Image

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനം സില്‍വര്‍ ജൂബിലി നിറവില്‍

ജീമോന്‍ റാന്നി Published on 12 November, 2013
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനം സില്‍വര്‍ ജൂബിലി നിറവില്‍
ന്യൂയോര്‍ക്ക്  : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളക്കരയില്‍ നിന്നും യൂറോപ്പ്-കാനഡാ-അമേരിക്ക എന്നിവിടങ്ങളിലേക്ക് കുടിയേറിയ മാര്‍ത്തോമ്മായുടെ മക്കള്‍ വന്നു ചേര്‍ന്ന ദേശത്ത്, വിശ്വാസ പൈതൃകങ്ങള്‍ മുറുകെ പിടിച്ചും, സഭാ സ്‌നേഹത്തിലൂം സംഘബോധത്തിലും നിലനില്‍ക്കുകയും ചെയ്തു. കുടിയേറ്റ സമൂഹത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന്, ദൈവവിശ്വാസവും, പ്രാര്‍ത്ഥനയുടെ ശക്തിയും, കൂട്ടായ്മയുടെ പിന്‍ബലവും, മാര്‍ത്തോമ്മായുടെ മക്കള്‍ക്ക് കരുത്തേകി. 1970 കളില്‍ മാര്‍ത്തോമാ കോണ്‍ഗ്രിഗേഷനുകളും, ഇടവകകളും രൂപീകൃതമായി. തുടര്‍ന്ന് സോണല്‍ സംവിധാനവും, 1988 ല്‍ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനവും രൂപീകൃതമായി.

ഭദ്രാസന രൂപീകരണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് 2013 ജനുവരി മാസം 19ന് ഹൂസ്റ്റന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തകള്‍ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഭദ്രാസനത്തിന്‌റെ 8 റീജിയണുകളില്‍ വി.കുര്‍ബ്ബാന, ജൂബിലി സമ്മേളനങ്ങള്‍, പഠനക്ലാസ്സുകള്‍, ഡയലോഗ്, സെമിനാര്‍ എന്നിവ ക്രമീകരിക്കപ്പെട്ടു. ഇടവകകള്‍ തോറും ആള്‍ട്ടര്‍ ബോയ്‌സ്, കവനന്റ് ഗേള്‍സ് എന്നിവരുടെ സംഘ രൂപീകരണത്തിന് തുടക്കം കുറിച്ചു. ഭദ്രാസനത്തിലെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവാഹ സഹായം, ഭവന  നിര്‍മ്മാണ സഹായം, വിദ്യാഭ്യാസ സഹായം, മന്ദിരങ്ങള്‍ക്കുള്ള സഹായം എന്നിവ നല്‍കി. ഭദ്രാസന മിഷന്‍ പ്രവര്‍ത്തനങ്ങളെ ജൂബിലി വര്‍ഷത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തി. മെക്‌സിക്കോ മിഷനില്‍ ജൂബിലി ചാപ്പല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൂദാശ ചെയ്തു. ഇത് സൗത്ത് അമേരിക്കയിലെ ആദ്യത്തെ ആരാധന സമൂഹത്തിന്റെ രൂപീകരണത്തിന് തുടക്കം കുറിച്ചു. ഭദ്രാസനത്തില്‍ നിന്നും യുവജനങ്ങളുടെ അഞ്ച് സംഘങ്ങലെ ഭാരതത്തിലൂള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനും, മനസ്സിലാക്കുന്നതിനും അയച്ചു.


ഭദ്രാസന രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം 2013 നവംബര്‍ മാസം 23-ാം തീയതി ശനിയാഴ്ച ന്യുയോര്‍ക്കിലുളള ബഞ്ചമിന്‍ കര്‍ഡോസാ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അന്നേ ദിവസം രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനത്തിന് ഭദ്രാസനം എപ്പിസ്‌കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിക്കുന്നതും, മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാര്‍ത്തോമ്മ മുഖ്യാതിഥി ആയിരിക്കുന്നതുമാണ്.

സഹോദരീ സഭകളുടെ മേലദ്ധ്യക്ഷന്മാരായ എല്‍ദോ മാര്‍ തീത്തോസ് (മലങ്കര യാക്കോബായ), സഖറിയാസ് മാര്‍ നിക്കോളോവാസ് (മലങ്ക ഓര്‍ത്തഡോക്‌സ്), ആയൂബ് മാര്‍ നിക്കോളോവാസ് (മലങ്കര ഓര്‍ത്തഡോക്‌സ്), ആയൂബ് മാര്‍ സില്‍വാനോസ് (മലങ്കര ക്‌നാനായ), ഡോ. തോമസ് മാര്‍ യുസേബിയോസ് (സിറോ മലങ്കര കാത്തോലിക്ക്), ജോണ്‍സി ഇട്ടി(എപ്പിസ്‌കോപ്പല്‍) ജോര്‍ജ് നൈനാന്‍ (സിഎന്‍ഐ) എന്നിവര്‍ സംബന്ധിക്കുന്നതും ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.

ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂബിലി വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച ആറ് പ്രസിദ്ധീകരണങ്ങളുടെ പ്രസാദനവും തദവസരത്തില്‍ നിര്‍വഹിക്കും.

ഭദ്രാസന എപ്പിസ്‌കോപ്പാ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിന്റെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണ സില്‍വര്‍ ജൂബിലിയുടെ ആഘോഷങ്ങളുടെ തുടക്കവും തദവസരത്തില്‍ നിര്‍വഹിക്കുന്നതാണ്. ജൂബിലി താങ്ക്‌സ് ഗിവിങ്ങിന്റെ ഭാഗമായി കുര്‍ബാന അന്നേ ദിവസം രാവിലെ എട്ട് മണിക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ പളളിയില്‍ നടക്കും.

ആഘോഷ പരിപാടികള്‍ക്ക് ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു. ഭദ്രാസന സെക്രട്ടറി റവ. കെ. ഇ. ഗീവര്‍ഗീസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി


നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനം സില്‍വര്‍ ജൂബിലി നിറവില്‍നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനം സില്‍വര്‍ ജൂബിലി നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക