Image

വര്‍മക്കാര്‌ മണികെട്ടും? (നര്‍മം: സാം നിലമ്പള്ളില്‍)

Published on 25 November, 2013
വര്‍മക്കാര്‌ മണികെട്ടും? (നര്‍മം: സാം നിലമ്പള്ളില്‍)
`അമ്മേ നാളെ ഹര്‍ത്താലാ,' മണിക്കുട്ടന്‍ സന്തോഷത്തോടെ ഓടിക്കിതച്ചുവന്നിട്ട്‌ പറഞ്ഞു.`എനിക്ക്‌ നാളെ സ്‌കൂളില്‍ പോകേണ്ടല്ലോ.'

`നീയെങ്ങനെ അറിഞ്ഞെടാ ഹര്‍ത്താലാണെന്ന്‌?'

`അച്ഛന്‍ പറയുന്നതുകേട്ടു. അച്ഛന്‍ റോഡില്‍ പാറക്കല്ലുപെറുക്കി വെയ്‌ക്കുന്നത്‌ കണ്ടിട്ടാ ഞാന്‍ വരുന്നത്‌.'

അപ്പോ അച്ഛനും നാളെ ജോലിക്കുപോകേണ്ട. സുമതിക്ക്‌ സന്തോഷമായി. അച്ഛനും മകനും നാളെവീട്ടില്‍ കാണും. അദ്ദേഹം രാവിലെ പ്രകടനത്തിനും ട്രാന്‍സ്‌പോര്‍ട്ട്‌ബസ്സിനും കടകള്‍ക്കും കല്ലെറിയാനുംപോയിട്ട്‌ ഉച്ചക്ക്‌ ഉണ്ണാന്‍നേരം വീട്ടില്‍വരും. ക്ഷീണംകാരണം പിന്നീട്‌ നാലുമണിവരെ കിടന്നുറങ്ങും. മണിക്കുട്ടനും കൂടെപ്പോയിക്കിടക്കും, തരംകിട്ടിയാല്‍ താനും. സമരവീര്യം തുടിക്കുന്ന ഭര്‍ത്താവിനെ നോക്കിക്കിടക്കുന്നതുതന്നെ സുമതിക്ക്‌ ഒരുസുഖമാണ്‌. ഇതൊക്കെയാണ്‌ എല്ലാ ഹര്‍ത്താല്‍ ദിവസങ്ങളിലും പതിവ്‌.

ജോലിക്ക്‌ ചെന്നില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം കിട്ടത്തില്ലന്നല്ലേയുള്ളു. `എന്തു ഡയ്‌സ്‌നോണ്‍, ഏതു ഡയസ്‌നോണ്‍?' എന്നാണ്‌ ഭര്‍ത്താവ്‌ ചോദിക്കുന്നത്‌. ശരിയല്ലേ അദ്ദേഹം പറയുന്നത്‌? `നഷ്‌ടപ്പെട്ട കാശിന്റെ രണ്ടിരട്ടി അടുത്തദിവസംതന്നെ കിമ്പളമായി ഈടാക്കും പുള്ളിക്കാരന്‍, ചേട്ടനോടാ കളി.'

`അവര്‌ കുടുംബപരമായി കമ്മ്യൂണിസ്റ്റുകാരാ,' സുമതി അയല്‍ക്കാരിയായ തന്റെ കൂട്ടുകാരിയോട്‌ പറഞ്ഞു. `അദ്ദേഹത്തിന്റെ അച്ഛന്‍, സഖാവ്‌ കുട്ടന്‍ പിള്ള, രക്തസാക്ഷി ആയിട്ടാ മരിച്ചത്‌. വലതന്മാര്‌ തല്ലിക്കൊന്നതാ.'

`പക്ഷേ, അങ്ങനെയല്ലല്ലോ ഞാന്‍ കേട്ടത്‌.' അയല്‍കാരി സുമതിയെ ഘണ്‌ഢിച്ചു. `കുട്ടന്‍ പിള്ള സഖാവ്‌ കുടിച്ചുകുടിച്ച്‌ ഓടേക്കിടന്ന്‌ ചത്തെന്നാണല്ലോ എന്റെയാള്‌ പറഞ്ഞത്‌.'

`അതൊക്കെ വെറുതെ പറയുകയാ; തല്ലിക്കൊന്ന്‌ വഴീല്‍ കൊണ്ടിട്ടതാ.'

`എന്തോ എനിക്കറിയില്ല,' അയല്‍ക്കാരി പോയി.

ഭര്‍ത്താവിനെപ്പറ്റിയും അദ്ദേഹത്തിന്റെ വീട്ടുകാരെപ്പറ്റിയും മറ്റുള്ളവരോട്‌ പറയുമ്പോള്‍ സുമതിക്ക്‌ ഏഴുനാക്കാണ്‌, മണിക്കുട്ടനും. അച്ഛന്‍ അവന്റെ ഹീറോയാണ്‌. അവന്റെ ധാരണയില്‍ അച്ഛന്‌ ചെയ്യാന്‍ സാധിക്കാത്തതായി ലോകത്തില്‍ ഒന്നുമില്ല.

`നിന്റച്ഛന്‌ എന്താടാ ജോലി?' മണിക്കുട്ടന്റെ വീരവാദം സഹിക്കവയ്യാഞ്ഞ്‌ എഞ്ചിനീയറുടെ മകന്‍ രണ്‍ജിത്ത്‌ ചോദിച്ചു.

`എന്റച്ഛന്‍ കളക്‌ട്ടറേറ്റില്‍ പീയൂണാണല്ലോ.'

`പീയുണാണോ? കളക്‌ട്ടറേറ്റ്‌ തൂത്തുവാരുകേം കളക്‌ട്ടര്‍ക്ക്‌ ചായവാങ്ങിക്കൊണ്ട്‌ കൊടുക്കുകേമല്ലേ പീയൂണിന്റെ പണി.' രണ്‍ജിത്തിന്റെ ആക്ഷേപവാക്കുകള്‍ കേട്ടപ്പോള്‍ കൂട്ടുകാരെല്ലാം ചിരിച്ചു.

മണിക്കുട്ടന്‌ തന്റെനിക്കര്‍ ഊരിപ്പോയതുപോലെയാണ്‌ തോന്നിയത്‌. ചമ്മല്‍ മാറാന്‍വേണ്ടി അവന്‍ ഇങ്ങനെപറഞ്ഞു. `എന്റച്ഛന്‍ കമ്മ്യൂണിസ്റ്റാണല്ലോ; യൂണിയന്‍നേതാവാ അച്ഛന്‍.'

അവന്‍ പറഞ്ഞതാണ്‌ ശരി. ഗോപാലകൃഷ്‌ണ പിള്ള കമ്മ്യൂണിസ്റ്റും യൂണിയന്റെ നേതാവുമാണ്‌. മാര്‍ക്‌സിസവും ലെനിനിസവും വായിക്കാതെ കമ്മ്യൂണിസ്റ്റായ വ്യക്തി. അതായാത്‌ വേലിയില്ലാതെ വേലിചാടിയ സഖാവ്‌. അദ്ദേഹത്തിന്റെ അച്ഛനും സഹോദരന്മാരും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അതുകൊണ്ടാണോ ഇല്ലാത്തവേലി ചാടിയതെന്ന്‌ ചോദിച്ചാല്‍ അതെയെന്നും അല്ലെന്നും ഉത്തരം. ചെറുപ്പംമുതലേ അയല്‍കാരുടെ മാവേലും പ്‌ളാവേലും കല്ലെറിഞ്ഞ്‌ പ്രാക്‌ട്ടീസുള്ളതുകൊണ്ട്‌ വലുതായപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ടിനും പോലീസ്‌വാനിനും ഉന്നംതെറ്റാതെ എറിയാന്‍ സാധിച്ചു. അതൊരു ക്വാളിറ്റിയായി പാര്‍ട്ടി പരിഗണിച്ചതുകൊണ്ട്‌ വിദ്യാര്‍ത്ഥിനേതാവായും, സര്‍ക്കാര്‍ ജോലികിട്ടിയപ്പോള്‍ യൂണിയന്‍ നേതാവായും വിലസാന്‍ അവസരംകൊടുത്തു.

`പൊതുമുതലൊക്കെ നശിപ്പിക്കുന്നത്‌ രാജ്യദ്രോഹമല്ലേ, ഗോപാലാ?' ഒരിക്കല്‍ സുമതിയുടെ അച്ഛന്‍ ചോദിച്ചു. കിളവന്‍ പഴയൊരു ഗാന്ധിയനും തനിബൂര്‍ഷ്വയും ആണെന്ന്‌ അറിയാവുന്ന സഖാവ്‌ ഗോപാലകൃഷ്‌ണപിള്ള മറുപടിയൊന്നും പറഞ്ഞില്ല. പകരം വീട്ടില്‍വന്നപ്പോള്‍ ഭാര്യയുടെനേരെ കുരച്ചു. `നിന്റെ തന്തപ്പടിയുണ്ടല്ലോ, ആ ഗാന്ധിഭക്തന്‍, അയാള്‍ ഒരുകാലത്തും നന്നാവുമെന്ന്‌ തോന്നുന്നില്ല. എന്നേ തട്ടിക്കളയേണ്ടിയിരുന്ന ഉരുപ്പടിയാ അയാള്‍.'

കല്ല്യാണം കഴിഞ്ഞതിനുശേഷം കമ്മ്യൂണിസ്റ്റായെങ്കിലും സുമതിക്ക്‌ തന്റെ അച്ഛനെ തള്ളിപ്പറയുന്നത്‌ സഹിക്കാവുന്ന കാര്യമല്ല. അച്ഛനെ തട്ടുമെന്നൊക്കെ പറഞ്ഞാല്‍ ഏതുമകളാണ്‌ കേട്ടുകൊണ്ട്‌ നില്‍ക്കുക? സുമതിയും എതിര്‍പ്‌ പ്രകടിപ്പിച്ചു. `എന്റച്ഛനെപ്പറ്റി അങ്ങനെയൊന്നും പറയേണ്ട. അച്ഛന്‍ കമ്മ്യൂണിസ്റ്റൊന്നും അല്ലെങ്കിലും നല്ലമനുഷ്യനാണെന്നാ നാട്ടുകാര്‌ പറയുന്നത്‌. അദ്ദേഹം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ആളാ.'

`തേങ്ങാക്കൊല. ആ സ്വാതന്ത്ര്യസമരമില്ലായിരുന്നെങ്കില്‍ സോവ്യറ്റ്‌ റഷ്യയോ ചൈനയോ ഇന്‍ഡ്യയെ കീഴ്‌പ്പെടുത്തി ഇവിടെ കമ്മ്യൂണിസം സ്ഥാപിച്ചേനെ,' സഖാവ്‌ ഗോപാലകൃഷ്‌ണപിള്ള നടക്കാതെപോയ ചരിത്രം ഭാര്യയെ പഠിപ്പിച്ചു.

`അതൊന്നും എനിക്കറിയില്ല,' സുമതി അജ്ഞത വെളിപ്പെടുത്തി. `പക്ഷേ, അച്ഛനെ കുറ്റപ്പെടുത്തുന്നത്‌ എനിക്കിഷ്‌ടമല്ല.'

ഭാര്യയെ പിണക്കിയാല്‍ അവള്‍ രണ്ടുദിവസം പണിമുടക്കുമെന്നും മണിക്കുട്ടനും താനും പട്ടിണിയിലാകുമെന്നും മുന്‍അനുഭവമുള്ളതുകൊണ്ട്‌ സഖാവ്‌ പിന്നീടൊന്നും പറഞ്ഞില്ല. കളക്‌ട്ടറേറ്റ്‌ ഭരിക്കുന്ന ഗോപാലകൃഷ്‌ണപിള്ളക്ക്‌ വീടുഭരിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമൊന്നുമില്ല. ഭാര്യക്കും ഭരിക്കാന്‍ എന്തെങ്കിലും ഒരു വേദിവേണ്ടേയെന്നാണ്‌ അദ്ദേഹം ചോദിക്കുന്നത്‌. അതുകൊണ്ട്‌ സുമതി വീടു ഭരിക്കട്ടെ, താന്‍ കളക്‌ട്ടറേറ്റും.

യൂണിയന്‍ നേതാവായതുകൊണ്ട്‌ അദ്ദേഹത്തിന്‌ പ്രത്യേകിച്ചൊരു ഡിപ്പാര്‍ട്ടുമെന്റ്‌ ഇല്ല. ഒരു കസേരയില്‍ ഇരിക്കുകയോ ഏതെങ്കിലും കസേരയുടെ അടുത്തുപോയി നില്‍ക്കുകയോ അദ്ദേഹത്തിന്റെ പതിവല്ല. എന്നുവെച്ചാല്‍ ഫയലുകളുമായി ഓഫീസര്‍മാരുടെ സമീപം ഓശ്ചാനിച്ച്‌ നില്‍ക്കുന്ന പീയൂണല്ല ഗോപാലകൃഷ്‌ണപിള്ളയെന്ന്‌ സാരം. അദ്ദേഹമാണ്‌ കലക്‌ട്ടറേറ്റ്‌, അല്ലെങ്കില്‍ കളക്‌ട്ടറേറ്റാണ്‌ അദ്ദേഹം. റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍നിന്ന്‌ എന്തെങ്കിലും കാര്യം സാധിക്കണോ?

`താനിവിടെക്കിടന്ന്‌ കറങ്ങാതെ ആ യൂണിയന്‍ നേതാവ്‌ ഗോപാലകൃഷ്‌ണപിള്ളയെ പോയിക്കാണ്‌,' ഡിപ്പാര്‍ട്ടുമെന്റിലെ ക്‌ളാര്‍ക്ക്‌ കക്ഷിയെ ഉപദേശിക്കും. അടുത്തമഴക്ക്‌ കുളമായിത്തീരാന്‍പോകുന്നറോഡ്‌ ടാറുചെയ്‌തതിന്റെ ബില്ല്‌ പാസാക്കണമെങ്കില്‍ കോണ്‍ട്രാക്ക്‌ട്ടര്‍ രാത്രി പിള്ളയെ വീട്ടില്‍പോയി കാണണം. അന്നേരമാണ്‌ സുമതി നേരത്തെപറഞ്ഞ കിമ്പളം പോക്കറ്റില്‍ വീഴുന്നത്‌. വേണമെങ്കില്‍ കളക്‌ട്ടറുടെ ഓഫീസില്‍ കയറിച്ചെന്ന്‌ `ഈ ഫയലില്‍ ഒരൊപ്പിട്ടേ, സാറെ' എന്നുവരെ പറയാനുള്ള ചങ്കൂറ്റം സഖാവിനുണ്ട്‌.

ചങ്കൂറ്റം ചോര്‍ന്നപോയത്‌ പുതിയ കളക്‌ട്ടര്‍ ചാര്‍ജെടുത്തപ്പോള്‍ മുതലാണ്‌. വിനോദ്‌ കുമാര്‍ വര്‍മ, ചെറുപ്പക്കാരന്‍, സുമുഖന്‍, മദ്ധ്യപ്രേദേശ്‌ കേഡര്‍, മര്‍ക്കടമുഷ്‌ടി, ആരേയും വകവെയ്‌ക്കാത്തവന്‍ എന്നൊക്കെയാണ്‌ വിശേഷണങ്ങള്‍.

`വര്‍മക്കുഞ്ഞിന്‌ മലയാളം അറിയാമോഡോ?' മലയാളമല്ലാതെ വേറൊരു ഭാഷയും അറിയാന്‍ വയ്യാത്ത ഗോപാലകൃഷ്‌ണപിള്ള സഹപ്രവര്‍ത്തകരോട്‌ ചോദിച്ചു.

`കൊരച്ചുകൊരച്ചു പറയും, എന്താ ഏറ്റുമുട്ടണമെന്ന്‌ തോന്നുന്നുണ്ടോ?'

`വേണ്ടിവന്നല്‍ ഏറ്റുമുട്ടിയല്ലേ പറ്റു,' താനിതെത്ര കണ്ടിരിക്കുന്നു എന്നമട്ടില്‍ പിള്ള.

ആദ്യദിവസംതന്നെ അനുവാദം ചോദിക്കാതെ കയറിച്ചെന്നതിന്‌ വര്‍മ `ഗെറ്റൗട്ട്‌' അടിച്ചു. ഗെറ്റൗട്ട്‌ എന്നവാക്കിന്റെ അര്‍ത്ഥം അറിയാമായിരുന്നതുകൊണ്ട്‌ പോയതുപോലെ തിരികെപ്പോന്നു. ഇതെന്നതാഡോ കൂട്ടിലിട്ട പുലിയോ? പിള്ള സ്വയം ചോദിച്ചു, വേറെ പലരോടും ചോദിച്ചു. എല്ലാവര്‍ക്കും ഒരേ ഉത്തരം: പുലിയാണോ കടുവയാണോ എന്നൊരു സംശയമേയുള്ളു.

ചാര്‍ജെടുത്ത്‌ ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ മിക്കവാറും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെപറ്റിയും ഏകദേശധാരണ വര്‍മ കൈവരിച്ചു. മിന്നല്‍ പരിശോധന, അറ്ററ്റന്‍സ്‌ പരിശോധിക്കല്‍, ഒപ്പിട്ടിട്ട്‌ മുങ്ങുന്നവരെ കയ്യോടെ പിടികൂടല്‍ ഇങ്ങനെല്ലാമുള്ള മുമ്പില്ലാത്ത കലാപരിപാടികള്‍ അരങ്ങേറിയപ്പോള്‍ ജീവനക്കാര്‍ മുറുമുറുമുറുമുറുത്തു, സഖാവ്‌ ഗോപാലകൃഷ്‌ണപിള്ളയോട്‌ പരാതിപറഞ്ഞു.

അതുകൊള്ളത്തില്ലല്ലോ. ജീവനക്കാരെന്താ അടിമകളാണോ? അവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ ഒരുപുലിയേയും അനുവദിക്കില്ല. ചോദിച്ചിട്ടുതന്നെകാര്യം. പക്ഷേ, ഒരുസംശയം. ആരാ അയാളോട്‌ സംസാരിക്കുക? യൂണിയന്‍ പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഇംഗ്‌ളീഷും ഹിന്ദിയും വശമില്ല. അവസാനം തീരുമാനമെടുത്തു; മലയാളത്തില്‍തന്നെ സംസാരിക്കാം. മലയാളനാട്ടില്‍ എത്തിയവനോട്‌ മലയാളത്തില്‍ അല്ലാതെ വേറേതുഭാഷയിലാണ്‌ ആശയവിനിമയംനടത്തുക? പിള്ളയുടെ നേതൃത്വത്തില്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി അനുവാദം വാങ്ങിക്കൊണ്ടുതന്നെയാണ്‌ ഇപ്രാവശ്യം കയറിച്ചെന്നത്‌. വെറുതെ `ഗെറ്റൗട്ട്‌' വാങ്ങി പോക്കറ്റിലിട്ടോണ്ട്‌ പോരേണ്ടല്ലോ? കളക്‌ട്ടറുടെ സിംഹസനത്തില്‍ രാജാവിനെപ്പോലെയിരിക്കുന്ന വര്‍മയെ കണ്ടപ്പോള്‍ പിള്ളക്ക്‌ മൂത്രശങ്കയുണ്ടായോ എന്നൊരു സംശയം; ആശങ്കമാറ്റാന്‍ ആരുംകാണാതെ അസ്ഥാനത്ത്‌ തപ്പിനോക്കി. കൂടെവന്നവര്‍ തപ്പിയോയെന്ന്‌ അറിയില്ല.

`എന്നാവേണം?' വര്‍മ പച്ചമലയാളത്തില്‍ ചോദിച്ചു. തനിമലയാളംകേട്ട്‌ പകച്ചുപോയ പിള്ളയും കൂട്ടരും പരസ്‌പരം നോക്കി. ഇത്രയും ശുദ്ധമായ മലയാളം തങ്ങള്‍ക്കുപോലും
അറിയില്ല. ഈനല്ല വിദേശമലയാളിയെ വെറുതെഎന്തിന്‌ വെറുപ്പിക്കണം. അദ്ദേഹം മദ്ധ്യപ്രദേശത്തുനിന്ന്‌ കേരളീയരുടെ അതിഥിയായി ഇവിടെ എത്തിയ വ്യക്തി. അദ്ദേഹത്തെ കേരളീയ ആഥിത്യമരാദകള്‍ കാണിച്ചുകൊടുക്കണം.

`സാര്‍ കേരളീയരുടെ ഉത്സവമായ ഓണം വരികയാണെന്ന്‌ അറിയാമല്ലോ?'

`ഞാന്‍ അറിയാം.' പിന്നെയും ശുദ്ധമലയാളം.

`അങ്ങനെയല്ല,സാര്‍, എനക്കറിയാമെന്ന്‌ പറയണം.' പാലക്കാട്ടുകാരന്‍ രാഘവമൂര്‍ത്തി തിരുത്തി.

ഇംഗ്‌ളീഷ്‌ മലയാളം ഡിക്‌ഷ്‌ണറിനോക്കി മലയാളംപഠിച്ച തന്നെ തിരുത്താന്‍ ഇവനാരെടാ എന്നമട്ടില്‍ കളക്‌ട്ടര്‍ മൂര്‍ത്തിയെ തുറിച്ചൊന്നുനോക്കി.

`ജീവനക്കാരുടെവക ഓണാഘോഷമുണ്ട്‌. സാര്‍ അദ്ധ്യക്ഷനായിരിക്കണം. അതുപറയാനാ ഞങ്ങള്‍വന്നത്‌.'

`ഷുവര്‍. ടേറ്റ്‌ അറിയിച്ചാമതി. പിന്നെ സന്ധ്യയുംവേണം.'

`തീര്‍ച്ചയായും അവരെക്കൂടി കൊണ്ടുപോര്‌.' പിള്ളയാണ്‌ ക്ഷണിച്ചത്‌.

അവിടെനിന്ന്‌ ഇറങ്ങുമ്പോള്‍ മൂര്‍ത്തിക്ക്‌ പിന്നെയും സംശയം. `കളക്‌ട്ടറ്‌ പറഞ്ഞത്‌ സദ്യവേണമെന്നല്ലേ?'

`സദ്യപോലും സന്ധ്യ പോലും. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത്‌ മറന്നതുപോലെയായല്ലോ നമ്മുടെ ഗതി.'

`അതിനൊരു മാര്‍ഗമുണ്ട്‌.' മൂര്‍ത്തി നിര്‍ദ്ദേശിച്ചു. `ഓണസദ്യ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പറയാം; അന്നേരം നല്ല മൂഡിലായിരിക്കും.'

പക്ഷേ, പൂച്ചക്കാര്‌ മണികെട്ടും?

sam3nilam@yahoo.com
വര്‍മക്കാര്‌ മണികെട്ടും? (നര്‍മം: സാം നിലമ്പള്ളില്‍)
വര്‍മക്കാര്‌ മണികെട്ടും? (നര്‍മം: സാം നിലമ്പള്ളില്‍)
സാം നിലമ്പള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക