Image

ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ (കവിത - ഷോളി കുമ്പിളുവേലി )

ഷോളി കുമ്പിളുവേലി Published on 27 November, 2013
ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ (കവിത - ഷോളി കുമ്പിളുവേലി )
ബാക്കിവയ്ക്കണം വയലുകളല്പ-
മെങ്കിലും കാട്ടിക്കൊടുക്കുവാന്‍ എന്റെ മകളെ
ദിനവുമൂട്ടുന്ന നെല്ലും വയലുമെല്ലാം
അവളും കണ്ടറിഞ്ഞിരിക്കട്ടെ !

ബാക്കിവയ്ക്കണം കാടും മരങ്ങളും
കാറ്റും മഴയും തരുന്നൊരീ പ്രകൃതിയെ
ഏട്ടിലെ മനോജ്ഞമാം കഥകള്‍ക്കുമപ്പുറം
നാടിന്റെ പച്ച അവളുമൊന്നാസ്വദിക്കട്ടെ !

ബാക്കി വയ്ക്കണം പുഴകളും ചോലകളും
ഒരും തലമുറയ്ക്ക് ദാഹം തീര്‍ക്കുവാന്‍
മണല്‍ വാരി പുഴകൊള്ളയടിച്ച് , കൃഷിയിടമാകെ നിരത്തി
തലമുറയുടെ നേരവകാശം കൊന്നു മുടിക്കല്ലേ !

പൊന്‍വില നല്‍കാന്‍,കൊത്തിയെടുക്കാന്‍
താഴ്ന്നു പറപ്പൂ കഴുകന്‍മാര്‍
തട്ടിയെടുക്കും പല നില തീര്‍ക്കും
ചുടുകാടാക്കും വയലെല്ലാം !

മണ്ണും പെണ്ണും നാടിന്റെ മാനവും മാനവു-
മെല്ലാമവര്‍ കൊത്തിയെടുത്തു പറന്നു പോകും
ആരു ചോദിക്കുമാരുരക്ഷിക്കും,  എന്‍
രാജാവാണെങ്കില്‍ അനന്തശയനത്തിലും ! !

കാറ്റില്ല, മഴയില്ല, കുടിനീരുമില്ല
വനമില്ല, ശ്വസിക്കുവാന്‍ ശുദ്ധവായുമില്ല
വിളയില്ല, കേരവുമില്ലെന്റെ കേരളവുമില്ല
ഇനിയുമിത് ദൈവത്തിന്റെ സ്വന്തം നാടെന്നോ ? ?


ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ (കവിത - ഷോളി കുമ്പിളുവേലി )
Join WhatsApp News
വിദ്യാധരൻ 2013-11-27 16:55:17
വയലുകൾ പോയാലും മലകൾ നിരന്നാലും 
പച്ചിലചാർത്തു കരിഞ്ഞാലും 
കാടും തൊടികളും പാടെ നശിച്ചാലും
വന്നിറങ്ങണംജില്ലകൾ തോറുമേ 
ചിറകടിചെത്തുന്ന കൂറ്റൻ വിമാനങ്ങൾ
ഇരിക്കുന്ന കൊമ്പു മുറിക്കുന്ന മലയാളി 
മദ്യത്തിൻ ലഹരിയിൽ ആടിതിമിർക്കുമ്പോൾ 
തലമുറക്കായവർ പണം വാരികൂട്ടുമ്പോൾ
മറക്കുന്നവൻ കുഴിവെട്ടുകയാണെന്ന് 
വരുമൊരു തലമുറയെ കുഴിച്ചുമൂടാനായി 
കേഴുവാനല്ലാതെ കവികൾക്ക് കഴിയുമോ 
കേഴുക കവിയെ നീ  കേൾക്കട്ടെ ചെവിയുള്ളോർ 
കാണട്ടെ നിന്റെ മകളും  ആ കാഴ്ച 
നാടിനെ ഓർത്ത്‌ കരയുന്ന അച്ഛനെ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക