Image

വിശ്വാസ ചൈതന്യമേകി ഹൈദരാബാദില്‍ സീറോ മലബാര്‍ സഭ അല്‌മായസമ്മേളനം

Published on 23 October, 2011
വിശ്വാസ ചൈതന്യമേകി ഹൈദരാബാദില്‍ സീറോ മലബാര്‍ സഭ അല്‌മായസമ്മേളനം
ഹൈദ്രാബാദ്‌: പ്രവാസികളായ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്‌ ചൈതന്യവും പ്രകാശവും പകര്‍ന്നേകി ഹൈദരാബാദില്‍ പ്രഥമ സീറോ മലബാര്‍ സഭ ദ്വിദിന അല്‌മായസമ്മേളനം നടന്നു. ഹൈദരാബാദ്‌ മഹാദേവപുരം സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന യുവജന-വനിതാ സമ്മേളനത്തോടെ ആരംഭംകുറിച്ച അല്‌മായസമ്മേളനം സീറോ മലബാര്‍ സഭ അല്‌മായകമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു.

പ്രവാസിജീവിതത്തിലും സഭയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ച്‌ മുന്നേറുന്ന അല്‌മായസമൂഹത്തെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്ന്‌ ഉദ്‌ഘാടനസന്ദേശത്തില്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി കുടിയേറി ചിതറിജീവിക്കുന്ന സഭാമക്കളെ ഒറ്റക്കെട്ടായി പ്രവര്‍ത്തനസജ്ജമാക്കാനും കൂട്ടായ്‌മകള്‍ ശക്തിപ്പെടുത്തുവാനുമുള്ള പദ്ധതികള്‍ സമ്മേളനത്തില്‍ വിശദീകരിച്ചു.

ഫാ. സിബി കൈതാരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, ബാംഗ്ലൂര്‍ ലെയ്‌റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പന്‍, ഷെവലിയര്‍ സിബി വാണിയപ്പുരയ്‌ക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. യുവജ്യോതി പ്രസിഡന്റ്‌ മലിന്‍ വര്‍ക്കി, ഡപ്യൂട്ടി പ്രസിഡന്റ്‌ റിന്‍സി സാറാ ലൂക്കാ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ വിമന്‍സ്‌ കോണ്‍ഫറന്‍സും, മതാദ്ധ്യാപക ഓറിയന്റേഷന്‍ പ്രോഗ്രാമും, വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനവും നടന്നു. ഹൈദ്രാബാദിലെ വിവിധ മിഷന്‍ സെന്ററുകളില്‍ നിന്നുള്ള സീറോ മലബാര്‍ സഭ അല്‌മായ പ്രതിനിധികള്‍ പങ്കെടുത്തു. ഫാ.സിബി കൈതാരന്‍ രക്ഷാധികാരിയും, ട്രസ്റ്റിമാരായ ബേബി ആന്റണി കുന്നത്തുപറമ്പില്‍, ജോസഫ്‌ ജോസഫ്‌ തോട്ടുംപുറം, സ്വാഗതസംഘം കണ്‍വീനര്‍ ലാലപ്പന്‍ കൊല്ലംപറമ്പില്‍, യൂത്ത്‌ ആനിമേറ്റര്‍മാരായ റ്റോണി, ബിനു ജേക്കബ്‌, മാതൃജ്യോതി പ്രസിഡന്റ്‌ അച്ചാമ്മ ജോണ്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.
വിശ്വാസ ചൈതന്യമേകി ഹൈദരാബാദില്‍ സീറോ മലബാര്‍ സഭ അല്‌മായസമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക