Image

പാക്കരന്‍ (ചെറുകഥ : ജോസഫ് നമ്പിമഠം)

ജോസഫ് നമ്പിമഠം Published on 13 November, 2013
പാക്കരന്‍ (ചെറുകഥ : ജോസഫ് നമ്പിമഠം)
പാക്കരന്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നു. മൂന്നാം ക്ലാസ്സില്‍ വച്ച് പഠിത്തം നിറുത്തിയ ഭാസ്‌ക്കരന്‍ നായരെ ആരും അങ്ങനെ വിളിച്ച് ഞാന്‍ കേട്ടിട്ടില്ല. എല്ലാവര്‍ക്കും അവന്‍ പാക്കരനായിരുന്നു.
ചെങ്കല്ലിന്റെ നിറമുള്ള, അവിടവിടെ പിഞ്ചിത്തുടങ്ങിയ ഒരു ഒറ്റ തോര്‍ത്തു മാത്രമാണ് സാധാരണ പാക്കരന്റെ വേഷം. ഗ്രാമത്തിലെ അമ്പലത്തില്‍ ഉത്സവക്കാലമാകുമ്പോള്‍ മാത്രം പാക്കരന്‍ ഷര്‍ട്ടു ധരിക്കുന്നു, മുണ്ടുടുക്കുന്നു. നിറം മുക്കിയ മുണ്ടും ഷര്‍ട്ടും. എല്ലാവര്‍ഷവും പാക്കരന്‍ കാവടിതുള്ളും. വര്‍ണ്ണക്കടലാസ്സുകൊണ്ട് നിര്‍മ്മിച്ച് ക്രിസ്മസ്സ് ട്രീപോലെ അലങ്കരിച്ച് ഏറ്റവും മുകളില്‍ പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ പച്ചതത്തയേയും പിടിപ്പിച്ച് മനോഹരമാക്കിയ കാവടി എന്നും എനിക്ക് ഹരമായിരുന്നു.
തുള്ളല്‍ക്കാര്‍ കാവടിതുള്ളുമ്പോള്‍ അതില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന വര്‍ണ്ണക്കടലാസ്സുതുണ്ടുകള്‍ പൂഴിമണ്ണില്‍ നിന്നും ശേഖരിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ എന്തൊരു മത്സരമായിരുന്നെന്നോ!
വാദ്യമേളങ്ങളുടെ താളത്തിനൊത്തു ചുവടുവച്ച് കാവടി തുള്ളുന്ന പാക്കരന്‍ എന്റെ മനസ്സില്‍ ഒരു ഹീറോ ആയിരുന്നു.
കൊയ്ത്തു കഴിഞ്ഞ് പച്ചപ്പട്ടുപുതച്ചു കിടക്കുന്ന പാടത്തേക്ക് ഒരേര്‍പോത്തുകളുമായി സായാഹ്നത്തില്‍ പാക്കരന്‍ വരും. കയ്യില്‍ പോത്തിനെ തല്ലാന്‍ കാഞ്ഞിരവടി.
പാക്കരന്റെ അച്ഛന്‍ ഉഴവുകാരനായിരുന്നു; പാക്കരന്റെ മുത്തച്ഛനും. പോത്തുകളെ തീറ്റാന്‍ വിട്ടിട്ട് ചിറയില്‍ നില്‍ക്കുന്ന ചാഞ്ഞ മാങ്കൊമ്പില്‍ പാക്കരന്‍ ഇരിപ്പുറപ്പിക്കും. മറ്റുള്ളവര്‍ വലിച്ചശേഷം ഉപേക്ഷിച്ച ബീഡിക്കുറ്റികള്‍ പെറുക്കിയെടുത്തത് അഞ്ചാറെണ്ണം തോര്‍ത്തുമുണ്ടിന്റെ മടിയില്‍ കാണും. കാറ്റത്താടുന്ന മാങ്കൊമ്പിലിരുന്ന് മുറി ബീഡി വലിച്ച് രസിച്ച് പാക്കരന്‍ ഇരിക്കും, പടിഞ്ഞാറ് റെയില്‍പാലത്തിനുമപ്പുറത്ത് സൂര്യന്‍ എരിഞ്ഞടങ്ങും വരെ.
പട്ടണത്തിലെ ഓഫീസുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉച്ചക്ക് അടുക്കു പാത്രങ്ങളിലും ഇലപ്പൊതികളിലും പായ്ക്കുചെയ്ത ചോറ് എത്തിച്ചു കൊടുക്കുന്നതായിരുന്നു പാക്കരന്റെ വരുമാനമാര്‍ഗ്ഗം.
പണം കൃത്യമായി എല്ലാമാസവും അച്ഛന്‍ കണക്കു പറഞ്ഞു വാങ്ങുമെങ്കിലും വട്ടച്ചിലവിനുള്ള കാശ് പാക്കരന്‍ എങ്ങനെയെങ്കിലും ഒപ്പിക്കുമായിരുന്നു. ജോലിചെയ്ത് സ്വന്തമായി ഒരേര്‍ പോത്തുകളെ സമ്പാദിക്കുക എന്നതായിരുന്നു പാക്കരന്റെ ജീവിതലക്ഷ്യം.
അടുത്തും അകലെയുമുള്ള എല്ലാ അമ്പലങ്ങളിലെയും ഉത്സവത്തിന് പാക്കരന്‍ ഹാജരുണ്ടാകും. വെളുക്കുംവരെയും കടല കൊറിച്ച്, കഥകളി കണ്ട്, ബാലെ കണ്ട്, സിനിമ കണ്ട്, നാടകം കണ്ട് പാക്കരന്‍ തിരികെ വീട്ടിലെത്തും. സ്വതന്ത്രനായ പാക്കരന്‍.
സായാഹ്നങ്ങളില്‍ പോത്തിനെ തീറ്റാന്‍ വരുമ്പോള്‍… കാറ്റത്താടുന്ന മാങ്കൊമ്പിലിരുന്ന് മുറി ബീഡി വലിച്ച് വിശേഷങ്ങള്‍ പറയുന്ന പാക്കരനിലൂടെ ഞാന്‍ സിനിമ കണ്ടു …. കഥകള്‍ കേട്ടു… പട്ടണ വിശേഷങ്ങള്‍ അറിഞ്ഞു. എനിക്കപരിചിതമായ ഒരു ജീവിതത്തിന്റെ മുഖം കണ്ടു.
അഞ്ചാംക്ലാസ്സുവരെ മാത്രമുള്ള ഗ്രാമത്തിലെ സ്‌ക്കൂളിനോടു വിടപറഞ്ഞ് ഞാന്‍ പട്ടണത്തിലെ സ്‌ക്കൂളില്‍ ചേര്‍ന്നു. കൂടുതല്‍ പഠിക്കാനുണ്ടായതോടെ എനിക്ക് വിലക്കുകള്‍ ഏറിവന്നു. പാക്കരനുമായുള്ള സൊറ പറച്ചിലുകള്‍ കുറയുകയും ചെയ്തു.
എങ്കിലും അവധിക്കാലങ്ങളില്‍ പാക്കരന്‍ വീട്ടിലെത്തും. കൂടെ പാക്കരന്റെ മുത്തശ്ശിയും. ഉണക്കമീനിന്റെ ചെതുമ്പലുപോലെ ശരീരമുള്ള പാക്കരന്റെ മുത്തശ്ശി. ഉഴുന്നു വടപോലെ വലിയ കാതുള്ള… അയഞ്ഞു തൂങ്ങിയ മാറിടങ്ങളുള്ള മാറുമറയ്ക്കാത്ത പാക്കരന്റെ മുത്തശ്ശിയെ എനിക്കു വലിയ ഇഷ്ടമായിരുന്നു. വന്നു കയറും പാടെ പാക്കരന്‍ ചോദിക്കും “കൊച്ച്മ്പ്‌ളേ കപ്പവെന്തോ?”
ശരിക്കും വേകാത്ത, ചൂടുള്ള ഉണക്കക്കപ്പയും, അടുപ്പിലിട്ട് ചൂട്ടെടുത്ത ഉണക്കയലയും പാക്കരന്റെ ദൗര്‍ബല്യമായിരുന്നു. അതു കൊടുക്കാമെന്ന് പറഞ്ഞാല്‍ ആകാശം മുട്ടി നില്ക്കുന്ന അടയ്ക്കാമരത്തിലും കയറും, പാക്കരന്‍. തലയും ചെതുമ്പലും പോലും കളയാതെയുള്ള അയല കാണുമ്പോള്‍ എനിക്ക് പാക്കരന്‍ എന്ന സുഹൃത്തിനോട് വെറുപ്പു തോന്നും.
തെറ്റാലിയില്‍ കല്ല് വച്ച് കാക്കയെ എറിഞ്ഞു വീഴിക്കുന്നത് പാക്കരന്റെ മറ്റൊരു വിനോദമായിരുന്നു. കാലുകള്‍ കെട്ടി കുറേ ദിവസം അവയെ സൂക്ഷിക്കും. വിശന്നു പൊരിഞ്ഞ്, വിടര്‍ന്ന ചുണ്ടുകളുമായി അവ ദയനീയമായി കരഞ്ഞു വിളിക്കും. മറ്റുകാക്കകള്‍ കൂട്ടമായി പാക്കരന്റെ നേരെ പടകൂടി ആക്രമിക്കും. പാക്കരന്‍ ഏറു പടക്കം പൊട്ടിച്ച് അവയെ വിരട്ടിയോടിക്കും. സൗകര്യം പോലെ പാക്കരന്‍ പിടിച്ച കാക്കകളെ വറുത്തു നിന്നു. കാക്കകളോട് ഏതോ ജന്മ ശത്രുതയുള്ളതുപോലെയായിരുന്നു ആ പെരുമാറ്റം.
നാളുകള്‍ നീങ്ങി…
മെല്ലെ, പാക്കരനില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ദിവസം ചെല്ലുംതോറും പാക്കരന്‍ വിളരി വെളുക്കാന തുടങ്ങി. സ്വതേ മെലിഞ്ഞ ശരീരം കൂടുതല്‍ മെലിഞ്ഞു. അരയ്ക്കു ചുറ്റിയ തോര്‍ത്തു മുണ്ടിന്റെ മുകളില്‍ വയര്‍ വാരിയെല്ലിനോടു ചേര്‍ന്നുകിടന്നു. നെഞ്ച് അസ്ഥിക്കൂടുപോലെയായി. കണ്ണുകള്‍ കുഴിയിലാണ്ടുകിടന്നു.
വിശപ്പ് പാക്കരന്റെ കൂടെപ്പിറപ്പായി. അതോടെ ചോറു ചുമക്കുന്ന ജോലിയും നഷ്ടമായി. കാരണം പാക്കരന്‍ ചോറു കട്ടുതിന്നുന്നത് ആരോ കണ്ടുവത്രെ. ഒരിക്കലും തീരാത്ത വിശപ്പുമായി പാക്കരന്‍ ഗ്രാമത്തിലെ ഓരോ വീട്ടിലും കയറിയിറങ്ങി നടന്നു കൊണ്ട് ചോദിച്ചു:
“കൊച്ചെമ്പ്‌ളേ കപ്പവെന്തോ?”
“നാരായണിച്ചേച്ചിയേ ഇത്തിരി കഞ്ഞിവെള്ളം തര്വോ?”
പാക്കരന്റെ ചോദ്യം ദരിദ്രമായ ആ ഗ്രാമത്തിലല്‍ ഒരു നിശ്വാസം പോലെ അലഞ്ഞുനടന്നു. ആദ്യമൊക്കെ എല്ലാവരും എന്തെങ്കിലുമൊക്കെ കൊടുത്തു. പിന്നീട് എല്ലാവര്‍ക്കും പാക്കരന്‍ ദുശ്ശകുനമായി മാറി. ചിലര്‍ പാക്കരനെ ആട്ടിയോടിച്ചു. ചിലര്‍ ചീത്ത പറഞ്ഞു.
നിറഞ്ഞ കണ്ണുമായി അപ്പോഴും പാക്കരന്‍ ചോദ്യം ആവര്‍ത്തിക്കും:
“ഇത്തിരി കപ്പ തര്വോ?”
പാക്കരന്റെ അസുഖം എന്തായിരുന്നു? അതറിയാന്‍ ആരും മെനക്കെട്ടില്; പാക്കരന്റെ അച്ഛന്‍ പോലും.
പാക്കരന്‍ പട്ടിണിക്കിട്ടുകൊന്ന കാക്കകളുടെ ശാപമാണെന്നാണ് പാക്കരന്റെ മുത്തശ്ശി പറയുന്നത്. കാക്കകള്‍ പ്രേതങ്ങലായി വന്ന് പാക്കരന്റെ രക്തം വലിച്ച് കുടിച്ചതാകാം. വിശന്നു ചത്ത കാക്കകള്‍ വിശപ്പെന്തെന്ന് പാക്കരനെ മനസ്സിലാക്കാന്‍ ചെയ്തതാകാം.
പക്ഷെ, പാക്കരന്‍ എത്രയോ സക്കര്‍മ്മങ്ങള്‍ ചെയ്തിരിക്കുന്നു! എത്ര കാവടി തുള്ളിയിരിക്കുന്നു! എന്നാണ് അതിനെല്ലാം പ്രതിഫലം കിട്ടുക? മരിച്ചു കഴിയുമ്പോഴായിരിക്കും. ഒരു പക്ഷെ അടുത്ത ജന്മത്തിലായിരിക്കും.
അമ്മയുടെ വിളികേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. പാക്കരന്‍ സായാഹ്നങ്ങളില്‍ ഇരിക്കാറുണ്ടായിരുന്ന കാറ്റത്താടുന്ന മാങ്കൊമ്പില്‍ നിന്ന് ഞാന്‍ താഴെയിറങ്ങി.
അകലെ പടിഞ്ഞാറ് റെയില്‍ പാളത്തിനുമപ്പുറത്ത് സൂര്യന്‍ എരിഞ്ഞടങ്ങി കഴിഞ്ഞിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടം ഉണങ്ങി വരണ്ടു വിണ്ടു കീറിക്കിടന്നു. അതിനിടയില്‍ പുല്‍നാമ്പുകള്‍ കരിഞ്ഞുനിന്നു.
വീട്ടിലെത്തിയപ്പോഴാണ് ആ വാര്‍ത്ത ഞാന്‍ കേട്ടത്. പാക്കരന്‍ മരിച്ചു.
വെളുത്ത തുണിയില്‍ പൊതിഞ്ഞ പാക്കരന്റെ മൃതദേഹം. ആദ്യമായാണ് പാക്കരനെ ഒരു വെളുത്ത വസ്ത്രത്തില്‍ കാണുന്നത്. പാക്കരന്റെ ജീവിതാഭിലാഷം എന്റെ മനസ്സില്‍ വിതുമ്പിനിന്നു. സ്വന്തമായി ഒരേര്‍പോത്ത്. മരിച്ചുപോയ പാക്കരന്റെ രൂപം മനസ്സില്‍ നിറഞ്ഞു… പോത്തിന്‍ പുറത്ത് കാഞ്ഞിരവടിയും പിടിച്ച് ചക്രവാളത്തിനുമപ്പുറത്തേക്ക് നടന്നു മറയുന്നു…
പുറത്ത്, പാക്കരന്റെ ചിതയ്ക്കുവേണ്ടി ഒരുക്കിയ മാവിന്‍ വിറകുകള്‍ക്കു മീതെ, ബലിക്കാക്കകള്‍ നിശ്ശബ്ദരായി ഇരിക്കുന്നുണ്ടായിരുന്നു.


പാക്കരന്‍ (ചെറുകഥ : ജോസഫ് നമ്പിമഠം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക