Image

അന്ന(ചെറുകഥ)-ജെസ്സി ജിജി

ജെസ്സി ജിജി Published on 25 November, 2013
അന്ന(ചെറുകഥ)-ജെസ്സി ജിജി

“അമ്മൂമ്മേ അമ്മൂമ്മേ ഞാന്‍ സ്‌ക്കൂളില്‍ പോകുവാ കേട്ടോ,” “നില്‍ക്കുമോനെ ഈ പാല്‍ കൂടി കുടിച്ചിട്ട് പോ മോനെ”

“വേണ്ട വേണ്ട ബൈ..”

"ഈ അമ്മയുടെ ഒരു കാര്യം, അവനു വേണ്ടാഞ്ഞിട്ടല്ലേ, സുനില്‍ അമ്മയെ ആശ്വസിപ്പിച്ചു.
എന്നാലും അവന്‍ കുഞ്ഞാ, ഇത്തിരി കഴിയുമ്പം അവനു വിശക്കും. നീയും ഇങ്ങനെ ഒക്കെ ആയിരുന്നു'

"ഇതാ അമ്മ ഇപ്പം കരയും," സുനിത ചിരിച്ചു.

"നീ എന്നെ അങ്ങനെ കളിയാക്കുകയൊന്നു വേണ്ട, അവന്‍ എന്താ ഇന്ന് കഴിച്ചത്? നീ എന്തൊക്കെയോ കലക്കി കൊടുത്തിട്ട് അതെല്ലാം മൊത്തം പാത്രത്തില്‍ ഇരുപ്പുണ്ടല്ലോ.

സാരമില്ലമ്മേ, അവന്‍ ആവശ്യത്തിനൊക്കെ കഴിച്ചിട്ടുണ്ട്, അമ്മ ഇങ്ങു അകത്തേക്ക് വാ, സുനില്‍ അമ്മയുടെ കൈ പിടിച്ചുകൊണ്ടു അകത്തേക്കു നടന്നു.

"ഈ അമ്മയും കൊച്ചുമോനും," സുനിത നിശ്വസിച്ചു.

"നീയും ഒരമ്മൂമ്മ ആകുമ്പോള്‍ അറിയാം."

"ഉവ്വുവ്വേ…" സുനിത ചിരിച്ചു.
ദേ, മരുമോള്‍ ആണെന്നൊന്നു ഞാന്‍ നോക്കില്ല കേട്ടോ, ഒന്നങ്ങു വെച്ച് തരും ചിരിയോടെ അന്ന കൈ ഓങ്ങി.

Hi, Ms James, Are you ok? നേഴ്‌സ് എമിലി ആണല്ലോ? അപ്പോള്‍ താന്‍ സ്വപനം കാണുക ആയിരുന്നോ? അന്ന പതറി പതറി അങ്ങിങ്ങ് നോക്കി, എവിടെ സുനിതയും സുനിലും ഒക്കെ???

Mrs.James what is happening? Are you looking for someone?

ഒന്നുമില്ലെന്ന് അന്ന കണ്ണടച്ച് കാണിച്ചു.

Ok. then, let me help you to brush your teeth Ms. James.

അന്ന തലയാട്ടി. അങ്ങനെ അന്നയുടെ ഒരു ദിവസം ആരംഭിക്കുക ആയി.

Good Shepherd's nursing home വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്ത കാലം അന്ന ഓര്‍ത്തു. അന്ന് താന്‍ അമേരിക്കയില്‍ എത്തിയതെ ഉള്ളായിരുന്നൂ, ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളും ആയി ഫ്‌ളോറിടയില്‍ കാലുകുത്തുമ്പോള്‍, ആശങ്കകളും അവ്യക്തതകളും ഒക്കെ കൂടി കുഴഞ്ഞ ഒരു മാനസികാവസ്ഥയില്‍ ആയിരുന്നു താന്‍. പുതിയ സ്ഥലവും ജീവിതരീതികളും. ഉത്തരവാദിത്തങ്ങളും ബാധ്യതകളും ആയി ഒരു വലിയ ഭാരവും തോളില്‍ ഉണ്ടായിരുന്നു.

ഒരുപാടു പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും… പുര നിറഞ്ഞ ചേച്ചിമാരുടെ ചുടു നിശ്വാസങ്ങള്‍, അമ്മച്ചിയുടെ ഒരിക്കലും തീരാത്ത ആകുലതകള്‍ കൂലിപ്പണിക്ക് പോയി മടങ്ങിവരുന്ന അപ്പച്ചന്റെ തളര്‍ന്ന നോട്ടം, മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന പുര, പിന്നെ അമേരിക്കയിലേക്ക് വരാന്‍ വേണ്ടി വാങ്ങിയ കടങ്ങള്‍, അങ്ങനെ തോളിലെ ഭാരങ്ങള്‍ താങ്ങാവുന്നതിലും അധികം ആയിരുന്നു.
പഠിക്കാന്‍ സമര്‍ത്ഥ ആയിരുന്നതിനാല്‍ നല്ലവനായ വികാരിയച്ചന്‍ സുമനസ്സുകളുടെ സഹായത്താല്‍ തന്നെ നഴ്‌സിംഗ് പഠിപ്പിച്ചു. ദൈവ കാരുണ്യത്താല്‍ താന്‍ അമേരിക്കയില്‍ എത്തി.

തനിക്കു ആദ്യം ജോലി ലഭിച്ചത് Good Shepherd's nursing ഹോമില്‍ ആയിരുന്നു. ഇവിടെ ജീവിതത്തിന്റെ മറ്റൊരു മുഖം താന്‍ കണ്ടു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കു ഇത്തിരി ആശ്വാസം നല്‍കുമ്പോഴും തോളിലെ ഭാരം കുറയ്ക്കുന്നതിന്റെ വ്യഗ്രതയില്‍ ആയിരുന്നു താന്‍. കൂടുതല്‍ മെച്ചപ്പെട്ട ജോലി തേടി ന്യൂയോര്‍ക്കില്‍ എത്തിയതും അതിനായിരുന്നു.

വര്‍ഷങ്ങള്‍ കൊഴിഞ്ഞപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ എല്ലാം തീര്‍ത്തു ഒരു കുടുംബജീവിതത്തിലേക്ക് താനും പ്രവേശിച്ചു. ജെയിംസ് ജീവിതത്തിലേക്ക് വന്ന കുറച്ചുനാള്‍ താന്‍ മറ്റൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കുക ആയിരുന്നു. പക്ഷെ ആ ജിവിത്തിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

ഒരു ആക്‌സിഡന്റ് എല്ലാം കീഴ്‌മേല്‍ മിറച്ചു. ജെയിംസ് തന്നെ വിട്ടുപോകുമ്പോള്‍ സുനിലിനു അഞ്ചു വയസ്സ്. പിന്നെ താന്‍ ജീവിച്ചത് എല്ലാം അവനു വേണ്ടി മാത്രം. മറ്റൊരു വിവാഹത്തിന് താന്‍ സമ്മതിച്ചില്ല. അങ്ങനെ ഒരാള്‍ വന്നാല്‍ അയാള്‍ക്ക് സുനിലിനെ സ്‌നേഹിക്കാന്‍ പററിയില്ല എങ്കില്‍….
വര്‍ഷങ്ങള്‍ കടന്നപ്പോള്‍ ഒപ്പം ജോലി ചെയ്യുന്ന സുനിതയെ വിവഹാം കഴിക്കാന്‍ സുനില്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് താനായിരുന്നു. ഒരു മലയാളി തന്നെ മകനു കൂട്ടായി വരുന്നു. സന്തോഷത്തോടൊപ്പം അല്പം അഭിമാനവും ഉണ്ടായിരുന്നില്ലേ?

ഇവിടെ വളര്‍ന്നിട്ടും അവന്‍ ഒരു മലയാളിയെ തന്നെ ജീവിതപങ്കാളി ആയി സ്വീകരിച്ചതില്‍…
പക്ഷെ എവിടെയോ കണക്കു കൂട്ടലുകള്‍ പിഴച്ചുപോയി….

തലമുറകളുടെ വിടവുകള്‍ ആകാം… സുനിതയുടെ ജീവിതരീതികളോട്, അവളുടെ പുരുഷ സുഹൃത്തുക്കളോട്… ഒന്നും പൊരുത്തപ്പെടാന്‍  തനിക്കു സാധിച്ചില്ല.

മോനെ ബേബിസിറ്റര്‍ കൂടെ ആക്കി, മമ്മ പഴഞ്ചന്‍ ആണ് പോലും…

പതുക്കെ പതുക്കെ സുനിലും തന്നില്‍ നിന്നും അകന്നുതുടങ്ങി…

പിന്നെ താന്‍ വീണ്ടും നഷ്ടസ്വപ്നങ്ങളും ആയി ഫ്‌ളോറിഡയിലേക്ക്…

പെട്ടെന്ന് വന്ന ഒരു സ്‌ട്രോക്ക്, അതിപ്പോള്‍ തന്നെ ഇവിടെ എത്തിച്ചു… എത്രനാള്‍ ആയി ഇവിടെ… അന്ന കണക്കു കൂട്ടാന്‍ ശ്രമിച്ചു. അക്കങ്ങള്‍ വഴങ്ങുന്നില്ല.

പിന്നെ കേട്ടു, സുനിലും സുനിതയും വേര്‍പിരിഞ്ഞെന്നു… മകന്‍ സുനിതയുടെ കൂടെ… അവനിപ്പോള്‍ എത്ര വയസ്സ് ആയിരിക്കും, ആറോ അതോ ഏഴോ?

എത്ര നാള്‍ ആയി താന്‍ സുനിലിനോട് സംസാരിച്ചിട്ടു… അന്ന പതുക്കെ ഓര്‍ക്കാന്‍ ശ്രമിച്ചു…
അല്ല സുനിലും സുനിതയും മോനുമല്ലേ അത്…മോനെ... അന്ന ഉറക്കെ വിളിക്കാന്‍ ശ്രമിച്ചു.
ഒരായിരം മാലാഖകുഞ്ഞുങ്ങള്‍ അന്നയുടെ അടുത്തേക്ക്….

She is gone.

നേഴ്‌സ് എമിലിയുടെ സ്വരം.

അന്ന അപ്പോള്‍ ഒരിക്കലും ഉണരാത്ത ഒരു സുഷുപ്തിയില്‍, ഒരായിരം പൊന്നോമനകളുടെ നടുക്കായിരുന്നു.



അന്ന(ചെറുകഥ)-ജെസ്സി ജിജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക