Image

ദീപങ്ങളുടെ മഹോത്സവത്തില്‍ വത്തിക്കാനില്‍നിന്നൊരു സൗഹൃദസന്ദേശം

Published on 08 November, 2013
ദീപങ്ങളുടെ മഹോത്സവത്തില്‍ വത്തിക്കാനില്‍നിന്നൊരു സൗഹൃദസന്ദേശം



നവംമ്പര്‍ 2-ാം തിയതി ഭാരതത്തില്‍ ആഘോഷിച്ച ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് വത്തിക്കാന്‍റെ മതാന്തരസംവാദങ്ങള്‍ക്കായുള്ള കൗണ്‍സില്‍ അയച്ച സന്ദേശം.

“സൗഹൃദത്തിലും ഐക്യദാര്‍ഢ്യത്തിലും വളര്‍ത്തേണ്ട
ഹൈന്ദവ-ക്രൈസ്തവ മൈത്രി”

1. ജീവന്‍റെയും പ്രകാശത്തിന്‍റെയും ദാതാവായ ദൈവം ഏവരുടെയും ജീവിതങ്ങളെ ദീപാവലിനാളില്‍ നന്മയുടെ വെളിച്ചത്താല്‍ പ്രകാശിപ്പിക്കുകയും, സന്തോഷവും സമാധാനവുംകൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ!

2. മാത്സര്യത്തിന്‍റെയും വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും ഭൗതികവാദത്തിന്‍റെയും ശക്തമായ അലയടികളില്‍ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും ശിഥിലമാകുന്നൊരു സമൂഹ്യ അന്തരീക്ഷത്തിലാണല്ലോ നാം ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ സൗഹൃദത്തിലൂടെയും ഐക്യദാര്‍ഢ്യത്തിലൂടെയും ഹൈന്ദവ-ക്രൈസ്തവ കൂട്ടായ്മയ്ക്ക് എപ്രകാരം നന്മയുടെ മാനവികത വളര്‍ത്തിയെടുക്കാമെന്ന് നാം ചിന്തിക്കേണ്ടതാണ്.

3. മനുഷ്യാസ്തിത്വത്തിന്‍റെ അടിസ്ഥാനമാണ് പാരസ്പര്യം അല്ലെങ്കില്‍ പരസ്പരബന്ധങ്ങള്‍. വ്യക്തിബന്ധങ്ങളുടെ നിലവാരമാണ് അവസാനം പ്രാദേശിക, ദേശീയ, അന്തര്‍ദേശിയ സമൂഹങ്ങള്‍ക്കിടയില്‍ നിലനില്ക്കേണ്ട സുരക്ഷയുടെയും സമാധാനത്തിന്‍റെയും മാനദണ്ഡം. വ്യക്തിബന്ധങ്ങള്‍ എത്രത്തോളം ആഴപ്പെടുന്നുവോ, അത്രത്തോളമാണ് സഹകരണത്തിന്‍റെയും സമാധനത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും കൂട്ടായ്മയുടെയും
പാതയില്‍ ലോകം മുന്നേറുന്നത്. ചുരുക്കത്തില്‍ സമഗ്രവികസനവും സ്ഥായിയായ സമാധനവും പുലരുന്നത് ആദരപൂര്‍വ്വകമായ വ്യക്തിബന്ധങ്ങള്‍ വളരുന്നതിന് ആനുപാതികമായിട്ടാണ്.

4. പങ്കുവയ്ക്കലിലൂടെ മാത്രമേ സാഹോദര്യത്തിന്‍റെ സമൂഹം സ്വാഭാവികമായി വളരുകയുള്ളൂ. മനുഷ്യാസ്തിത്വത്തിന്‍റെ അന്തര്‍ധാര പാരസ്പര്യമാണെങ്കില്‍, മാനവികതയുടെ പുരോഗതിയും സഹാനുഭാവവും സ്വാഭാവികമായും അതില്‍നിന്നേ ഉരുവംകൊള്ളൂ എന്നുള്ളതില്‍ സംശയമില്ല. വംശീയവും സാംസ്ക്കാരികവും മതാത്മകവും ആശയപരവുമായ വൈവിദ്ധ്യങ്ങള്‍ക്കപ്പുറം നാം മാനവകുടുംബത്തിലെ അംഗങ്ങളാണ് നാം
എന്ന സത്യം മറന്നുപോകരുത്.

5. ഇന്നു സമൂഹത്തില്‍ പ്രബലപ്പെട്ടുവരുന്ന ഭൗതികവാദം ആത്മീയവും മതാത്മകവുമായ മൂല്യങ്ങളെ തകര്‍ക്കുന്നുണ്ട്. മനുഷ്യബന്ധങ്ങളെ സ്വാധീനിക്കുന്ന ഭൗതികമായ കാഴ്ചപ്പാട് സഹോദരനെയും അയല്‍ക്കാരനെയും വസ്തുവായി ചുരുക്കുന്ന മനോഭാവം വളര്‍ത്തുന്നുണ്ട്.
പാപ്പാ ഫ്രാന്‍സിസ് ചൂണ്ട്ടിക്കാണിക്കുന്നതുപോലെ, വ്യക്തിമാഹാത്മ്യഭാവം വളര്‍ന്ന് ‘വിവേചനത്തിന്‍റെ സംസ്ക്കാരം’ (culture of exclusion) ലോകത്ത് ശക്തിപ്പെട്ടുവരുന്നുണ്ട്.

6. മാനവകുലത്തിന്‍റെ പൊതുന്മയ്ക്കുതകുന്ന പരസ്പര ബഹുമാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സംസ്ക്കാരത്തിലൂടെ മാത്രമേ ഇന്ന് ലോകത്ത് ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരം വളര്‍ത്തിയെടുക്കാനാവൂ. മനുഷ്യാന്തസ്സു മാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന അടിസ്ഥാന മനോഭാവത്തിലൂടെ സൗഹൃദത്തിന്‍റെ സംസ്ക്കാരം ഇന്ന് ലോകത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് പരിശ്രമിക്കാം. സൗഹൃദവും ഐക്യദാര്‍ഢ്യവും വളരെ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതില്‍നിന്നും സ്പഷ്ടമാണ്. ‘മനുഷ്യനെ ശത്രുവോ അന്യനോ ആയിട്ടല്ല, സഹോദരനും സോഹദരിയുമായി കാണുന്ന മനോഭാവമാണ് ഐക്യദാര്‍ഢ്യം’ എന്നു പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നു (Pope Francis, visit to the community of Varginha, Rio de Janeiro, 25 July 2013).

7. ‘പൊതുനന്മയ്ക്കായുള്ള അനുസ്യൂതമായ പോരാട്ടത്തില്‍, എല്ലാ മതസ്ഥരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഐക്യദാര്‍ഢ്യത്തിന്‍റെ സംസ്ക്കാരം ലോകത്ത് വളര്‍ത്തിയെടുക്കാം’ എന്നതും പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തയാണ് (Pope Francis, Meeting with the Leaders of Brazil, Rio de Janeiro, 27 July 2013). നാം വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന മതങ്ങള്‍, അവ ഏതുമാവട്ടെ, സഹാനുഭാവത്തിന്‍റെ പാതിയില്‍ ആഴമായ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതായിരിക്കണം മതങ്ങളുടെ കൂട്ടായ ദൗത്യം. ഹിന്ദുവോ ക്രിസ്ത്യാനിയോ മുസല്‍മാനോ ആരുമാവട്ടെ, ഏത് വിശ്വാസ പാരമ്പര്യത്തില്‍പ്പെട്ടവരായാലും, വ്യക്തിപരമായും സമൂഹമായും എല്ലാ മതപാരമ്പര്യങ്ങളും സംസ്ക്കാരങ്ങളും സാഹോദര്യത്തിലും സഹാനുഭാവത്തിലും കൈകോര്‍ത്തുനിന്നുകൊണ്ട് മാനവകുടുംബത്തെ ഐക്യത്തില്‍ വളര്‍ത്തുവാനും ബലപ്പെടുത്തുവാനും പരിശ്രമിക്കാം.




ദീപങ്ങളുടെ മഹോത്സവത്തില്‍ വത്തിക്കാനില്‍നിന്നൊരു സൗഹൃദസന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക