Image

ഹൈക്കുവിനു ഒരാമുഖം (സുധീര്‍ പണിക്കവീട്ടില്‍)

Published on 09 November, 2013
ഹൈക്കുവിനു ഒരാമുഖം (സുധീര്‍ പണിക്കവീട്ടില്‍)
ഇന്ദ്രിയാനുഭൂതികള്‍ ഉളവാക്കുന്നഭാഷയില്‍ ഒരു വികാരത്തേയോ ഒരു പ്രതീകത്തെയോ പ്രതിഫലിപ്പ്‌ക്കുന്നു ഹൈക്കു കവിതകള്‍.വാക്കുകളുടെ സൂത്രപ്പണിയില്ലാതെ ഒരു സാധാരണ സംഭവമോ, എന്തിനെയെങ്കിലും കുറിച്ചുള്ള സ്വഭാവികമായ അവലോകനമോ ഹൈക്കു എന്ന കലാരൂപത്തിലൂടെ വായനക്കാര്‍ക്ക്‌ കിട്ടുന്നു. ഹൈക്കുവിന്റെ സാരം അടുക്കിവച്ച രണ്ട്‌ പ്രതിമാനങ്ങളെ തമ്മില്‍ മുറിക്കുന്ന ഒരു വാക്കാണ്‌. അതൊരുതരം അലിഖിതമായ വിരാമചിഹ്നമാണ്‌. അത്‌പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട പ്രതിമാനങ്ങളെ വേര്‍തിരിക്കുന്നു. ഹൈക്കുവിന്റെ പ്രത്യേകത, ഇതിന്റെ വിജയം വായനക്കാരുടെ അറിവിനെ ആസ്‌പദമാക്കിയെന്നാണ്‌.

വായനക്കാരുടെ പങ്ക്‌ വളരെ ആവശ്യപ്പെടുന്ന ഹൈക്കു കവിതകള്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച്‌ മനസ്സിലാക്കേണ്ടതാണ്‌. കഷ്‌ടപ്പെട്ടിരുന്ന്‌ തിരുത്തിയാല്‍ ചില കവിതകള്‍ നന്നാകാം എന്നാല്‍ ഹൈക്കുവിന്റെ കാര്യത്തില്‍ ആ രീതിഫലപ്രദമല്ല. ഇത്‌ തന്നത്താന്‍ മനസ്സില്‍നിന്നും ഉതിര്‍ന്ന്‌വീഴേണ്ടതാണ്‌. ഇപ്പോള്‍പലരും ക്രുത്രിമമായി ഹൈക്കു രചനയില്‍ ഏര്‍പ്പെട്ട്‌ അതിന്റെ വിശുദ്ധി നഷ്‌ടപ്പെടുത്തുന്നത്‌ കാണാം. ഹൈക്കു രചന എളുപ്പമാണെന്ന രീതിയില്‍പലരും ഇതെഴുതാന്‍ ശ്രമിക്കുന്നു. പൂര്‍ണ്ണമായ ഒരു ഹൈക്കു എഴുത്വാന്‍ ഒരാള്‍ക്ക്‌ ചിലപ്പോള്‍ അദ്ദേഹത്തിനെ മുഴുവന്‍ ആയുസ്സും ചിലവഴിക്കേണ്ടിവരുമെന്ന്‌ 2013 ലെഹൈക്കു നോര്‍ത്ത്‌ അമേരിക്ക കോണ്‍ഫറന്‍സിലെ ദബോറ കോലൊഡ്‌ജി അഭിപ്രായപ്പെടുകയുണ്ടായി. ലോസ്‌ ഏഞ്ചത്സിലെ മാള്‍ബറൊ കോളേജില്‍ ഹ്യുമാനിറ്റീസ്‌/സോഷ്യല്‍ സയന്‍സ്‌ പഠിപ്പിക്കുന്ന വിക്‌ടര്‍ ഓര്‍ടിശ്‌ അഭിപ്രായപ്പെട്ടത്‌ ഹൈക്കുവിന്റെഒരോ വാക്കും ഓരോ വരിയും, പരിഗണിക്കപ്പെടുന്നു എന്നാണു. കാരണം കവിതയിലെ പ്രതിമാനങ്ങള്‍ വായനക്കരനു മനസ്സിലാകണമെങ്കില്‍, അനുഭവിക്കണമെങ്കില്‍ അത്‌പ്രധാനമാണ്‌.ചുരുങ്ങിയ വാക്ക്‌കൊണ്ട്‌, ആശയ പ്രകാശന രീതികൊണ്ട്‌ ഒരു വികാരമോ ചിന്തയോ സ്രുഷ്‌ടിക്കപ്പെടുകയാണു ഹൈക്കുവില്‍. അത്‌കൊണ്ട്‌ പദപ്രയോഗം വളരെ സൂക്ഷ്‌മതയോടെ നിര്‍വ്വഹിക്കെണ്ടിയിരിക്കുന്നു.

ജപ്പാനിലെ വസന്തക്കാലത്ത്‌ പൂമരങ്ങളുടെ ചുവട്ടില്‍ സമൂഹത്തിലെ എല്ലാ ശ്രേണിയില്‍പ്പെട്ട ആളുകളും ഒരു ഗുരുവിന്റെ (രങ്കമാസ്‌റ്റര്‍) കീഴില്‍ ഇരുന്ന്‌ സംയുക്‌തമായി കവിതാ രചനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ഒരു പക്ഷെ ഇങ്ങനെ ആളുകള്‍ കൂടിയിരുന്ന്‌ സൃുഷ്‌ടിച്ച കവിതകളില്‍ ഒന്നില്‍ അവര്‍ ഒന്നിജച്ചുകൂടിയ ആ പരിസരത്തിന്റെ പ്രതിച്‌ഛായ നിഴലിക്കുന്നു. ഈ ലേഖകന്‍ ഇംഗ്ലീഷില്‍ വായിച്ചതാണു. ഏകദേശ പരിഭാഷ ഇങ്ങനെ: ഒരു മരത്തണലില്‍, ഹേമന്തതെന്നല്‍ അതിനെ കാണിക്കുന്നു, ഒരു ഇലയില്‍. അന്ന്‌ ഈ കവിതകള്‍ഹോക്കു എന്നാണറിയപ്പെട്ടത്‌.

ഒമ്പത്‌ മുതല്‍പന്ത്രണ്ടാം നൂറ്റാണ്ട്‌ വരെയുള്ള കാലഘട്ടത്തില്‍ ജപ്പാനില്‍ ഉത്ഭവിച്ച ഈ കലാരൂപത്തിന്റെ ഇതിവ്രുത്തങ്ങള്‍ കൂടുതലും മതപരവും രാജകീയവുമായ വിഷയങ്ങളില്‍ അക്കാലത്ത്‌ ഒതുങ്ങിനിന്നു. മൂന്നുവരികളിലായി 17 അക്ഷരങ്ങള്‍കൊണ്ട്‌ ( 5-7-5) ഒരു ആശയം അല്ലെങ്കില്‍ ഒരു വിഷയം അവതരിപ്പിക്കുക എന്ന വെക്ലുവിളിയാണു ഹൈക്കു കവികള്‍ക്ക്‌ അഭിമുഖീകരിക്കനുള്ളത്‌.പതിനേഴ്‌ അക്ഷരങ്ങള്‍ എന്നത്‌ പാലിക്കപ്പെടുന്നില്ലെങ്കിലും പ്രസ്‌തുതനിയമം പഴയതും പുതിയതുമായ എഴുത്തുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. വാസ്‌തവത്തില്‍ അതാണ്‌ ഹൈക്കുവിന്റെ ആകര്‍ഷണം .പതിനേഴ്‌ അക്ഷരങ്ങള്‍ എന്നുള്ള നിബന്ധനയും മറ്റു ഭാഷകളില്‍ എഴുതുമ്പോള്‍ ശരിയാകണമെന്നില്ല. കാരണം ജപ്പാനിസ്‌ ഭാഷയില്‍ അവയെ കണക്ക്‌ കൂട്ടുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം കൂടുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ബാഷോ (Matsuo Basho) ആദ്യത്തെ വലിയ ഹൈക്കു കവി എന്ന പേരില്‍ ആര്‍ജ്‌ജിച്ച പെരുമ ഹൈക്കു കവിതകള്‍ക്ക്‌ പ്രചാരം നല്‍കി. പശ്‌ചാത്യ ലോകത്തേക്ക്‌ ഹൈക്കു പ്രവേശിച്ചത്‌ ഹാരോള്‍ഡ്‌ ജി ഹെന്റേഴ്‌സനും ആര്‍. എച്ച്‌. ക്ലിത്തും 1950ല്‍ ചെയ്‌തപരിഭാഷയിലൂടെയാണ്‌. ഹൈക്കുവിനെക്കുറിച്ചുള്ള ഒരു തമാശ ; ആര്‍ക്കും ഹൈക്കു എഴുതാം 17 അക്ഷരമാകുമ്പോള്‍ നിറുത്തിയാല്‍ മതിയെന്നാണ്‌്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലണു ഹൈക്കു കവിതകള്‍ ലോക വ്യാപകമായി പ്രചരിച്ചത്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത്‌ വിശ്വമഹാകവി രവീന്ദ്രനാഥ്‌ ടാഗോര്‍ ബംഗാളിയില്‍ ഹൈക്കു കവിതകള്‍ എഴുതിയിരുന്നു. രണ്ടായിരെത്തിയെട്ട്‌ ഫെബ്രുവരിയില്‍ ബാംഗളൂരില്‍ വച്ച്‌ ലോകത്തിലെ മിക്കവാറും രാജ്യങ്ങളില്‍ നിന്നുള്ള ഹൈക്കു കവികളുടെ ഒരു ഹൈക്കു ഫെസ്‌റ്റിവല്‍ സംഘടിപ്പിക്കുകയുണ്ടായി. നൂക്ലിയര്‍ നിരായുധീകരണത്തിന്റെ വക്‌താവയ പാക്കിസ്‌താനി കവിയും ഇതിസംബന്ധിച്ചിരുന്നു, `ഹിരോഷിമഹൈക്കു' എന്ന അദ്ദേഹത്തിന്റെ കവിത ജപ്പാനും ഇംഗ്ലണ്ടും സംഘടിപ്പിച്ച സമാധാന സമ്മേളനങ്ങളില്‍ അവതരിക്കപ്പെട്ടിരുന്നു, ഹൈക്കു ഇന്റെര്‍നാഷണല്‍ അസ്സൊസിയേഷന്‍ എന്ന ഒരു സംഘടന ജപ്പാനിലേയും അന്യരാജ്യങ്ങളിലേയും ഹൈക്കു കവികളുമായും ഹൈക്കു കവിതകള്‍ കൈമാറികൊണ്ട്‌ സൗഹ്രുദബന്ധം സ്‌ഥാപിക്കാന്‍പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.യൂറൊപ്യന്‍ കൗണ്‍സിലിന്റെ പ്രസിഡണ്ടായ ഹെര്‍മന്‍ വാന്‍ റുമ്പേയ്‌ അറിയപ്പെടുന്ന ഹൈക്കു കവിയാണ്‌. അദേഹത്തിനെ ഹൈക്കു ഹെര്‍മാന്‍ എന്ന്‌ വിളിക്കുന്നു. അദ്ദേഹം 2010ല്‍ ഒരു ഹൈക്കു കവിതകളുടെ ഒരു സമാഹാരം ഇറക്കിയിട്ടുണ്ട്‌.

കവി, തത്വചിന്തകന്‍ എന്നീനിലകളില്‍ പ്രശസ്‌തനായ ശ്രീനാരായണന്‍ രഘുനാഥന്‍ Wonder Haiku Wordls എന്ന ഒരു സൈറ്റ്‌ ആരംഭിച്ചിട്ടുണ്ട്‌. 1980 മുതല്‍ ഹൈക്കു എഴുതുന്ന അദ്ദേഹം ഹൈക്കു കവിതാസമാഹാരം ഇറക്കിയിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞത്‌ ഹൈക്കു ഒരു കലയാണ്‌്‌, അനുഷ്‌ഠാനമാണ്‌, അന്വേഷണമാണെന്നാണ്‌. പ്രപഞ്ചാവബോധത്തിന്റെ ഓരോ നിമിഷവും ധ്യാനിക്കപ്പെടുന്നസ്‌ഥിതി.

വളരെലോലമായ ഒരു സാധാരണ അനുഭവത്തെ ഒരു കുട്ടി പ്രചണ്ഡമായ വിസ്‌മയത്തോടെ ചൂണ്ടികാണിക്കുന്ന പോലെയാണു ഹൈക്കു. ചിലസന്ദര്‍ഭങ്ങളിലെങ്കിലും പ്രായമായി എന്നു വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വലിയവര്‍ എഴുതുന്ന കുട്ടികളുടെ എഴുത്താണുഹൈക്കു. വഴിയരുകിലെവിസ്‌മയ കാഴ്‌ചകള്‍ വഴിപോക്കരുമായി പങ്കുവക്കുന്നത്രത്രെ ഹൈക്കു.ലോകമെമ്പാടുമുള്ള ഹൈക്കു രചനാഭിലാഷികളെ ഉദ്ദേശിച്ച്‌ ആംഭിച്ചിരിക്കുന്ന ഈ സൈറ്റില്‍ ഓരൊരുത്തര്‍ക്കും അവരവരുടെ ഭാഷയില്‍ എഴുതാം. അങ്ങനെ ഒരു ബഹുഭാഷാവേദി അദ്ദേഹം നല്‍കുന്നു.

മലയാളത്തില്‍ സെന്‍ ബുദ്ധ കഥകള്‍ എന്ന പേരില്‍ഹൈക്കു കവിതകളുടെ ഒരു സമാഹാരം സലീം പീടികക്കല്‍ എഴുതീട്ടുണ്ട്‌.മലയാളത്തിലും ഇംക്ലീഷിലുമുള്ള സമകാലിന ഹൈക്കു കവിതകളുടെ ഒരു സമാഹാരം ശ്രീമതി ഒ.വി.ഉഷയുടേയും, ശ്രീ പി.കെ.രാജശേഖരന്റേയും മുഖവുരയോടെ `കൈകുടന്നയിലെ കടല്‍'' എന്നപേരില്‍ സോയ നാരായണന്‍ സമാഹരിച്ചിട്ടുണ്ട്‌.

ഹൈക്കുപ്രേമികള്‍ സെന്‍ ബുദ്ധിസ്സത്തെക്കുറിച്ച്‌ പഠിക്കണമെന്ന്‌ ശ്രീരഘുനാഥന്‍ അഭിപ്രായപ്പെടുന്നു. ഓരോ ഹൈക്കുവിലും സെന്‍ബുദ്ധിസ്സത്തിന്റെ ഒരു സൂക്ഷ്‌മാംശം കാണാമത്രെ. തപസ്യയുടേയും അന്തര്‍ജ്‌ഞാനത്തിന്റേയും മൂല്യത്തിനുപ്രാധാന്യം കൊടുക്കുന്ന മഹായാന ബുദ്ധിസ്സം എന്ന ദര്‍ശനം പഠിപ്പിക്കുന്ന ഒരു ജാപ്പാനീസ്‌ സ്‌കൂളാണ്‌ `സെന്‍'.എല്ലാഭാരങ്ങളും ഇറക്കിവച്ച്‌ നിങ്ങള്‍ക്ക്‌ ചുറ്റുമുള്ളനിമിഷങ്ങളൊട്‌, ലളിതമായ്‌ സത്യസന്ധമായി ഇഴുകിചേരുക.കൂടുതല്‍ കാവ്യാത്മകമാകാന്‍ ശ്രമിക്കരുത്‌, അത്‌ ചിലപ്പോള്‍നിങ്ങളെ ഏകാഗ്രത കെടുത്ത്‌തിയേക്കാം.മിക്കവാറും നമ്മുടെ കാഴ്‌ക്ല്‌കളില്‍നിന്ന്‌ഹൈക്കു കവിതകള്‍ ഉണ്ടാകുന്നു എന്നദ്ദേഹം പറയുന്നു. അതിനുദാഹരണമായി ഈ വരികള്‍ ഉദ്ധരിുക്കാം.amidst sensual glee
in bliss of the atman ~
a bodhisattva

ഹൈക്കു കവിതകളോട്‌ വലിയപ്രതിപത്തിയില്ലായിരുന്ന സഭ്യസാചിപത്ര ജാക്കി ഹാര്‍ഡി സംശോധനവും സമാഹാരവും നിര്‍വ്വഹിച്ച `കവിതപുരാതനവും ആധുനികവും' എന്ന സമാഹാരത്തിലെ ഹൈക്കു കവിതകള്‍ വായിച്ചപ്പോള്‍ അദ്ദേഹം അതില്‍ ആകര്‍ഷകനായി വീണ്ടും അത്തരം കവിതകള്‍ക്കായി തിരച്ചില്‍ ആരംഭിച്ചുവത്രെ,.(Poetry Ancient and Modern, an anthology edited and compiled by Jackie Hardy (2008, MQ Publications, 256 pages, Rs.325/-). അദ്ദേഹത്തെ ആകര്‍ഷിച്ചതും തുടര്‍ന്ന്‌ വായിക്കാന്‍പ്രലോഭിപ്പിച്ചതുമായ്‌ കവിതയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ.`കാണാന്‍ പറ്റാത്തസാധനങ്ങളുടെ നിശ്ശബ്‌ദതശ്രദ്ധിച്ച്‌ ഞാന്‍ തീനാളത്തിനരികെ'

മിമിക്രിക്കാര്‍ സിനിമനടന്മാരെ അനുകരിക്കുന്ന പോലെ എഴുതുന്ന ഹൈക്കു കവിതകള്‍വായിച്ച്‌ അതേപോലെ അനുകരിക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ അത്തരം രചനയില്‍ നിന്നും പിന്മാറുന്നത്‌ ഉത്തമം. ഒരാള്‍ എഴുതിയ ഹൈക്കുനോക്കി അതെപോലെ അനുകരിക്കാന്‍ നോക്കാതെഹൈക്കുവിനെക്കുറിച്ച്‌ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്‌തതിനുശേഷം അതിനുതുനിയുന്നത്‌ എപ്പോഴും അഭിലഷണീയമായിരിക്കും.

(തുടരും....)
ഹൈക്കുവിനു ഒരാമുഖം (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2013-11-09 13:36:51
മനുഷ്യ ജീവിതം തന്നെ ഒരു ഹൈക്കുവാണ്. ലേഖകൻ പറഞ്ഞതുപോലെ ഒരു പുരുഷായാസുകൊണ്ട് ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു ഹൈക്കു. ഹൈക്കുവിന്റെ പൊരുൾ തിരിക്കുന്നതിൽ വായനക്കാർക്ക്  ഒരു വലിയ പങ്കുണ്ട് എന്ന് ലേഖകൻ പറഞ്ഞതിനോട് യോചിക്കുന്നു.  ജീവിതം എന്ന ഹൈക്കുവിന്റെ പൊരുൾ തിരിക്കുമ്പോൾ ഓരോ വ്യക്തിയും അതിന്റെ അർഥം വായിചെടുക്കുന്നത് ആ വ്യക്തിയുടെ ധാരണയെ ആസ്പതമാക്കിയാണ്.  എന്നാൽ മൻഷ്യൻ കണ്ടു പിടിച്ച ഈ ഹൈക്കു,  ജിവിതം മാകുന്ന ഹൈക്കുവിന്റെ അർഥം മനസിലാക്കാനായി അവൻ കണ്ടെത്തിയ മാർഗ്ഗങ്ങളിൽ ഒന്ന് മാത്രം ആണ്. ഇതിനു പല വക ഭേതങ്ങൾ ഉണ്ട്. കടംകഥ, പസ്സിൽ, എന്ന് വേണ്ട ഗണിത ശാസ്ത്രത്തിലെ ചില ഞൊടുക്കു കണക്കുകൂട്ടലുകൾ ഒക്കെ ഓരോ രാജ്യത്ത് ഓരോത്തൊരു കണ്ടെത്തിയ ഇതുപോലെയുള്ള ഓരോ ഉപകരണങ്ങൾ ആണ് . മനുഷ്യൻ അപൂർവ്വമായി മാത്രം ഉപയോകിക്കുന്ന മനസിനെ സജ്ജിവമാക്കി നിറുത്താൻ ഇത്തരം വ്യായാമം നല്ലതാണു. പ്രത്യേകിച്ചു എന്നെ പോലെ പ്രായം കൂടി വരുമ്പോൾ എന്റെ മസ്തിഷ്ക്കത്തിലെ കോശങ്ങളെ സജ്ജിവമാക്കി നിരുത്തിയില്ലായെങ്കിൽ ഹൈക്കു എന്നത് കുഹൈ എന്ന് തല തിരിഞ്ഞു പോകാൻ ഇടയുണ്ട്. ജപ്പാനിലെ കിളവന്മാർ ഇതിനു വിധഗ്ദ്ടന്മാർ ആണ്. അവർ അവരുടെ വാര്ദ്ധക്ക്യത്തിന്റെ വേഗത കുറയ്ക്കാനായി ചെറുപ്പക്കാരികളായ സ്ത്രീകളുംമായി അന്തി ഉറങ്ങാറുണ്ട് (ഇതി എഴുതിയത് കൊണ്ട് അടുത്ത വീട്ടിലെ ചെരുപ്പക്കാരിയെ കൂടെ കിടക്കാൻ വിളിക്കരുത്. ജപ്പാനിലെ കിളവന്മാർ കാശ് കൊടുത്ത് പ്രായ പൂർത്തിയായ സ്ത്രീകളുമായി കരാർ ഉണ്ടാക്കിയാണ് അങ്ങനെ ചെയ്യുന്നത് ) അപ്പോൾ അവർ ഹൈക്കു എന്ന ചെറു കവിത കണ്ടു പിടിചെങ്കിൽ അത്ഭുതം ഇല്ല.  കേരളത്തിന്റെ ഉൾപ്രദേശങ്ങളിൽ കാവ്യ തത്പരരായ ആളുകളുടെ ഇടയിൽ അകഷര ശ്ലോകം ചൊല്ലൽ വളരെ ഉണ്ടായിരുന്നു. ഇതെല്ലാം അവരുടെ ബുദ്ധിയുടെ വികാസത്തിന് സഹായകം ആയിരുന്നു.  ഏതായാലും മനുഷ്യൻ കണ്ടു പിടിക്കാത്തതും അവൻ പേര് ചൊല്ലി വിലിക്കാത്തതുമായ ഒന്ന് ലോകത്തിൽ ഇല്ല. ഇതെല്ലാം നമ്മൾ നമ്മൾക്ക് വേണ്ടി ഉണ്ടാക്കിയതാണ് . ഇന്ന് വൈകിട്ട് അമേരിക്കയിലെ ചില സാഹിത്യത്തിലെ ശ്രേഷ്ടർ എന്ന് കരുതുന്നവർ പ്രത്യേകം ക്ഷണിക്കപെട്ടവ്ർക്ക് വേണ്ടി ത്രിശങ്കു സ്വർഗ്ഗത്തിൽ വച്ച് (എവിടെയാണെന്ന് അറിയാം വയ്യാ പക്ഷെ കമ്പിയില്ലാ കമ്പി വഴി അവിടെ എത്താം) ഒരു ഹൈക്കു സമ്മേളനം നടത്തുന്നുണ്ട്. ഈ ലേഖനം സമയോചിതമായി ഇറക്കിയത് കണ്ടപ്പോൾ, അവരുടെ സമ്മേളനത്തിൽ ഇത് ആരെങ്കിലും വായിക്കും എന്ന് കരുതുകയോ അല്ലെങ്കിൽ ഒരു ഇളക്കു ഇളക്കുന്നതിൽ തെറ്റില്ലാ എന്ന് തോന്നിയതിയോ എന്ന് സംശയം തോന്നി. പക്ഷെ എന്തിനെ ഒന്ന് കുലുക്കി വിടുന്നവരെ എനിക്ക് ഇഷ്ടം ആണ്. കാരണം എതിരാളിയുടെ തലമണ്ടയിൽ എന്തെങ്കിലും ഉണ്ട്ടെങ്കിൽ അവൻ പ്രതികരിക്കും. അതില്ലാത്തവൻ ചീത്ത വിളിക്കും, അല്ലെങ്കിൽ ഉൾവലിഞ്ഞു മിണ്ടാതെ ഇരിക്കും. പിന്നെ ചിലർ പോയി കമ്പി ഇല്ല കമ്പി സാഹിത്യ സമ്മേളനം നടത്തും 

ഇന്ന് കാലത്തെ കമ്പിയില്ല കമ്പി സാഹിത്യ സല്ലാപക്കാർക്ക് വേണ്ടി, എന്റെ മനസ്സിൽ നിന്ന് ലേഖകൻ പറഞ്ഞത് പോലെ, ചായ ഉണ്ടാക്കി കൊണ്ടിരുന്നപ്പോൾ, താനേ ഉതിർന്നു വീണ ഹൈക്കു (ഇതിന്റെ മുഖച്ഛായ എന്തായാലും തന്ത ഞാൻ തന്നെ. ഇതിനെ ഞാൻ ഹൈക്കു എന്നാ  വിളിക്കുന്നത്‌ ഇതിനു മരിച്ചവരോ ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവും ഇല്ല) ഇവിടെ കുറിക്കുന്നു 

അടുത്ത വീട്ടിലെ തോമാച്ചൻ 
അടിച്ചു കേറി വരുന്നു 
കിഴക്ക് നിന്നൊരു കാറ്റ് 

ഇതിനു ഒന്നിൽ കൂടുതൽ  സന്ദർഭങ്ങൾ ഉണ്ടാകാം  

1.  അടുത്ത വീട്ടിലെ തോമാച്ചൻ കള്ളടിച്ചു കേറി വരുന്നു 
2.  കിഴക്ക് നിന്നൊരു കാറ്റ് അടിച്ചു കേറി വരുന്നു എന്നുണ്ട് 
3.   കിഴക്ക് നിന്നൊരു കാറ്റ് അടിച്ചു വരമ്പോൾ എനിക്ക് തോമാച്ചനെക്കുറിച്ച് ഓർമ വന്നു 
4.  കിഴക്ക് നിന്ന് കാറ്റ് അടിച്ചു കേറി വന്നപ്പോൾ തന്റെ അയലത്തെ തോമാച്ചൻ വീട്ടിലേക്കു കയറുന്നത് കണ്ടു 

എന്നെക്കാളും ബുദ്ധിമാന്മാരായ വായനക്കാർക്ക്  ഇതിലും കൂടുതൽ സന്ദർഭങ്ങൾ കാണാൻ കഴിഞ്ഞെന്നു ഇരിക്കും. അല്ല ഇതൊരു മിമിക്രി പോലയോ, കേട്ട് മറന്ന ഒരു ഇരടിയുടെ ആവര്ത്തന്മാമായോ തോന്നിയാൽ എനിക്ക് ഒരു ചുക്കും ഇല്ല. ഇന്ദ്രിയ സുഖത്തെക്കാൾ ആത്മ സുഖം തരാൻ ഇതിന് കഴിയട്ടെ. എന്തായാലും ഹൈക്കുവിനെ ഭയപ്പെടാതെ കൈകാര്യം ചെയ്യുക (തുടരും )
Peter Neendoor 2013-11-09 09:38:02
LEKHU PADDANAM.....NANNAYI.
സാഹിത്യ തിലകൻ വിക്രമൻ 2013-11-09 16:00:54
എന്തെങ്കിലും ഒക്കെ എഴുതി വിട്ടു അമേരിക്കയുടെ സാഹിത്യ മണ്ഡലത്തിൽ ഒരു വെള്ളി നക്ഷത്രം ആകാം എന്നു വച്ചാൽ വിദ്യാധരൻ സമ്മിതിക്കത്തില്ലല്ലൊ. ഇയാൾ ചെല്ലാത്ത സ്ഥലോം ചുക്ക് ചേരാത്ത കഷായോം ഇല്ലല്ലോ.  സാഹിത്യ സല്ലാപ സംഘടനയിൽ ചേരാതെ നിവർത്തി ഇല്ലന്നാ തോന്നുന്നേ 


Jack Daniel 2013-11-09 18:34:42
അടുത്ത വീട്ടിലെ തോമച്ചനാണോ കാറ്റാണോ എന്ന് എനിക്ക് ചിലപ്പോൾ സംശയം ആണ് . കള്ളടിച്ചു കഴിഞ്ഞാൽ തോമാച്ചന്റെ കാറ്റിന്റെ സ്വഭാവം ഏതാണ്ട് ഒരുപോലാ. എന്തായാലും ഹൈക്കു (സത്യം പറഞ്ഞാൽ എന്താണെന്ന് ഒരു പിടിയും ഇല്ല) എനിക്ക് ഇഷ്ട്ടപെട്ടു. കാരാണം മറ്റൊന്നും അല്ല തോമാച്ചനും ഞാനും ഫ്രെണ്ട്സാ 
George Mukalel 2013-11-10 05:29:38

കവിതയുടെ ഘടന, സാമ്പ്രദായിക രീതികളിൽനിന്ന് പൊളിച്ചുമാറ്റി എഴുതപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കവിതയിൽ കൂടുതൽ പരീക്ഷണത്തിന്‌ മുതിരുന്ന ആധുനിക കവികൾ ഘടനയേക്കാളുപരി കവിതക്ക് പിന്നിൽ അടങ്ങിയിരിക്കുന്ന ദർശനങ്ങൾക്ക് മുൻതൂക്കം നൽകുന്നു.

 കവിത എഴുതുന്നതിൽ പല രീതികളും അവലംബിക്കാം.  എല്ലാ രീതികളും ശരിയാണ്‌. ഒന്നിലും തെറ്റില്ല.  ആന്മാവിഷ്കാരമാണ്‌ കവിത.  ആന്മാവിന്‌ അനുഭവപ്പെടുന്ന ഉത്തേജനം സന്തോഷമായോ, ദു:ഖമായോ, രോഷമായൊ ദ്രുതചടുലതയോടെ, ഭാവത്തോടെ പുറത്ത് വരുന്നു. അത് ചിലപ്പോൾ 1000 വരികളായിട്ടോ, രണ്ട് വരികളായിട്ടോ വിരിയുന്നു.  കവിയുടെ ഈ ആന്മപ്രകാശം വായനക്കാരന്‌ പുതിയ അനുഭവം, അല്ലെങ്കിൽ ചിന്ത, നൽകുമ്പോഴാണ്‌ അത് കവിതയാകുന്നത്‌.  ഈ അനുഭവം നൽകാൻ കഴിയാത്ത വരികൾ  പാഴ്വാക്കുകളാകുന്നു.

 മൂന്ന്‌ വരികളിൽമാത്രം കാച്ചിക്കുറുക്കി തൊടുത്തുവിടുന്ന ഹൈക്കുവും കവിതയുടെ ഗണത്തിൽ തന്നെ പെടുത്തുന്നതിൽ എന്താണ്‌ തെറ്റ്‌കാച്ചിക്കുറുക്കിയ വാക്കുകളിൽ മഹാസമുദ്രം പോലെ മഹത്തായ ആശയം പരന്നു കിടക്കുന്നു.  അത്‌ പുതിയ സൈക്കഡലിക്ക് തലത്തിലേക്ക് നമ്മേ കൊണ്ട്പോകുന്നു.

 അടുത്ത കാലത്ത്‌ മാദ്ധ്യമം  ആഴ്ചപ്പതിപ്പിൽ പ്രിയപ്പെട്ട എഴുത്തുകാരി അഷിത എഴുതിയ ഹൈക്കു ശ്രദ്ധിക്കൂ:

 ശാന്തി
ആൽമരത്തണലിൽ,
അയവിറക്കും പശുവിൻ കണ്ണിൽ
ദൈവം മറന്നുവെച്ച ശാന്തിസൂക്തം.

 വാർധക്യം
നിൽപ്പിലും നടപ്പിലും നോട്ടത്തിലും
എന്നിലൂടെ എത്തിനോക്കുന്നു, എന്റമ്മ!
ഇലപൊഴിയും കാലമായി...

 ഈ ഹൈക്കു വായിച്ചപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത് കൊള്ളിയാനായിരുന്നു.

 ഈ അവസരത്തിൽ വേറൊരു കവിയേയും നാം ഇവിടെ ഓർമിക്കേണ്ടതുണ്ട്‌.  കുഞ്ഞുണ്ണിക്കവിതകൾ മധുര നൊമ്പരങ്ങളാണ്‌.

 തലസ്ഥാനത്തുള്ളവരെല്ലാം
തല, സ്ഥാനത്ത് ഉള്ളവരല്ല....

 യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം

 വണ്ടി നല്ല വണ്ടി
കാള രണ്ടും ഞൊണ്ടി
വണ്ടിക്കാരൻ ചാണ്ടി

 ഈ കവിതകളെ ഹൈക്കുവിൽ ഉൾപ്പെടുത്താമോനിങ്ങൾ തീരുമാനിക്കുക.

 ഹൈക്കു, ജപ്പാൻ ഭാഷ സംസാരിക്കുന്നവർക്കുവേണ്ടി ജപ്പാനിൽ ഉണ്ടാക്കിയതാണ്‌.  അത് മലയാളത്തിൽ എഴുതൂമ്പോൾ അതിന്റെ നിയമങ്ങൾ മലയാളത്തിലേക്ക് കൊണ്ട് വരാൻ ബുദ്ധിമുട്ടുണ്ട്.

അപ്പോൾ ഹൈക്കു മലയാളത്തിൽ എങ്ങനെ എഴുതണംഹൈക്കുവിന്റെ നിയമങ്ങൾ തെറ്റിച്ച് മലയാളത്തിൽ എഴുതുമ്പോൾ അതിനെ ഹൈക്കു എന്നു തന്നെ വിളിക്കുന്നതിൽ ഒരു അപാകത ഇല്ലേഇത്തരം ചോദ്യങ്ങൾ നമുക്ക് മുൻപിൽ ഒരു കീറാമുട്ടിയായി നിൽക്കുന്നു.

ജോർജ് മുകളേൽ


vaayanakkaaran 2013-11-10 07:08:22
എന്തുകുന്തം വേണേലും
മൂന്നുവരിയിൽ കുത്തിനിറച്ചോളൂ
ഹൈക്കുവെന്നു മാത്രം വിളിക്കല്ലെ!

പുഴുക്കലരിച്ചോറിന്നുരുള
മത്തിച്ചാറിൽ മുക്കിയാൽ
Sushi ആവില്ലല്ലോ.



വിദ്യാധരൻ 2013-11-10 07:16:37
ജപ്പാൻക്കാരുട്ടെ ആശയങ്ങളിൽ മൂന്നു സവിശേഷതകൾ ഉണ്ടായിരിക്കണം എന്ന് അവർ നിഷ്കർഷിക്കുന്നു 
1. രണ്ടാശയങ്ങൾ ഉണ്ടായിരിക്കണം താരതമ്മ്യം ചെയ്യ തക്ക രീതിയിൽ 
2. ലേഖകൻ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു ഏഴു അഞ്ചു എന്ന സൂത്ര വാക്യങ്ങൾ ഉണ്ടായിരിക്കണം 
3. കാലഘട്ടത്തെ കുറിച്ച് ഒരു സൂചന ഉണ്ടായിരിക്കണം 

മേല്പറ ഞവയെല്ലാം ജപ്പാൻ ഹൈക്കുവിനെ കുറിച്ച് ള്ളതാണ്.   സീമകളില്ലാത്ത നമ്മളുടെ ബുദ്ധിയുടെ മണ്ഡലങ്ങളിൽ അക്ഷര പൂട്ടുകൾ തുറന്നു  ഇറങ്ങി ചെന്ന് കാണാ കാഴ്ചകൾ കാണാനുള്ള ചെറു കവിതകലായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ചിന്തിക്കാനുള്ള അല്പ്പം വക ഉണടായിരിക്കനം. "പേർത്തും ചിന്തിക്കുകിൽ നിരുപമമം രുചി തോന്നേണം " 

കിഴക്കാം തൂക്കായ മല 
താഴ്വാരത്തിലേക്ക് നോക്കി നില്ക്കുന്നു 
അവന്റെ ദുഖത്തിന്റെ അവസാനവും (ഇത് ഒരു ഹൈക്കുവിന്റെ പരിഭാഷ)

കിഴക്കാം തൂക്കായ മലയും താഴ്വാരവും പ്രകൃതിയുടെ മനോഹാരിയതയെ  കാണിക്കുന്നു. എന്നാൽ അവനെ അതിന്റെ മുകളിൽ കാണുമ്പോൾ അവൻ പ്രകൃതിയെ ആസ്വതിക്കുന്നതോ അതോ അവന്റെ ദുഖത്തിനു അവസാനം കുറിക്കാൻ പോംവഴികൾ ചിന്തിക്കുന്നുതോ? ഉത്തരം കിട്ടാത്ത ചിന്തകളിലേക്ക് അവ നമ്മെ കൂട്ടികൊണ്ട് പോകുന്നു. അതുപോലെ തുരുമ്പു പിടിക്കാതെ മനസിനെയും. ഇതിൽ ദുഖത്തിന്റെ കാലമാണ് സൂചിപ്പിക്കുന്നത് മിക്കവാറും അത് തണുപ്പ് കാലത്തെ സൂചിപ്പിക്കുന്നു. ഉന്നതമായ പർവ്വത നിരകൾ ഇപ്പോഴും മൂടി കെട്ടി നില്ക്കുന്നു. പിന്നെ അഞ്ചു -ഏഴു -അഞ്ചു എന്ന സൂത്രവാക്ക്യത്തിന്റെ പേരിൽ ഞാൻ സമയം കളയുന്നില്ല 

പഴമോഴികളും ബൗദ്ധികമായി വ്യായാമം നല്കുന്നതോടെ തലമുറകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്ന സൂത്ര വാക്ക്യങ്ങൾ അടങ്ങുന്ന ആശയങ്ങൾ ഗുപ്തമാക്കി വച്ചിരിക്കുന്നു .

"തീകട്ടയിൽ ഇരിക്കുന്ന ഉറുമ്പ്‌ 
കരികട്ട കണ്ടാൽ വിടുമോ "

"തീയിലിട്ട വെണ്ണ 
തിരിച്ചെടുക്കാമോ"

പലരും പല ഗ്രന്ഥങ്ങളും ഹൈക്കുവിനെക്കുറിച്ച് രചിച്ചിട്ടുണ്ട് . അത് അഭനന്ദിനീയം തന്നെ. പക്ഷെ അതൊന്നും നമ്മളുടെ മനസ്സിന്റെ ജിഞാസയെ നിരുല്സാഹപ്പെടുത്തുന്ന തടസ്സങ്ങൾ ആയിക്കൂടാ. 



വിദ്യാധരൻ 2013-11-10 07:27:13
അരി ഇലയിൽ പൊതിഞ്ഞു 
മത്തിയിൽ മുക്കിയാൽ 
മലയാള സൂഷി 
വിദ്യാധരൻ 2013-11-10 10:29:45
കുടത്തിലായ കുന്തം 
പുറത്തെടുത്താൽ 
ഹൈക്കു 
അടുക്കള രഹസ്യം 2013-11-10 11:22:35
സീവീട് ഇലയിൽ 
പുഴുക്കലരിചോറ്  ചുരുട്ടി 
മത്തിയിൽ മുക്കിയാൽ സൂഷി 

Jack Daniel 2013-11-10 11:51:04
നല്ലൊരു ഗ്ലാസ് കള്ളും 
സൂഷിയും ചേർന്നാൽ 
നല്ലൊരു ഹൈക്കു 
വിദ്യാധരൻ 2013-11-12 07:34:23
ഇരുണ്ടു കേറും മേഘം 
ഉയർന്നു പൊങ്ങും തിരകൾ 
അലമുറവിളികൾ മാത്രം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക