Image

ദുബായില്‍ `ക്ലീന്‍' പദ്ധതിക്ക്‌ തുടക്കം

Published on 24 October, 2011
ദുബായില്‍ `ക്ലീന്‍' പദ്ധതിക്ക്‌ തുടക്കം
ദുബായ്‌: `നമ്മുടെ വാസസ്‌ഥലം, നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യവുമായി മുനിസിപ്പാലിറ്റിയുടെ വേസ്‌റ്റ്‌ മാനേജ്‌മെന്റ്‌ വിഭാഗം നടത്തുന്ന `ക്ലീന്‍ അപ്‌ ദ്‌ വേള്‍ഡ്‌ യജ്‌ഞം ആരംഭിച്ചു. അല്‍ സഈദ്‌ റോഡില്‍ തുടക്കംകുറിച്ച പരിപാടി മുനിസിപ്പാലിറ്റി ഡയറക്‌ടര്‍ ജനറല്‍ ഹുസൈന്‍ നാസ്സര്‍ ലൂത്ത ഉദ്‌ഘാടനം ചെയ്‌തു. മുതിര്‍ന്ന ഉദ്യാഗസ്‌ഥരും സ്‌കൂള്‍ വിദ്യാര്‍ഥികളും സന്നദ്ധ സേവകരും പങ്കെടുത്തു. ഈ മാസം 28 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കടലിലും മരുഭൂമിയിലുമെല്ലാം ദൗത്യസംഘങ്ങള്‍ എത്തും.

ഹരിതസന്ദേശവുമായി 130 രാജ്യങ്ങളിലെ നാല്‌ കോടി സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അസി. ഡയറക്‌ടര്‍ ജനറല്‍ സലാഹ്‌ അബ്‌ദുള്‍ റഹ്‌മാന്‍ അമിറി പറഞ്ഞു. മാലിന്യങ്ങള്‍ പരമാവധി കുറയ്‌ക്കുകയും ഉള്ളത്‌ ശാസ്‌ത്രീയമായി മറവു ചെയ്യുകയും വേണമെന്ന്‌ ക്യാംപയിന്‍ ഓര്‍മിപ്പിക്കുന്നു. പതിനെട്ടാമത്തെ വര്‍ഷത്തിലെത്തിയ ഈ കര്‍മപദ്ധതി എല്ലാവിഭാഗങ്ങളുടെയും ശീലങ്ങളില്‍ പ്രകടമായ മാറ്റം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്‌. പൊതുസ്‌ഥലങ്ങളില്‍ തുപ്പുക, സിഗരറ്റ്‌ കുറ്റികള്‍ ഉപേക്ഷിക്കുക, ചപ്പുചവറുകള്‍ നിക്ഷേപിക്കുക തുടങ്ങിയ ശീലങ്ങള്‍ ക്രമാനുഗതമായി മാറ്റിക്കൊണ്ടുവരാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. പാര്‍ക്കുകളില്‍ പ്ലാസ്‌റ്റിക്‌ കുപ്പികളും കവറുകളും ഉപേക്ഷിക്കുന്ന പ്രവണതയുമുണ്ട്‌. ചവറുകള്‍ യഥാസ്‌ഥലത്ത്‌ ഉപേക്ഷിക്കണമെന്നും ബാറ്ററികളും മറ്റു രാസമാലിന്യങ്ങളും കാലങ്ങളോളം പരിസ്‌ഥിതിയെ വിഷലിപ്‌തമാക്കുമെന്നും സന്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഉപേക്ഷിക്കപ്പെട്ട ക്യാനുകള്‍ ശേഖരിക്കല്‍, കീടനിയന്ത്രണം തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും. ഈ മേഖലയിലെ വിദഗ്‌ധര്‍ മേല്‍നോട്ടം വഹിക്കും. ഷോപ്പിങ്‌ മാളുകളിലും വ്യാപകമായ ബോധവല്‍കരണം നടത്തുന്നുണ്ട്‌. കുപ്പത്തൊട്ടികളുടെ വിതരണം, ചപ്പുചവറുകളുടെ സംസ്‌കരണത്തെക്കുറിച്ചും മറ്റുമുള്ള മല്‍സരങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവ ക്യാംപെയിന്റെ ഭാഗമാണ്‌.

വരയും വര്‍ണങ്ങളുമായി കുട്ടികള്‍ അടക്കമുള്ളവര്‍ അണിചേരുന്ന യജ്‌ഞം പരിസ്‌ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കാന്‍ ലക്ഷ്യമിടുന്നു. പാഴ്‌ വസ്‌തുക്കളും പേപ്പറുകളും കൊണ്ട്‌ കൗതുക വസ്‌തുക്കള്‍ നിര്‍മിച്ചുകൊണ്ട്‌ അല്‍ഫിയ സെക്കന്‍ഡറി സ്‌കൂള്‍ ഉദ്‌ഘാടന ചടങ്ങില്‍ ശ്രദ്ധേയമായി. കലാ അധ്യാപിക മനാല്‍ ബിന്‍ ഉബൂദാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്‌. ചെറിങ്‌ടണ്‍ വികസിപ്പിച്ചെടുത്ത ബീച്ച്‌ ക്ലീനിങ്‌ മെഷീനും ആളുകളുടെ ശ്രദ്ധ കവര്‍ന്നു. കൂടാതെ, വിവിധ തരത്തിലുള്ള ഡസ്‌റ്റ്‌ ബിന്നുകള്‍, ഗാര്‍ബേജ്‌ കളക്‌ഷന്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്‌. മുങ്ങല്‍ വിദഗ്‌ധര്‍ ക്രീക്കുകള്‍ എങ്ങനെ വൃത്തിയാക്കുന്നു എന്ന ദുബായ്‌ പൊലീസിന്റെ പ്രദര്‍ശനവുമുണ്ടായിരുന്നു. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളവതരിപ്പിച്ച `മനുഷ്യന്‍ മണ്ണിനെയും കടലിനെയും നശിപ്പിക്കുന്നു എന്ന നാടകം ശ്രദ്ധേയമായി. ഈ മാസം 25ന്‌ `സേ യെസ്‌ ടു എ ക്ലീന്‍ കരാമ എന്ന ക്യാംപയിന്‍ ഇതിന്റെ ഭാഗമയി നടക്കും. പങ്കെടുത്തവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കുന്നതാണ്‌. വാദി അല്‍ മര്‍ദി, അല്‍ സുഫൂഹ്‌ ബീച്ച്‌, നാദ്‌ അല്‍ ഷിബ എന്നിവിടങ്ങളിലും ക്യാംപയിന്‍ നടക്കുന്നതാണ്‌.

യുനൈറ്റഡ്‌ നേഷന്‍സിന്റെ പരിസ്‌ഥിതി പരിപാടിയുമായി കൈകോര്‍ത്തുകൊണ്ടാണ്‌ `ക്ലീന്‍ അപ്‌ ദ്‌ വേള്‍ഡ്‌ സംഘടിപ്പിക്കുന്നത്‌. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, പൊതുജനം എന്നിവരും പങ്കെടുക്കുന്ന ക്യാംപയിന്‍ ലോകത്തെ ഏറ്റവും വലുതാണ്‌. 1994 ല്‍ ഈ യജ്‌ഞത്തിനു തുടക്കമിട്ടപ്പോള്‍ 200 പ്രവര്‍ത്തകര്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. 2009 ല്‍ 24,000 പേര്‍ പങ്കെടുത്തു. ഓരോ വര്‍ഷവും കൂടുതല്‍ വ്യക്‌തികളും സംഘടനകളും കടന്നുവരുന്നുണ്ട്‌.
ദുബായില്‍ `ക്ലീന്‍' പദ്ധതിക്ക്‌ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക