Image

ഇന്നലെ കണ്ട സ്വപ്നം (കവിത-സിറില്‍ മുകളേല്‍)

Published on 23 November, 2013
ഇന്നലെ കണ്ട സ്വപ്നം (കവിത-സിറില്‍ മുകളേല്‍)
see YouTube video also: http://www.youtube.com/watch?v=kxB9shpA-4E

ഇന്നലെ കണ്ട സ്വപ്നം ഇനിയും ആവര്‍ത്തിക്കുമോ?
മുന്നാലെ പോയവര്‍ വഴിവിളക്കണക്കുമോ?
റാന്തല്‍ വെളിച്ചം പൂന്തിങ്കളിന് അല്‍പായുസാകുമോ?
വിടരുന്ന പൂവിന് ശലഭങ്ങള്‍ ശല്യമാകുമോ?

കാലം സമയാശ്വത്തിലെ യാത്രയില്‍ ദുരിതത്തിന്‍ വിത്തു വിതച്ചു
അത്യാഗ്രഹത്തിന്‍ പേമാരിയില്‍ അവ വളര്‍ന്നുയര്‍ന്നു
സത്യത്തിനു തിമിരമുള്ളോര്‍ ഫലങ്ങള്‍ കൊയ്‌തെടുക്കുന്നു
കച്ചവടക്കണ്ണുമായി പാഞ്ഞടുക്കുന്നു ചൂഷകര്‍

പകല്‍ വെളിച്ചത്തില്‍ മുടന്തി യാചിച്ചവന്‍,
ഇരുട്ടില്‍ കോമരം തുള്ളുന്നു
ഭീതിയുടെ കൊടുംകാറ്റില്‍
തണല്‍മരങ്ങള്‍ കടപുഴകുന്നു

അധികാര കസേരതന്‍ നിഴലിനും
ചുടുചോര തന്‍ ഗന്ധം
നീതി തന്‍ തുലാസില്‍ തുലാഭാരം
നടത്തുന്നു ന്യായാധിപര്‍
മാറ്റത്തിന്‍ കുപ്പായമണിഞ്ഞ ജ്ഞാനികള്‍

ചെകുത്താന് കിരീടം വയ്ക്കുന്നു
ശീലാവതി ചമഞ്ഞവര്‍ അഗ്‌നിശുദ്ധി
വരുത്തി സീതയെ കാട്ടിലേയ്ക്കയക്കുന്നു
പാഞ്ചാലി സ്വയം വിവസ്ത്രയായി,
പാണ്ഡവര്‍ കൈകൊട്ടിച്ചിരിക്കുന്നു

ചക്രവ്യുഹത്തില്‍ അകപ്പെട്ട അഭിമന്യു
കൌരവരോട് മാപ്പ് ചോദിക്കുന്നു
ദേവാലയങ്ങളില്‍ മെഴുതിരി കത്തിച്ചു
കീര്‍ത്തനം പാടുന്നു യുദാസിന്
വിളറി പിടിച്ച നായകള്‍
നാണത്താല്‍ മൌനം ഭജിക്കുന്നു

നാളത്തെ സ്വപ്നം പുത്തനാകട്ടെ
മുന്നാലെ പോയവര്‍ വഴി വിളക്കാകട്ടെ
റാന്തല്‍ വെളിച്ചം പൂന്തിങ്കളിന് പകിട്ടേകട്ടെ
വിടരുന്ന പൂവിന് ശലഭങ്ങള്‍ കൂട്ടായിടട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക