Image

അധികമായി വാങ്ങിയ പണം തിരിച്ചുനല്‍കും: കിരണ്‍ ബേദി

Published on 24 October, 2011
അധികമായി വാങ്ങിയ പണം തിരിച്ചുനല്‍കും: കിരണ്‍ ബേദി
ന്യൂഡല്‍ഹി: പ്രഭാഷണങ്ങള്‍ നടത്തുന്നതിന് യാത്ര ചെയ്ത വകയില്‍ സംഘാടകരില്‍ നിന്ന് വാങ്ങിയ അധിക പണം തിരിച്ചുനല്‍കുമെന്ന് മുന്‍ ഐ.പി.എസ് ഓഫീസറും അന്നാ ഹസാരെ സംഘത്തിലെ പ്രമുഖയുമായ കിരണ്‍ ബേദി. ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ കിരണ്‍ ബേദിക്ക് എയര്‍ ഇന്ത്യ വിമാന യാത്രക്കൂലിയില്‍ 75 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് മറച്ചുവെച്ച് താന്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ സംഘാടകരില്‍ നിന്ന് മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കിയിരുന്ന കിരണ്‍ ബേദി അധികമായി വാങ്ങിയ പണമാണ് തിരിച്ച് നല്‍കുക.

ധീരതാ പുരസ്‌കാരം നേടിയ എല്ലാവര്‍ക്കും ടിക്കറ്റ് നിരക്കില്‍ കിഴിവ് ലഭിക്കും. 2001 ഫിബ്രവരി മുതല്‍ ഈ സൗജന്യനിരക്ക് പ്രാബല്യത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല സംഘടനകളുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങുകള്‍ക്ക് പോകുന്ന കിരണ്‍ ബേദി തന്നെ ക്ഷണിക്കുന്ന സംഘടനകളില്‍ നിന്നും സാധാരണ എല്ലാവരും നല്‍കേണ്ട ഉയര്‍ന്ന നിരക്കിലുള്ള തുക ഈടാക്കിയിരുന്നു എന്നായിരുന്നു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്. 'ഇക്കണോമി' വിഭാഗത്തില്‍ യാത്ര ചെയ്താല്‍പ്പോലും ഉയര്‍ന്ന നിരക്കിലുള്ള 'ബിസിനസ്' ക്ലാസ്സിന്റെ നിരക്കാണ് സംഘാടകരില്‍ നിന്ന് ബേദി ആവശ്യപ്പെടാറുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്ന ബേദി ഡല്‍ഹിക്ക് മടങ്ങാതെ മടങ്ങിയെന്ന് കാണിച്ച് അതിനുള്ള വിമാനച്ചാര്‍ജ് ഈടാക്കിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2011 സപ്തംബര്‍ 29ന് ഡല്‍ഹിയില്‍നിന്ന് ഹൈദരാബാദിലേക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ പോയ ബേദി അവിടെനിന്ന് ചെന്നൈയിലേക്കും പോയി. അടുത്ത ദിവസം ചെന്നൈയില്‍നിന്ന് ബേദി ഡല്‍ഹിക്ക് മടങ്ങി. ഈ യാത്രകള്‍ക്കായി അവര്‍ ചെലവാക്കിയത് 17,134 രൂപയാണ്. എന്നാല്‍, യാത്രക്കൂലിയായി കാണിച്ചിരിക്കുന്നത് 73,117 രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2011 മെയ് 30ന് ഡല്‍ഹിയില്‍നിന്ന് പുണെയിലേക്ക് കിങ്ഫിഷര്‍ വിമാനത്തില്‍ പോയ ബേദി അടുത്ത ദിവസം ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങി. യാത്രയ്ക്ക് അവര്‍ക്ക് ചെലവായ തുക 12,458 രൂപയാണ്. എന്നാല്‍, ചടങ്ങിന്റെ സംഘാടകര്‍ക്ക് കിരണ്‍ ബേദി സമര്‍പ്പിച്ച ബില്‍ 26,386 രൂപയുടേതാണ്. ഇങ്ങനെ വിമാന യാത്രക്കൂലി പെരുപ്പിച്ചു കാട്ടിയതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കിരണ്‍ ബേദി ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. 'ബിസിനസ്' ക്ലാസ് യാത്രച്ചെലവ് തന്നെ ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നവര്‍ നല്‍കുന്നതാണെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഇതുവഴി താന്‍ വ്യക്തിപരമായി ഒരു നേട്ടവുമുണ്ടാക്കിട്ടില്ലെന്നും തനിക്കെതിരെ ആരോപണം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. യാത്രച്ചെലവില്‍ നിന്ന് ലഭിക്കുന്ന തുക താന്‍ നടത്തുന്ന സന്നദ്ധ സംഘടനയായ ഇന്ത്യാവിഷന്‍ ഫൗണ്ടേഷന്റെ ഫണ്ടിലേക്കാണ് നല്‍കുന്നതെന്നും ട്രസ്റ്റിന്റെ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാവുന്നതാണെന്നും ബേദി വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക