Image

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് പാകിസ്താനും

Published on 22 October, 2011
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് പാകിസ്താനും
ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്താനും സീറ്റ്. മൊറോക്കോ, ഗ്വാട്ടിമല, ടോങോ എന്നീ രാജ്യങ്ങളും താല്‍ക്കാലിക അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗത്വത്തില്‍ ഇതേ വരെ തീരുമാനമായിട്ടില്ല.

സാധാരണയായി താല്‍ക്കാലിക അംഗത്വം സംബന്ധിച്ച് നേരത്തെ ധാരണയാകാറുണ്ടെങ്കിലും നിരവധി രാജ്യങ്ങള്‍ മത്സരത്തിനെത്തിയതോടെ തിരഞ്ഞെടുപ്പ് ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു.

ഗ്വാട്ടിമല എതിര്‍പ്പില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൊറോക്കോ ഏറെ ബുദ്ധിമുട്ടാതെയും അംഗത്വം നേടി. ടോംഗോ മൂന്നാം വട്ടചര്‍ച്ചയിലാണ് അംഗത്വം നേടിയത്. അഞ്ചാമത്തെ സീറ്റ് സംബന്ധിച്ചുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ പത്ത് താല്‍ക്കാലിക അംഗങ്ങളില്‍ അഞ്ചെണ്ണം എല്ലാവര്‍ഷവും തിരഞ്ഞെടുക്കുകയാണ് പതിവ്. തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങള്‍ക്ക് രണ്ടുവര്‍ഷം അംഗത്വം ലഭിക്കും.

ഇന്ത്യയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനാകുമെന്ന് പാക് അംബാസഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ തന്നെ അദ്ദേഹത്തെ ഇന്ത്യന്‍ അംബാസഡര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതും കൗതുകമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക