Image

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്

പി.പി.ചെറിയാന്‍ Published on 21 November, 2013
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്
രണ്ടു സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ അപൂര്‍വ്വ അവസരം ലഭിച്ച ആദ്യ ഭദ്രാസനം എന്ന ബഹുമതി ഇനി നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന് സ്വന്തം!! 1997 ന് മുമ്പ് അമേരിക്കയില്‍ എത്തിയ സഭാ വിശ്വാസികള്‍ക്കാണ് ഈ അസുലഭ ആഘോഷങ്ങളില്‍ ഭാഗഭാക്കുകളാകുവാനുള്ള ഭാഗ്യം ലഭിച്ചത്.

1970കളിലാണ് അമേരിക്കയിലേക്ക് മലയാളികളുടെ കുടിയേറ്റം ആരംഭിച്ചത്. 1972 ല്‍ മാര്‍ത്തോമാ സഭാംഗങ്ങള്‍ ചെറിയ ഗ്രൂപ്പുകളായി ആരാധന ആരംഭിച്ചു. 1976 ല്‍ അമേരിക്കയിലെ ആദ്യ മാര്‍ത്തോമാ ദേവാലയം ക്യൂന്‍സില്‍ (ന്യൂയോര്‍ക്ക്) സ്ഥാപിതമായി. അവിടവിടെ വ്യാപിച്ചു കിടക്കുന്നിരുന്ന ചെറിയ ഇടവകകള്‍ ഉള്‍പ്പെടുത്തി സോണുകളായി രൂപീകരിക്കണമെന്ന ആശയം കാലം ചെയ്ത തോമസ് മാര്‍ അത്താനാഡ്യോസ് സഫ്രഗന്‍ മെത്രാപോലീത്തായാണ് നിര്‍ദ്ദേശിച്ചത്. നിര്‍ഭാഗ്യവശാല്‍ തോമസ് തിരുമേനി അപ്രതീക്ഷിതമായി കാലം ചെയ്തതിനാല്‍ ഈ ദൗത്യം നിറവേറ്റുവാനുള്ള ഉത്തരവാദിത്വം അലക്‌സാണ്ടര്‍ സിന്നഡിന്റെ അനുമതിയോടെ നോര്‍ത്ത് അമേരിക്കായിലേയും, യു.കെ.യിലേയും ഇടവകള്‍ സംയോജിപ്പിച്ചു നോര്‍ത്ത് അമേരിക്കാ-യുണൈറ്റഡ് കിങ്ങ്ടം എന്ന പുതിയൊരു ഭദ്രാസനം രൂപീകൃതമായി. താമസംവിനാ പേരില്‍ അല്പം ഭേദഗതി ചെയ്ത് നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് എന്ന പുതിയ പേര്‍ സ്വീകരിക്കുകയാണുണ്ടായത്. ഭദ്രാസനത്തിന് ആസ്ഥാനമന്ദിരം പണിയുന്നതിന് ആദ്യം സ്ഥലം കണ്ടെത്തിയത്.

റിച്ച്ബറോ(പി.എ.)യിലായിരുന്നു. പിന്നീട് കുറെകൂടെ സൗകര്യപ്രദമായ സ്ഥാനത്ത് ന്യൂയോര്‍ക്ക് മെറിക്ക് അവന്യൂവിലേക്ക് ആസ്ഥാന മന്ദിരം മാറി. ശൈശവ ദശയിലായിരുന്ന ഭദ്രാസനത്തിന്‍രെ വളര്‍ച്ചക്ക് 1993 മുതല്‍ 2000വരെ സഖറിയാസ് മാര്‍ തിയോഫിലോസ് ധീരമായ നേതൃത്വം നല്‍കി. അഭിവന്ദ്യ തിരുമേനിയുടെ കാലഘട്ടത്തിലാണ് ആദ്യ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. സഭാവിശ്വാസികളുടെ ആത്മധൈര്യം വര്‍ദ്ധിപ്പിക്കുന്നതിനും, സഭയുടെ ആകമാന വളര്‍ച്ചക്കും ഈ ജൂബിലി ആഘോഷങ്ങള്‍ മുഖാന്തിരമായി. ഭദ്രാസനത്തിലെ എല്ലാ ഭവനങ്ങളിലും ജൂബിലിയോടനുബന്ധിച്ച്(1972-1997) വിതരണം ചെയ്ത ക്രിസറ്റല് മൊമന്റൊ ഒരു സ്മാരകമായി ഇന്നും അവശേഷിക്കുന്നു.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ ആദ്യമായി ഒരു ഇടവക ദേവാലയം സ്ഥാപിച്ചത് 1976 ലായിരുന്നു. ഈ വര്‍ഷം കണക്കാക്കി റൈറ്റ് റവ. ഡോക്ടര്‍ യൂയാക്കിം മാര്‍ കുറിലോസ് മറ്റൊരു ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം ഭദ്രാസനത്തിന്റെ ആത്മീയ ഉന്നമനത്തിനും, പുതിയ മിഷ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, യുവാക്കളെ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്കു ആകര്‍ഷിക്കുന്നതിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്.

2009 ല്‍ ഭദ്രാസന ചുമതല ഏറ്റെടുത്ത് റൈറ്റ് റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ് ഭദ്രാസന ചരിത്രത്തെ കുറിച്ചു പഠനം നടത്തിയതിന്റെ വെളിച്ചത്തില്‍ ഭദ്രാസനം ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടതു 1988 ജനുവരി ഒന്നിനാണ് എന്ന് കണ്ടെത്തിയിരുന്നു. അലക്‌സാണ്ടര്‍ മാര്‍തോമാ മെത്രാപോലീത്തയാണ് ഭദ്രാസന രൂപീകരണം സംബന്ധിച്ചു ഔദ്യോഗീക കലപ്ന പുറപ്പെടുവിച്ചത്.
1987 നവംബര്‍ 5ന് സര്‍കുലൂര്‍ നമ്പര്‍ 231 കല്പനയുടെ അടിസ്ഥാനത്തില്‍ 1988 ജനുവരി ഒന്നു മുതല്‍ 25 വര്‍ഷം കണക്കാക്കിയാണ് രണ്ടാമത് ജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഭദ്രാസന എപ്പിസ്‌ക്കോ ക്രമീകരണങ്ങള്‍ ആരംഭിച്ചത്. 1988 ജനുവരി ഒന്നു വരെ വടക്കേ അമേരിക്കയിലുള്ള ഇടവകകളും കോണ്‍ഗ്രിഗേഷനുകളും നിരണം- മാരമണ്‍ ഭദ്രാസനത്തിന് കീഴിലായിരുന്നു.

രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉല്‍ഘാടനം അഭിവന്ദ്യ ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ അദ്ധ്യക്ഷതയില്‍ 2013 ജനുവരി 19ന് ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ചര്‍ച്ചില്‍ വെച്ചു നടക്കപ്പെട്ടു. ജൂബിലിയോടനുബന്ധിച്ചു ഇടവകകളും ഭദ്രാസനവും, റീജിയനുകളും ഏറ്റെടുത്ത വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ ദീര്‍ഘവീക്ഷണവും, ഊര്‍ജ്ജസ്വലവുമായി നേതൃത്വം ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിന് സഹായകരമാണ്.

ജൂബിലിവര്‍ഷാഘോഷങ്ങള്‍ അല്പകാലത്തേക്കെങ്കിലും മ്ലാനത പരത്തിയ സംഭവമായിരുന്നു ഒക്കലഹോമ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവ പങ്കാളിത്വം വഹിച്ച ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗം പാട്രിക്ക് മരുതും മൂട്ടിലിന്റെ അകാല നിര്യാണം അമേരിക്കയില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തായും, ഭദ്രാസന എപ്പിസ്‌ക്കോപ്പായും എല്ലാ ഔദ്യോഗിക പരിപാടികലും മാറ്റിവെച്ചു രണ്ടുദിവസം സെന്റ് പോള്‍ കുടുംബാംഗങ്ങളോടൊത്ത് ചിലവഴിച്ചത് മുറിവേറ്റ ഹൃദയങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കി.

ജൂബിലി വര്‍ഷത്തില്‍ ഒക്കലഹോമ നേറ്റീവ് അമേരിക്കന്‍സിന്റെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി പാട്രിക്ക് മിഷന്‍ ആരംഭിക്കുന്നതിന് ഭദ്രാസന എപ്പിസ്‌ക്കോപ്പാ സ്വീകരിച്ച നടപടികള്‍ യുവാക്കളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

അമേരിക്കയില്‍ വളര്‍ന്നുവരുന്ന യുവതലമുറയെ സഭയുടെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് ഭദ്രാസന എപ്പിസ്‌ക്കോപ്പാ മുന്‍ഗണന നല്‍കിയിട്ടുണ്ട്.

മാര്‍ത്തോമാ സഭയുടെ ചരിത്രത്തിലാദ്യമായി ക്രിസ്തുവിന്റെ ഛായചിത്രം യുവജനങ്ങളുടെ സമര്‍പ്പണത്തിന്റെ പ്രതീകമായി ദേവാലയത്തിന്റെ ഫോയറില്‍ സ്ഥാപിക്കുവാന്‍ DC/633/13 കല്പന വഴി അനുമതി നല്‍കിയതിലൂടെ മാരമണ്ണില്‍ എബ്രഹാം മച്ചാന്‍ തുടങ്ങിവെച്ച നവീകരണ പ്രസ്ഥാനത്തിന് പുതിയൊരു മാനം നല്‍കുവാന്‍ തിരുമേനിക്ക് കഴിഞ്ഞതു വലിയ നേട്ടം തന്നെയാണ്.
ഇടവകകളില്‍ കാര്യക്ഷമമായ ഭരണം നടക്കുന്നത് ഉറപ്പാക്കുവാന്‍ കര്‍ശന നടപടികള്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ സ്വീകരിച്ചിരുന്നു. ഭരണഘടനാ വിധേയമാണോ, ഇടവക സംഘാംഗങ്ങളുടെ സാന്നിധ്യം എത്രയുണ്ടോ എന്തൊന്നും പരിഗണിക്കാതെ പങ്കെടുക്കുന്ന ഇടവകാംഗങ്ങളുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുക വഴി സഭയിലെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും നിലനിര്‍ത്തുവാന്‍ ശ്രമിച്ചു എന്നതും പ്രശംസനീയമാണ്.

മാര്‍ത്തോമാ സഭയിലെ മെത്രാപോലീത്താ ഉള്‍പ്പെടെ എല്ലാ ബിഷപ്പുമാരും ലളിത ജീവിതം നയിക്കുന്നവരാണെങ്കിലും ലളിതമായ വസ്ത്രധാരണത്തിലും, ആഹാരക്രമത്തിലും സഭാജനങ്ങള്‍ക്ക് ഉത്തമ മാതൃകയാണ് ഭദ്രാസന എപ്പിസ്‌ക്കോപ്പാ.

തിരക്കു പിടിച്ച ഔദ്യോഗിക ചുമതലകള്‍ക്കിടയിലും കാര്‍ഷികവൃത്തി, മീന്‍പിടുത്തം, കലാകായിക പരിപാടകള്‍ക്കും സമയം കണ്ടെത്തുക വഴി സാധാരണക്കാരുമായി താദാത്മ്യം പ്രാപിക്കുവാന്‍ തിരുമേനി ശ്രമിച്ചിരുന്നു.

ഭദ്രാസന ജൂബിലിയോടനുബന്ധിച്ച് ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ എപ്പിസ്‌ക്കോപ്പല്‍ രജത ജൂബിലിക്കും തുടക്കം കുറിക്കുകയാണ്. മാര്‍ത്തോമാ സഭയിലെ അനുഗ്രഹീതരായ റൈറ്റ് റവ. ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസ്, റ്റൈറ്റ് റവ. ഡോ.യൂയാക്കീം മാര്‍ കുറിലോസ് എന്നീ എപ്പിസ്‌ക്കോപ്പന്മാര്‍ സഭക്ക് ചെയ്ത സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നതിനുള്ള അവസരമാണിത്.

പ്രായത്തെ അവഗണിച്ചു ചുറുചുറുക്കോടെ സഭാപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്ന ജോസഫ് മെത്രാപോലീത്തായുടെ സാന്നിദ്ധ്യം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മാറ്റു വര്‍ദ്ധിപ്പിക്കും.

ഇന്ന് സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായിരിക്കുന്ന ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് തിരുമേനി തുടങ്ങിവെച്ച ജൂബിലി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ഏറ്റെടുത്ത് നടത്തുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനും, നോര്‍ത്ത് അമേരിക്കാ-ഭദ്രാസനത്തിന്റെ ആത്മീയവും, ഭൗതീകവുമായ വളര്‍ച്ചക്ക് ഈ ജൂബിലി ആഘോഷങ്ങള്‍ ഇടയാകട്ടെ.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി ഇനിയും ഇരുപത്തിയഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വരികയില്ല എന്നും പ്രതീക്ഷിക്കാം.

"യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങള്‍ക്കും ഞാന്‍ എന്തു പ്രതിഫലം നല്‍കും. രക്ഷയുടെ പാനപാത്രം എടുത്ത് ഞങ്ങളുടെ നാമം വിളിച്ചപേക്ഷിക്കും."ചതഞ്ഞ ഓടയെ ഓടിച്ചുകളയാത്തവനും, മണികത്തുന്ന തിരിയെ കെടുത്തി കളയാത്തവനുമായ സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളില്‍ ഭദ്രാസന പ്രവര്‍ത്തനങ്ങളെ ഒരമേല്പിക്കാം. പൂര്‍വ്വപിതാക്കന്മാര്‍ ഉയര്‍ത്തിപിടിച്ച സനാതന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞ പുതുക്കുന്ന അവസരമായും ഈ ജൂബിലി ആഘോഷങ്ങളെ പ്രയോജനപ്പെടുത്താം.

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്
Dr. Zacharias Mar Theophilus Suffragan Metropolitan
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്
coorilos
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം രണ്ടാമത് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബര്‍ 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക