Image

വി.എസ്‌- ടി.ജി. നന്ദകുമാര്‍ അവിശുദ്ധ കട്ടുകെട്ട്‌: പി.സി. ജോര്‍ജ്‌

Published on 24 October, 2011
വി.എസ്‌- ടി.ജി. നന്ദകുമാര്‍ അവിശുദ്ധ കട്ടുകെട്ട്‌: പി.സി. ജോര്‍ജ്‌
കോട്ടയം: ഡല്‍ഹിയിലെ വന്‍കിട വ്യവഹാര ദല്ലാളായി അറിയപ്പെടുന്ന ടി.ജി. നന്ദകുമാറുമായി വി.എസ്‌. അച്യുതാനന്ദനുള്ള അവിശുദ്ധ കട്ടുകെട്ട്‌ പുറത്തായതായി ഗവണ്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ ആരോപിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ സജീവ ചര്‍ച്ചയാക്കുകയും, ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ ജിജി തോംസന്റെ പാമോലിന്‍ കേസില്‍ ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചതിനെ കുറ്റപ്പെടുത്തുകയും ചെയ്‌ത വിഎസിന്റെ പിന്നില്‍ നന്ദകുമാറാണ്‌ എന്ന ആരോപണത്തെ ശരിവയ്‌ക്കുന്ന സംഭവമാണ്‌ വിഎസ്‌-നന്ദകുമാര്‍ കൂടിക്കാഴ്‌ചയെന്ന്‌ ജോര്‍ജ്‌ ആരോപിച്ചു.

തന്റെ എതിരാളികളെ തകര്‍ക്കാന്‍ റൗഫിനെപ്പോലെയും നന്ദകുമാറിനെപ്പോലെയുമുള്ള ആളുകളെ ഉപയോഗിക്കുന്നത്‌ രാഷ്‌ട്രീയ സദാചാരത്തിനു വിരുദ്ധമാണെന്നു വി.എസ്‌. അച്യുതാനന്ദന്‍ മനസിലാക്കണമെന്നും പി.സി.ജോര്‍ജ്‌ പറഞ്ഞു.

അതിനിടെ ഐസ്‌ക്രീം കേസ്‌ ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ `ദല്ലാള്‍ കുമാര്‍ എന്നു വിളിക്കപ്പെടുന്ന നന്ദകുമാര്‍ വി.എസിനെ കാണാനെത്തിയതിനെ ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്നാണു കരുതുന്നത്‌. എന്നാല്‍ വ്യക്‌തിപരമായ കാര്യത്തിനാണു വി.എസിനെ കണ്ടതെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധിച്ചതു പോലുമില്ലെന്നും നന്ദകുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

`ഒരു കേസുമായും ബന്ധപ്പെട്ടല്ല വി.എസിനെ കാണാന്‍ പോയത്‌. വ്യക്‌തിപരമായ ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. രണ്ടു മൂന്നു മിനിറ്റേ അദ്ദേഹത്തെ കണ്ടുള്ളൂ. ഞാന്‍ പറഞ്ഞതൊന്നും അദ്ദേഹം ശ്രദ്ധിച്ചില്ല. മൂവാറ്റുപുഴയില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ ഡ്രസ്‌ ചെയ്‌തു നില്‍ക്കുകയായിരുന്നു. മൂവാറ്റുപുഴയില്‍നിന്നു പുന്നപ്രയിലേക്കു പോകണം എന്നദ്ദേഹം പറഞ്ഞു. അതോടെ ഞാന്‍ ഇറങ്ങി. തനിക്കെതിരായ കേസുകള്‍ സംബന്ധിച്ചൊന്നും വി.എസിനോടു സംസാരിച്ചിട്ടില്ലെന്നും തന്നെ കാണുന്നതില്‍നിന്നു വി.എസിനെ പാര്‍ട്ടി വിലക്കിയിട്ടുണ്ടോ എന്നറിയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക