Image

വാഷിംഗ്‌ടണ്‍ സെന്റ്‌ മേരീസ്‌ ദേവാലയ രജത ജൂബിലി ആഘോഷ സമാപ്‌തി 23ന്‌

തോമസ്‌ പി. ആന്റണി Published on 22 October, 2011
വാഷിംഗ്‌ടണ്‍ സെന്റ്‌ മേരീസ്‌ ദേവാലയ രജത ജൂബിലി ആഘോഷ സമാപ്‌തി 23ന്‌
വാഷിങ്‌ടണ്‍: മേരിലാന്‍ഡിലെ ലാന്‍ഡോവര്‍ ഹില്‍സിലുള്ള സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ ദേവാലയം സ്‌ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപ്‌തി 23ന്‌ നടക്കും.

പള്ളി ഇന്ന്‌ രണ്ടര പതിറ്റാണ്ട്‌ പിന്നിട്ടിരിക്കുന്നു. പത്തനംതിട്ട രൂപതയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റം (ജോണ്‍ കല്ലൂരച്ചന്‍) ആരംഭിച്ചതാണ്‌ ഈ പള്ളി. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി ഫാ.തോമസ്‌ പൂവണ്ണാല്‍, ഫാ.ഗീവര്‍ഗീസ്‌ ചരുവിളയില്‍, ഫാ.ജേക്കബ്‌ ജോര്‍ജ്‌ ചിറയത്ത്‌ എന്നീ വൈദികരും വികാരിമാരായി ഇരുന്നിട്ടുണ്ട്‌.

എക്‌സാര്‍കേറ്റിലെ ആദ്യ ബിഷപ്പായ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പൊലീത്തയുടെ ഭരണത്തിന്‍ കീഴില്‍ വരുന്ന ഈ പള്ളിയിലെ ഇപ്പോഴത്തെ വികാരി മത്തായി മണ്ണൂര്‍ വടക്കേതില്‍ ആണ്‌.

2010 ഏപ്രിലില്‍ ആരംഭിച്ച ജൂബിലി ഉദ്‌ഘാടന ചടങ്ങുകളോടു കൂടി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആധ്യാത്മിക നവീകരണം വിവിധ ഒരുക്കങ്ങളിലൂടെ കടന്നു പോവുകയായിരുന്നു. ഓരോ കുടുംബത്തിലും ദിവസേനയുള്ള പ്രത്യേക പ്രാര്‍ഥനകള്‍, പള്ളിയില്‍ നടത്തിയ ധ്യാനങ്ങള്‍, കൊന്തനമസ്‌കാരം, വിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ്‌, ആരാധന എന്നീ കാര്യങ്ങള്‍ അവയില്‍ ചിലതാണ്‌.

ഈ പള്ളി സ്‌ഥാപിക്കുന്നതിനു മുമ്പ്‌ വാഷിങ്‌ടണിലെ ഹോളി കംഫര്‍ട്ടര്‍ ചര്‍ച്ചിന്റെ ചാപ്പലില്‍ ആയിരുന്നു ആരാധന. രണ്ടാമത്‌ വികാരിയുടെ കാലത്ത്‌ എല്ലാ ഞായറാഴ്‌ചയും വിശ്വാസികള്‍ ഒരുമിച്ചു കൂടി വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ വേദപാഠവും മലയാളം ക്ലാസും ആരംഭിച്ചു.

ജൂബിലി വര്‍ഷാരംഭത്തില്‍ തുടങ്ങി ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ആധ്യാത്മീയ നവീകരണ പരിപാടികള്‍ക്ക്‌ ഒക്‌ടോബര്‍ 23 ഞായറാഴ്‌ച നടക്കുന്ന ആഘോഷങ്ങളോടു കൂടി തിരശീല വീഴും. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും.

വാഷിങ്‌ടണ്‍ അതിരൂപതയുടെ സഹായ മെത്രാന്‍ ബാരി ക്രിസ്‌റ്റഫര്‍ ക്രെസ്‌റ്റവുട്ട്‌ വചന പ്രഘോഷണം നടത്തും. തുടര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ എക്‌സാര്‍കേറ്റ്‌ മെത്രാപ്പൊലീത്ത തോമസ്‌ മാര്‍ യൗസേബിയോസ്‌ അധ്യക്ഷനായിരിക്കും. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവു മുഖ്യാതിഥിയായിരിക്കും. ലാന്‍ഡോവര്‍ ഹില്‍സിലെ സെന്റ്‌ മേരീസ്‌ കത്തോലിക്കാ ദേവാലയത്തിലെ വികാരി ഫാ. സാമുവല്‍ ഗിനീസ്‌, വാഷിങ്‌ടണ്‍ സിറോ - മലബാര്‍ കാത്തലിക്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. മാത്യു പുഞ്ചയില്‍, ഇസികെസി ബാള്‍ട്ടിമോര്‍ - വാഷിങ്‌ടണ്‍ ഏരിയായുടെ ആത്മീയ ഉപദേഷ്‌ടാവ്‌ ഫ.ാ പനയ്‌ക്കാമറ്റം, മുന്‍വികാരി ഫാ. ജേക്കബ്‌ ജോര്‍ജ്‌ ചിറയത്ത്‌, വാഷിങ്‌ടണ്‍ മുന്‍ മേയര്‍ ആദ്രിയാന്‍ ഫെന്റി, ഫോമ സെക്രട്ടറി ബിനോയി തോമസ്‌, ന്യൂജഴ്‌സിയിലെ ബര്‍ഗന്‍ കൗണ്ടി മുന്‍ കൗണ്‍സിലര്‍ ജയിംസ്‌ ജോര്‍ജ്‌, ഐഎസിഎ പ്രസിഡന്റ്‌ മരിയശെല്‍വം ചിന്നപ്പം എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം നടന്നുവരുന്നു. കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു സുവനീറും പ്രകാശനം ചെയ്യും.
വാഷിംഗ്‌ടണ്‍ സെന്റ്‌ മേരീസ്‌ ദേവാലയ രജത ജൂബിലി ആഘോഷ സമാപ്‌തി 23ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക