Image

കനിമൊഴിയുടെ ജാമ്യാപേക്ഷ: വിധി നവംബര്‍ മൂന്നിന്‌

Published on 24 October, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ: വിധി നവംബര്‍ മൂന്നിന്‌
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അറസ്റ്റിലായ ഡി.എം.കെ എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷയില്‍ പ്രത്യേക സി.ബി.ഐ കോടതി നവംബര്‍ മൂന്നിന് വിധി പ്രസ്താവിക്കും.

2 ജി കേസില്‍ ജയിലില്‍ കഴിയുന്ന ശരത് കുമാര്‍, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കരിം മോറാനി എന്നിവരുടെ ജാമ്യാപേക്ഷകളിലും നവംബര്‍ മൂന്നിന് വിധി ഉണ്ടാവും. ഇവര്‍ക്ക് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

2 ജി അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കനിമൊഴി പ്രത്യേക സി.ബി.ഐ കോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കനിമൊഴിയ്ക്കും കലൈഞ്ജര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരദ് കുമാറിനും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അല്‍ത്താഫ് അഹമ്മദ് ചൂണ്ടിക്കാട്ടി.

കനിമൊഴി സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും തളളിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷം കനിമൊഴിയ്ക്ക് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക