Image

ഹാസ്യം കേരള സംസ്കാരത്തില്‍: ഡി. ബാബുപോള്‍

Published on 06 November, 2013
ഹാസ്യം കേരള സംസ്കാരത്തില്‍: ഡി. ബാബുപോള്‍
ചിരിക്കാന്‍ കഴിയുന്ന ഏക ജീവിയാണ് മനുഷ്യന്‍. ആദ്യ മനുഷ്യനെ ചിരിപ്പിച്ചതെന്താവാം? നിവര്‍ന്നുനില്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന കുരങ്ങാവാം, മൃഗചേഷ്ടകളെ തന്മയത്വത്തോടെ അനുകരിച്ച മനുഷ്യനാവാം, മറ്റൊരു മനുഷ്യന്‍െറ പ്രകൃതിവൈകൃതമാവാം. ആദ്യ മനുഷ്യന്‍ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവാമെങ്കിലും ചിരിപ്പിക്കാനുള്ള കഴിവ് അവന്‍ ആര്‍ജിച്ചത് ഭാഷ ഉരുത്തിരിഞ്ഞതോടെയാവണം. ചിത്രലിപികളില്‍ അത് ആരംഭിച്ചിട്ടുണ്ടാവാമെങ്കിലും ഉക്തിഹാസ്യം അഥവാ ഫലിതം മനുഷ്യന് സ്വായത്തമായത് ആക്ഷേപത്തിനും നിര്‍മലഹാസ്യത്തിനും വരമൊഴിയിലൂടെയുള്ള പ്രകാശനസാധ്യത തെളിഞ്ഞതിനു ശേഷമാവണം.
ഭരതമുനി മനോവൃത്തിയുടെ അടിസ്ഥാനമായി കാണുന്ന അഷ്ടഭാവങ്ങളില്‍ ഒന്ന് ഹാസമാണ്. ഹാസ്യം ഹാസഭാവത്തിന്‍െറ രസാവസ്ഥയാണെന്ന് പറയേണ്ടതില്ല. അനിച്ഛാപൂര്‍വകമായി ലഭിക്കുന്ന ജീവിതത്തിലെ പരിമിതികളെ അതിജീവിക്കാന്‍ മനുഷ്യന്‍ കണ്ടത്തെിയ ഉപാധികളിലൊന്നാണ് ഹാസ്യം എന്ന് പറയാമെന്ന് തോന്നുന്നു. ലോകവ്യാപാരങ്ങളെ അവധാനപൂര്‍വം പരിചിന്തനവിധേയമാക്കുന്ന ദാര്‍ശനികന്‍െറ മനസ്സില്‍ ഉരുത്തിരിയുന്നതാണ് പരമമായ ഹാസ്യം എന്ന് എം.പി. പോള്‍ പറഞ്ഞിട്ടുണ്ട്. ലഘുവായ പരിഹാസത്തോടെ ജീവിതത്തെ നിരൂപണം ചെയ്യുന്നു എന്നതാണ് കേരളീയഹാസ്യത്തെ പൊതുവായി നിര്‍വചിക്കുന്നതെന്ന് പറയാം.
ബ്രിട്ടീഷുകാരുടെ നര്‍മബോധത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. തീര്‍ത്തും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ രൂപപ്പെട്ടതാണെങ്കിലും തോലകവിയുടെ കാലം മുതല്‍ മലയാളനാട്ടിലെ നര്‍മവും ഉന്നതനിലവാരം പുലര്‍ത്തിയിട്ടുണ്ട്. കൂത്തിലൂടെയും കൂടിയാട്ടത്തിലൂടെയും വികസിച്ചതാണ് ആ പാരമ്പര്യം. പില്‍ക്കാലം വരമൊഴിയിലും അത് ലബ്ധപ്രതിഷ്ഠമായി. ഭാഗ്യം, ധനം, ഫലിതോക്തി എന്നീ ‘ശ്ളാഘ്യമാകിയ കോപ്പു’കളൊന്നും ഇല്ലാത്തവനെ യോഗ്യനെന്ന് വിളിക്കാവതല്ളെന്ന് വെണ്‍മണിയും മലയാളിയുടെ സ്വഭാവത്തിലെ ജനിതകഘടകങ്ങളിലൊന്നായി ഹാസ്യത്തിലുള്ള ഭ്രമത്തെ അടയാളപ്പെടുത്തുന്ന കേസരിയും നര്‍മവും ഹാസ്യവും ഇല്ളെങ്കില്‍ മലയാളിയുടെ മലയാളിത്തം നഷ്ടപ്പെടും എന്നാണല്ളോ പറഞ്ഞുവെച്ചിട്ടുള്ളത്.
അതേസമയം, ഹാസ്യം നിര്‍വചിക്കാനാവുമോ? ഹാസ്യം നിര്‍വചിക്കാന്‍ ശ്രമിക്കുന്നതുതന്നെ അരസികന്‍െറ ലക്ഷണമാണെന്ന് ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞിട്ടുണ്ട്. മന$ശാസ്ത്രവിശാരദന്മാര്‍ക്ക് ചിരിയെന്ന പ്രതിഭാസത്തെ ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കാന്‍ കഴിയുമെന്നത് മറക്കുന്നില്ല. വില്യം മക്ഡൂഗലും മാക്സ് ഈസ്റ്റ്മാനും ഉള്‍പ്പെടെ പലരും അത് ചെയ്തിട്ടുണ്ട്. പ്ളേറ്റോയും അരിസ്റ്റോട്ടിലും മാത്രമല്ല, മലയാളത്തില്‍തന്നെ കെ.പി. അപ്പനും സുകുമാര്‍ അഴീക്കോടും മാരാരും പരാമര്‍ശിച്ചിട്ടുള്ളതാണ് ഈ സംഗതി.
ഹാസ്യത്തിന് അപ്രതീക്ഷിതസ്ഥാനങ്ങളില്‍ സ്ഥാനം അനുവദിക്കുന്ന പാരമ്പര്യവും നമുക്കുണ്ട്. ശബ്ദാര്‍ഥശസവേളായാം എന്ന ശ്ളോകത്തില്‍ തുണിയുടെ വില ചോദിക്കുന്ന അരസികനും സഹൃദയ ഹൃദയാഹ്ളാദിനി വിദ്യതികാവ്യേ എന്നതില്‍ കഞ്ചുകത്തെ പഴിക്കുന്ന ശുഷ്കസ്തനിയും അരസികന്‍െറ ഭാഷണത്തേക്കാള്‍ രസികനോടുള്ള കലഹമാണ് ഭേദമെന്ന് സ്ഥാപിക്കാന്‍ ലംബകുചാലിം ഗനതോ ലകുചകുചാപാദപീഡനം ശ്രേയ$ എന്നെഴുതുന്ന കവിയും നര്‍മത്തില്‍ബലം ഏറെ ഉള്ളവരാണല്ളോ.
ഹാസ്യതത്ത്വവിചിന്തനം ഇവിടെ തല്‍ക്കാലം ഉപേക്ഷിച്ചിട്ട് കേരളീയ ഹാസ്യപാരമ്പര്യത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു. നമ്പൂതിരിമാര്‍ക്ക് സാമ്പത്തികവും ലൈംഗികവുമായി ലഭിച്ച സ്വാതന്ത്ര്യവും പുരോഹിതവര്‍ഗം എന്ന നിലയില്‍ ലഭിച്ച ആദരവുമായിരിക്കാം നമ്മുടെ പാരമ്പര്യത്തിലെ വെടിവട്ടങ്ങള്‍ക്ക് വഴിയൊരുക്കിയത്. പരനെപ്രതി ഹസിക്കുന്നത് പരിഹാസ്യവും അവനവനെ പരിഹസിക്കുന്നത് കുലീനഹാസ്യവും ആണെന്ന് ചിന്തിക്കുമ്പോള്‍ നമ്പൂരി ഫലിതങ്ങളോടുള്ള ബഹുമാനം കൂടും. സര്‍ദാര്‍ കഥകളെപ്പോലെ നമ്പൂരിമാര്‍തന്നെ മെനയുന്നതാണല്ളോ നമ്പൂരിക്കഥകള്‍ ഏറെയും. ഇങ്ങനെയുള്ള കഥകള്‍ ഒരു സമുദായത്തില്‍ ഒതുങ്ങുന്നില്ല. മലയാളിയുടെ ഹാസ്യം ഈ കഥകളിലും ഒതുങ്ങുന്നില്ല. അത് നമ്മുടെ പഴഞ്ചൊല്ലുകളിലും കടങ്കഥകളിലും നാടോടിപ്പാട്ടുകളിലും നിറയെ കാണാം. പാരമ്പര്യ വൈദ്യന്മാര്‍ പ്രായേണ ഗുരുമുഖത്തുനിന്ന് കേട്ടുപഠിക്കുന്ന സമ്പ്രദായത്തെ പരിഹസിക്കുന്ന പ്രസിദ്ധമായ വരികള്‍.
‘കരിമ്പു കൂവളമടച്ചവേപ്പൊടു
ക ഖ ഗ ഘ ങ
കുറുമ്പുകുമ്പിളുമരയാലിന്‍ തൊലി
ച ഛ ജ ഝ ഞ
ഇരുമ്പു തട്ടാതെടുത്തുവെന്തിതാ
ട ഠ ഡ ഢ ണ
ഞരമ്പുകോച്ചിന് സേവിച്ചിടാമേ’
വൈദ്യന്‍ അക്ഷരമാല പഠിക്കുന്നതായി സൂചിപ്പിക്കുകയാണല്ളോ.
രംഗകലകളിലും ഹാസ്യത്തിന് പ്രാധാന്യമുണ്ടായിരുന്നു. തിരുവനന്തപുരത്തെ കാക്കാരിശി നാടകത്തില്‍ സുന്ദരന്‍ കാക്കാനും പാട്ടുകാരനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് ഹാസ്യം വരുന്നതെങ്കില്‍ പാലക്കാട്ടെ പൊറാട്ടുനാടകത്തില്‍ ആദ്യന്തം രംഗത്തുള്ള വിദൂഷകന്‍െറ ചോദ്യങ്ങളാണ് ഹാസ്യം സൃഷ്ടിക്കുന്നത്. നമ്പൂരിമാരുടെ സംഘക്കളിയില്‍ കയ്മള്‍ അഥവാ ഇട്ടിക്കണ്ടപ്പനും ഓതിക്കനും തമ്മിലുള്ള സംവാദത്തിലാണ് ഹാസ്യം. നാടുവാഴികളെയും അധികാരികളെയും പരിഹസിക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ് കയ്മള്‍. മധ്യകേരളത്തിലെ അമ്പലവാസികളുടെയും നായന്മാരുടെയും എഴാമത്തുകളി, അത്യുത്തര കേരളത്തിലെ മലയജാതിക്കാരുടെ കോതാമൂരിയാട്ടം എന്നിവയിലും ഹാസ്യം ഏറെയുണ്ട്.
ഇപ്പറഞ്ഞതിനേക്കാളൊക്കെയേറെ അദ്ഭുതകരമായ ഒരു സംഗതി മലയാള ഹാസ്യചരിത്രം, ഹാസ്യദര്‍ശനം തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനായ മേക്കൊല്ല പരമേശ്വരന്‍പിള്ള പറഞ്ഞുതരുന്നുണ്ട്. പടയണിയും മുടിയേറ്റും പോലുള്ള അനുഷ്ഠാനങ്ങളിലെ ഭക്തിഗാനങ്ങളില്‍പോലും ഹാസ്യരസം കലര്‍ന്നിട്ടുണ്ടെന്ന് മേക്കൊല്ല പറയുന്നു. സമൂഹത്തിലെ ബഹുസ്വരതയും മലയാളിയുടെ നര്‍മബോധവും ഏകത്ര ദൃശ്യമാവുന്നതാണ് പടയണിയിലെ വിനോദരംഗങ്ങള്‍. നമ്പൂതിരിയും വാല്യക്കാരനും, ശര്‍ക്കരക്കുടം, അന്തോണി, മാസപ്പടി, ഊട്ടുപട്ടര്‍, പരദേശി, നായരും നമ്പൂരിയും ഇങ്ങനെയൊക്കെ പ്രത്യക്ഷപ്പെടുന്നു ഹാസ്യകഥാപാത്രങ്ങള്‍.
മുടിയേറ്റ് ദേവീപ്രീണനപരമാണെന്ന് നമുക്കറിയാം. ദാരികവധം തന്നെ ഇതിവൃത്തം. എന്നാല്‍, അഞ്ച് രംഗങ്ങളില്‍ നാലാമത്തേത് വിനോദപ്രധാനമാണ്. ആര്യാധിനിവേശത്തിന്‍െറ തുടര്‍ച്ചയാണ് കൂത്തും കൂടിയാട്ടവും മറ്റും. സംഘകാലം മുതല്‍ കുരവൈക്കൂത്തും മറ്റും ഉണ്ടായിരുന്നെങ്കിലും ചാക്യാര്‍കൂത്തും കൂടിയാട്ടവും പിറകെ വന്നതാണല്ളോ.
ചാക്യാര്‍കൂത്ത് സവിശേഷമായ ഹാസ്യത്തോടെ പുരാണകഥകള്‍ പുനരാഖ്യാനം ചെയ്യുകയും രാജാവിനെപ്പോലും ഹാസ്യത്തിന് ഇരയാക്കുകയും ചെയ്യുന്നിടത്ത് കേരളത്തിന്‍െറ ഹാസ്യപാരമ്പര്യമാണ് തെളിയുന്നത്. കൂടിയാട്ടത്തിലെ വിദൂഷകസാന്നിധ്യം വിളിച്ചോതുന്നതും മറ്റൊന്നല്ലല്ളോ.
(സര്‍വകലാശാലയുടെ ‘കേരള പഠനകേന്ദ്ര’ത്തില്‍ ചെയ്ത പ്രഭാഷണത്തിന്‍െറ സംക്ഷിപ്തരൂപം, പൂര്‍വഭാഗം. ഉത്തരാര്‍ധം അടുത്തയാഴ്ച)
http://www.madhyamam.com/news/254022/131106
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക