Image

മൗലീകവാദം ഒരു കടല്‍ക്കിഴവന്‍ (ജോണ്‍ മാത്യു)

Published on 11 November, 2013
മൗലീകവാദം ഒരു കടല്‍ക്കിഴവന്‍ (ജോണ്‍ മാത്യു)
പാര്‍ലമെന്ററി രീതിയിലുള്ള ഭരണസംവിധാനമാണ്‌ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌. അതുപോലെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിന്റെ ന്യൂനതകള്‍ എടുത്തു പറയുന്നവര്‍ അമേരിക്കയിലുമുണ്ട്‌. എത്രയോ കാലം മുന്‍പുതന്നെ അമേരിക്കയില്‍ പ്രസിഡന്റ്‌ വൂഡ്രോ വില്‍സന്‍ ജനപ്രതിനിധിസഭയോട്‌ ഉത്തരവാദിത്വമുള്ള ഒരു സംവിധാനത്തിനുവേണ്ടി വാദിച്ചിരുന്നു.

അഴിമതിയും രാഷ്‌ട്രീയ പോര്‍വിളികളും സ്‌തംഭനാവസ്ഥകളും, ഒരു നിശ്ചിതകാലത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട, സാധാരണഗതിയില്‍ താഴെയിറക്കാനാവാത്ത പ്രസിഡന്റ്‌ ഭരിക്കുന്ന സംവിധാനത്തില്‍ ഉണ്ടാകില്ലെന്നാണ്‌ പൊതുവേയുള്ള ധാരണ. എന്നാല്‍ അടുത്തകാലത്ത്‌ അമേരിക്കയിലെ രാഷ്‌ട്രീയരംഗത്തുണ്ടായ ചില സംഭവവികാസങ്ങള്‍ ഈ പ്രസിഡന്‍ഷ്യല്‍രീതിയുടെ ന്യൂനതകളും മനസ്സിലാക്കാന്‍ നമ്മെ സഹായിച്ചു.

ഇത്രയും തുടക്കത്തില്‍ പറഞ്ഞുവെന്നുമാത്രം. ഈ ലേഖനത്തിന്റെ വിഷയം ഭരണരീതിയുടെ ഘടനയല്ല, പകരം വിവിധ തലങ്ങളിലേക്ക്‌ മൗലികവാദത്തിന്റെ, മതപരമോ അല്ലാതെയോയുള്ള മൗലീകവാദത്തിന്റെ, നുഴഞ്ഞുകയറ്റമാണ്‌. വളരെ കൃത്യമായും മാന്യമായും ആദര്‍ശങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളിലേക്ക്‌ ശക്തവും സത്യവുമെന്ന്‌ തോന്നിപ്പിക്കുന്ന ചില സ്ഥാപിതതാല്‌പര്യങ്ങള്‍ നിവേശിപ്പിക്കുക, എന്നിട്ട്‌ ആ പ്രസ്ഥാനം മുഴുവന്‍ ചുരുക്കം ചിലരുടെയോ, വെറും ന്യൂനപക്ഷമോ ആയ ഒരു ഗ്രൂപ്പിന്റെയോ വരുതിയില്‍ കൊണ്ടുവരിക.

രാഷ്‌ട്രീയ രംഗങ്ങളില്‍ ലിബറലും യാഥാസ്ഥിതികവുമായ വേര്‍തിരിവുകള്‍ പുതുമയൊന്നുമല്ല. തോമസ്‌ ജഫേഴ്‌സണിന്റെ ലിബറല്‍ ചിന്തയും ആന്‍ഡ്രൂ ജാക്ക്‌സന്റെ യാഥാസ്ഥിതികതയുമാണ്‌ മുന്‍കാല റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക്ക്‌ കക്ഷികള്‍ക്ക്‌ തുടക്കംകുറിച്ചത്‌. അക്കാലത്ത്‌ അടിമകള്‍ക്ക്‌ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട്‌ പ്രവര്‍ത്തിച്ച ഡമോക്രാറ്റുകള്‍ യാഥാസ്ഥിതികരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്‌ തത്വശാസ്‌ത്രങ്ങള്‍ക്ക്‌ മാറ്റക്കച്ചവടമുണ്ടായത്‌. അന്നുമുതല്‍ ഡമോക്രാറ്റുകള്‍ ലിബറലുകളായി ക്രമേണ അറിയപ്പെടാന്‍ തുടങ്ങി, റിപ്പബ്ലിക്കന്‍സ്‌ യാഥാസ്ഥികരായും.

സര്‍ക്കാരിന്‌ രാജ്യരക്ഷയും സാമാന്യ മേല്‍നോട്ടവുമല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നാണ്‌ അമേരിക്കയിലെ തീവ്രയാഥാസ്ഥിതികരുടെ പക്ഷം. അതുകൊണ്ടാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ എടുത്തുകളയണമെന്ന്‌ അവര്‍ പറയുന്നത്‌, ഒപ്പം സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ക്കുള്ള സംരക്ഷണം നിര്‍ത്തുകയും വേണംപോലും. പ്രസിഡന്റ്‌ റൊണാള്‍ഡ്‌ റെയ്‌ഗന്‍ പറഞ്ഞിരുന്നു: സര്‍ക്കാര്‍ ഒന്നിനും പരിഹാരമല്ല, പകരം പ്രശ്‌നം സര്‍ക്കാരാണത്രയെന്ന്‌. ഇത്‌ നാവു പിഴച്ചതല്ല, സോഷ്യല്‍ സെക്ക്യൂരിറ്റി, മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ നല്‍കുന്ന ചികിത്സാസൗകര്യങ്ങള്‍ എന്നിവയ്‌ക്ക്‌ അതാതിന്റെ തുടക്കംമുതല്‍ത്തന്നെ യാഥാസ്ഥിതികര്‍ അനുകൂലമായിരുന്നില്ല.

സമൂഹത്തിലെ മതമൗലീകവാദികളും ചെറുകിട കച്ചവടക്കാരും ഈ ചിന്താഗതിക്ക്‌ ഒപ്പം ചേര്‍ന്നു. ശ്രദ്ധിക്കുക, ഭൂരിപക്ഷം വന്‍കിട ബിസിനസുകാരും ബുദ്ധിജീവികളും എന്നും ലിബറല്‍ മനസ്സുള്ളവരാണ്‌. തങ്ങള്‍ക്ക്‌ മാന്യതനേടാന്‍ പുതുപ്പണക്കാരധികവും യാഥാസ്ഥിതികരെന്ന്‌ അവകാശപ്പെട്ടു. മതമൗലീകവാദികള്‍ വേദങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ നിര്‍വചിക്കണമെന്നും സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. രാജാവിന്റെ ദൗത്യം ബ്രാഹ്മണരെയും പശുക്കളെയും സംരക്ഷിക്കുകയാണല്ലോ. അല്ലെങ്കില്‍ കുതിരക്ക്‌ വൈയ്‌ക്കോല്‍ കൊടുത്താല്‍മതി, ദരിദ്രപ്പരിഷകളായ ഈച്ചകള്‍ അതിനെചുറ്റിപ്പറ്റി ജീവിക്കുന്നതുപോലെയും.

അമേരിക്ക ഇന്ന്‌ നഗരവും നാട്ടിന്‍പുറവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശത്തിന്റെ ആത്മാവ്‌ കുടികൊള്ളുന്നത്‌ നാട്ടിന്‍പുറങ്ങളിലാണത്രേ. അവര്‍ക്ക്‌ പരമ്പരാഗതമായ ജീവിതരീതിയുണ്ടു, അത്‌ നിലനിര്‍ത്തണം. കഠിനാദ്ധ്വാനം ചെയ്‌ത്‌ രാജ്യത്തെ തീറ്റിപ്പോറ്റുന്നത്‌ നാട്ടിന്‍പുറങ്ങളാണ്‌. യുദ്ധത്തിന്‌ ധീരന്മാരായ യുവാക്കളെ സജ്ജമാക്കുന്നതും ഇവരാണ്‌. നഗരങ്ങള്‍ നിയമപരവും അല്ലാതെയുമുള്ള കുടിയേറ്റക്കാരെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു, രാവിലെ എട്ടുമുതല്‍ അഞ്ചുവരെ ആഫീസുകളിലിരുന്ന്‌ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു ഇവര്‍, സര്‍വ്വ ആഢംഭരവും അനുഭവിച്ചുകൊണ്ട്‌, എന്നിട്ട്‌ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ വീണ്ടും വീണ്ടും അവകാശപ്പെടുകയും ചെയ്യുന്നു. അഭിനവവലതുപക്ഷത്തിന്റെ പരാതിയുടെ ചുരുക്കം ഇതാണ്‌. അങ്ങനെ നഗരവും നാട്ടിന്‍പുറവും അന്യോന്യം കൊമ്പുകോര്‍ത്ത്‌ നില്‌കുന്നതാണ്‌ അമേരിക്കയുടെ രാഷ്‌ട്രീയചിത്രം.

ഇതേ ചിന്താഗതി മറ്റൊരു വിധത്തില്‍ ഇന്ത്യയിലും പ്രകടമാണ്‌. മതമൗലീകവാദികള്‍ ജാതിയിലും മതത്തിലും വര്‍ഗ്ഗത്തിലുംകൂടി രാഷ്‌ട്രീയകക്ഷികളെ കീഴടക്കുന്നു. ഇവിടെയും പാരമ്പര്യങ്ങളിലേക്കുള്ള ഒരു മടങ്ങിപ്പോക്കാണ്‌ ലക്ഷ്യം. കാലഹരണപ്പെട്ട ആചാരങ്ങള്‍ പൊടിതട്ടിയെടുക്കുന്നത്‌ ഇന്ന്‌ ആവേശമായിരിക്കുന്നു.

ഇതെല്ലാം ജനായത്ത വ്യവസ്ഥിതിയുടെ പാളിച്ചകളാണോ? രാഷ്‌ട്രീയ കക്ഷികളിലെ മൗലീകവാദികള്‍ വിട്ടുവീഴ്‌ച്ചകള്‍ക്കേ തയ്യാറല്ല, ആരെങ്കിലും ഒന്ന്‌ താണുകൊടുത്താല്‍ ബലഹീനതയായും കുലംകുത്തുകളായും ചിത്രീകരിക്കപ്പെടുന്നു. ഈ അവസ്ഥയില്‍ ചിലരെങ്കിലും ആശിച്ചുപോയേക്കാം ഏകാധിപത്യവും രാജാവും മറ്റും മടങ്ങിവന്നാലോയെന്ന്‌. ഈ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത ചൈനയെയാണ്‌ മാതൃകയായി ചിലരെങ്കിലും ഇപ്പോള്‍ ചൂണ്ടികാണിക്കുന്നത്‌. പക്ഷേ അതിന്റെ വിലയായി രാഷ്‌ട്രീയമൗലികവാദത്തില്‍ക്കൂടിത്തന്നെ രണ്ടുതലമുറകളെ കുരുതികൊടുത്തത്‌ പഴങ്കഥയും!
മൗലീകവാദം ഒരു കടല്‍ക്കിഴവന്‍ (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക