Image

പ്രീയദര്‍ശന്‍ ഇനി നിര്‍ത്തുന്നതാണ്‌ നല്ലത്‌

Published on 18 November, 2013
പ്രീയദര്‍ശന്‍ ഇനി നിര്‍ത്തുന്നതാണ്‌ നല്ലത്‌
സത്യസന്ധമായി പറയുകയാണെങ്കില്‍ പ്രീയദര്‍ശന്‍ സിനിമ സംവിധാനം ഇനി നിര്‍ത്തുന്നതാണ്‌ നല്ലത്‌. അത്രത്തോളം പ്രേക്ഷകരെ വെറുപ്പിക്കുന്നുണ്ട്‌ പുതിയ ചിത്രത്തിലൂടെ മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനായിരുന്ന പ്രീയദര്‍ശന്‍. പഴയകാലത്ത്‌ താന്‍ ചെയ്‌ത ഹിറ്റുകളുടെ നൊസ്റ്റാള്‍ജിയയില്‍ കുടുങ്ങി കിടക്കുന്ന പ്രീയന്‍ പ്രേക്ഷകര്‍ മാറിയത്‌ തിരിച്ചറിയാതെയാണ്‌ ഇപ്പോള്‍ സിനിമക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. ഇവിടെയും പല സിനിമകളില്‍ നിന്നായി കോപ്പിയടിച്ച്‌ സിനിമ ചെയ്യുക എന്ന പതിവ്‌ കലാപരിപാടി പ്രീയന്‍ ഉപേക്ഷിച്ചിട്ടേയില്ല.

നാദിയാ കൊല്ലപ്പെട്ട രാത്രി (മലയാളം -2007), എലോണ്‍( തായ്‌ഫിലിം-2007), ചാരുലത(കന്നഡ-2012), എന്നീ കഥകളുടെ മിക്‌സാണ്‌ പ്രീയദര്‍ശന്റെ ഗീതാഞ്‌ജലി. ഈ കഥയിലേക്ക്‌ മണിച്ചിത്രത്താഴിന്റെ ഏതാണ്ടൊരു കഥഗതി കടന്നു വരുകയും ദി റിംഗ്‌ (അമേരിക്കന്‍ ഫിലിം- 2002) എന്ന ഹൊറര്‍ സിനിമയിലെ രംഗങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്‌ കാണാം.

എന്നാല്‍ കഥയും തിരക്കഥയും രംഗങ്ങളും ഷോട്ടും വരെ കോപ്പിയടിച്ചിട്ടും ഡോ.സണ്ണി എന്ന മലയാളത്തിലെ എക്കാലത്തെയും പ്രശസ്‌തമായ കഥാപാത്രത്തെ വീണ്ടും എത്തിച്ചിട്ടും നിലവാരമുള്ള ഒരു സിനിമ ഒരുക്കാന്‍ പ്രീയദര്‍ശന്‌ കഴിഞ്ഞില്ല. ഗിതാഞ്‌ജലിക്ക്‌ ഒരു സിനിമയുടെ നിലവാരമില്ല എന്നത്‌ പോയിട്ട്‌ സ്‌കൂള്‍കുട്ടികളുടെ നാടകത്തിന്റെ നിലവാരത്തിലേക്ക്‌ കൂപ്പുകുത്തിയിരിക്കുകയാണ്‌. ഈ സിനിമയിലെ ഏറ്റവും പ്രധാന ഹൈലൈറ്റായ മോഹന്‍ലാലിന്റെ അവസ്ഥയാണ്‌ ഏറ്റവും ദയനീയം. പഴയ ചങ്ങാതിയെ വിശ്വാസിച്ച്‌ സിനിമയില്‍ അഭിനയിക്കാന്‍ വന്ന മോഹന്‍ലാലിന്‌ അദ്ദേഹത്തിന്റെ നിഴലിന്റെ പ്രകടനം പോലും സിനിമയില്‍ കാഴ്‌ച വെക്കാന്‍ കഴിഞ്ഞില്ല. അത്‌ മറ്റൊന്നും കൊണ്ടല്ല അതിനുള്ള സാഹചര്യം സിനിമയിലില്ല എന്നത്‌ കൊണ്ടു മാത്രമാണ്‌.

ഏറെ കൊട്ടിഘോഷിച്ച്‌ പ്രീയദര്‍ശന്‍ ഒരുക്കിയ ഗീതാഞ്‌ജലിയുടെ കഥ ഇങ്ങനെ പോകുന്നു - മുംബൈയില്‍ താമസിക്കുന്ന മലയാളികളായ അഞ്‌ജലിയും (കീര്‍ത്തി സുരേഷ്‌) അനൂപും (നിശാന്‍) പ്രണയത്തിലാണ്‌. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. ഈ സമയത്താണ്‌ നാട്ടില്‍ താമസിക്കുന്ന അഞ്‌ജലിയുടെ അമ്മ ബംഗ്ലാവിന്റെ മുകളില്‍ നിന്നും താഴേക്ക്‌ വീണ്‌ ആശുപത്രിയിലാകുന്നത്‌. അഞ്‌ജലിയും അനൂപും നാട്ടിലെത്തി.

നാട്ടിലെത്തുമ്പോഴാണ്‌ അറിയുന്നത്‌ അഞ്‌ജിലിയുടെ തറവാടായ അറയ്‌ക്കല്‍ ബംഗ്ലാവില്‍ പ്രേതബാധയുണ്ടെന്ന്‌. അഞ്‌ജലിയുടെ മരിച്ചു പോയ ഇരട്ട സഹോദരിയാണത്രേ പ്രേതം. എന്നാല്‍ പ്രേതത്തെ വെല്ലുവിളിച്ചുകൊണ്ട്‌ അനൂപും അഞ്‌ജലിയും ബംഗ്ലാവില്‍ താമസം തുടങ്ങി. (മണിച്ചിത്രത്താഴില്‍ നന്ദനും ഗംഗയും തറവാട്ടില്‍ താമസമാകുന്നതോടെ). തുടര്‍ന്ന്‌ അറയ്‌ക്കല്‍ ബംഗ്ലാവില്‍ പ്രേതത്തിന്റെ വിക്രിയകള്‍ തുടങ്ങുകയായി. അഞ്‌ജലിയെ ഓടിച്ചിട്ട്‌ പേടിപ്പിക്കുകയാണ്‌ പ്രേതത്തിന്റെ ജോലി. അതോടെ അനൂപ്‌ ഡോ.സണ്ണിയെ വിളിച്ചു വരുത്തുന്നു. പിന്നെ ലക്കും ലഗാനുമില്ലാതെ മണ്ടത്തരങ്ങളും തല്ലിപ്പൊളി തമാശകളും കൊച്ചു കുട്ടികള്‍ പോലും പേടിക്കാത്ത രംഗങ്ങള്‍ പ്രേത രംഗങ്ങളായും സംവിധാനം ചെയ്‌തെടുത്തിരിക്കുകയാണ്‌ പ്രീയദര്‍ശന്‍. മണിച്ചിത്രത്താഴിലെ ഇന്നസെന്റിന്റെ കഥാപാത്രത്തെ മറ്റൊരു രൂപത്തില്‍ ഇവിടെയും എത്തിച്ചിട്ടുണ്ട്‌. അതുപോലെ മണിച്ചിത്രത്താഴിലെ തിലകന്റെ തിരുമേനി കഥാപാത്രത്തെയും പ്രീയദര്‍ശന്‍ കൊണ്ടുവന്നിരിക്കുന്നു. എന്നാല്‍ അറയ്‌ക്കല്‍ ബംഗ്ലാവ്‌ ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലുള്ളതാകയാല്‍ ഒരു ബിഷപ്പാണ്‌ മന്ത്രവാദിയായി എത്തുന്നത്‌. കേരളത്തിലെ ബിഷപ്പുമാരൊന്നും പ്രേതബാധയൊഴിപ്പിക്കാന്‍ നടക്കുന്നതായി കേട്ടുകേള്‍വി പോലുമില്ല. എങ്കിലും അവസാനം ബിഷപ്പും സണ്ണിയും കൂടി പ്രേതത്തിന്റെ രഹസ്യം കണ്ടുപിടിക്കുമ്പോള്‍, `അയ്യേ, ഇതല്ലേ ആ നാദിയാ കൊല്ലപ്പെട്ട രാത്രി എന്ന സിനിമ' എന്നും പറഞ്ഞ്‌ പ്രേക്ഷകര്‍ പുശ്ചത്തോടെ ഇറങ്ങിപ്പോകുകയും ചെയ്യും.

ചിത്രത്തില്‍ ഡോ.സണ്ണിയായി എത്തുന്ന മോഹന്‍ലാല്‍ മുതല്‍ എല്ലാ താരങ്ങളും മോശം പ്രകടനമാണ്‌ നിരത്തുന്നത്‌. നന്നായി ചിത്രം വരയ്‌ക്കാനുള്ള ഒരു ചുവരില്ലാതെ പോയി എന്നതാണ്‌ ഗീതാഞ്‌ജിലിയുടെ ആദ്യത്തെ കുഴപ്പം. മണിച്ചിത്രത്താഴിലെ സുരേഷ്‌ഗോപിക്ക്‌ പകരക്കാരനായി എത്തുന്ന നിശാന്റെ പ്രകടനമാണ്‌ കൂട്ടത്തില്‍ ഏറ്റവും ദയനീയം. നാഗവല്ലിയാവാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്ന കീര്‍ത്തി സുരേഷിനെ തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിച്ചത്‌ പോലെയായി.

കിലക്കവും, ചിത്രവും, താളവട്ടവും തേന്‍മാവിന്‍ കൊമ്പത്തുമൊക്കെ ഒരുക്കി മലയാള സിനിമയില്‍ വിജയങ്ങളുടെയും ചിരിയുടെയും പെരുമഴ സൃഷ്‌ടിച്ച സംവിധായകന്‍ തന്നെയാണ്‌ പ്രീയന്‍. എന്നാല്‍ ഇപ്പോഴദ്ദേഹം സിനിമ ചെയ്യുന്നത്‌ ഒരു കലാപ്രവര്‍ത്തനം എന്ന നിലയില്‍ ഒരുവിധ ആത്മാര്‍ഥതയുമില്ലാത്ത നിലയിലാണെന്നത്‌ തീര്‍ച്ച. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആവനാഴിയിലെ അമ്പൊഴിഞ്ഞിരിക്കുന്നു.

ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയങ്ങളുടെ പട്ടിക നിരത്തുകയാണിപ്പോള്‍ ഏറെക്കാലമായി പ്രീയദര്‍ശന്‍. രംഗ്രീസ്‌, തേസ്‌, കമാല്‍ ധമാല്‍ മലാമാല്‍, ആക്രോശ്‌, ഖട്ടാ മീട്ടാ, ദേ ദനാദന്‍, ബില്ലു, മേരേ ബാപ്‌ പഹലേ ആപ്‌ തുടങ്ങി സമീപകാലത്തെ പ്രീയന്റെ ഹിന്ദി ചിത്രങ്ങളെല്ലും വമ്പന്‍ പരാജയങ്ങള്‍ മാത്രമായിരുന്നു. ഒന്നുകില്‍ മലയാളത്തില്‍ ഹിറ്റായ ചിത്രങ്ങള്‍ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുക എന്നതാണ്‌ പ്രീയന്റെ രീതി. അല്ലെങ്കില്‍ മുന്നോ നാലോ ഇംഗ്ലീഷ്‌ സിനിമകളില്‍ നിന്നായി കോപ്പിയടിക്കുക. ഈ രണ്ടു രീതികളും വിജയിക്കാതെ പോകുകയാണ്‌ ഇപ്പോള്‍ ബോളിവുഡില്‍.മലയാളത്തില്‍ പഴയകാല കോമഡികളുടെ ആവര്‍ത്തനം പരീക്ഷിച്ച അറബിയും ഒട്ടകവും പിന്നെ ഞാനും എന്ന ചിത്രവും പരാജയപ്പെട്ടപ്പോഴാണ്‌ പ്രീയന്‍ മണിച്ചിത്രത്താഴിന്റെ രണ്ടാംഭാഗത്തിനായി ശ്രമം നടത്തിയത്‌. എന്നാല്‍ വ്യക്തമായ ലക്ഷ്യമില്ലാതെ ചിത്രമൊരുക്കുമ്പോള്‍ പരാജയം മാത്രമാണ്‌ ഫലം എന്ന്‌ ഗിതാഞ്‌ജലി തെളിയിക്കുന്നു.

പ്രീയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ട്‌ എന്നൊക്കെയുള്ള ഹൈലൈറ്റുകളില്‍ പ്രതീക്ഷയോടെ തീയറ്ററിലെത്തുന്നവര്‍ക്ക്‌ നിരാശ മാത്രമാണ്‌ ഗിതാഞ്‌ജലി ബാക്കി വെക്കുന്നത്‌. മലയാള സിനിമ നവ സിനിമയിലേക്ക്‌ മാറിയ കാലഘട്ടത്തില്‍ വെറും മൂന്നാം കിട തട്ടിപ്പുകള്‍ക്ക്‌ ശ്രമിക്കുന്ന പ്രീയദര്‍ശനെപ്പോലെയുളള മുതിര്‍ന്ന സംവിധായകര്‍ പ്രേക്ഷകരോട്‌ ചെയ്യുന്നതും നീതികേട്‌ തന്നെയെന്ന്‌ പറയാതെ വയ്യ. ഇത്തരം നീതികേടുകള്‍ ഇനിയെങ്കിലും നിര്‍ത്തുന്നതായിരിക്കും നല്ലത്‌.
പ്രീയദര്‍ശന്‍ ഇനി നിര്‍ത്തുന്നതാണ്‌ നല്ലത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക