Image

വൃത്തങ്ങളില്‍ അവര്‍- (കഥ: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 16 November, 2013
വൃത്തങ്ങളില്‍ അവര്‍- (കഥ: ഷാജന്‍ ആനിത്തോട്ടം)
നിലക്കണ്ണാടിയുടെ തെളിമയിലേക്ക് മുഖമുയര്‍ത്തി ആഗ്നസ് വീണ്ടും ഇരുന്നു. സൈഡ് ടേബിളില്‍ വിശ്രമിക്കുന്ന മേയ്ക്കപ്പ് സാധനങ്ങളുടെ കൂമ്പാരം തന്നെ നോക്കി പല്ലിളിക്കുന്നതായി അവള്‍ക്ക് തോന്നി. പരിഹാസത്തിന്റെ നൊമ്പരം അവളറിഞ്ഞു. ലിപ്സ്റ്റിക് കളക്ഷനുകളുടെ നിരയിലേക്ക് നോക്കിയതും ചുണ്ടുകളിലെ നീറ്റല്‍ അസഹ്യമായി അവള്‍ക്കനുഭവപ്പെട്ടു. ഉവ്വ്, ചുണ്ടു പൊട്ടിയിട്ടുണ്ട്; മൂന്നിടത്ത്. കിനിഞ്ഞിറങ്ങിയുണങ്ങിയ രക്തബിന്ദുക്കള്‍ക്ക് തലയോടുകളുടെ രൂപം… നനുത്ത ചുണ്ടുകള്‍ക്കാകെ വരണ്ടുണങ്ങി വിണ്ടുകീറിയ വേനല്‍പ്പാടങ്ങളുടെ ദൃഢത.
ചുഴലിക്കാറ്റിന്റെ രൗദ്രതയോടെ പഴയൊരു പ്രശംസ അവളുടെ മുമ്പില്‍ നിന്ന് താണ്ഡവമാടി.
"അഞ്ജു, നിന്റെ ചുണ്ടുകള്‍ എത്ര മനോഹരമാണ്… ഈ ചുണ്ടുകളാണ് നിന്നിലേക്കെന്നെ ആകര്‍ഷിച്ചത്; നിന്റെയീ ചാമ്പങ്ങാച്ചുണ്ട്…”
നിലക്കണ്ണാടിയിലേക്ക് വീണ്ടും നോക്കവെ തന്റെ മുഖത്തെ ഞരമ്പുകള്‍ മുഴുവന്‍ വലിഞ്ഞു മുറുകുന്നതായും അവയൊക്കെയും നീലച്ച് തിമിര്‍ത്തുയരുന്നതായും അവള്‍ക്കു തോന്നി. കവിളൊട്ടി, പ്രസാദം നഷ്ടപ്പെട്ട മുഖത്തെ നീലഞരമ്പുകള്‍ നഷ്ടസ്വപ്നങ്ങളുടെ താഴ് വരയിലേക്ക് മനസ്സിനെ തള്ളിയിട്ടപ്പോള്‍ ഒരു കിതപ്പോടെ അവള്‍ ബെഡ്‌റൂമിലേക്കോടി.
കിംഗ്‌സൈസ് കട്ടിലില്‍ അപ്പോള്‍ ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്ങ്കളങ്കതയോടെ അയാള്‍ ഉറങ്ങുകയായിരുന്നു. ഉടുമുണ്ടുപോലും അലസമായി മാറി കിടക്കുകയാണ്. ടേബിള്‍ലാമ്പിനു സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസും നിസ്സംഗതയോടെ വിശ്രമിക്കുന്നു. രാത്രിയിലെ ശക്തിപ്രകടനത്തിനുശേഷം ഒന്നുമറിയാതെ ഉറങ്ങുന്ന ഭര്‍ത്താവിനെ നോക്കി അട്ടഹസിക്കണമെന്ന് അവള്‍ക്കു തോന്നി.
"ദുഷ്ടാ, നോക്കെടാ നിന്റെയീ ചാമ്പങ്ങാച്ചുണ്ടുകള്‍… നിന്റെ ഉരുക്കുമുഷ്ടികള്‍ കൊണ്ട് ഇടിച്ചുനിരപ്പാക്കിയ ഈ മുഖമൊന്നു കാണെടാ നായേ… നിന്നെ ആകര്‍ഷിച്ചതെന്ന് ഒരിക്കല്‍ നീയവകാശപ്പെട്ട ഈ ചുണ്ടുകള്‍ ഇനി എനിക്കെന്തീനാടാ… കുരീശുമരണം തന്നെയാണെടാ ഇതിലും ഭേദം…”
ശബ്ദം പുറത്തേക്ക് വരാത്ത വികാരത്തള്ളിച്ചയുടെ സമ്മര്‍ദ്ദത്തേക്കാള്‍ തൊണ്ടയിലേറ്റ ക്ഷതം കൊണ്ടാണെന്നവളറിഞ്ഞു. ദുസ്സഹമായ വേദന ദേഹമാസകലം വലിഞ്ഞു മുറുകിയപ്പോള്‍ ഒരു പ്രതികാരദുര്‍ഗ്ഗയെപ്പോലെ അയാളെ അടിച്ചു കൊല്ലാന്‍ അവള്‍ക്കു തോന്നി. ഒരു ഘട്ടത്തില്‍ മുമ്പില്‍ കണ്ട വീര്‍ത്തുന്തിയ മദ്യക്കുപ്പി അവള്‍ കയ്യിലെടുക്കുകപോലും ചെയ്തു. പിന്നെ നിസ്സഹായയായി, അവളത് തിരികെ വച്ചു. നിരാശയും വിദ്വേഷവും നിലയ്ക്കാത്ത കണ്ണുനീരിന്റെ രൂപത്തില്‍ ഒഴുകിയിറങ്ങി.
അടുത്ത മുറിയില്‍ നിന്നും നേര്‍ത്ത തേങ്ങലുകള്‍ അവള്‍ കേട്ടു. ആഗ്നസിന്റെ പ്രാണന്‍ പിടഞ്ഞു. മോളുണര്‍ന്നോ ഇത്രവേഗം?
ഓടിയെത്തിയ അവള്‍ കണ്ടത് ബാര്‍ബിഡോളിനെ തലയിണയില്‍ മുഖമമര്‍ത്തി എസ്‌തേര്‍ മെല്ലെ മെല്ലെ ഏങ്ങലടിക്കുന്നതാണ്.
നിലാവിന്റെ മടക്കയാത്ര പൂര്‍ത്തിയായിട്ടില്ല. ഇത്ര നേരത്തെ തന്നെ മോളുണര്‍ന്നോ? പിന്നെയവള്‍ക്ക് മനസ്സിലായി, ഉറക്കത്തിലും ഉണര്‍വ്വിനുമിടയിലുള്ള അര്‍ദ്ധബോധാവസ്ഥയിലാണവള്‍. എങ്കിലും ഈ കുഞ്ഞുമനസ്സിലും നൊമ്പരത്തിന്റെയും നിസ്സാഹായതയുടെയും മുറിവുകള്‍ വലിഞ്ഞു മുറുകുകയാണ്. രാത്രിയിലെ പ്രകടനം അവളും അറിഞ്ഞിരിക്കണം… വീക്കെന്‍ഡുകളിലെ ഈ തനിയാവര്‍ത്തനം എസ്‌തേറിന്റെ കൊച്ചു മനസിലും വിറങ്ങലിക്കുന്ന ഒരു അസ്ഥികൂടം കണക്കെ ഭീതിയുടെ മിന്നല്‍പ്പിണരുകള്‍ പായിക്കുകയാണ്; പിന്നെയും പിന്നെയും.
കമ്പിളിപ്പുതപ്പിന്റെ ഊഷ്മളത അവളിലേക്ക് വിരിച്ചുപകരുമ്പോള്‍ കിടക്കയിലെ മറ്റ് കളിപ്പാട്ടങ്ങളിലേക്ക് ആഗ്നസിന്റെ ശ്രദ്ധ തിരിഞ്ഞു. നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന സുന്ദരിപ്പാവകള്‍… സര്‍ക്കസ് സുന്ദരികള്‍… അവര്‍ക്കെല്ലാം എസ്‌തേറും ടോമിച്ചനും കൂടി പേരുകളിട്ടതും അവളോര്‍ത്തു… എലിസബത്ത്, സാറാ, അന്ന, സലോമി… പഴയനിയമത്തില്‍ നിന്നും പറന്നുവന്ന നിത്യഹരിത നായികമാര്‍…!!
മനസ്സിന്റെ മുറിവുകളില്‍ സൂചിമുനദംശങ്ങള്‍ വീണ്ടും നല്‍കികൊണ്ട് ചിതലരിച്ചുപോയെ ആ പഴയ പ്രഖ്യാപനങ്ങള്‍ ഓര്‍മ്മകളില്‍ നിന്നും തികട്ടിവന്നു…
"അഞ്ജു, നമുക്ക് ധാരാളം കുട്ടികള്‍ വേണം… നിന്നെപ്പോലെ സുന്ദരികളായ ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍… അവര്‍ക്കെല്ലാം ഞാന്‍ കുലീനമായ പേരുകള്‍ നല്‍കും… പ്രൗഢിയോടെ അവര്‍ വളരും….എന്നിട്ട്, ഇസഹാക്കിന്റെയും യാക്കോബിന്റെയും ഗരിമയോടെ, കടല്‍ക്കരയിലെ മണല്‍ത്തരികളോളം സന്തതിപരമ്പരകളുടെ പിന്‍ബലത്തില്‍ ഒരുപാട് കാലം ഞാന്‍ ജീവിക്കും. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെപ്പോലെ ഈ ഭൂമിയുടെ അതിര്‍ത്തികള്‍ മുഴുവന്‍ കീഴടക്കും… നെപ്പോളിയന്റെ ധീരതയും ചെങ്കിസ്ഖാന്റെ ശേഷിയും ദാവീദിന്‍രെ ഭക്തിയുമുള്ള..!!
അപ്പോള്‍ ഇച്ചായന്റെ അഞ്ജുമോളെന്ന ഈ ആഗ്നസ്‌കുട്ടിയുടെ കാര്യം…?”
നീയെന്റെ പട്ടമഹഷിയായി, സര്‍വ്വസൗന്ദര്യമൂര്‍ത്തിയായി എന്നും എന്റെ കൂടെ…”
പ്രഭോ, ഒരു സംശയം… അവിടുത്തേക്ക് ആണ്‍തരികള്‍ ഒന്നും വേണ്ടെന്നാണോ?”
"മണ്ടിപ്പെണ്ണേ, ഹസ്തരേഖാ വിധിപ്രകാരം എനിക്ക് ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുകയില്ലെന്ന് നിനക്കറിഞ്ഞുകൂടേ…?”
പശ്ചാത്തലത്തിന്റെ പൊട്ടിച്ചിരിയുടെ യുഗ്മതാളം… പുണരലിന്റെ ഉന്മാദം… പങ്കുവയ്ക്കലിന്റെ സായൂജ്യം…
ഓര്‍മ്മകളിലെ സ്വപ്നലോകത്തുനിന്നും യാഥാര്‍ത്ഥ്യത്തിന്റെ വര്‍ത്തമാനത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ആഗ്നസ് ആലോചിക്കുകയായിരുന്നു. എവിടെയാണ് താളം പിഴച്ചത്? അഥവാ യഥാര്‍ത്ഥത്തില്‍ ഒരു താളമുണ്ടായിരുന്നോ തങ്ങളുടെ ജീവിതത്തില്‍? ഉണ്ടായിരുന്നു എന്നുറപ്പിക്കുവാന്‍ അധികനേരം വേണ്ടിവന്നില്ല. ഉല്ലാസത്തോടെ തന്നെയായിരുന്നു തങ്ങള്‍ ജീവിതം തുടങ്ങിയത്.
ബാങ്ക് ഓഫീസര്‍ ടെസ്റ്റിന്റെ ഫലം വന്നതും കല്യാണാലോചനയുമായി ടോമിച്ചന്റെ കുഞ്ഞമ്മ റോസമ്മയാന്‌റി അമ്മച്ചിയെ സമീച്ചതും ഏതാണ്ടൊരേ കാലഘട്ടത്തിലായിരുന്നു. അപ്പച്ചന്റെ മുഴുക്കുടിയും വിറ്റുനശിപ്പിക്കലും തുടര്‍ക്കഥയായി കത്തിനില്‍ക്കുന്ന സമയത്ത് അകന്ന ബന്ധത്തിലുള്ള റോസമ്മയാന്റി കൊണ്ടുവന്ന ചുള്ളന്‍ ചെക്കന്റെ ആലോചനയെ എതിര്‍ക്കാന്‍ അമ്മച്ചിക്ക് കാരണമൊന്നുമുണ്ടായിരുന്നില്ല. അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ കാത്തിരിക്കുന്ന ആവേശത്തിന്റെ ദിവസങ്ങളില്‍ ഒരു മാസമെങ്കിലും ജോലി ചെയ്ത് ആദ്യശമ്പലം അമ്മച്ചിയെ ഏല്‍പിച്ചിട്ടുമതി കല്യാണം എന്നു മാത്രമേ താന്‍ തടസ്സം പറഞ്ഞുള്ളൂ. അതുപോലും റോസമ്മയാന്‌റി സമ്മതിച്ചില്ല. ടോമിച്ചന്റെ ഗള്‍ഫിലുള്ള പെങ്ങളും ഭര്‍ത്താവും അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനു മുമ്പ് നടത്തണമെന്ന കടുത്ത സ്‌നേഹസമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ അപ്പച്ചന്റെ കുടിയും നശിപ്പീരും കൊണ്ട് നട്ടം തിരിയുന്ന അമ്മച്ചിക്ക് തന്നെ എത്രയും വേഗം ഒരു സുരക്ഷിത കുടംബത്തിലേക്ക് പറഞ്ഞയയ്ക്കണമെന്ന മനോനിലയുണ്ടായത് സ്വാഭാവികം.
ആദ്യശമ്പളത്തിന്റെയും കടംവീട്ടലിന്റെയും വൈകാരികതയൊക്കെ അമ്മ ലഘുവത്കരിച്ചു.
"നോക്കൂ മോളേ, അതൊന്നും നീ സാരമാക്കിയെടുക്കരുത്. കുട്ടനില്ലേ നിന്റെ താഴെ. അതെല്ലാം നീ അവനു വിട്ടേക്കൂ. ഈ വര്‍ഷം അവന്റെ ഡിഗ്രി പൂര്‍ത്തിയാവും. ദൈവകൃപയാല്‍ അവനും ഒരു ജോലി താമസിയാതെ ശരിയായിക്കൊളും. കടങ്ങളൊക്കെ  അവന്‍ വീട്ടിക്കോളും. അപ്പന്റെ കുടിയും ഇടിയും നിര്‍ത്താന്‍ മാത്രം എന്റെ മോള്‍ പ്രാര്‍ത്ഥിച്ചാല്‍ മതി.”
കല്യാണത്തിന്റെയും വിരുന്നിന്റെയും ബഹളമൊക്കെ കഴിഞ്ഞ് ടോമിച്ചന്റെ തിരുവനന്തപുരത്തുള്ള ജോലിസ്ഥലത്തേക്ക് പോയതിന്റെ പതിനഞ്ചാം നാള്‍ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ വന്നു. നിയമനം തിരുവനന്തപുരത്തു തന്നെയെന്ന് കുട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ വൈകീട്ട് ടോമിച്ചന്‍ വരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായില്ല. ലഞ്ച് ബ്രേക്കിനിറങ്ങുന്നതിനു മുമ്പ് തന്നെ നേരിട്ട് പറയാന്‍ ഒരു ഓട്ടോ പിടിച്ച് നേരെ ഓഫീസിലേക്ക് പാഞ്ഞു. വികാസ് ഭവന്റെ പടികള്‍ ഓടിക്കയറി നാലാം നിലയിലെ ടോമിച്ചന്റെ റൂമിലെത്തിയതും പരിസരം മറന്ന് കെട്ടിപ്പിടിച്ച് സന്തോഷവാര്‍ത്ത അിറയിച്ചതും ഇന്നലെയന്നതുപോലെ ഓര്‍ക്കുന്നു.
ഉച്ചയ്ക്ക് റസ്റ്റോറന്റില്‍ ഒരുമിച്ചിരുന്ന് ഊണ് കഴിക്കുമ്പോള്‍ താനാകെ ആവേശത്തിലായിരുന്നു. ഐസ്‌ക്രീം നുണയുമ്പോള്‍ ടോമിച്ചന്‍ പറഞ്ഞു:
"പട്ടത്ത് പോസ്റ്റിംഗ് കിട്ടിയത് എന്തായാലും നന്നായി. ഒരുമിച്ച് തന്നെ നമുക്ക് ഇറങ്ങാം; മടങ്ങാം. ഇനിയിപ്പോള്‍ ഒരു മാരുതിയൊക്കെ നമുക്ക് വാങ്ങണം. ഈ ബജാജ് ചേതക്കൊക്കെ മടുത്തുതുടങ്ങി…”
ജോലിക്ക് കയറി ഏറെനാള്‍ കഴിയുംമുമ്പേ കാര്‍ വാങ്ങി. ബാര്‍ത്താവിനോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും അതില്‍ യാത്ര ചെയ്യുമ്പോള്‍ പക്ഷേ, മുന്‍പ് സ്‌ക്കൂട്ടറിന്റെ പിന്‍സീറ്റില്‍ ടോമിച്ചന്റെ വയറില്‍ ചുറ്റിപ്പിടിച്ചിരുന്ന് ഇണക്കിളികളെപ്പോലെ നഗരമദ്ധ്യത്തിലൂടെ പാഞ്ഞുപോയിരുന്നതിന്റെ സുഖം കിട്ടിയിരുന്നില്ലെന്നവള്‍ ഓര്‍ത്തു. കാറിലിരിക്കുമ്പോള്‍ തങ്ങള്‍ സഞ്ചരിക്കുന്ന ഒരു തടവറയിലാണെന്ന അന്യഥാബോധം.
ആദ്യശമ്പളം കിട്ടിയ ദിവസം വാനോളമുയര്‍ത്തുന്ന ആവേശത്തോടെ മുഴുവന്‍ തുകയും ടോമിച്ചനെ ഏല്‍പിക്കുമ്പോള്‍ ആദ്യരാത്രിയില്‍ തട്ടാതെ, തകരാതെ കാത്തുസൂക്ഷിച്ചൊരു പളുങ്കുപാത്രം പോലെ, തന്റെ കന്യകാത്വം ഭര്‍ത്താവിനു സമര്‍പ്പിച്ച അഭിമാനനിമിഷമായിരുന്നു മനസ്സില്‍ …
രണ്ട് സന്ദര്‍ഭങ്ങളിലും അവയ്‌ക്കൊന്നും വലിയ അംഗീകാരത്തിന്റെ വില നല്‍കാന്‍ ടോമിച്ചന്‍ തയ്യാറായിരുന്നില്ലെന്ന് ദുഃഖത്തോടെ അവള്‍ അനുസ്മരിച്ചു.
'കട്ടിംഗും ഷേവിംഗും' കഴിഞ്ഞാല്‍ ബാങ്ക് ഓഫീസര്‍ക്ക് കിട്ടുന്നത് ഇത്രമാത്രം…! പിഎഫിനും ഗ്രാറ്റുവിറ്റിക്കും ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിനുമൊക്കെ ഇവന്മാര്‍ എത്രയാ പിടിക്കുന്നത്… ഓ! എന്തായാലും നമ്മളിപ്പോള്‍ സാലറീഡ് കപ്പിള്‍സായി അല്ലേ…”
അഞ്ചക്ക ശമ്പളത്തിന്റെ ഉടമയായതിന്റെ ആവേശമൊക്കെ പെട്ടെന്നു തന്നെ തണുത്തുറഞ്ഞു പോയതുപോലെ…
സിറ്റിയില്‍ ആദ്യത്തെ അപ്പാര്‍ട്ടുമെന്റ് വാങ്ങിയതും പാലുകാച്ചലിന്റെ പിറ്റേന്ന് ഒരു അപശകുനംപോലെ കുളുമുറിയില്‍ തെന്നിവീണ് തന്റെ നെറ്റി പൊട്ടിയതും ബാന്‍ഡേജിട്ട നെറ്റിയുമായി പിറ്റേന്ന് ബാങ്കില്‍ പോയതും ട്രെയിന്‍ ബോഗികള്‍ പോലെ ഒന്നിനോടൊന്നു മുട്ടിനില്‍ക്കുന്ന ഓര്‍മ്മകളായി അവള്‍ക്കു മുന്നിലൂടെ കടന്നുപോയി…
പിന്നെപിന്നെ ബാന്‍ഡേജിട്ട നെറ്റിയും കവിളും ചുണ്ടും താടിയുമൊക്കെ തന്റെ സ്ഥിരം രൂപങ്ങലായ് നടുക്കത്തോടെ അവളോര്‍ത്തു. ടോമിച്ചന്റെ മറ്റൊരു രൂപം അപ്പോഴാണ് അവള്‍ കണ്ടുതുടങ്ങിയത്.
അഭിപ്രായ വ്യത്യാസങ്ങള്‍ ആദ്യമൊക്കെ നോവിക്കുന്ന വര്‍ത്തമാനങ്ങളെ മാത്രം സൃഷ്ടിച്ചപ്പോള്‍ രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോഴുള്ള സ്വാഭാവിക സംഭവങ്ങളായി മാത്രം അതിനെ കാണാന്‍ ശ്രമിച്ചു. മെല്ലെ അത് ലഘുവല്ലാതായി.. കുടിയും കൂട്ടുകാരും കൂടിവന്നതിനെ ചോദ്യം ചെയ്ത ദിവസമായിരുന്നു ആദ്യമായി വാക്കേറ്റം കൈയേറ്റത്തിലേക്ക് വഴിമാറിയത്. താന്‍ ഭയപ്പെട്ടിരുന്നത് സംഭവിക്കുകയാണെന്ന് നടുക്കത്തോടെ തിരിച്ചറിഞ്ഞ ദിവസം! വല്യമ്മച്ചിയുടെയും അമ്മച്ചിയടെയും വഴികളിലൂടെയാണ് തന്റെ വണ്ടിയും കടന്നുപോയത്… തലമുറകളിലേക്ക് പകര്‍ന്നുകിട്ടിയ ശാപംപോലെ… ഈ ചതുരംഗ കുരുക്കില്‍ നിന്ന് തനിക്ക് മോചനമില്ല. പീഡനങ്ങളുടെ വൃത്തങ്ങളിലൂടെ തന്നെയാണ് തന്റെ യാത്രയും…!
ആദ്യമായി തന്നെ മര്‍ദ്ദിച്ചതിന്റെ കുറ്റബോധം കൊണ്ടാവണം ദിവസങ്ങള്‍ക്കകം തന്നെ ഒരു ദീര്‍ഘയാത്രയ്ക്ക് ടോമിച്ചന്‍ നിര്‍ബന്ധിച്ചത്. ലീവ് ട്രാവല്‍ അലവന്‍സില്‍ നടത്തിയ ആ ഉത്തരേന്ത്യന്‍ യാത്ര എന്തുകൊണ്ടും ഒരു സുഖമുള്ള അനുഭവമായിരുന്നു. പീഡനത്തിന്റെ പാരിതോഷികമായി കിട്ടിയ രണ്ടാം ഹണിമൂണ്‍!! താജ്മഹലും കുത്തബ്മിനാറും കണ്ട് കാശ്മീര്‍ താഴ് വരയിലെ ഹൗസ്‌ബോട്ട് യാത്രയും കൂടിയായപ്പോള്‍ ശരീരത്തിന്റെയും മനസ്സിന്റെയും വേദന മെല്ലെമെല്ലെ അകന്നു തുടഹ്ങയിരുന്നു. മഞ്ഞുപെയ്യുന്നൊരു രാത്രിയില്‍ നൈനിറ്റാളിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ സ്വപ്നങ്ങള്‍ പങ്കുവച്ചുറങ്ങിയതിന്റെ ഓര്‍മ്മ ഏറെക്കാലം മനസ്സിനെ തരളിതമാക്കിയിരുന്നു… കമ്പിളിക്കെട്ടുകള്‍ക്കുള്ളില്‍ ടോമിച്ചനും ആഗ്നസും കൃഷ്ണനും രാധയുമായി…. ആന്റണിയും ക്ലിയോപാട്രയുമായി…. റോമിയോയും ജൂലിയറ്റുമായി പുനര്‍ജനിച്ചു.
രാവിന്റെ നിറവിലെപ്പോഴോ ജനല്‍പ്പാളികളെയും ഭേദിച്ച് നിലാവിന്റെ പുഞ്ചിരി കടന്നുവന്ന നിമിഷങ്ങളില്‍ ടോമിച്ചനിലെ കവി ഉണര്‍ന്നു… ഭാവന വിടര്‍ന്നു.
“അഞ്ജു, നമുക്കാദ്യം ജനിക്കുന്ന മോള്‍ക്ക് ഹിമ എന്ന് പേരിടാം. മഞ്ഞു പെയ്യുന്ന ഈ സ്വര്‍ഗ്ഗീയരാത്രിയുടെ ഓര്‍മ്മയ്ക്ക്…”
ആലിലവയറില്‍ പറ്റിപ്പിടിച്ചു കിടന്ന പുരുഷരോമങ്ങളെ പെറുക്കി മാറ്റവെ നാണംകൊണ്ടവള്‍ മുഖം തിരിച്ചു… പിന്നെ താരള്യത്തിന്റെ കുറുകലോടെ ഓര്‍മ്മിപ്പിച്ചു.
"അപ്പോള്‍ ടോമിച്ചന്റെ എസ്‌തേറും റബേക്കയും സലോമിയുമൊക്കെ..?”
ഹിമ ഒരിക്കലും വന്നില്ല. ആദ്യഫലം എന്തായാലും എസ്‌തോറായി. എലിസബത്തും സലോമിയുമൊക്കെ പാവക്കുട്ടികളായി മാത്രം വിരുന്നുവന്നു.
മാസങ്ങള്‍ ഏറെക്കഴിയും മുമ്പേ ടോമിച്ചന്റെ സ്വഭാവം വീണ്ടും പഴയപടിയായി… മദ്യപാനാസക്തിക്കൊപ്പം പരസ്ത്രീ ബന്ധങ്ങളിലേക്കുമൊക്കെ വിഷവിത്തുകള്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ എസ്‌തേറെന്ന പൊന്നുമോള്‍ മാത്രം ഒരു ആശ്വാസമായി അവശേഷിച്ചു. തൊട്ടതിനും പിടിച്ചതിനുമൊക്കെ തല്ലുകിട്ടുമ്പോഴും അവള്‍ ജീവിതം നിലനിര്‍ത്താനുള്ള പ്രചോദമായി. അപ്പോഴും തന്റെ ദുര്‍വിധി വീട്ടിലാരും അറിയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ഒരിക്കല്‍ തിരുവനന്തപുരത്ത് വന്ന അനിയനത് മനസ്സിലാക്കിയപ്പോള്‍ വല്ലാതെ ദുഃഖിച്ചു. വേദനയോടെ അവന്‍ മടങ്ങിയപ്പോള്‍ ചേച്ചിയുടെ പ്രസാദം നഷ്ടപ്പെട്ട മുഖവും പരുക്കുകളും അവനെ എത്രമാത്രം മുറിവേല്പിച്ചിട്ടുണ്ടാവുമെന്നവള്‍ പരിതപിച്ചു. അപ്പച്ചന്റെ അടിയുടെ ചൂട് അമ്മയെപ്പോലെ തങ്ങളും ഏറെ അനുഭവിച്ചിട്ടുള്ളതാണല്ലോ.
വള്ളിനിക്കറിന്റെ താഴെ വണ്ടിക്കാളകളുടെ തുടകളില്‍ പതിപ്പിച്ച വരകള്‍ പോലെ പതിഞ്ഞ അപ്പച്ചന്റെ ചൂടന്‍ അടിയുടെ തിമിര്‍ത്ത പാടുകള്‍ മറക്കാനായിരുന്നു കുട്ടന്‍ ആദ്യമായി മുണ്ടുടുത്തു തുടങ്ങിയതെന്നത് വേദനിപ്പിക്കുന്ന ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്. ഒരിക്കല്‍ സ്‌ക്കൂളില്‍ നിന്നും കിട്ടിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ തോല്‍വിയുടെ ചുവന്ന വരകള്‍ കണ്ടതിന് അപ്പച്ചന്‍ തന്നെ വിറകുകഷ്ണം കൊണ്ട് തല്ലിച്ചതച്ചതും ശരീരമാസകലം പച്ചമരുന്നുകള്‍ തിരുമ്മിത്തേച്ച് അമ്പരിപ്പിക്കുന്ന ആര്‍ദ്രതയോടെ അമ്മ തന്നെ ശുശ്രൂഷിച്ചതും നടക്കുന്ന ഓര്‍മ്മയായി എന്നും മനസ്സിനെ വേട്ടയാടിയിരുന്നു. അപ്പോഴെല്ലാം ശുഭമായൊരു ഭാവിയും മര്‍ദ്ദനമില്ലാത്തൊരു ദാമ്പത്യജീവിതവുമായിരുന്നു അമ്മയെപ്പോലെ താനും ആശിച്ചത്. ഒടുവില്‍ താനൊരു വിളറിയ പൂവായി മാറിയെന്ന് ആഗ്നസ് തിരിച്ചറിഞ്ഞു.
ഓര്‍മ്മകള്‍ നല്‍കിയ നിറഞ്ഞൊഴുകിയ കണ്ണുനീരിന്റെ തെളിമയില്‍ മേനാച്ചേരിലച്ചന്റെ രൂപം കടന്നുവവന്നു… പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും മനസ്സില്‍ ഇന്നും പച്ചപിടിച്ചു കിടക്കുന്ന രംഗം… രാവിലെ വിശുദ്ധ കുര്‍ബാനയും ഒപ്പീസുമൊക്കെ കഴിഞ്ഞ് വൈദികമുറിയിലേക്ക് മടങ്ങുന്ന വികാരിയച്ചന്റെ മുമ്പില്‍ വിനയത്തോടെ നില്‍ക്കുകയാണ് താനും അമ്മയും. പ്രീഡിഗ്രിയൊക്കെ  നല്ല നിലയില്‍ പാസ്സായി കുന്നോളം സ്വപ്നങ്ങല്‍ കാണുന്ന പ്രായത്തില്‍ കന്യാസ്ത്രീമഠത്തില്‍ ചേരാന്‍ അച്ചന്റെ ശിപാര്‍ശക്കത്തും തേടി വന്നിരിക്കുന്ന പതിനേഴുകാരിയുടെ ആവശ്യം കേട്ട് അച്ചന്‍ ഇരുത്തിയൊന്നു മൂളി. പിന്നെ ഉത്തരവാദിത്വങ്ങളുടെ ബാധ്യതകളെപ്പറ്റിയും ഉയരങ്ങളുടെ ബാദ്ധ്യതയെപ്പറ്റിയും ഉയരങ്ങളുടെ സാദ്ധ്യതകളെപ്പറ്റിയും പതിഞ്ഞ ശബ്ദത്തിലൊരു പ്രഭാഷണം ഓര്‍മ്മവച്ച കാലംതൊട്ട് താന്‍ കാണുന്ന ഭാര്യമാര്‍ അനുഭവിക്കുന്ന ദുഃഖത്തെക്കുറിച്ചും മര്‍ദ്ദനത്തെക്കുറിച്ചും വല്യമ്മച്ചിയുടെയും അമ്മച്ചിയുടെയും കഥകളുദ്ധരിച്ച് സമര്‍ത്ഥിച്ചിട്ടും അച്ചന്‍ കുലുങ്ങിയില്ല.
"കുഞ്ഞേ, കന്യാസ്ത്രീമഠം രക്ഷപ്പെടലിന്റെയും വാശിതീര്‍ക്കലിന്റെയും താവളമല്ല. ദൈവവിളി വിവാഹജീവിതത്തിനും ബാധകമാണ്… ലോകത്തിലെ എല്ലാ ഭര്‍ത്താക്കന്മാരും നിന്റെ അപ്പനെയും വല്യപ്പനെയും പോലെയാകണമെന്നില്ല… കുടുംബത്തെ കരകയറ്റലാണ് നിന്റെ വിളി. അതുകൊണ്ട് പഠിച്ച് നല്ല ജോലി തേടി അമ്മയുടെയും അനിയന്റെയും കണ്ണുനീര് തുടയ്ക്കുവാന്‍ നോക്കുക… അതാണ് മോളേ നിന്റെ ദൈവവിളി… ഞാന്‍ പ്രാര്‍ത്ഥിക്കാം…”
മേനാച്ചേരിലച്ചന് പക്ഷേ, തെറ്റിപ്പോയിരിക്കുന്നു… ഒരു സിസ്റ്റര്‍ തെരേസയോ സിസ്റ്റര്‍ ജോസഫീനയോ ആയി ഏതെങ്കിലും കന്യാസ്ത്രീമഠത്തിന്റെ കരിങ്കല്‍ ഭിത്തികള്‍ക്കുള്ളില്‍ കഴിഞ്ഞിരുന്നെങ്കില്‍ തനിക്കീ ദുര്‍ഗതി വരില്ലായിരുന്നു. വെണ്‍മയുടെ വിശുദ്ധി വിതറുന്ന സഭാവസ്ത്രത്തിനുള്ളില്‍ താനെന്ന ഗ്രാമീണ പെണ്‍കുട്ടിയെ സങ്കല്പിച്ചു നോക്കുവാന്‍ ആഗ്നസ് ശ്രമിച്ചു. വിളക്കും എണ്ണയുമായി മണവാളനെ കാത്തിരിക്കുന്ന സദാ ജാഗരൂകയായ കര്‍ത്താവിന്റെ മണവാട്ടി… അതേ ജാഗ്രതയോടെയും തീവ്രതയോടെയും തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിച്ചിട്ടും അദ്ദേഹമെന്താണ് തന്നില്‍നിന്നുമകന്നു പോയത്… പൂര്‍ത്തിയാക്കാനാവാത്തൊരു സമസ്യപോലെ, ഉത്തരം കിട്ടാത്തൊരു പദപ്രശ്‌നംപോലെ ആ ചോദ്യം അവലെ മഥിച്ചു. എത്ര ആലോചിച്ചിട്ടും തന്റെ സ്‌നേഹക്കുറവുകൊണ്ടോ പരിചരണക്കുറവുകൊണ്ടോ ആണെന്ന് അവള്‍ക്കു തോന്നിയില്ല.
ബാങ്കിലെ തന്റെ സഹപ്രവര്‍ത്തകര്‍ വഴിയാണ് ടോമിച്ചന്റെ വഴിവിട്ട ജീവിതരീതികളുടെ വിസ്തൃതി താനാദ്യമറിഞ്ഞതെന്നവള്‍ ഓര്‍ത്തു. ഏഷണിയുടെ ലഘുരൂപമെന്നു കരുതി അതിനെ നിസ്സാരവത്കരിക്കുവാനാണ് ആദ്യം ശ്രമിച്ചത്. സഹപ്രവര്‍ത്തകയൊന്നിച്ചുള്ള കറക്കവും ലീവെടുത്തു മുങ്ങലും തുടര്‍ക്കഥകളായി ചെവിയിലെത്തിയപ്പോള്‍ മനസ്സിന്റെ പിടി വിട്ടു തുടങ്ങിയിരുന്നു… അസമയത്തെ ഫോണ്‍ വരവുകളും മൊബൈല്‍ഫോണ്‍ ബില്ലിലെ ദീര്‍ഘ മിനിട്ടുകളും പതിവായപ്പോള്‍ ചോദ്യം ചെയ്യാതിരിക്കാന്‍ തന്നിലെ ഭാര്യയും അമ്മയും അനുവദിച്ചില്ല. അപ്പോവെല്ലാം കിട്ടിയ അടിയുടെ വേദന അവളെ വീണ്ടും കരയിക്കുവാന്‍ തുടങ്ങി. ഇണകളെ മാറിമാറി സ്വീകരിക്കുന്ന രാക്കിളികളെപ്പോലെ ടോമിച്ചനെന്ന കരിവണ്ട് പൂവുകളില്‍നിന്നും പൂവുകളിലേക്ക് മാറിമാറി പറക്കുന്നതും താനും എസ്‌തേറും വെറും കാഴ്ചക്കാര്‍ മാത്രമായെന്നുമുള്ള സത്യം അവളെ കൂടുതല്‍ ദുഃഖിപ്പിച്ചു.
ഭിത്തിയില്‍ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന ചിത്രങ്ങളില്‍ നിന്നും അപ്പച്ചനും അമ്മച്ചിയും തന്നെ നോക്കി ആശ്വസിപ്പിക്കുന്നതായി ആഗ്നസിനു തോന്നി. എസ്‌തേറിനു രണ്ടു വയസ് തികയുന്നതിനു മുമ്പാണ് അമ്മ മരിച്ചത്. പിന്നെ ഒരു വര്‍ഷം കഴിയുന്നതിനു മുമ്പ് അപ്പച്ചനും യാത്രയായി. തന്റെ ദുരവസ്ഥയെല്ലാമറിഞ്ഞ് ഹൃദയം തകര്‍ന്നാണ് രണ്ടുപേരും മരിച്ചത്. ജീവിതകാലം മുഴുവനും വെറുത്ത അപ്പച്ചന്‍ പക്ഷേ മരിക്കുന്നതിനു മുമ്പ് അവസാനമായി കണ്ടപ്പോള്‍ തന്റെ തെറ്റുകള്‍ക്കെല്ലാം കരഞ്ഞ് മാപ്പപേക്ഷിച്ചു. തന്നിലെ പുത്രി എല്ലാം ക്ഷമിക്കുന്ന പാവം സ്ത്രീരൂപമായി മാറിയത് അപ്പോള്‍ അവള്‍ ആശ്വാസത്തോടെ ഓര്‍ത്തു.
എസ്‌തേറിന്റെ കരച്ചില്‍ അവളെ ഓര്‍മ്മയുടെ ലോകത്തുനിന്നും മടക്കിക്കൊണ്ടുവന്നു. അവളുണര്‍ന്നു കഴിഞ്ഞു. ഇനിയിപ്പോള്‍ അവളുടെ കരച്ചിലും പതംപറച്ചിലും ഇന്നു മുഴുവനുമുണ്ടാവും. പിന്നെ അടുത്ത രംഗം, അടുത്ത അങ്കം… എന്തു പറഞ്ഞാണ് അവളെ സമാധാനിപ്പിക്കു…. എന്തു പ്രതീക്ഷയാണ് അവള്‍ക്ക് നല്‍കുവാനുള്ളത്? പഠിക്കാനും പഠിച്ച് വലിയവളാകാനും, പിന്നെ, നാളെ അവളും…! ആ ചിന്തയുടെ ഭീതിയില്‍ ആഗ്നസിന്റെ ഉടലാകെ നടുങ്ങി. ജന്മപരമ്പരകളുടെ ശാപം പേറി, വേദനയുടെയും പീഡനങ്ങളുടെയും വിഷമവൃത്തത്തിലേക്ക് അവളും?
അമ്മയുടെ ചിത്രത്തിലേക്ക് വീണ്ടുമവള്‍ നോക്കി. ആ മുഖത്ത് ഒരു സ്വാഗതസ്മിതം വിടരുന്നതുപോലെ… ദുഃഖങ്ങള്‍ക്കിനി അവധി കൊടുക്കൂ, മോളേയും കൂട്ടി നീ ഞങ്ങളുടെയടുത്തേക്ക് പോരൂ എന്ന് അമ്മ പറയുന്നതുപോലെ… മര്‍ദ്ദനവും വേദനയുമില്ലാത്ത സ്വര്‍ഗ്ഗലോകത്തേക്ക്, സ്വപ്നലോകത്തേക്ക് അമ്മ ക്ഷണിക്കുകയാണ്… എല്ലാം ഒളിക്കുന്ന, എല്ലാ വേദനകളെയും തമസ്‌കരിക്കുന്ന മരണത്തിന്റെ മരണത്തിന്റെ സ്വാഗതനൃത്തം ഒരു ലഹരിയായി അവളിലേക്ക് മെല്ലെ മെല്ലെ പടര്‍ന്നുകയറി.
ഉറക്കഗുളികകളുടെ സമൃദ്ധി പാല്‍പ്പാത്രങ്ങളില്‍ പങ്കുവയ്ക്കുമ്പോള്‍ പുന്നാരമോളുടെ പിറന്നാള്‍ കേക്കില്‍ മെഴുകുതിരി തെളിക്കുന്ന ആഹ്ലാദമായിരുന്നു ആഗ്നസിന്. ഒരു ചെറുപുഞ്ചിരിയോടെ അവളത് ചെയ്യുമ്പോള്‍ വര്‍ഷങ്ങലായി തേടിയ കടംകഥയ്ക്ക് ഉത്തരം കിട്ടിയതുപോലെയും നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ നിധിപേടകത്തിന്റെ താക്കോല്‍ തിരിച്ചുകിട്ടിയതുപോലെയും അവള്‍ക്കനുഭവപ്പെട്ടു. നിത്യനിദ്രയുടെ മാധുര്യം ആവോളം ആസ്വദിച്ചുകൊണ്ട് ആഗ്നസ് മകളോടൊപ്പം കിടന്നു. പുലരിയുടെ പ്രകാശത്തില്‍ നിന്നും തെന്നിമാറി മെല്ലെ നിലാവിന്റെ സ്വപ്നലോകത്തേക്ക് കടന്നതുപോലെ അവര്‍ക്ക് തോന്നി. അവാച്യമായൊരു സംഗീതത്തിന്റെ താളം നേര്‍ത്തു വരുന്നതുപോലെ… ലില്ലിപ്പൂക്കള്‍ നിറഞ്ഞ വെണ്‍മയുടെ പൂന്തോട്ടങ്ങളിലൂടെ ഒഴുകിനീങ്ങവെ മാനത്തെ വെള്ളിനക്ഷത്രങ്ങള്‍ അവര്‍ക്ക് കാവല്‍ നിന്നു… നക്ഷത്രകൂടാരങ്ങളിലെവിടെയോ നിന്ന് എലിസബത്തും സാറയും റബേക്കയും സലോമിയും പുഞ്ചിരി തൂകി.  അവരെ നോക്കി മറുപുഞ്ചിരി തൂകവേ മെല്ലെ മെല്ലെ അവരിലൊരാളായി താരാപഥങ്ങളില്‍ ആഗ്നസും എസ്‌തേറും അലിഞ്ഞുചേര്‍ന്നു… കിംഗ് സൈസ് കട്ടിലില്‍ അപ്പോഴും ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ അയാള്‍ ഉറങ്ങുകയായിരുന്നു.


വൃത്തങ്ങളില്‍ അവര്‍- (കഥ: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക