Image

സ്വന്തം കുടുംബത്തിന്റെ ഘാതകരായ അമ്മമാര്‍ - ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 08 November, 2013
സ്വന്തം കുടുംബത്തിന്റെ ഘാതകരായ അമ്മമാര്‍ - ഏബ്രഹാം തോമസ്
അമേരിക്കയില്‍ പ്രതിവര്‍ഷം 600 ല്‍ അധികം കൊലപാതക- ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. കൊലപാതകം നടത്തിയതിനുശേഷം സ്വയം ജീവനെടുക്കുന്നത് സാധാരണയായി കുടുംബ പശ്ചാത്തലത്തിലാണ്. എന്നാല്‍ കുട്ടികളുടെ ജീവനെടുക്കുന്നത് അപൂര്‍വമാണ്. 10% കേസുകളിലെ സ്ത്രീകള്‍ കൊലപാതകികള്‍ ആവാറുള്ളൂ. അതിനാല്‍ സ്ത്രീകള്‍ സ്വന്തം കുടുംബം മുഴുവന്‍ ഉന്മൂലനാശം ചെയ്യുമ്പോള്‍ സമൂഹം വെറുങ്ങലിച്ച് നില്‍ക്കാറുണ്ട്.

ടെക്‌സസില്‍ ഈ വര്‍ഷം നടന്ന അരുംകൊലകളില്‍ മൂന്ന് അമ്മമാര്‍ സ്വയം കുടുംബാംഗങ്ങളെ വകവരുത്തിയതിന് ശേഷം സ്വയം ജീവനെടുത്തത് കൊടും ഭീതി ഉളവാക്കിയ സംഭവങ്ങളാണ്. നവാരോ കൗണ്ടിയിലെ ഇസ്രേല്‍ അല്‍വാരിസും ഭാര്യ റോണ്‍ക്വിലോ ഓവാലിയും(33) തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 11ന് റോണ്‍ക്വിലോ അവരുടെ മൂന്നാണ്‍മക്കളുടെ എലമെന്ററി സ്‌ക്കൂളിലെത്തി ഭര്‍ത്താവിനെതിരെ പോലീസ് സഹായം തേടി. ഒരു ചെറിയ ക്രിമിനല്‍ കുറ്റത്തിന് ഭര്‍ത്താവ് രണ്ടുദിവസം ജയിലില്‍ കിടക്കുകയും 367 ഡോളര്‍ പിഴ അടയ്ക്കുകയും ചെയ്തു. അതിനുശേഷം ഇരുവരും കുട്ടികളും ഒന്നിച്ച് കഴിയുകയായിരുന്നു. മൂന്നാഴ്ച നീണ്ടുനിന്നില്ല ഈ ജീവിതം. സെപ്തംബര്‍ അവസാനിക്കുന്നതിന് മുന്‍പു തന്നെ തങ്ങളുടെ സ്വന്തം വീട്ടില്‍ വച്ച് ഭര്‍ത്താവിനെയും 4 ഉം, 6ഉം, 10ഉം വയസ്സായ കുട്ടികളെയും വെടിവെച്ച് കൊന്നതിന് ശേഷം സ്വയം നിറയൊഴിച്ച് റോണ്‍ക്വിലോയും മരണം ഏറ്റുവാങ്ങി. കൊലപാതകത്തിനും ആത്മഹത്യയ്ക്കും റോണ്‍ക്വിലോയെ പ്രേരിപ്പിച്ചതെന്താണെന്ന് കേസ് അന്വേഷിക്കുന്ന നവാരോ കൗണ്ടി അധികാരികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വടക്കന്‍ ടെക്‌സാസിലെ പ്‌ളാനോ നിവാസി 28 കാരിയായ ലിഡിയ സോട്ടോ ജനയിതാവായി ജീവിതം നയിക്കുന്നതില്‍ അസന്തുഷ്ടനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജൂണ്‍ 14ന് അവരുടെ ഫെയ്‌സ്ബുക്കിലെ കമന്റ് കണ്ടിട്ട് ഒരു സഹപ്രവര്‍ത്തക പോലീസിനെ വിളിച്ചു. പോലീസ് അവരുടെ അപ്പാര്‍ട്ട്‌മെന്റ് പൊളിച്ച് അകത്തുകടന്നപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ലിഡിയെയും മകന്‍ നിരനെയുമാണ്. മകനെ വെടിവെച്ചുകൊന്നതിനുശേഷം സ്വയം വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇവിടെയും കാരണം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലിഡിയയ്ക്കുണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും തക്കസമയത്ത് സഹായമോ ചികിത്സയോ ലഭിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് മാനസിക വിദഗ്ദ്ധര്‍ പറയുന്നു.
കാന്‍സര്‍ രോഗം കണ്ടെത്തിയതായിരിക്കാം ആഞ്ചലിക്കാ വാസ്‌കെസ് ഭര്‍ത്താവിനെയും മക്കളെയും കൊന്നിട്ട് സ്വയം മരിക്കാന്‍ കാരണമെന്ന് മസ്‌കിറ്റ് പൊലീസ് കരുതുന്നു. നോര്‍ത്ത് ടെക്‌സസിലെ ഈ നഗരത്തിലെ പെയിന്റ് ബ്രഷ് സ്ട്രീറ്റിലാണ് 43 വയസ്സുള്ള ആഞ്ചലിക്കയും ഭര്‍ത്താവായ 44കാരന്‍ മാഴ്‌സലോയും 21കാരി മകള്‍ പൗലീനയും 18കാരന്‍ മകന് അലജാണ്ടോയും താമസിച്ചിരുന്നത്. മാര്‍ച്ചിലെ ഒരു രാത്രിയില്‍ മറ്റ് കുടുംബാംഗങ്ങള്‍ മദ്യപിച്ചപ്പോള്‍ ആഞ്ചലിക്ക വിട്ടുനിന്നു.
കിടക്കവസ്ത്രങ്ങള്‍ ധരിച്ച് ഭര്‍ത്താവും മക്കളും ഉറങ്ങാന്‍ കിടന്നു. ആഞ്ചലിക്ക ഷര്‍ട്ടും ജീന്‍സും ബെല്‍റ്റും ധരിച്ചു. തോക്കെടുത്ത് മൂവരെയും കൊന്നതിന് ശേഷം സ്വയം വെടിവെച്ച് മരിച്ചു. ആഞ്ചലിക്കയുടെ ഓട്ടോപ്‌സിയില്‍ അവര്‍ ഹിസ്റ്റിരക്ടമിയും ഡബിള്‍ മാസ്റ്റെക്‌ടോമിയും നടത്തിയിരുന്നതായി വെളിവായി. ഇതായിരിക്കാം അരും കൊലകള്‍ക്ക് അവരെ പ്രേരിപ്പിച്ച ഘടകം. ആകുലതയും നിരാശയും പോസ്റ്റ്ട്‌രോമാറ്റിക് ഡിസോര്‍ഡര്‍ സിംപ്റ്റമിലേയ്ക്ക് നയിച്ചിട്ടുണ്ടാവാമെന്ന് ഓണ്‍കോളജി സപ്പോര്‍ട്ട് സര്‍വീസസ് വിദഗ്ദ്ധര്‍ പറയുന്നു.

സൂയിസൈഡ്, ഹോമിസൈഡ് എന്നീ നിരയിലേയ്ക്ക് ഫാമിലിസൈഡ് എന്ന വാക്കുകൂടി ഈ സംഭവങ്ങള്‍ കൂട്ടിചേര്‍ത്തു. ഒരു കുടുംബത്തില്‍ മുഴുവന്‍ സംഭവിക്കുന്ന ഹത്യ. അതിന് കാരണക്കാരന്‍ /കാരണക്കാരി കുടുംബാംഗം തന്നെ. 2011 ല്‍ 691 കൊലപാതക-ആത്മഹത്യകളാണ് അമേരിക്കയില്‍ നടന്നത്. ഇവയില്‍ 288 സ്ത്രീഹത്യകള്‍ ഉണ്ടായി. 280 ഹത്യകളും തോക്കുപയോഗിച്ചാണ് നടത്തിയത്. കൊലപാതകികളില്‍ 283 പേര്‍ പുരുഷന്മാരും 30 പേര്‍ സ്ത്രീകളുമായിരുന്നു. കൊല്ലപ്പെട്ടവരില്‍ 55 കുട്ടികള്‍ ഉള്‍പ്പെട്ടു.

സ്വന്തം കുടുംബത്തിന്റെ ഘാതകരായ അമ്മമാര്‍ - ഏബ്രഹാം തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക