Image

ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചു: മുഖ്യമന്ത്രി

Published on 24 October, 2011
ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന ആര്‍.ബാലകൃഷ്ണപിള്ള ജയില്‍ നിയമം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രേഖാമൂലം നിയമസഭയെ അറിയിച്ചു. തടവില്‍ കഴിയവെ സ്വകാര്യ ചാനലിന്റെ ലേഖകനോട് ഫോണില്‍ സംസാരിച്ചത് കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പിള്ളയുടെ ഫോണില്‍ നിന്ന് ബന്ധുക്കളെയും മറ്റ് പലരെയും വിളിച്ചിട്ടുണ്ട്. ആസ്പത്രിയിലെ ലാന്റ് ഫോണില്‍ നിന്നും പിള്ള വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തടവില്‍ ഫോണ്‍ ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് നേരത്തെ പിള്ളയുടെ തടവുശിക്ഷ നാല് ദിവസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. പിള്ളയ്ക്ക് നല്ലനടപ്പിനും മറ്റും ലഭിക്കാവുന്ന ശിക്ഷാ ഇളവിലെ നാല് ദിവസമാണ് ജയില്‍ എ.ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് വെട്ടിക്കുറച്ചത്. നല്ലനടപ്പ് പരിഗണിച്ച് ശിക്ഷാ ഇളവിന് ഭാവിയില്‍ സര്‍ക്കാറിന് പരിഗണിക്കാനുള്ള അവസരവും ഇതോടെ പിള്ളയ്ക്ക് നഷ്ടമായിരുന്നു.

ജയിലിലെ നല്ലനടപ്പിനും ജോലിക്കൂലി തിരികെ നല്കിയും ജയില്‍ പുള്ളികള്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും. എന്നാല്‍ ഇതിന് പരോള്‍ കാലാവധിയും ചികിത്സയ്ക്കായി ആസ്പത്രിയില്‍ കിടന്ന കാലവും പരിഗണിക്കുകയുമില്ല. ഇത്തരത്തില്‍ കിട്ടേണ്ട ഇളവാണ് പിള്ളയ്ക്ക് നഷ്ടമായത്.

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയുടെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാവുക 2012 ഫിബ്രവരി 18-നാണ്. എന്നാല്‍ ഇളവുകള്‍ക്ക് ശേഷം ജനവരി രണ്ടിന് പുറത്തിറങ്ങേണ്ട പിള്ളയ്ക്ക് ജനവരി ആറിനേ പുറത്തിറങ്ങാനാവൂ.

ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍.ബാലകൃഷ്ണപിള്ള ആസ്പത്രിയില്‍ കഴിയവേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് ജയില്‍ എ.ഡി.ജി.പി.ക്ക് വേണ്ടി വെല്‍ഫെയര്‍ ഓഫീസര്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പിള്ള ജയില്‍ ചട്ടം ലംഘിച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക