ദ്ര വര്‍മ സംഗീതത്തിലൂടെ അച്ഛന്‌ അര്‍പ്പിച്ച തിരുമുല്‍ക്കാഴ്‌ചയ്‌ക്കു സാക്ഷ്യംവഹിച്ച `ഇ-മലയാളി' ലേഖകന്‍ വയലാറിനെക്കുറിച്ചുള്ള ഓര്‍മകളുടെ രണ്ടാം അദ്ധ്യായം തുറക്കുന്നു.

``പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം
പിന്നെയും പിന്നെയും ആരോ നിലാവത്ത്‌ പൊന്‍വേണുവൂതുന്ന മൃദുമന്ത്രണം...''

ഗിരീഷ്‌ പുത്തന്‍ചേരിയുടെ ഈ പ്രണയസങ്കല്‌പം (കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌ - വിദ്യാസാഗര്‍, യേശുദാസ്‌) ഒരു നഷ്‌ടവസന്തത്തിന്റെ ഓര്‍മകള്‍ തന്നില്‍ എന്നും ഉണര്‍ത്താറുണ്ടെന്ന്‌ വയലാറിന്റെ പത്‌നി ഭാരതി വര്‍മ ഗിരീഷിന്റെ ഗാനസമാഹാരത്തിന്‌ എഴുതിയ അവതാരികയില്‍ പറയുന്നു. ``എനിക്കും തോന്നിയിട്ടുണ്ട്‌. `വസുമതീ...' എന്നു മൂളിയെത്തുന്ന ഒരു ഗന്ധര്‍വ്വന്റെ മെതിയടി നിസ്വനം''? (`വസുമതീ... ഋതുമതീ.. ഇനിയുണരൂ...  ഇവിടെവരൂ...  ഇന്ദുപുഷ്‌പഹാരവുമായ്‌...' (ഗന്ധര്‍വ്വക്ഷേത്രം- യേശുദാസ്‌).

ചേര്‍ത്തല വാരനാട്ട്‌ ചെങ്ങണ്ടയില്‍ പുത്തന്‍ കോവിലകത്ത്‌ ഭാരതി തമ്പുരാട്ടി വയലാര്‍ രാമവര്‍മയുടെ രണ്ടാമത്തെ ഭാര്യയാണ്‌. ജ്യേഷ്‌ഠത്തി ചന്ദ്രമതി തമ്പുരാട്ടിയുമായി അദ്ദേഹം എട്ടര വര്‍ഷം സ്‌നേഹിച്ചു കഴിഞ്ഞു. കുട്ടികള്‍ ഉണ്ടാകാതിരുന്നതു മൂലം ചന്ദ്രമതി (83) ഒരു തീരുമാനമെടുത്തു - അനുജത്തിക്കുവേണ്ടി സ്വയം പടിയൊഴിഞ്ഞു പോകുക. അവരിപ്പോള്‍ തൃപ്പൂണിത്തുറയില്‍ സഹോദരന്‍ ബാലരാമവര്‍മയുടെ കൂടെക്കഴിയുന്നു. ഇന്നും പെയ്‌തൊഴിയാത്ത ഓര്‍മകളുമായി.

``ദാവണിയിലേക്കു കടക്കുന്ന കാലത്ത്‌ സിക്‌സ്‌തു ഫോറത്തില്‍ പഠിക്കുമ്പോഴായിരുന്നു പെണ്ണുകാണല്‍. ജാലകപ്പഴുതിലൂടെ പൊഴിയുന്ന നിലാവെട്ടം പോലെ ആ മുഖം എന്റെ കണ്ണില്‍ നിറഞ്ഞു'' -ചന്ദ്രമതി തമ്പുരാട്ടി `മാതൃഭൂമി'യില്‍ .പി.ബി. പ്രവീണ്‍കുമാറിനോടു പറഞ്ഞു. ``ഞാനും അനുജത്തി ഭാരതിയും സ്‌കൂളില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ അദ്ദേഹം സൈക്കിളില്‍ പോകുന്നതു കണ്ടിട്ടുണ്ട്‌. അടുത്തെത്തുമ്പോള്‍ പരിചയഭാവത്തില്‍ ചിരിക്കും. തുലാം 13നു വേളി. മുഹൂര്‍ത്തം രാത്രി പതിമൂന്നര നാഴിക ചെന്നപ്പോള്‍. ചെങ്ങണ്ടയില്‍നിന്ന്‌ ബോട്ടില്‍ വയലാറിലേക്കു പോയി. എത്തുമ്പോള്‍ ക്ഷേത്രത്തില്‍ നിര്‍മാല്യത്തിനു നടതുറന്നിരുന്നു. എനിക്കു തുടര്‍ന്നും പഠിക്കാമെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നെങ്കിലും കോവിലകത്തെ സാഹചര്യം അനുവദിച്ചില്ല. സുഖമില്ലാത്ത ഒരമ്മാവനും അമ്മയും അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു.

പ്രസംഗങ്ങള്‍ക്കും മറ്റുമായി അദ്ദേഹം തുടര്‍ച്ചയായി യാത്രയിലായിരുന്നു. വീട്ടിലുള്ളപ്പോള്‍ രാത്രിയിലും പുലര്‍ച്ചെയുമായിരുന്നു കവിതയെഴുത്ത്‌. കാപ്പിയും മുറുക്കാനും നിര്‍ബന്ധം. എഴുതിക്കഴിഞ്ഞാല്‍ എന്നെയും അമ്മയെയും വായിച്ചു കേള്‍പ്പിക്കും. അദ്ദേഹം വീട്ടിലുള്ളപ്പോള്‍ രാഘവപ്പറമ്പ്‌ ഒരു സാഹിത്യവേദിയാകുമായിരുന്നു. ഒ.എന്‍.വി.യും കാമ്പിശേരിയും മലയാറ്റൂരുമെല്ലാം ഉണ്ടാവും. എന്നെ വിളിച്ച്‌ അരികില്‍ നിര്‍ത്തി പരിചയപ്പെടുത്തും.

അദ്ദേഹത്തെ കവിയെന്ന നിലയിലോ വാഗ്‌മിയെന്ന നിലയിലോ അല്ല, ഭര്‍ത്താവെന്ന നിലയില്‍ ഓര്‍മിക്കാനാണ്‌ എനിക്കിഷ്‌ടം. അത്രമേല്‍ എന്നെ സ്‌നേഹിച്ചിരുന്നു. `നിനക്കു ഞാനുണ്ട്‌' എന്ന അദ്ദേഹത്തിന്റെ സാന്ത്വനമായിരുന്നു എന്റെ ബലം. ഏകപുത്രനായിരുന്നതിനാല്‍ അമ്മയോട്‌ വല്ലാത്തൊരു അടുപ്പമായിരുന്നു. ഒടുവില്‍, അനുജത്തിയെ കൊടുത്ത്‌ കോവിലത്തുനിന്നു യാത്രയായി. ഞങ്ങള്‍ നിയമപരമായി പിരിഞ്ഞില്ല. കോവിലകത്തായിരിക്കുമ്പോഴും എന്നെ കാണാനെത്തിയിരുന്നു.''

`ഭാര്യ' എന്ന ചിത്രത്തോടെയാണ്‌ അദ്ദേഹം സിനിമാലോകത്ത്‌ സജീവമാകുന്നത്‌. പ്രതിഭയുടെ തേജസ്സില്‍ അദ്ദേഹം പ്രശസ്‌തിയുടെ പടവുകള്‍ കയറി. അപ്പോഴും എന്നെ മറന്നില്ല. അദ്ദേഹം എനിക്ക്‌ കത്തെഴുതുമായിരുന്നു. `സ്‌നേഹപൂര്‍വ്വം ചന്ദ്രമതിക്ക്‌' എന്നു തുടങ്ങുന്ന കത്തുകള്‍. ഞാന്‍ മറുപടിയും എഴുതുമായിരുന്നു. എനിക്ക്‌ ഏറ്റം പ്രിയപ്പെട്ട ഗാനം ഏതെന്നു ചോദിച്ചാല്‍ `സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍....' എന്ന രാജഹംസത്തിലെ പാട്ടിനോട്‌ വൈകാരികമായ ഒരിഷ്‌ടമാണ്‌. ആ വരികള്‍ എന്നെക്കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്‌. തുലാവര്‍ഷപ്പകര്‍ച്ചയായി എന്നില്‍ നിറഞ്ഞ കവി മറ്റൊരു തുലാം പത്തിന്‌ നാല്‌പത്തേഴാം വയസ്സില്‍ എന്റെ കണ്ണുകള്‍ നനച്ച്‌ കടന്നുപോയി. ``അന്നുമെന്നാത്മാവു നിന്നോടു മന്ത്രിക്കും, നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു... രാത്രി പകലിനോടെന്നപോലെ യാത്രചോദിപ്പൂ ഞാന്‍.``...അതെന്നോടു തന്നെ.

``അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു അമ്മയുടെ വേര്‍പാട്‌. പിന്നീട്‌ കോവിലകത്തേക്കുള്ള സന്ദര്‍ശനം ചുരുങ്ങി. എങ്കിലും എന്റെയുംകൂടി വീടാണത്‌. സഹോദരി ഭാരതിയുടെ മക്കള്‍ - ശരത്തും ഇന്ദുവും സിന്ധുവും യമുനയുമെല്ലാം എന്റെ കുട്ടികള്‍ തന്നെ.''-ചന്ദ്രമതി പറയുന്നു.

അറുപതിലേറെ കവികള്‍ (സ്‌ത്രീ-പുരുഷന്മാര്‍, വിദ്യാര്‍ത്ഥികള്‍) പങ്കെടുത്തു, ഡോ. പ്രഭാകരന്‍ പഴശ്ശി ഉദ്‌ഘാടനം ചെയ്‌ത കവിയരങ്ങില്‍. കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്ന അനുസ്‌മരണ സമ്മേളനം, രാവണപുത്രി എന്ന വയലാര്‍ കവിതകളുടെ ദൃശ്യാവിഷ്‌കരണം (സംവിധാനം: ജോസഫ്‌ ആന്റണി) എന്നിവ കഴിഞ്ഞതോടെ കോവിലകത്ത്‌ ദീപാരാധനയ്‌ക്കു സമയമായി. ഇതെല്ലാം പു.ക.സ ഏരിയാ കമ്മിറ്റി സെക്രട്ടറി കുമാരി വിജയമ്മയുടെ നേട്ടം.

മടക്കയാത്രയില്‍ വയലാര്‍ രക്തസാക്ഷി മണ്‌ഡപത്തിനു മുമ്പിലൂടെ കടന്നുപോകുമ്പോള്‍ പിണറായി വിജയന്‍ പ്രസംഗിക്കുന്നതേയുള്ളൂ. രണ്ടു കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളും യോജിച്ചു നടത്തിയ വയലാര്‍ അനുസ്‌മരണത്തിലുടനീളം യു.ഡി.എഫ്‌ ഗവണ്‍മെന്റിനെ തൂത്തെറിയേണ്ടതിന്റെ ആവശ്യകത നിറഞ്ഞുനിന്നു.

വയലാര്‍ എന്ന ഗ്രാമം അവരുടെ `കുട്ടനെ' ഹൃദയം തുറന്നു സ്‌നേഹിച്ചു. മനസ്സു നിറയെ ആദരിച്ചു. ദുഃഖത്തോടെ ഓര്‍മിക്കുന്നു. ``അദ്ദേഹം ഇവിടെ അച്ഛനെ കാണാന്‍ മിക്കവാറും എത്തുമായിരുന്നു, ചായ കുടിക്കാനും ഗുലാന്‍ കളിക്കാനും.'' നാഗന്‍കുളങ്ങര ക്ഷേത്രത്തിന്‌ എതിരേ പഞ്ചായത്ത്‌ ഓഫീസിനോടു ചേര്‍ന്നിരിക്കുന്ന കിഴക്കേ കാലായില്‍ രാജമ്മ ഓര്‍ക്കുന്നു. ഭര്‍ത്താവ്‌ ചെല്ലപ്പന്‍നായര്‍ (85) കുട്ടന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. കുട്ടനിന്നുണ്ടായിരുന്നെങ്കില്‍ ഈ പ്രായത്തിലും `കമ്പനി' കൂടാന്‍ എത്തുമെന്നുറപ്പ്‌. `തിരുമേനിയെ എന്നും മനസില്‍ കൊണ്ടുനടക്കുന്നു ഞാന്‍' -അയല്‍ക്കാരന്‍ പുഷ്‌പാംഗദന്‍ പറയുന്നു. ബോംബെയില്‍ പോയി മന്നാഡേയെക്കൊണ്ടു `മാനസമൈനേ' പാടിച്ചു മടങ്ങിവന്ന ദിവസം ആ പാട്ട്‌ കാസെറ്റില്‍ ആദ്യം അമ്മയെ കേള്‍പിച്ചു. തൊട്ടടുത്ത്‌ ഞാനുമുണ്ടായിരുന്നു.'

മടങ്ങും മുമ്പ്‌ തിരുമേനിയുടെ മരുമകന്‍ പ്രസാദ്‌ വര്‍മ്മയെ ഒരിക്കല്‍കൂടി കണ്ടു. പാലക്കാട്‌ എന്‍.എസ്‌.എസ്‌ എന്‍ജിനീയറിംഗ്‌ കോളജില്‍ പഠിപ്പിക്കുന്ന അദ്ദേഹം അച്ഛന്റെ ഡയറുക്കുറിപ്പുകള്‍ ഡിജിറ്റലൈസ്‌ ചെയ്യുന്ന മഹദ്‌ ഉദ്യമത്തിലാണ്‌. `ചില വര്‍ഷങ്ങളിലെ ഡയറികള്‍ കാണാനില്ല. കൈവശമുള്ളവര്‍ തിരികെ ഏല്‍പിച്ചാല്‍ നന്നായിരുന്നു'. -വര്‍മ്മ പറഞ്ഞു. ഇമെയില്‍: ckpvarma@gmail.com

സന്ദര്‍ശകര്‍ക്കു മുമ്പില്‍ ഒരുപാടു സമസ്യകള്‍ നിരത്തുന്ന ഗ്രാമമാണു വയലാര്‍. പാര്‍ട്ടി സമ്മേളനത്തിന്‌ ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയില്‍ കൈചുരുട്ടി ആകാശത്തെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉതിര്‍ത്തുകൊണ്ടു വന്നവരില്‍ നല്ലൊരു പങ്കും നാഗന്‍കുളങ്ങരയമ്മ, ഭദ്രാമ്മ, നമഃശിവായ തുടങ്ങിയ കുട്ടിലോറികളില്‍ സഞ്ചരിക്കുന്നു. പ്രകടനങ്ങളിലൊന്ന്‌ ചരിത്രം തുടിക്കുന്ന കേരളാദിത്യപുരം ക്ഷേത്രത്തിനു മുമ്പിലെത്തിയപ്പോള്‍ വീണ്ടും കേട്ടു - ``രക്തസാക്ഷികള്‍ സിന്ദാബാദ്‌, പുന്നപ്ര-വയലാറിലെ രണവീരന്മാര്‍ക്കഭിവാദ്യം.'' അപ്പര്‍ കുട്ടനാടും വേമ്പനാട്ടു കായലും തണ്ണീര്‍മുക്കം ബണ്ടും കഴിഞ്ഞ്‌ അംബികാ മാര്‍ക്കറ്റ്‌ വരെ ആ ഗര്‍ജനങ്ങള്‍ നാടിനെ പുളകംകൊള്ളിച്ചു. ഒരു വിളിപ്പാടകലെ ചേര്‍ത്തലയുടെ മറ്റൊരു സമരവീരന്‍ അറയ്‌ക്കപ്പറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി ഇന്ദ്രപുരിയില്‍ കൃഷ്‌ണമേനോന്‍ മാര്‍ഗില്‍ ഒന്‍പതാം നമ്പറിലിരുന്ന്‌ ഇതൊക്കെ കേള്‍ക്കുന്നുണ്ടോ?


>>>> ഒന്നാം ഭാഗം വായിക്കുക....
വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)വയലാറില്‍നിന്ന്‌ പിന്നെയും പിന്നെയും ആരോ കിനാവിന്റെ...ഭാഗം-2 (എക്‌സ്‌ക്ലൂസീവ്‌- രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക