Image

കപ്പ ബിരിയാണി ഒരു ദേവാലയത്തിനായി

Published on 25 October, 2011
കപ്പ ബിരിയാണി ഒരു ദേവാലയത്തിനായി

അബുദാബി : പള്ളി പണിയുവാനായി പണം സ്വരൂപിക്കുവാന്‍ അബുദാബി യുവജനപ്രസ്ഥാനം കണെ്ടത്തിയ വഴി എന്താണെന്നു കേട്ടാല്‍ ആരുടെയും വായിലൂടെ വെള്ളമൂറിപ്പോകും. ലോകത്ത് ഒരു പക്ഷേ ഇതിനു മുമ്പ് ആരും പരീക്ഷിക്കാത്ത വഴിയാണ് ഇവര്‍ തിരഞ്ഞെടുത്തത്. കപ്പബിരിയാണി ഉണ്ടാക്കി പായ്ക്കറ്റിലാക്കി വില്‍ക്കുക! ഇങ്ങനെ കപ്പ ബിരിയാണി വില്‍പ്പനയിലൂടെ അവര്‍ നേടിയെടുത്തതോ രണ്ടുലക്ഷം രൂപ!

അവിശ്വസനീയമായ ഈ കഥയുടെ തിരക്കഥ തയ്യാറാക്കിയത് വ്യത്യസ്തമായ വഴിയിലൂടെ ചിന്തിക്കുന്ന അബുദാബി സെന്റ് ജോര്‍ജ്ജ് യുവജനപ്രസ്ഥാനത്തിലെ യുവാക്കളാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോക്‌സ് കത്തീഡ്രലിന് സാമൂഹിക സേവന രംഗത്ത് ഇതിനോടകം നിരവധി പദ്ധതികള്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ ചരിത്രമാണുള്ളത്. ഭദ്രാസനത്തില്‍ കണ്ണൂരിനടുത്ത് എട്ടുകൊടുക്കയില്‍ ഒരു പുതിയ പള്ളി പണിയുവാന്‍ സാമ്പത്തിക സഹായം പ്രതീക്ഷിച്ചുകൊണ്ടാണ് ഭദ്രാസനാധിപന്‍ കൂടിയായ അഭി.യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി അബുദാബിയിലെത്തിയത്. സഹായവുമായി ഇടവകയില്‍നിന്ന് പലരും മുന്നോട്ടുവരുന്ന സാഹചര്യത്തിലാണ് യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ തികച്ചും വ്യത്യസ്തമായ ഒരു പദ്ധതിയായി കപ്പബിരിയാണി വില്‍പ്പന അവതരിപ്പിച്ചത്.

ബിരിയാണി തയ്യാറാക്കി പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക പള്ളിപണിക്ക് കൊടുക്കാമെന്ന തീരുമാനത്തോട് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ബിരിയാണിക്ക് ആവശ്യമായ ചേരുവകള്‍ നേര്‍ച്ചയായി യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ കൊണ്ടുവന്നു. അഭി.മെത്രാപ്പോലിത്താ തിരുമേനിതന്നെ ഇടവകയുടെ യുവക്തങ്ങളോടൊന്നിച്ച് പാചകത്തിന് നേതൃത്വം നല്‍കി. രാത്രിയെ പകലാക്കി അവര്‍ കപ്പബിരിയാണി തയ്യാറാക്കി പായ്ക്കറ്റുകളിലാക്കി. വെള്ളിയാഴ്ച വി.കുര്‍ബ്ബാനയ്ക്കുശേഷം വിശ്വാസികള്‍ ബിരിയാണിക്കായി തിക്കിത്തിരക്കിയതോടെ കച്ചവടം പൊടിപൊടിച്ചു. അടുത്തിടെ ഒരു ദോശ ഉണ്ടാക്കിയ കഥയുമായി ഇറങ്ങിയ സിനിമാപോലെയായി അബുദാബിയിലെ കപ്പബിരിയാണിയുടെയും അവസ്ഥ. നിമിഷ നേരംകൊണ്ട് രണ്ടുലക്ഷത്തില്‍പരം രൂപ ഗ്രോസ് കളക്ഷനുമായി കപ്പബിരിയാണി സൂപ്പര്‍ഹിറ്റ്! യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ മുഖത്തോടു മുഖം നോക്കി കണ്ണിറുക്കി. കപ്പബിരിയാണി പ്രോജക്ടിലൂടെ ലഭിച്ച 17000 ദിര്‍ഹം അഭി.യാക്കോബ് മാര്‍ ഏലിയാസ് തിരുമേനിക്ക് പ്രസ്ഥാനം പ്രവര്‍ത്തകര്‍ കൈമാറി.

ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കിയ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരെ അഭി.തിരുമേനി അഭിനന്ദിച്ചു. അബുദാബിയിലെ ഈ മാതൃക മറ്റു ഇടവകകള്‍ക്ക് അനുകരിക്കുവാനായാല്‍ ആരാധനയ്ക്കായി ദേവാലയമില്ലാതെ വിഷമിക്കുന്ന ഭദ്രാസനത്തിലെ അനേകര്‍ക്ക് സ്വന്തം ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനാകുമെന്ന് തിരുമേനി പ്രത്യാശിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി ഇടവകകളാണ് ഭദ്രാസനത്തിലുള്ളത്. എന്തായാലും ഇനി കണ്ണൂരിലുള്ള എട്ടുകൊടുക്ക സെന്റ് മേരീസ് ദേവാലയത്തിന് ഒരു കപ്പബിരിയാണിയില്‍ നിന്ന് ഉണ്ടായ ദേവാലയം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയമില്ല.

വാല്‍ക്കഷണം:
ദാസാ നമുക്ക് ഈ ബുദ്ധി നേരത്തേ എന്താ തോന്നാഞ്ഞത് എന്ന് ആരോ മന്ത്രിച്ചു.

റിപ്പോര്‍ട്ട് :ജോണ്‍ കൊച്ചുകണ്ടത്തില്‍
കപ്പ ബിരിയാണി ഒരു ദേവാലയത്തിനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക