Image

മുതലാളിത്തത്തിനെതിരെ ആല്‍ബനിയിലും പ്രക്ഷോഭം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 October, 2011
മുതലാളിത്തത്തിനെതിരെ ആല്‍ബനിയിലും പ്രക്ഷോഭം
ന്യൂയോര്‍ക്ക്‌: മുതലാളിത്ത സമ്പദ്‌വ്യവസ്ഥയ്‌ക്കും കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിക്കുമെതിരെ ന്യൂയോര്‍ക്ക്‌ വാള്‍സ്‌ട്രീറ്റില്‍ രൂപാന്തരപ്പെട്ട ലോകം കണ്ട ഏറ്റവും ശക്തമായ ബഹുജന മുന്നേറ്റം 80 രാജ്യങ്ങളിലെ 950 നഗരങ്ങളില്‍ പടര്‍ന്നു പിടിച്ച്‌ ഇപ്പോള്‍ ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലും വന്നെത്തി. കഴിഞ്ഞ വെള്ളിയാഴ്‌ച ചെറു സംഘങ്ങളായി എത്തിച്ചേര്‍ന്ന പ്രക്ഷോഭകര്‍, ക്യാപിറ്റല്‍ ബില്‍ഡിംഗിനു ചുറ്റും റോന്തു ചുറ്റുകയായിരുന്നു.

ബാനറുകളേന്തി കറങ്ങി നടന്നവര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ പലരും വന്നുചേര്‍ന്നതോടെ പോലീസും രംഗത്തെത്തി. നടന്നു പോകുന്നവര്‍ അഭിവാദ്യമര്‍പ്പിക്കുകയും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയും സമരക്കാര്‍ക്ക്‌ പിന്തുണ നല്‍കുന്നുവെന്ന സൂചന നല്‍കി. രാത്രിയായതോടെ താപനില 30 ഡിഗ്രി യിലേക്ക്‌ താഴ്‌ന്നെങ്കിലും സമരക്കാര്‍ പിന്മാറാതെ ഗവര്‍ണ്ണറുടെ ഓഫീസ്‌ സ്ഥിതി ചെയ്യുന്ന ക്യാപിറ്റല്‍ ബില്‍ഡിംഗിന്റേയും മേയറുടെ ഓഫീസ്‌ സ്ഥിതിചെയ്യുന്ന സിറ്റി ഹാളിന്റെയും മദ്ധ്യത്തിലുള്ള അക്കാഡമി പാര്‍ക്കില്‍ തമ്പടിച്ചു കിടന്നു.

രാത്രി 11 മണിക്കുശേഷം പാര്‍ക്കുകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം അപ്രായോഗികമാണെന്നാണ്‌ മേയറുടെ ഓഫീസിന്റെ പ്രതികരണം. ഏകദേശം മുന്നൂറോളം പ്രക്ഷോഭകരാണ്‌ പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്നത്‌. `ആല്‍ബനി പിടിച്ചടക്കുക' എന്ന മുദ്രാവാക്യവുമായി പരമാവധി ജനങ്ങളെ സംഘടിപ്പിച്ച്‌ `ഈ പ്രക്ഷോഭം മുന്നോട്ടു നയിക്കുക' എന്നതാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ പ്രക്ഷോഭകാരികള്‍ക്കുവേണ്ടി ഡേവ്‌ സിക്ക്‌ളര്‍ പറഞ്ഞു.

രാത്രി 11 മണിക്കു ശേഷമുള്ള കര്‍ഫ്യൂ നിലവിലുണ്ടെങ്കിലും പ്രക്ഷോഭകര്‍ സമാധാനപരമായാണ്‌ പാര്‍ക്കില്‍ കഴിയുന്നതെന്ന്‌ ആല്‍ബനി പോലീസ്‌ വക്താവ്‌ ജയിംസ്‌ മില്ലര്‍ പറഞ്ഞു.സംസ്ഥാന പോലീസും ആല്‍ബനി പോലീസും ജാഗ്രതയോടെയാണ്‌ എല്ലാം നോക്കിക്കാണുന്നത്‌. കൂടുതല്‍ ബഹളങ്ങള്‍ സൃഷ്ടിക്കാതെ സമാധാനപരമായാണ്‌ സമരം നടക്കുന്നതെന്നും, അതുകൊണ്ട്‌ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാനിടയില്ലെന്നും പോലീസ്‌ വക്താവ്‌ സൂചിപ്പിച്ചു.

ശനിയാഴ്‌ച ഉച്ചയോടുകൂടി ചെറു സംഘങ്ങളായി പ്രക്ഷോഭകാരികള്‍ വാഷിംഗ്‌ടണ്‍ അവന്യൂവില്‍ `കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തി അവസാനിപ്പിക്കുക, ധനികര്‍ക്ക്‌ നികുതി ചുമത്തുക എന്നീ സന്ദേശങ്ങളെഴുതിയ പ്ലേക്കാര്‍ഡുകളുമേന്തി നിലകൊണ്ടു.`പത്തു കൊല്ലത്തെ അഫ്‌ഗാനിസ്ഥാന്‍ അധിനിവേശം....ഇനിയെത്ര നാള്‍....., യുദ്ധം അവസാനിപ്പിക്കുക, ധനികര്‍ക്ക്‌ കൂടുതല്‍ നികുതി ചുമത്തുക'... എന്നീ സന്ദേശങ്ങളെഴുതിയ പ്ലേക്കാര്‍ഡുകളേന്തി മറ്റൊരു കൂട്ടരും നിലയുറപ്പിച്ചു.

മുതലാളിത്തം ജീവിതം താറുമാറാക്കിയതു കാരണം ജോലി നഷ്ടപ്പെടുകയും വീടും സമ്പാദ്യങ്ങളും ഇല്ലാതെ വഴിയാധാരമാക്കുകയും ചെയ്യപ്പെട്ട സാധാരണക്കാരായ ജനലക്ഷങ്ങള്‍ക്കുവേണ്ടിയാണ്‌ തങ്ങള്‍ ഇങ്ങനെയൊരു സമരമുറ തെരഞ്ഞെടുത്തതെന്ന്‌ ട്രോയിയില്‍ നിന്നുള്ള ഷീല ഫിറ്റ്‌സ്‌ജെറാള്‍ഡ്‌ അവകാശപ്പെട്ടു.
മുതലാളിത്തത്തിനെതിരെ ആല്‍ബനിയിലും പ്രക്ഷോഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക