Image

മാധ്യമക്കൂട്ടായ്‌മയുടെ മികവും തികവും (മീനു എലിസബത്ത്‌ )

Published on 09 November, 2013
മാധ്യമക്കൂട്ടായ്‌മയുടെ മികവും തികവും (മീനു എലിസബത്ത്‌ )
കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യപ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അഞ്ചാമത്‌ ദേശീയ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള നിരന്തരമായ വാര്‍ത്തകള്‍ വായിക്കുന്നുണ്ടായിരുന്നു.

പത്രത്തില്‍ `തത്സമയം കോളം എഴുതാന്‍ തുടങ്ങിയതിനു ശേഷം പ്രസ്‌ ക്ലബ്ബിലുള്ള ചില സുഹൃത്തുക്കള്‍, എന്തേ പ്രസ്‌ ക്ലബില്‍ ചേര്‍ന്നില്ലെന്ന്‌ സ്‌നേഹപൂര്‍വം അന്വേഷിച്ചിരുന്നു. എനിക്കതിനെക്കുറിച്ച്‌ കൂടുതല്‍ അറിവില്ലാഞ്ഞതിനാലോ, ഡാളസിലെ പ്രസ്‌ ക്ലബില്‍ സ്‌ത്രീ പ്രാതിനിധ്യം തീരെ ഇല്ലെന്നറിഞ്ഞതിനാലോ ഞാന്‍ അതേക്കുറിച്ച്‌ അത്ര കാര്യമായി ചിന്തിച്ചിരുന്നില്ല.

എങ്കിലും എന്താണ്‌ ഈ പ്രസ്‌ ക്ലബ്‌ എന്ന്‌ ഇടയ്‌ക്കാലോചിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച ഡാലസ്‌ പ്ര സ്‌ക്ലബിന്റെ സാരഥികളായ സുഹൃത്തുക്കള്‍ ഒരല്‌പം വൈകിയാണെങ്കിലും ഹൃദയപൂര്‍വം സമ്മേളനത്തിന്‌ ക്ഷണിച്ചപ്പോള്‍, ആ ക്ഷണം നിരസിക്കുവാന്‍ കഴിഞ്ഞില്ല . അങ്ങനെ കഴിഞ്ഞ ആഴ്‌ച ഞാനും ന്യൂജേഴ്‌സിക്ക്‌ പോയിരുന്നു.

ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്ന സംഘടനയെക്കുറിച്ചു അറിയില്ലെങ്കില്‍ ഇതാ കേട്ടോളു. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ, അതായത്‌ പത്രക്കാരുടെയും ചാനലുകാരുടെയും ഒരു കൂട്ടായ്‌മയാണ്‌ ഇത്‌.

ഇന്ത്യയിലും അമേരിക്കയിലും, ലോകത്തെ മറ്റു രാജ്യങ്ങളിലും പ്രസ്‌ ക്ലബ്ബുകളില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും ജേര്‍ണലിസ്റ്റുകള്‍ മാത്രമാണെങ്കില്‍ ഈ സംഘടനയ്‌ക്ക്‌ അങ്ങനെയുള്ള നിര്‍ബന്ധങ്ങള്‍ ഒന്നുമില്ല. കാരണം, അമേരിക്കാന്‍ മലയാളികളുടെ ഇടയില്‍ ജേര്‍ണലിസം പഠിച്ചവര്‍ ഉണ്ടൈങ്കിലും ഇവിടെ ജേര്‍ണലിസ്റ്റുകളായി ജോലി ചെയ്യുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.

ഈ കാരണത്താലാവണം ഐ.പി.സി.എന്‍.എയില്‍ പത്രമുതലാളിമാരും, ഓണ്‍ലൈന്‍ പത്രം നടത്തുന്നവരും, മലയാളം മാസികകള്‍ നടത്തുന്നവരും, സാഹിത്യകാരന്മാരും ന്യൂസ്‌ എജന്റുമാരും, ചാനല്‍ നടത്തിപ്പുകാരും, ക്യാമറാമാന്‍മാരും, എഴുത്തുകാരും, ന്യൂസ്‌എജന്റുമാരും, ബിസിനസുകാരും പിന്നെ ഈ വിശേഷണങ്ങളിലൊന്നും പെടാത്ത ഒരു കൂട്ടം ആള്‍ക്കാരും ഉള്ളത്‌. ഒരു പക്ഷെ ഈ ഒരു വൈവിധ്യം തന്നെയാവണം ഈ സംഘടനയുടെ ശക്തിയും നേട്ടവും, മറ്റു സംഘടനകളില്‍ നിന്നും ഇതിനെ വേറിട്ട്‌ നിര്‍ത്തുന്നതും.

വര്‍ഷങ്ങളോളം മനോരമയിലെ
പതാധിപ സമിതി അംഗമായിരുന്ന ഇപ്പോള്‍ മലയാളം പത്രത്തിലെ സീനിയര്‍ എഡിറ്ററും , eമലയാളി സാരഥിയുമായ ശ്രീ ജോര്‍ജ്‌ ജോസഫിന്റെ ചിരകാല സ്വപ്‌നമായിരുന്നു അമേരിക്കയില്‍ ഒരു പ്രസ്‌ ക്ലബ്ബ്‌ തുടങ്ങുക എന്നത്‌.

തന്റെ ചില പത്ര സുഹൃത്തുക്കളുടെ പിന്തുണയോടെ, അദ്ദേഹം സ്ഥാപക പ്രസിഡന്റ്‌ ആയി 2006-ല്‍ ന്യൂജേഴ്‌സിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്ന്‌്‌ അമേരിക്കയുടെ പ്രധാന പട്ടണങ്ങളിലെല്ലാം ചാപ്‌റ്ററുകള്‍ തുറന്ന്‌, അതിശക്തമായ ഒരു പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.

ജോര്‍ജ്‌ ജോസഫിന്റെ വാക്കുകളിലൂടെ...

കോട്ടയം പ്രസ്‌ ക്ലബ്‌ പ്രസിഡന്റായിരിക്കെ മദ്രാസിലേക്ക്‌ ജോലി മാറിയതോടെ യൂണിയന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു. അമേരിക്കയിലെത്തിയപ്പോള്‍ തന്നെ ഒരു പ്രസ്‌ ക്ലബിനെപ്പറ്റി ആലോചിച്ചതാണ്‌. ജോര്‍ജ്‌ തുമ്പയില്‍, തോമസ്‌ മുളയ്‌ക്കല്‍, ജോയി ലൂക്കോസ്‌ തുടങ്ങിയവരുമായൊക്കെ ചര്‍ച്ച നടത്തുകയും ചെയ്‌തതാണ്‌. പക്ഷെ കൂടുതല്‍ പേരെ അന്ന്‌ (90 കളുടെ മധ്യം) ക്ലബില്‍ ചേര്‍ക്കാനായി കണ്ടെത്താനായില്ല.

2000ത്തോടെ സ്ഥിതി മാറി. ഇന്റര്‍നെറ്റ്‌ മാധ്യമങ്ങള്‍ സജീവമായി. മലയാളം ടിവി സംപ്രേഷണം ആരംഭിച്ചു. ഇത്രയും കാലം വേദിയൊന്നും ലഭിക്കാതിരുന്നതിനാല്‍ എഴുതാതിരുന്നവര്‍ ഇന്റര്‍നെറ്റില്‍ സജീവമായി. ടിവി ചാനലുകളുമായി ബന്ധപ്പെട്ട്‌ ഓരോ നഗരത്തിലും ഒട്ടേറെ പേര്‍ രംഗത്തു വന്നു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ രൂപവത്‌കരിക്കാന്‍ പെട്ടെന്നുണ്ടായ പ്രചോദനം ഏഷ്യാനെറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ട്രൈസ്റ്റാര്‍, കൈരളിയിലെ ജോസ്‌ കാടാപുറം എന്നിവരാണ്‌.

തുടങ്ങുമ്പോള്‍ രണ്ടു ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. മാധ്യമ പ്രവര്‍ത്തകരുടെ ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തുക, പ്രൊഫഷണല്‍ രംഗത്ത്‌ മികവു നേടുക. അവരുടെ അഭ്യര്‍ഥന പ്രകാരം ജേക്കബ്‌ റോയി, ടാജ്‌ മാത്യു, ജെ. മാത്യൂസ്‌, റെജി ജോര്‍ജ്‌, ജോര്‍ജ്‌ തുമ്പയില്‍, സിബി (കലാവേദി), ലേഖകന്‍ തുടങ്ങിയവര്‍ അടങ്ങുന്ന സംഘം യോഗം ചേര്‍ന്നു. അങ്ങനെ ഇന്ത്യാ പ്രസ്‌ ക്ലബ്‌ രൂപംകൊണ്ടു.

ഒന്നും രണ്ടും മാസം കൂടുമ്പോള്‍ പ്രസ്‌ ക്ലബ്‌ അംഗങ്ങള്‍ ഒത്തുചേരാനാരംഭിച്ചു. മറ്റ്‌ നഗരങ്ങളിലും പ്രസ്‌ ക്ലബ്‌ ചാപ്‌റ്ററുകള്‍ രൂപംകൊണ്ടു.

മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബിനെ പങ്കെടുപ്പിച്ച്‌ നടത്തിയ ആദ്യത്തെ സമ്മേളനത്തോടെ സംഘടനയെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടുണ്ടായി. ആദ്യ പ്രസിഡന്റായിരുന്ന ഞാനും സെക്രട്ടറി റെജി ജോര്‍ജിനും ശേഷം ചിക്കാഗോയില്‍നിന്ന്‌ ജോസ്‌ കണിയാലി പ്രസിഡന്റും, ന്യൂയോര്‍ക്കില്‍ നിന്നുള്ള ടാജ്‌ മാത്യു സെക്രട്ടറിയും ആയതോടെ പ്രസ്‌ ക്ലബ്‌ കൂടുതല്‍ ഉയരങ്ങളിലെത്തി. കൂടുതല്‍ ചാപ്‌റ്ററുകളും അംഗങ്ങളുമായി. ചിക്കാഗോയിലും ന്യൂജേഴ്‌സിയിലും നടന്ന സമ്മേളനങ്ങളില്‍ കേരളത്തില്‍ നിന്നും പ്രമുഖരെത്തി.

കേരളത്തില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‌ അവാര്‍ഡ്‌ നല്‌കാനായത്‌ മറ്റൊരു നാഴികക്കല്ലായി.

പൊതുവെ രാഷ്‌ട്രീയമോ പരസ്‌പരം തല്ലുകൂടലോ ഇല്ല എന്നതാണ്‌ പ്രസ്‌ ക്ലബിന്റെ പ്രത്യേകത. അതിനു പല കാരണങ്ങളുണ്ട്‌.വരുംകാലങ്ങളിലും നിസ്വാര്‍ഥമായ സേവനത്തിന്റെ മാതൃകയായി പ്രസ്‌ ക്ലബ്‌ നില കൊള്ളണമേ എന്നു മാത്രമാണ്‌ ആഗ്രഹം. ജോര്‍ജ്‌ ജോസഫ്‌ പറഞ്ഞു നിര്‍ത്തി.

നവംബര്‍ 1, 2, 3 തീയതികളിലായിരുന്നു ഇത്തവണത്തെ സമ്മേളനം. നാട്ടില്‍ നിന്നും രാഷ്‌ട്രിയ നേതാക്കളും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, മറ്റു പത്രപ്രവര്‍ത്തകരുടേയും നിറസാന്നിധ്യം ഉണ്ടായിരുന്നു.

പ്രസ്‌ ക്ലബ്‌ മീറ്റിംഗകളിലേക്ക്‌ രാഷ്‌ട്രീയക്കാര്‍ എന്തിനാണ്‌ എന്ന സംശയം ആദ്യം എനിക്ക്‌ തോന്നിയെങ്കിലും. എന്‍ ബാലഗോപാല്‍ എം.പി, വി.ഡി. സതീശാന്‍ എം.എല്‍.എ, വി.ടി. ബല്‍റാം എം.എല്‍.എ, ഡോക്‌ടര്‍.മാത്യു കുഴല്‍നാടന്‍, എന്നിവരുടെ ചടുലമായ പ്രസംഗങ്ങളും, അതിലെ നൂതനമായ ആശയങ്ങളും കേട്ടുകഴിഞ്ഞപ്പോള്‍ ആ അഭിപ്രായം അപ്പാടെ മാറി. വളരെയേറെ പ്രതീക്ഷയ്‌ക്കു വക നല്‌കുന്ന ചെറുപ്പക്കാരുടെ ഈ നിര കേരളത്തിന്റെ രാഷ്‌ട്രീയ ഭാവിക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന്‌ നിസംശയം പറയാം.

പയനിയര്‍ പത്രത്തിന്റെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ജെ. ഗോപീകൃഷ്‌ണന്‍ 2ജി സ്‌പെക്‌ട്രം കേസില്‍ താന്‍ കടന്നു വന്ന വഴികളെക്കുറിച്ച്‌ പറയുമ്പോള്‍ , സദസ്‌ മിടിക്കുന്ന ഹൃദയത്തോടെയാണ്‌ കേട്ടിരുന്നത്‌ .

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ സീനിയര്‍ എഡിറ്റര്‍ വിനു ജോണിനോട്‌ ആള്‍ക്കാര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ കേട്ടാല്‍, കേരളത്തിലെ മാധ്യമ ലോകത്ത്‌ നടക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി അദ്ദേഹമാണോ എന്നു തോന്നിപ്പോകും. പാവം വിനു ജോണ്‍ നിവര്‍ത്തിയുണ്ടെങ്കില്‍ ഇനി പ്രസ്‌ ക്ലബ്‌ മീറ്റിങ്ങിനു വരുമെന്ന്‌ തോന്നുന്നില്ല.

മനോരമ അസോസിയേറ്റ്‌ എഡിറ്റര്‍ ജോസ്‌ പനച്ചിപ്പുറത്തിന്റെ പേര്‌ ചെറുപ്പം മുതല്‍ കേട്ട്‌ പരിചയിച്ചതാണ്‌. ലളിതവും സരളവുമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ആള്‍ക്കാരെ, തന്റെ സ്വതസിദ്ധമായ നര്‍മത്തിലൂടെ കുടുകുടെ ചിരിപ്പിച്ച ശ്രീമാന്‍ ശ്രീകണ്‌ഠന്‍ നായര്‍ക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വലിയ ബോറടിയില്ലാതെ, മീറ്റിങ്ങുകള്‍ നടന്നതിനു അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ പങ്കു വഹിച്ചു.

ഇവിടെ ജനിച്ചു വളര്‍ന്ന തലമുറയെയും കൂടി ഉള്‍പ്പെടുത്തി ഒരു പ്രത്യേക പംക്തി ചെയ്‌തത്‌ എന്ത്‌ കൊണ്ടും നന്നായി. മലയാളംപത്രത്തില്‍ കുറച്ചു മാസങ്ങള്‍ക്ക്‌ മുന്‍പ്‌ , ഡോക്‌ടര്‍ ദേവി നമ്പ്യപറമ്പിലിനെക്കുറിച്ചു വായിച്ചിരുന്നു. ഡോക്‌ടര്‍ ഓസിന്റെ ടോക്ക്‌ ഷോയിലെ, സ്ഥിരം അതിഥി ആണ്‌ ദേവി. നേരില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.

നമ്മള്‍ വായനക്കാര്‍ വരിസംഖ്യ കൃത്യമായി കൊടുക്കാത്തതിനെക്കുറിച്ചു, പത്രത്തിന്റെ നടത്തിപ്പുകാര്‍ സങ്കടത്തോടെ സംസാരിച്ചു. തത്സമയം വായനക്കാരെങ്കിലും ദയവ്‌ ചെയ്‌തു കൃത്യമായി പത്രത്തിന്റെ കുടിശികകള്‍ അടക്കുമല്ലോ. ഇന്നത്തെ നമ്മുടെ സാമ്പത്തിക പ്രതിസന്ധിയില്‍ , മലയാളംപത്രം പോലെ ഒരു പ്രസ്ഥാനം നടത്തിക്കൊണ്ടു പോകുവാന്‍ നമ്മള്‍ വരിക്കാരുടെ പിന്തുണ ഇല്ലാതെ പറ്റില്ലല്ലോ.

വളരെ ഗഹനമായ പല കാര്യങ്ങളിലും ഈ മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷെ ഇതെല്ലാം, പത്രക്കാരും, ചാനലുകാരും എഴുത്തുകാരും മാത്രം അടങ്ങുന്ന ഒരു സദസില്‍ മാത്രം പറഞ്ഞിട്ടു എന്ത്‌ കാര്യം. ഫോക്കാന, ഫോമ തുടങ്ങി, മറ്റു സംഘടനകളുടെയും വാര്‍ഷിക മീറ്റിങ്ങുകളിലും പൊതുജനം കൂടുന്ന സദസുകളിലും ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യപ്പെടെണ്ടിയിരിക്കുന്നു. ഈ സന്ദേശങ്ങള്‍ എല്ലാം ജനങ്ങളിലേക്ക്‌ എത്തപ്പെടണം.

തല്‌ക്കാലം പ്രസംഗം നടത്തിയവരുടെ സന്ദേശങ്ങള്‍ പത്രമാസികളില്‍ അച്ചടിച്ച്‌ വന്നാല്‍ വളരെ നന്നായിരിക്കും. ജനങ്ങള്‍ക്ക്‌ അത്‌ മനസിലാക്കുവാനും, സാധിക്കും.

ഇരുപത്തഞ്ച്‌ വര്‍ഷമായി വോയ്‌സ്‌ ഓഫ്‌ ഏഷ്യ എന്ന പത്രം ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കോശി തോമസിനെയും ഭാര്യ മോനി തോമസിനെയും പൊന്നാട അണിയിച്ച്‌ ആദരിച്ചത്‌ എന്ത്‌ കൊണ്ടും ഉചിതമായി തോന്നി. സുഹൃത്തായ ബിജു സക്കറിയയുടെ സഹോദരന്‍ മികച്ച ക്യാമറാമാനുള്ള കേരള സംസ്ഥാന അവാര്‍ഡ്‌ നേടിയ ബിനു സക്കറിയെയും ചടങ്ങില്‍ ആദരിച്ചു.

സ്‌ത്രീ പ്രാതിനിധ്യം തീരെയും ഇല്ലാതിരുന്ന ഒരു സമ്മേളനം കൂടിയായിരുന്നു ഇത്‌. ഫൊക്കാന പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ പിള്ളയെ ആദരിച്ച ചടങ്ങില്‍ മാത്രമാണ്‌ ഒരു സ്‌ത്രീയെ വേദിയില്‍ കണ്ടത്‌. പാനലുകളിലേക്ക്‌ ക്ഷണിക്കപ്പെട്ട ചില സ്‌ത്രീകള്‍ക്ക്‌ മുന്‍നിരയില്‍ ഇരിപ്പിടം ഇടയ്‌ക്കു കിട്ടിയിരുന്നു. മീറ്റിങ്ങിന്റെ അവസാന ദിവസം, സദസില്‍ ധാരാളം സ്‌ത്രീകള്‍ ഉണ്ടായിരുന്നതും സ്വാഗതാര്‍ഹം.

പത്രനര്‍മം എന്ന പേരില്‍ നടത്തിയ ചിരി അരങ്ങിന്റെ പേര്‌ , വേറെഎന്തെങ്കിലും ആവേണ്ടതായിരുന്നു. ആരും തന്നെ ഒരു പത്ര നര്‍മവും പറഞ്ഞതായി ഓര്‍ക്കുന്നില്ല. . ചിലരൊക്കെ പറഞ്ഞ തമാശകള്‍ ചിരിക്കു വക നല്‌കിയെന്നതിനും സംശയമില്ല. കുറെയൊക്കെ അശ്ലീലത്തിന്റെ അതിപ്രസരം ചിലരുടെ തമാശകളില്‍ കലര്‍ന്നിരുന്നെങ്കിലും, കുട്ടികള്‍ക്ക്‌ ഒന്നും മനസിലായികാണില്ല എന്ന ഒരു ആശ്വാസം. അവിടെ കൂടിയിരുന്നവര്‍ പ്രായപൂര്‍ത്തിയായവര്‍ ആയിരുന്നു എന്നത്‌ വിസ്‌മരിക്കുന്നില്ല. എങ്കിലും പുരുഷന്മാരുടെ കള്ള്‌കുടി കമ്പനികളില്‍ മാത്രം ഒതുങ്ങേണ്ട അശ്ലീലതമാശകള്‍ സ്‌തീകളും കുട്ടികളും പ്രായമുള്ളവരും ഉള്‍പ്പെടുന്ന ഒരു പൊതുസദസില്‍ തന്നെ വേണോ എന്ന്‌ വരും കാലങ്ങളിലെ പ്രസ്‌ ക്ലബ്ബ്‌ സംഘാടകര്‍ ചിന്തിക്കുമോ എന്തോ.

രണ്ടു ദിവസങ്ങളിലും കലാ പരിപാടികളുണ്ടായിരുന്നു. അതിമനോഹരമായ നൃത്തചുവടുകളുമായി രണ്ടു ഡാന്‍സ്‌ സ്‌കൂളുകളില്‍ നിന്നായി കുട്ടികള്‍ വന്നിരുന്നു. സമാപന ദിവസത്തെ ബാങ്ക്വറ്റ്‌ ഡിന്നര്‍ അതീവ രുചികരം തന്നെയായിരുന്നു. പ്രത്യേകിച്ചും നാടന്‍ വിഭവങ്ങളായ അപ്പവും താറാവുകറിയും, മീന്‍ പൊള്ളിച്ചതും എല്ലാം കിടിലന്‍ തന്നെ.

പ്രസ്‌ ക്ലബ്ബ്‌ മീറ്റിംഗ്‌ എന്ത്‌ കൊണ്ടും വിജയകരമാവുക തന്നെ ചെയ്‌തു. അതിന്റെ പ്രധാന സാരഥികളായിരുന്ന ശ്രീ. മാത്യു വര്‍ഗീസിനും സെക്രട്ടറി ശ്രീ. മധു കൊട്ടാരക്കരക്കും അഭിമാനിക്കാം.

ധാരാളം സ്‌പോണ്‍സര്‍മാരുടെ കൈയ്യയച്ചുള്ള സംഭാവനയും, പരിപാടിയുടെ ഉഗ്രന്‍ വിജയത്തിന്റെ പിന്നിലുണ്ട്‌. പ്രധാന സ്‌പൊണ്‍സര്‍ ഒലിവ്‌ ഗ്രൂപ്പ്‌ ആയിരുന്നു. അനേകരുടെ പരിശ്രമം ഇതിനു പിന്നിലുണ്ടെങ്കിലും ശ്രീ മാത്യു വര്‍ഗീസിന്റെയും മധുവിന്റെയും മാസങ്ങളോളം ഉള്ള പരിശ്രമവും,അധ്വാനവും നല്ല ഫലം കാണുക തന്നെ ചെയ്‌തു അവരുടെ നേതൃത്വപാടവം പ്രശംസനീയം തന്നെ.

ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‌ത്ത്‌ അമേരിക്കയുടെ പുതിയ പ്രസിഡന്റ്‌ ശ്രീ. ടാജ്‌ മാത്യുവിനു എല്ലാ വിധ ആശംസകളും.
മാധ്യമക്കൂട്ടായ്‌മയുടെ മികവും തികവും (മീനു എലിസബത്ത്‌ )
Join WhatsApp News
Thomas T Oommen 2013-11-09 09:20:55
Good observation

Anthappan 2013-11-11 08:35:26
How can a blind person make a good observation?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക