Image

പരിസ്ഥിതി വിലാപം ( കവിത: ജെസ്സി)

Published on 17 November, 2013
പരിസ്ഥിതി വിലാപം ( കവിത: ജെസ്സി)
അംബരചുംബികള്‍, ഒരായിരം സൗധങ്ങള്‍
അനന്ദവിഹായസിലുറ്റുനോക്കി നില്‍ക്കുംനേരം
ആയിരം ശകടങ്ങള്‍ നിരത്തിലങ്ങിങ്ങു പായുമ്പോള്‍
അതിശയിച്ചു ഞാന്‍ കാലത്തിന്‍ മാറ്റമിതെന്നു.

വികസനമെന്നു പേരിട്ടു മാനവന്‍
വിണ്ണിനോക്കി തീര്‍ത്തോരായിരം സൗധങ്ങള്‍
വിസ്മയം പൂണ്ടു നില്കുമ്പോലെന്തേ
ബാബേല്‍ ഗോപുരത്തിന്‍ സ്മരണകള്‍ ഉയര്‍ന്നൂ???

മണ്ണിനെ പൊന്നുവിളയിച്ചൊരു പാവമാം കര്‍ഷകന്‍
മണ്ണിനെ സ്‌നേഹിച്ച മാനവന്‍
മണ്ണിനോടിഴുകി, മണ്ണിലുയര്‍ത്തി
മണ്ണിന്‍ ദാനമാം ഫലവൃക്ഷങ്ങള്‍.

നഗരം വളര്‍ന്നുമണ്ണില്‍,
നരകംതീര്‍ത്തു മണ്ണിനായി
ഗ്രാമം തളര്‍ന്നു മണ്ണില്‍
പാവമാം കര്‍ഷകനേങ്ങി, "മണ്ണേ ചതിച്ചുവോ?'

ഇരവും പകലുമെന്നപോല്‍
ഇതല്ലോ മാനവന്‍തന്‍ വേറിട്ട മുഖങ്ങള്‍
കണ്ണീരൊഴുക്കി മണ്ണിന്‍ സ്‌നേഹിതര്‍
കണ്ണീര്‍ ചിന്തി വൈരികളും.

ഗാഡ്ഗിലും കസ്തുരിരംഗനും,
തീര്‍ത്തു റിപ്പോര്‍ട്ടുകള്‍, വാദമുഖങ്ങള്‍
ഹാ പരിസ്ഥിതി എത്ര ദുര്‍ബലം!
ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടവേണമെന്നും

വാളെടുത്തു വടിയെടുത്തു തെരിവിലിറങ്ങി
പാര്‍ട്ടികള്‍ എത്തി, മതങ്ങളും എത്തി
തെരുവൊരു രണഭൂമിയായി
ഭൂമീദേവി വീണ്ടും കേഴുന്നുവോ?

ഞാനൊരു പാവം മാനവന്‍
മണ്ണിന്‍ പുത്രന്‍, അതല്ലോ മാനവന്‍
ശരിയേതു തെറ്റേതെന്നറിയാതെ
ഉഴലുന്നൂ ഞാന്‍, എന്താണീ കോലാഹലം?

അറിയുന്നൂ, ഞാനിന്നേവരും പറയുന്നു
"കര്‍ഷകരക്ഷ' ഞങ്ങള്‍ തന്‍ ലക്ഷ്യം
കേള്‍ക്കുന്നു ഞാന്‍ വേറൊരു സ്വരം
"പരിസ്ഥിത രക്ഷ' ഞങ്ങള്‍ തന്‍ മുദ്രവാക്യം.

പരിസ്ഥിതി തന്‍, മണ്ണിന്‍ സന്തതികള്‍
ഞങ്ങള്‍ പാവമീ കര്‍ഷകര്‍
പാര്‍ട്ടികളെ, മതങ്ങളെ, ഞങ്ങള്‍ തന്‍
പാര്‍ട്ടിയും മതവുമീ ഭൂമിയെന്നറിയുക.

ആവില്ല ഞങ്ങള്‍ക്കു വീണ്ടുമൊരു
കാടജനതയാകുവാന്‍, എങ്കിലും
അറിയുക മണ്ണു ഞങ്ങള്‍ തന്‍ ജീവന്‍
നിര്‍ത്തുകീ പരാക്രമങ്ങള്‍ മണ്ണിന്‍തന്‍ പേരില്‍.

നഗരമേ പണിയുന്നു നീ, നരകമീ ഉലകില്‍
ശകടങ്ങള്‍, സൗധങ്ങള്‍, ഭൂമിതന്‍ വിരിമാര്‍ തുരക്കുന്നു...
നമിക്കുന്നു ഭൂമി ദേവിതന്‍ മുന്നില്‍,
നേരുന്നോരായിരം അശ്രുപുഷ്പങ്ങളി മണ്ണില്‍
"ഭൂമിതന്‍ മക്കള്‍ക്കായി'.
പരിസ്ഥിതി വിലാപം ( കവിത: ജെസ്സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക