Image

ന്യൂനപക്ഷ വാര്‍ത്തകള്‍ കൊടുക്കാന്‍ പരിമിതി: സോവി ആഴാത്ത്‌

Published on 16 November, 2013
ന്യൂനപക്ഷ വാര്‍ത്തകള്‍ കൊടുക്കാന്‍ പരിമിതി: സോവി ആഴാത്ത്‌
സോമര്‍സെറ്റ്‌, ന്യൂജേഴ്‌സി: വാര്‍ത്ത എന്താണെന്നും അതു എങ്ങനെ കൊടുക്കണമെന്നുമൊക്കെ തീരുമാനിക്കുന്നതില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ കാര്യമായ പങ്കൊന്നുമില്ലെന്ന്‌ മുഖ്യധാരാ മാധ്യമങ്ങളെ വിലയിരുത്തിക്കൊണ്ട്‌ സി.എന്‍.എന്‍ പ്രൊഡ്യൂസര്‍ സേവി ആഴാത്ത്‌ പറഞ്ഞു. ഇതിനു മാറ്റങ്ങളെടുക്കാന്‍ കാലങ്ങളെടുക്കും. അതുവരെ ഇന്ത്യാക്കാരുടേയോ, മറ്റു ന്യൂനപക്ഷങ്ങളുടേയോ ഒക്കെ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ അധികമൊന്നും പ്രത്യക്ഷപ്പെട്ടുവെന്നു വരില്ല.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ സമ്മേളനത്തില്‍ `ഗ്ലോബല്‍ മീഡിയ ട്രെന്‍ഡ്‌സ്‌' എന്ന വിഷയത്തെപ്പറ്റി സംവദിക്കവെ തോമസ്‌ കൂവള്ളൂരിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സോവി.

തീര്‍ത്തും താഴെത്തട്ടില്‍ നിന്നുമാണ്‌ താന്‍ മീഡിയ രംഗത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. അത്യാവശ്യം മാധ്യമരംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്ന പിതാവ്‌ പരേതനായ സെബാസ്റ്റ്യന്‍ ആഴാത്താണ്‌ മാധ്യമരംഗം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്‌. അമ്മയുടെ അഭിലാഷം ഹെല്‍ത്ത്‌ കെയര്‍ രംഗമായിരുന്നു.

സൈറക്യൂസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മാധ്യമപഠനത്തില്‍ ബിരുദമെടുത്തശേഷം എല്ലാവരോടും മത്സരിച്ചാണ്‌ താന്‍ മുന്നോട്ടുവന്നത്‌. തനിക്ക്‌ എക്‌സ്‌പീരിയന്‍സും ധാരാളം കോണ്‍ടാക്‌ടുകളുമുണ്ടെന്ന്‌ കണ്ടാണ്‌ സി.എന്‍.എന്‍ ജോലിക്കെടുത്തത്‌.

മാധ്യമരംഗത്ത്‌ എപ്പോഴും ഓരോരുത്തരും `ഓണ്‍കോളി'ലായിരിക്കും. ഇതൊരു 24 മണിക്കൂര്‍ ജോലിയാണ്‌. വ്യക്തവും കൃത്യവും ലളിതവുമായ വിവരങ്ങളാണ്‌ സി.എന്‍.എന്‍ സ്റ്റോറികളിലൂടെ നല്‍കുന്നത്‌.

ഡോക്‌ടറെന്ന നിലയിലുള്ള പ്രവര്‍ത്തനത്തില്‍ നിന്നാണ്‌ താന്‍ മാധ്യമരംഗത്തു വന്നതെന്ന്‌ വിവിധ ടിവി ഷോകളില്‍ പ്രത്യക്ഷപ്പെടുന്ന ഡോ. ദേവി നമ്പ്യാപറമ്പില്‍ പറഞ്ഞു. പെയിന്‍ മാനേജ്‌മെന്റിലാണ്‌ ഡോ. ദേവി സ്‌പെഷലൈസ്‌ ചെയ്‌തിരിക്കുന്നത്‌. ന്യൂനപക്ഷാംഗമാണെങ്കില്‍ വേദനാസംഹാരികള്‍ ലഭിക്കാന്‍ സാധ്യതകുറവുണ്ടെന്നു നിരീക്ഷണത്തില്‍ കണ്ടു. ബോട്ടോക്‌സ്‌ ഇന്‍ജെക്ഷന്‍ വഴി മൈഗ്രെയിന്‍ വേദന കുറയ്‌ക്കുന്നത്‌ ടിവിയില്‍ ലൈവ്‌ ആയി കാണിച്ചു. അത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു.

താന്‍ വളരെ കുറച്ചേ ഉറങ്ങാറുള്ളുവെന്ന്‌ മറ്റൊരു പാനലിസ്റ്റായ ഡോ. കൃഷ്‌ണകിഷോര്‍ പറഞ്ഞു. വാര്‍ത്തയും മറ്റും ഉപഭോക്താവിന്റെ നിയന്ത്രണത്തിലേക്കു വരുന്ന സ്ഥിതിയാണ്‌ നാം കാണുന്നത്‌. യുട്യൂബും മറ്റും വഴി സാധാരണക്കാര്‍ സൃഷ്‌ടിക്കുന്ന വാര്‍ത്തയും കണ്ടന്റും പ്രചാരം നേടുന്ന സ്ഥിതിയുമുണ്ട്‌. മുമ്പൊക്കെ വാര്‍ത്തയും വിവരങ്ങളും തേടി മാധ്യമങ്ങളെ സമീപിച്ചിരുന്ന സ്ഥാനത്ത്‌ വാര്‍ത്ത ഉപഭോക്താവിനെ തേടി ചെല്ലേണ്ട സ്ഥിതിയായി. അമേരിക്കയില്‍ ടിവിയുടെ റേറ്റിംഗ്‌ കുറയുകയാണ്‌ ചെയ്‌തത്‌. മീഡിയ രംഗത്തും ജനാധിപത്യവത്‌കരണം നടക്കുന്നു.

പത്രങ്ങള്‍ മരിക്കുകയാണെന്ന ധാരണ ശരിയല്ലെന്ന്‌ ലാസ്‌വേഗസിലെ പത്രത്തിന്റെ സര്‍ക്കുലേഷന്‍ മേധാവിയും പ്രസ്‌ ക്ലബ്‌ ട്രഷററുമായ ജോര്‍ജ്‌ ചെറായില്‍ പറഞ്ഞു. ഒരേ വാര്‍ത്ത തന്നെ രണ്ടോ മൂന്നോ രീതിയില്‍ അവതരിപ്പിക്കും. പ്രിന്റിനും വെബ്ബിനും മൊബൈലിനും വേണ്ടി. കൊക്കോള പലതുള്ളത്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കോക്ക്‌, ഡയറ്റ്‌ കോക്ക്‌, ചെറി കോക്ക്‌ എന്നിങ്ങനെ. ഡയറ്റ്‌ കോക്ക്‌ ഇഷ്‌ടപ്പെടുന്നയാള്‍ക്ക്‌ ചെറി കോക്ക്‌ ഇഷ്‌ടപ്പെടണമെന്നില്ല. മാധ്യമങ്ങള്‍ക്കും ഇതു ബാധകം.

ഇതിനു പുറമെ ഓരോരുത്തരുടേയും സാമ്പത്തിക സ്ഥിതി അനുസരിച്ച്‌ വരിസംഖ്യ നിശ്ചയിക്കുകയെന്ന പുതുമയും ഉണ്ട്‌. ട്വിറ്ററില്‍ വാര്‍ത്ത നല്‍കുമ്പോള്‍ രണ്ടാമതൊരു വേദികൂടി തുറന്നിടുകയാണ്‌.

ഭാവിയില്‍ ട്വിറ്ററിന്റെ കാലമാണ്‌ വരാന്‍ പോകുന്നതെന്ന്‌ സോവി പറഞ്ഞു. ലോസ്‌ ആഞ്ചലസ്‌ വിമാനത്താവളത്തിലെ വെടിവെയ്‌പിനെപ്പറ്റി ഏതാനും ട്വീറ്റുകള്‍ കണ്ടപ്പോഴാണ്‌ അവിടുത്തെ ബ്യൂറോയെ അലര്‍ട്ട്‌ ചെയ്‌തത്‌.

പ്രൊഡ്യൂസറെന്ന നിലയില്‍ വാര്‍ത്ത എഴുതുക, എഡിറ്റ്‌ ചെയ്യുക, എഡിറ്റ്‌ ചെയ്യുക, വികസിപ്പിക്കുക, വാര്‍ത്ത കണ്ടെത്തുക തുടങ്ങിയ വ്യത്യസ്‌തങ്ങളായ ദൗത്യങ്ങളാണ്‌ നിര്‍വഹിക്കാനുള്ളത്‌.

പെയിന്‍ മെഡിസിനുമായി ബന്ധപ്പെട്ട തന്റെ പ്രവര്‍ത്തനങ്ങള്‍ ഫേസ്‌ബുക്കില്‍ കണ്ട്‌ ടിവിക്കാര്‍ തന്നെ ക്ഷണിക്കുകയായിരുന്നുവെന്ന്‌ ഡോ. ദേവി പറഞ്ഞു. ഫേസ്‌ബുക്കിന്‌ അതിന്റേതായ സ്ഥാനമുണ്ട്‌. ട്വിറ്ററും അങ്ങനെതന്നെ.
ന്യൂനപക്ഷ വാര്‍ത്തകള്‍ കൊടുക്കാന്‍ പരിമിതി: സോവി ആഴാത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക