Image

നാടിന്റെ നെട്ടോട്ടം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 20 November, 2013
നാടിന്റെ നെട്ടോട്ടം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
എന്റെ കൊച്ചു കേരളത്തിനെന്തു പറ്റി ദൈവമേ?
എന്റെ ജന്മ നാടിന്‍ പോക്കില്‍ ദുഃഖമുണ്ട്‌ കേള്‍ക്കുവിന്‍
ഗാന്ധി തന്റെ ജീവനേകി ധര്‍മ്മയുദ്ധ ശക്തിയാല്‍
വീണ്ടെടുത്ത മാതൃഭൂമി യേവിധത്തിലിന്നഹോ!

രാജവാഴ്‌ച, വെള്ളക്കാരു പോയി പിന്നെ, വന്നതോ
കൊള്ളക്കാരിലും മികച്ച തമ്പുരാക്കളാണതോ?
മന്ത്രി, തന്ത്രി, ഡോക്ടറും, സമൂഹനന്മ യേല്‌പവര്‍
ചൂഷണത്തിലൂറ്റിയെങ്ങും ജീവിക്കുന്ന കാലമായ്‌,

സത്യമെന്ന വാക്കിനിന്നു മൂല്യമറ്റ കാലമായ്‌
മിത്ഥ്യയാണ്‌ കാമ്യമിന്നു മര്‍ത്യനേതു ചെയ്‌കിലും
സത്യമായതൊന്നു മാത്രം നിത്യമെന്ന സത്തയെ
കാത്തിടാന്‍ മടിച്ചിടുന്നതാണ്‌ സര്‍വ്വനാശകം!

ദൈവമെന്തിനാവശ്യത്തിനാസ്‌തി കൈയ്യിലെത്തിയാല്‍
പുജയും പ്രണാമവും ചിലര്‍ക്കു മാത്രമാവശ്യം
മാര്‍ക്കുവേണ്ട സീറ്റുകിട്ടുവാന്‍ നീറഞ്ഞകീശയാല്‍
ക്യൂവില്‍നിന്നിടാതെ കാശുകാരു കാര്യമാര്‍ന്നിടും.

കൈനനച്ചിടാതെ മീന്‍ പിടിച്ചിടാന്‍ തിടുക്കമായ്‌
കാലുവാരി യാരെയും മറിച്ചിടുന്ന കാഴ്‌ചയും
ക്ലാസ്സു വേഒ, ഡിഗ്രി വേഒ, കല്ലെറിഞ്ഞ ശിക്ഷണം
കേരളത്തില്‍ മന്ത്രിയാകാന്‍ വോട്ടുനേടിയാല്‍ മതി.

ഇന്നു സത്യ ധര്‍മ്മമൊക്കെ വായുവില്‍ ലയിച്ചുപോല്‍
കൃത്യബോധമുള്ളവന്നു കണ്ണുനീര്‌ മിച്ചമായ്‌
വീരരാം യുവാക്കളിന്നു, കൈകള്‍ കോര്‍ത്തു നീങ്ങുവിന്‍
സര്‍വ്വരാഷ്‌ട്രശക്തിയായി ഭാരതത്തെ മാറ്റുവിന്‍ !

`ഭാരതമെന്ന കേട്ടാലഭിമാനാപൂരമുള്ളില്‍
കേരളമെന്നു കേള്‍ക്കില്‍ തിളയ്‌ക്കണം ചോര നമ്മില്‍'
വള്ളത്തോള്‍ പാടി, ഇന്നോ? ചോരപ്പുഴയാണെന്‍ നാട്ടില്‍
കള്ളം, ചതി, കൊള്ളിവയ്‌പാം ദുഷ്‌കൃത,ത്തേര്‍വാഴ്‌ചയും !

കൈരളീതനൂജരായ്‌ പറന്നുലോകവാപിയില്‍
പാറിടുന്ന മക്കളേ മറന്നിടായ്‌ക തായയേ,
കണ്ണടച്ചു, കാതുപൊത്തിനിന്നിടാതെ ബോധരായ്‌
കൈപിടിച്ചു കേരളാംബയേ സുധീരയാക്കുവിന്‍ !

(yohannan.elcy@gmail.com)
നാടിന്റെ നെട്ടോട്ടം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
vaayanakkaaran 2013-11-21 07:58:33

എഴുത്തുകാർക്കു ഇയ്യിടെയായ് എന്തുപറ്റി ദൈവമേ

നാട്ടില്പോയി നല്ലകാര്യം വല്ലതും ചെയ്തീടാതെ

ഇന്ത നാട്ടിൽ വന്ത ശേഷം പേനകയ്യിലേന്തുമ്പോൾ

കൊച്ചുകേരളത്തിനെക്കുറിച്ചു ദുഃഖമാണെന്നും.



വിദ്യാധരൻ 2013-11-21 10:26:10
അധർമ്മമാണ്‌ കേരളത്തെ അമർത്തിയെങ്ങും വാഴ്വത് 
ധർമ്മമെന്ന വാക്കിനിന്നു അർഥം ഇല്ല സോദരി 
ജാതി വർഗ്ഗ വർണ്ണ തിരിപ്പിനാലെ  ജനങ്ങളെ 
ഭീതരാക്കിയും കലക്കിയും വാണിടുന്നു നേതൃത്വം 
നീതിയോ അനീതിയിൽ അധിഷ്ഠിതം 
വാതിയെ പ്രതിയാക്കിടുന്ന കേരളം 
സ്വാർത്ഥ ലാഭ ഇച്ഛയാൽ സർവ്വരും 
ആർത്തി പൂണ്ടു ഓടിടുന്നു  'നെട്ടോട്ടമെ '
ജ്വലിച്ചിടട്ടെ ദേശഭക്തി തിളചിടട്ടെ ചോരയും 
ചലിച്ചിടട്ടെ  തൂലിക നീതിബോധ ശക്തിയാൽ   

വിദ്യാധരൻ 2013-11-21 16:21:21
നാട്ടിൽ പോയി നല്ല കാര്യം ചെയ്യിതിടാൻ ഇല്ലാത്തതാൽ 
ഇവിടെ വന്നു ഞാനൊരു എഴുത്തുകാരനായി പൊടുന്നനെ 
ഗ്രഹിച്ചിടെണ്ട കാര്യമൊക്കെ വ്യക്തമായി ഒട്ടുമേ 
എഴുതിടാം കവിത കഥകൾ ലേഖനങ്ങൾ പൊള്ളയായി
 'കേരളം' ഹാ അത് എന്നുമേ എൻ  ദുഖമേ 
മുടക്കിടാ  അടിക്കടി ഇറക്കിടുമാപ്രസ്താവന
ബുള്ളറ്റിനും പത്ര കുറിപ്പുമൊക്കെ മുറക്കഹോ.
എഴുത്തുകാരെ നിങ്ങൾ നിറുത്തിടെല്ല എഴുത്തുകൾ 
എഴുതിടാതെ ഞാനും ശ്വാസം മുട്ടിയങ്ങു ചത്തിടും   

സാഹിത്യ തിലകൻ വിക്രമൻ 2013-11-21 16:38:19
വെറുതെ ഇരുന്ന വിദ്യാധരനെ വിളിച്ചുനര്ത്തി. വിളിച്ചുണർത്തിയവന്മാരെ ഒട്ടും കാണാനുമില്ല. എന്റെ മാഷെ ആധുനികമെന്നൊ അത്യന്താതുനികമെന്നൊ ഒക്കെ പറഞ്ഞു എന്തെങ്കിലും ഒന്ന് കുറിച്ച് വിട്ടു ഞാനും ഒരു എഴുത്ത് കാരനായിക്കോട്ടേ, അകത്തു ഭാര്യ പുറത്തു നിങ്ങൾ. ഇങ്ങനെ തുടങ്ങിയാൽ എന്റെ ആഗ്രഹം സാധിക്കാതെ ഞാനും  മരിക്കും.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക