Image

നാല്‍പ്പത്‌ വര്‍ഷത്തിനുശേഷം ഓര്‍മ്മകള്‍ പുതുക്കുവാന്‍ അവര്‍ വീണ്ടും ഒന്നിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2011
നാല്‍പ്പത്‌ വര്‍ഷത്തിനുശേഷം ഓര്‍മ്മകള്‍ പുതുക്കുവാന്‍ അവര്‍ വീണ്ടും ഒന്നിച്ചു
മാവേലിക്കര: നാല്‍പ്പത്‌ വര്‍ഷത്തിനുശേഷം പഴയ ഓര്‍മ്മകളുമായി അവര്‍ വീണ്ടും ഒന്നിച്ചു. മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജിലെ 1971 എക്കണോമിക്‌സ്‌ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍, കുടുംബസമേതം സെപ്‌റ്റംബര്‍ 12,13 തീയതികളില്‍ സമ്മേളിച്ചു. ഒപ്പം അക്കാലത്തെ അദ്ധ്യാപകരും.

പഠനം പൂര്‍ത്തിയാക്കി 1971-ല്‍ ജീവിതഭാരവുമേന്തി ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയ അവരില്‍ ഒട്ടുമുക്കാലും 40 വര്‍ഷത്തിനുശേഷം ആദ്യമായാണ്‌ വീണ്ടും കണ്ടുമുട്ടുന്നത്‌. കേരളത്തനിമയില്‍ വിഭവസമൃദ്ധമായ ഓണസദ്യയുണ്ണുന്നതിനൊപ്പം തങ്ങളുടെ ഷഷ്‌ഠിപൂര്‍ത്തികൂടി ആഘോഷിക്കുകയായിരുന്നു ഈ കൂടിവരവില്‍.

ഏതാണ്ട്‌ ഒരു വര്‍ഷമായി ലോകമെമ്പാടും തിരഞ്ഞ്‌ ഒന്നുപോലും ബാക്കിവെയ്‌ക്കാതെ എല്ലാവരേയും കണ്ടുപിടിച്ച്‌. അവരുടെ കുടുംബ വിവരങ്ങള്‍ ശേഖരിച്ച്‌ ഇതിനോടകം bishopmoorclass71.org എന്ന പേരില്‍ ഒരു വെബ്‌സൈറ്റും രൂപപ്പെടുത്തി. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചതും ഗതി നിയന്ത്രിച്ചതും ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി റവ.ഡോ. മാത്യു ഇടിക്കുളയായിരുന്നു. ഒരു പക്ഷെ കേരളത്തില്‍ തന്നെ ആദ്യമായി നടന്ന ഇത്തരം ഒരു വിപുലമായ ഒത്തുചേരലിനുവേണ്ടി ബിഷപ്പ്‌ മൂര്‍ കോളജും പരിസരങ്ങളും ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ ഡോ. കുര്യന്‍ തോമസിന്റെ നേതൃത്വത്തില്‍ ആഴ്‌ചകളായി ഒരുക്കത്തിലായിരുന്നു എന്ന്‌ റവ.ഡോ. മാത്യു ഇടിക്കുള പറഞ്ഞു.

1964-ല്‍ റവ. കെ.സി. മാത്യു അച്ചന്റെ നേതൃത്വത്തില്‍ സി.എസ്‌.ഐ മധ്യകേരള മഹായിടവകയുടെ കീഴില്‍ ഒരു ജൂണിയര്‍ കോളജായി തുടങ്ങിയ മാവേലിക്കര ബിഷപ്പ്‌ മൂര്‍ കോളജ്‌ വാര്‍ത്തെടുത്ത കുടുംബ ബന്ധമാണ്‌ ഇത്തരം കൂടിവരവിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യശക്തി. കാല്‍ നൂറ്റാണ്ടുകാലം കോളജിന്റെ സാരഥ്യംവഹിച്ച റവ. പ്രൊഫ. കെ.സി. മാത്യു അച്ചന്‌ ഈ കൂടിവരവ്‌ നേതൃത്വ പാരമ്യത്തിന്റെ അംഗീകാരവും അഭിനന്ദനവുമാണ്‌.

സ്ഥാപക പ്രിന്‍സിപ്പല്‍ റവ. പ്രൊഫ. കെ.സി മാത്യു അധ്യക്ഷത വഹിച്ച പൊതുസമ്മേളനം പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ റൈറ്റ്‌ റവ.ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പലീത്ത ഉദ്‌ഘാടനം ചെയ്‌തു. അന്നത്തെ ഒട്ടുമുക്കാലും എല്ലാ അദ്ധ്യാപകരും ഈ കൂടിവരവില്‍ ഒത്തുചേരുകയും, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരെ പൊന്നാട അണിയിച്ച്‌ ആദരിക്കുകയും ചെയ്‌തു.

പൂര്‍വ്വ വിദ്യാര്‍ത്ഥി റവ.ഡോ. മാത്യു പി. ഇടിക്കുള രചിച്ച "In The Land of Jesus'- യാത്രാപഠന ഗ്രന്ഥം ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ തിരുമേനി, റവ. പ്രൊഫ. കെ.സി. മാത്യു അച്ചന്‌ കോപ്പി നല്‍കി പ്രാകാശനം ചെയ്‌തു. കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. കുര്യന്‍ തോമസ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക്‌ കോളജ്‌ വക ഉപഹാരം നല്‍കി ആശംസകള്‍ നേര്‍ന്നു.

1968-ല്‍ ഏതാണ്ട്‌ 50 സുഹൃത്തുക്കളുമായി അദ്ധ്യയനം ആരംഭിച്ചവരില്‍ 47 പേരും ഇന്ന്‌ ജീവിച്ചിരിക്കുന്നു. ഐ.എ.എസ്‌ ഓഫീസര്‍മാര്‍, പോലീസ്‌ ഓഫീസേഴ്‌സ്‌, അഭിഭാഷകര്‍, ബാങ്ക്‌ ഓഫീസേഴ്‌സ്‌ മുതല്‍ അച്ചന്മാര്‍ വരേയുള്ള വിവിധ മേഖലകളില്‍ സേവനം അനുഷ്‌ഠിച്ച്‌ വിശ്രമജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന അവസരത്തിലാണ്‌ ഈ ഷഷ്‌ഠിപൂര്‍ത്തി സംഗമം.

ഇവരില്‍ പലരും ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസം ഉറപ്പിച്ചിരിക്കുന്നു. നോര്‍ത്ത്‌ അമേരിക്ക, ഗള്‍ഫ്‌ രാജ്യങ്ങള്‍, ഭാരതത്തിലെ വിവിധ സ്റ്റേറ്റുകള്‍ എന്നിവടങ്ങളില്‍ നിന്നും ഈ സംഗമത്തില്‍ പങ്കുചേരുവാന്‍ സഹപാഠികള്‍ കുടുംബസമേതം എത്തിയിരുന്നു. ഏതാണ്ട്‌ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌, പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡി.വൈ.എസ്‌.പി ആയിരുന്നപ്പോള്‍ മണ്‍മറഞ്ഞ രാജശേഖര കാരണവരെ കുറിച്ചുള്ള, ഓര്‍മ്മകള്‍, സത്യത്തിന്റേയും നീതിയുടേയും പര്യായമായിട്ടാണ്‌ സഹപാഠികള്‍ വേദനയോടുകൂടി സ്‌മരിച്ചത്‌. ഒരേ ക്ലാസില്‍ പഠിച്ച സഹധര്‍മ്മിണി സരളമ്മ കാരണവര്‍, ഇന്ന്‌ കേരളാ യൂണിവേഴ്‌സിറ്റി എക്കണോമിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവിയാണ്‌.

ചരിത്രസംഭവമായി മാറിക്കഴിഞ്ഞ ഈവര്‍ഷത്തെ സംഗമത്തിന്‌ രണ്ടാം ദിവസം വേമ്പനാട്ട്‌ കായലലിലെ പ്രകൃതിരമണീയമായ ഹൗസ്‌ ബോട്ട്‌ യാത്രയോടുകൂടി തിരശ്ശീല വീണു. വരുംകാലങ്ങളിലും ഇത്തരം കൂടിവരവുകള്‍ ക്രമീകരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ചെയ്‌തിട്ടാണ്‌ മടക്കയാത്ര. കോളജിനോട്‌ അനുബന്ധിച്ച്‌ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള തീരുമാനമായിട്ടാണ്‌ സഹപാഠികള്‍ യാത്രയായതെന്ന്‌ ഷിക്കാഗോയിലെ അറിയപ്പെടുന്ന മത-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ റവ.ഡോ. മാത്യു ഇടിക്കുള (റോയി ഷിക്കാഗോ) പറഞ്ഞു.
നാല്‍പ്പത്‌ വര്‍ഷത്തിനുശേഷം ഓര്‍മ്മകള്‍ പുതുക്കുവാന്‍ അവര്‍ വീണ്ടും ഒന്നിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക