Image

മഹാത്മജിയുടെ വധം കേട്ടു ഞെട്ടി വിറങ്ങലിച്ച ഗ്രാമം - (എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-2: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 17 November, 2013
മഹാത്മജിയുടെ വധം കേട്ടു ഞെട്ടി വിറങ്ങലിച്ച ഗ്രാമം - (എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-2: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
`ഗ്രാമക്കാഴ്‌ചകളി'ല്‍ നവംബര്‍ ഒമ്പതിന്‌ ആകാശവാണി പ്രക്ഷേപണം ചെയ്‌ത `എന്റെ ഗ്രാമ'ത്തിന്റെ രണ്ടാം ഭാഗം.

സമേമളനത്തില്‍ ``ഉച്ചഭാഷിണി ഉണ്ടായിയിരിക്കും'' എന്നു പറയുന്ന കാലം. ``മഹാത്മജി ദില്ലി ബിര്‍ളാ മന്ദിരത്തിനു മുമ്പില്‍ പ്രര്‍ത്ഥനയ്‌ക്കിടയില്‍ വെടിയേറ്റു മരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു'' എന്നു വിളിച്ചുപറഞ്ഞുകൊണ്ടുള്ള ജീപ്പിന്റെ പോക്ക്‌. ദേശസ്‌നേഹം നിറഞ്ഞുനിന്ന ഞങ്ങള്‍ പാമ്പാടിക്കാര്‍ ഞെട്ടി വിറങ്ങലിച്ചു. ലോകമഹായുദ്ധം കഴിഞ്ഞ്‌ പെട്രോള്‍ കിട്ടാതായ കാലത്ത്‌ കെ.കെ. റോഡില്‍കൂടി കരിഗ്യാസ്‌ ഉപയോഗിച്ച്‌ ബസ്‌ ഓടിയിരുന്ന കാലവും ഓര്‍മയുണ്ട്‌. ബസിന്റെ പിന്നിലെ അറയില്‍ കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയുടെ ശക്തിയില്‍ ഓടിയിരുന്ന സ്വരാജ്‌ ബസ്‌. അന്ന്‌ കേരളമോ കെ.എസ്‌.ആര്‍.ടി.സിയോ ഒന്നുമുണ്ടായിരുന്നില്ല.

എന്റെ ഗ്രാമത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ രണ്ടുപേര്‍ ലളിതവും ഭക്തിസാന്ദ്രവുമായ ജീവിതംകൊണ്ട്‌ വിശ്വാസികള്‍ക്ക്‌ ദീപമായി പരിലസിച്ച പാമ്പാടിത്തിരുമേനി എന്നറിയപ്പെട്ട കുര്യാക്കോസ്‌ ഗ്രിഗോറിയസ്‌ മെത്രാപ്പോലീത്തയും വൈദികരെ കണക്കിന്‌ ആക്ഷേപിച്ച കഥാകാരന്‍ പൊന്‍കുന്നം വര്‍ക്കിയുമാണ്‌. ഇരുവരും എന്റെ വീടിന്‌ ഒരു വിളിപ്പാടകലെ ആയിരുന്നു. വര്‍ക്കിസാറിന്റെ മകന്‍ പി. വി.ദയാലു എന്റെ കളാസ്‌മേറ്റും സാര്‍ വല്യപ്പച്ചന്റെ ഉറ്റചങ്ങാതിയും. `മാസ്റ്ററേ' എന്നേ വിളിക്കൂ കാരണം വല്യപ്പച്ചന്‍ ഒരു വീവിംഗ്‌ സ്‌കൂള്‍ നടത്തിയിരുന്നു.

വര്‍ക്കിസാറും വല്യപ്പച്ചനും ആലാംപള്ളി പീലിപ്പോച്ചനും മഠത്തില്‍ വൈദ്യരും കളിച്ചങ്ങാതിമാരായിരുന്നു - ചതുരംഗത്തില്‍. വാഴത്തട മുറിച്ച്‌ കരുക്കളാക്കിയാണു പലപ്പോഴും കളി. ബുദ്ധിപരമായ കളിയാണ്‌. ആധുനിക ചെസ്സിനും സ്‌ക്രാബിളിനും സുഡോക്കുവിനും ഒക്കെ വളരെ മുമ്പുള്ള നാടന്‍കളി - രാജാവും റാണിയും കുതിരയും ആളുംമൊക്കെയുള്ള കളി.

അവിസ്‌മരണീയരായ മറ്റു ചിലര്‍കൂടിയുണ്ട്‌. തിരുവിതാംകൂറിന്റെ ആദ്യത്തെ സര്‍ജന്‍ ജനറലായിരുന്ന ഡോ. മേരി പുന്നന്‍ അവരിലൊരാള്‍ (തിരുവനന്തപുരത്തെ പുന്നന്‍ റോഡ്‌ ഓര്‍ക്കുക). അവര്‍ പാമ്പാടി കുന്നുകുഴി കുടുംബാംഗമായിരുന്നു. ആ കുടുംബത്തില്‍നിന്നുതന്നെയുള്ള കെ.പി. ലൂക്കോസ്‌ ഫോറിന്‍ സര്‍വീസില്‍ ഇന്ത്യയുടെ അംബാസഡറായി സേവനംചെയ്‌തു.

അക്കാലമൊക്കെ പോയി. മലബാറില്‍നിന്നു വന്ന ഇലമുറിയന്‍ കപ്പ (എന്തൊരു സ്വാദ്‌) വെണ്ണപോലെ വേകും. കാന്താരിമുളകും കല്ലുപ്പും ഉള്ളിയും വെളിച്ചെണ്ണ ചേര്‍ത്ത്‌ അടച്ചൂറ്റിയില്‍ ചാലിച്ചുണ്ടാക്കുന്ന ചമ്മന്തി മുക്കി കടുംകാപ്പിയുടെ അകമ്പടിയോടെ അകത്താക്കിയ കാലം എങ്ങനെ മറക്കാനാണ്‌. ക്ഷാമകാലത്ത്‌ കൂവ അരച്ചുണ്ടാക്കുന്ന പൊടിയും ചക്കരപ്പനയുടെ കാമ്പിടിച്ചുണ്ടാക്കുന്ന പൊടിയും ഉപയോഗിച്ച്‌ പാകംചെയ്യുന്ന അടയും പുട്ടും കഴിച്ച കാലം ഇന്നും ഓര്‍മയില്‍ തങ്ങിനില്‌ക്കുന്നു.

കപ്പ പറിച്ച്‌ അരിഞ്ഞുണങ്ങാന്‍ പാറപ്പുറത്തു നിരത്തുന്നതും രാത്രിയിലെ കൊടുംതണുപ്പിനു മുമ്പ്‌ അതു വാരിക്കൂട്ടി ചിക്കുപായകൊണ്ടു മൂടുന്നതും ഞങ്ങളുടെ ജോലിയായിരുന്നു; നേരം പരപരാ വെളുക്കുമ്പോള്‍ കപ്പ വീണ്ടും നിരത്തുന്നതും ഈ ജോലിക്കു ബോണസായി കരിയില അടിച്ചുകൂട്ടി കപ്പയും നനകിഴങ്ങും മേക്കാച്ചിലും ചിലപ്പോള്‍ ശീമച്ചേമ്പും ചുട്ടുതിന്നുന്നതും എങ്ങനെ മറക്കാന്‍!

ചെറിയമഠം യാക്കോബ്‌ കത്തനാര്‍ 1879-ല്‍ സ്ഥാപിച്ച ആദ്യത്തെ പ്രൈമറി വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്ന സി.ജി. രാമന്‍പിള്ള എന്ന മഠത്തിലാശാനും ആദ്യഹൈസ്‌കൂള്‍ സ്ഥാപിച്ച കരിങ്ങനാമറ്റം ചാക്കോ കോരയും ചരിത്രത്തിലെ നെടുംതൂണുകള്‍ തന്നെ. ധാരാളം ഭൂസ്വത്തുണ്ടായിരുന്ന ആശാന്‍ ധര്‍മ്മിഷ്‌ഠനായിരുന്നു. തന്റെ ശിഷ്യനായ പാമ്പാടി തിരുമേനിക്കു പള്ളി സ്ഥാപിക്കാന്‍ 12 ഏക്കറും, ആലാംപള്ളി സ്‌കൂള്‍ (ഇന്നതു പൊന്‍കുന്നം വര്‍ക്കി സ്‌മാരക ഹയര്‍സെക്കണ്ടറി സ്‌കൂള്‍) സ്ഥാപിക്കാന്‍ നാലേക്കറും നല്‍കിയത്‌ അദ്ദേഹമായിരുന്നു. 1981-ല്‍ പാമ്പാടിയില്‍ ആദ്യത്തെ കോളജ്‌ വന്നു, പാമ്പാടി തിരുമേനിയുടെ നാമത്തില്‍ - കെ.ജി. കോളജ്‌.

മഠത്തില്‍ വൈദ്യരുടെ മകന്‍ ഡോ. സി.കെ. ഹരീന്ദ്രന്‍ നായര്‍ ഹോളണ്ടില്‍ മഹര്‍ഷി മഹേശ്‌ യോഗിയുടെ വേദിക്‌ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപകനും ഫിസിഷ്യനുമായിരുന്നു. യൂറോപ്പിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും സിംഗപ്പൂരിലുമൊക്കെ ആയുര്‍വ്വേദം പഠിപ്പിച്ചു, പ്രാക്‌ടീസ്‌ ചെയ്‌തു. അദ്ദേഹത്തിന്റെ മൂന്നു മക്കളില്‍ ആരുംതന്നെ ആ രംഗത്തില്ല. ഇളയ മകന്‍ സുജിത്‌ നായര്‍ തിരുവനന്തപുരത്ത്‌ പ്രശസ്‌തനായ പത്രപ്രവര്‍ത്തകനാണ്‌.

ഗ്രാമത്തിന്റെ കഥ പറയുമ്പോള്‍ അവസാനമായി ഒരു നര്‍മകഥ. ഡോ. ഹരിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ സിറ്റിസണ്‍ ഫോറം 2006-ല്‍ പാമ്പാടിക്കാരായ പത്രപ്രവര്‍ത്തകരുടെ ഒരു സംഗമം സംഘടിപ്പിച്ചു. അന്വേഷിച്ചപ്പോള്‍ ന്യൂഡല്‍ഹിയിലും ന്യൂയോര്‍ക്കിലും പാമ്പാടിക്കാരായ ജേര്‍ണലിസ്റ്റുകള്‍ ഉണ്ടെന്നു വ്യക്തമായി. `ദ ഹിന്ദു' പത്രത്തിന്റെ കോട്ടയത്തെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ ജോര്‍ജ ജേക്കബും മലയാള മനോരമയക്കായി കാനഡയില്‍ ഒളിമ്പിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ ആദ്യമലയാളി ഒളിമ്പ്യന്‍ റിപ്പോര്‍ട്ടറായ ഈ ലേഖകനും ഉള്‍പ്പെടെ അമ്പതോളം പേര്‍ ഭാര്യമാര്‍ക്കൊപ്പം സംഗമത്തില്‍ പങ്കെടുത്തു. ഒന്നാംതരം ഓണസദ്യയോടെയാണ്‌ ചടങ്ങവസാനിച്ചത്‌.

അതിനെത്തിയിരുന്ന യു.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയുടെ പ്രതിനിധി വി.എസ്‌. തോമസ്‌ മൂന്നു ഖണ്‌ഡികയുള്ള റിപ്പോര്‍ട്ട്‌ അയച്ചു. അത്‌ ചെന്നെത്തിയതോ അമേരിക്കയില്‍. `ഒരു ഗ്രാമം അരങ്ങൊരുക്കിയ സ്വന്തം ജേര്‍ണലിസ്റ്റുകളുടെ സംഗമം' എന്നായിരുന്നു ശീര്‍ഷകം. ന്യൂയോര്‍ക്ക്‌ ടൈംസില്‍ ഒരിഞ്ച്‌ വാര്‍ത്ത വന്നു - മറ്റു വാര്‍ത്തകള്‍ക്കിടയില്‍ ഒരു ഫില്ലറായി!


എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-1 വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക
മഹാത്മജിയുടെ വധം കേട്ടു ഞെട്ടി വിറങ്ങലിച്ച ഗ്രാമം - (എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-2: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാത്മജിയുടെ വധം കേട്ടു ഞെട്ടി വിറങ്ങലിച്ച ഗ്രാമം - (എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-2: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാത്മജിയുടെ വധം കേട്ടു ഞെട്ടി വിറങ്ങലിച്ച ഗ്രാമം - (എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-2: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാത്മജിയുടെ വധം കേട്ടു ഞെട്ടി വിറങ്ങലിച്ച ഗ്രാമം - (എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-2: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മഹാത്മജിയുടെ വധം കേട്ടു ഞെട്ടി വിറങ്ങലിച്ച ഗ്രാമം - (എന്റെ ഗ്രാമം എന്റെ രാജധാനി -ഭാഗം-2: രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക