Image

നോക്കണേ ഒരു പാണന്‍ ഇല തന്‍ ശക്തി (കഥ: ആലീസ്‌ മാത്യു, ഒഹായോ)

Published on 26 November, 2013
നോക്കണേ ഒരു പാണന്‍ ഇല തന്‍ ശക്തി (കഥ: ആലീസ്‌ മാത്യു, ഒഹായോ)
വളരെ വര്‍ഷങ്ങള്‍ വിദേശത്തു താമസ്സിച്ചതുകൊണ്ടാവാം ഓരോ പ്രാവശ്യവും അവധി കഴിഞ്ഞ്‌ വന്നാലുടനെ അടുത്ത അവധി എന്നെടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌. നാട്ടിലെ തോടും, തോട്ടിലേക്ക്‌ ഇറങ്ങാനുള്ള ചവിട്ടുപടിയില്‍ ഇരുന്നുകൊണ്ട്‌ തെളിനീര്‍ ഒഴുകുന്ന തോട്ടിലെ പരല്‌ മീളനുകളേയും, കലംപരണ്ടകളെയും നോക്കി എത്ര നേരം ഇരുന്നാലും മതി വരില്ല. സ്വന്തം തൊടികളിലെ മാമ്പഴവും ചക്കയും ഒക്കെ അടര്‌ത്തി ഭക്ഷിക്കുമ്പോള്‍ ഉണ്ടാകാറുള്ള ആ സംതൃപ്‌തി ഒന്നും പറഞ്ഞറിയിക്കാന്‍ വയ്യ. അങ്ങനെഒരായിരും കാര്യങ്ങള്‍ ഉണ്ട്‌ നാട്ടില്‍ പോകാന്‍.

ഇപ്രാവശ്യം നാട്ടില്‍ ചെന്നയുടനെ പതിവുപോലെ തറവാട്ടില്‍ പോയി. കാര്‍ മുറ്റത്തു നിര്‌ത്തിയിട്ടു ഉടനെ ഞാന്‍ പഴയ കിണറിനരികത്ത്‌ നില്‌ക്കുന്ന പ്ലാവിന്‍ ചുവട്ടിലേക്ക്‌ ഓടി. എന്റെ പഴയ സുഹൃത്തായ ഒരു പാണന്‍ ചെടിയെ കാണാന്‍. എന്നാല്‍ ആ പ്ലാവിന്‍ ചുവട്ടിലെത്താന്‍ വഴിയൊന്നും കണ്ടില്ല. പപ്പയ്‌ക്കും മമ്മിക്കും പ്രായം ആയതിനാല്‍ ആ പ്രദേശം എല്ലാം കാടും പടലും പിടിച്ചു കിടന്നിരുന്നു. എങ്കിലും ഞാന്‍ ചൂരിദാറും ചെറുതായി പൊക്കിപ്പിടിച്ചു അങ്ങോട്ട്‌നടക്കുന്നതു കണ്ടപ്പോള്‍, എന്റെ ഹസ്‌ബന്‍ഡ്‌ ജോയിസ്‌ അമ്പരന്നു പോയി. ഞാന്‍ ഒരു വിധത്തില്‍ ആ പ്ലാവിന്‍ ചുവട്ടിലെത്തി അവിടെയെല്ലാം പരതി നോക്കി. എന്റെ പഴയ പാണന്‍ ചെടിയെ കാണാഞ്ഞപ്പോള്‍ എനിക്ക്‌ സങ്കടം വന്നു. ഞാന്‍ വീണ്ടും ചെറിയ കാടുകള്‍ വകഞ്ഞു മാറ്റി നോക്കിയപ്പോള്‍ ഒരു ചെറിയ പാണന്‍ ചെടി എന്നെ നോക്കി പൂഞ്ചിരിക്കുന്നു. അത്‌ എന്റെ പഴയ കുറ്റിച്ചെടി അല്ലായിരുന്നെങ്കിലും, ഏകദേശം ആ സ്ഥാനത്ത്‌ തന്നെ ഒരു പുതിയ ചെടി കണ്ടപ്പോള്‍ എനിക്ക്‌ സന്തോഷമായി.
ഞാന്‍ വേഗം ആ ചെടിയുടെ ചുറ്റുമുള്ള കാടും പുല്ലുമൊക്കെ പറിച്ചുമാറ്റിയിട്ടു, ഒരു കുടം വെള്ളവും ഒഴിച്ചിട്ടു തിരിച്ചു പോന്നു. ഞാന്‍ തിരികെ വീട്ടിലേക്കു വന്നപ്പോള്‍ പപ്പായും മമ്മിയും ജോയിസ്സും മൂക്കത്ത്‌ വിരലും വെച്ചു എന്നെ നോക്കി നില്‌ക്കുന്നു. അമേരിക്കയില്‍ നിന്നും വന്നിട്ട്‌ ഒരു ദിവസ്സമേ ആയിട്ടുള്ളു, യാത്രാക്ഷീണവും സമയ വ്യത്യാസവും കൊണ്ട്‌ എനിക്ക്‌ ബുദ്ധിമാന്ദ്യം വല്ലതും സംഭവിച്ചോ എന്നവര്‍ ഭയപ്പെട്ടു നില്‌ക്കയായിരുന്നെന്നു തോന്നുന്നു. പക്ഷെ ആരും ഭയപ്പെടേണ്ട, ഞാന്‍ പഴയതിലും നോര്‍മല്‍ ആണ്‌, എനിക്കും ആ പാണന്‍ ചെടിക്കും മറക്കാനാവാത്ത ഒരു രഹസ്യ കഥ ഉണ്ടല്ലോ.

മുപ്പത്തിയൊമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ ഞാന്‍ ജോയിസ്സിനെ പരിചയപ്പെടുന്നത്‌. ജോയിസ്സിന്റെ സഹോദരി ആനി എന്റെ കൂട്ടുകാരി ആയിരുന്നു. ഒരു പ്രാവശ്യം അവധി കഴിഞ്ഞ്‌ തിരിച്ച്‌ പോകുമ്പോള്‍ എറണാകുളം റെയിെേല്വ സ്‌റ്റേഷനില്‍ വെച്ചാണ്‌ ഞാന്‍ ആദ്യമായി ജോയ്‌സിനെ കണ്ടുമുട്ടിയത്‌. ആനിയോടോപ്പം ഞങ്ങള്‍ ആറു പെണ്‌കുകട്ടികള്‍ ഓരോ കാര്യങ്ങളും പറഞ്ഞ്‌ ചിരിച്ചുല്ലസ്സിച്ചു പോവുകയായിരുന്നു. ജോയിസ്സും ഞങ്ങളുടെ ഒപ്പം കോയമ്പത്തൂര്‍ വരെ ഉണ്ടായിരുന്നു.
വളരെ ചുരുങ്ങിയ സമയംകൊണ്ട്‌ ജോയിസ്‌ ഞങ്ങളെ എല്ലാവരെയും കയ്യിലെടുത്തു. പുള്ളിക്കാരന്റെ തമാശകള്‍ കലര്‌ന്ന വര്‌ത്തളമാനം ഞങ്ങളെയെല്ലാം വളരെ രസിപ്പിക്കുന്നതായിരുന്നതിനാല്‍ കോയമ്പത്തൂര്‍ സ്‌റ്റേഷന്‍ വന്നതറിഞ്ഞില്ല. ജോയിസ്‌ അവിടെ ഇറങ്ങി, ഞങ്ങള്‍ യാത്ര തുടര്‌ന്ന്‌ കാട്‌പാടി സ്‌റ്റേഷനിലും ഇറങ്ങി. രണ്ടു ദിവസ്സം കഴിഞ്ഞപ്പോള്‍, ആനിക്ക്‌ സഹോദരന്റെ എഴുത്ത്‌ വന്നതില്‍, എന്നെയും പ്രത്യേകം തിരക്കിയിരുന്നു.
അതുകൊണ്ട്‌ അവള്‍ എഴുതിയപ്പോള്‍, ഞാനും അതില്‍ രണ്ടു വരി എഴുതി. നാല്‌ ദിവസ്സത്തിനകം വീണ്ടും എന്റെ കൂട്ടുകാരിക്ക്‌ എഴുത്ത്‌ വന്നു, അതില്‍ സ്റ്റാമ്പ്‌ ഒട്ടിച്ച ഒരു കവറും ഉണ്ടായിരുന്നു. `ഈ കവര്‍ ആലീസ്സിനു കൊടുത്തിട്ട്‌ എനിക്ക്‌ നേരിട്ട്‌ എഴുതാന്‍ പറയണം' എന്നൊരു കുറിപ്പും അതോടൊപ്പം. അതെന്നെ ശരിക്കും ചൊടിപ്പിച്ചു, ഞാന്‍ അതിനു മറുപടി എഴുതി. പിന്നെ കത്തുകളുടെ ഒരു പ്രവാഹമായിരുന്നു, തികച്ചും ഒരു സഹോദരീ സഹോദര ബന്ധം മാത്രം. ജോയിസിന്റെ ഓരോ എഴുത്ത്‌ വരുമ്പോഴും, അടുത്ത ദിവസം തന്നെ ഞാനും മറുപടി എഴുതുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ എഴുത്തുകള്‍ അത്ര രസകരമായിരുന്നു.. ആ സമയം ഞാന്‍ രണ്ടാം വര്‌ഷം നേഴ്‌സിങ്ങിനു പഠിക്കയായിരുന്നു. ഞങ്ങള്‍ മുടങ്ങാതെ കത്തുകള്‍ എഴുതിക്കൊണ്ടേയിരുന്നു, ആഴ്‌ചയില്‍ രണ്ടും മൂന്നും എഴുത്തുകള്‍ എനിക്ക്‌ കിട്ടിക്കൊണ്ടിരുന്നപ്പോള്‍, കൂട്ടുകാരിക്ക്‌ മാസത്തില്‍ ഒന്നോ രണ്ടോ വന്നാലായി. പക്ഷെ ഞാനും അവളും കൂടെയായിരുന്നു എല്ലാ കത്തുകളും വായിച്ചിരുന്നതും. തികച്ചും പരിപാവനമായ ബന്ധം. സത്യം പറഞ്ഞാല്‍ ഒരിക്കലും എന്റെ മനസ്സില്‍ പ്രേമം എന്ന വികാരം തോന്നിയിരുന്നില്ല. ഞാന്‍ ജോയിസ്സിനു മുടങ്ങാതെ കത്തെഴുതാന്‍ മറ്റൊരു കാര്യവും കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിനു ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു കാലിനു സ്വാധീനം നഷ്ടപ്പെട്ടതിനാല്‍ നടക്കുവാന്‍ സ്വല്‌പം ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റൈ എഴുത്തുകളില്‍ അതിന്റെ വേദനകളും നിഴലിച്ചിരുന്നതിനാല്‍, അതിനെ സ്വാന്തനിപ്പിക്കുന്ന രീതിയില്‍ എന്റെ മറുപടികളില്‍ ഞാനും എഴുതിയിരുന്നു.

അങ്ങനെരണ്ടു വര്‍ഷങ്ങള്‍ കൂടി കടന്നുപോയി.ഞാന്‍ നേഴ്‌സിങ്‌ ഡിസ്റ്റിംഗ്‌ഷനോടെ പാസ്സായി. അതിന്റെ അടുത്ത ആഴ്‌ചയില്‍ എനിക്ക്‌ ജോയിസ്സിന്റെ ഒരു കത്ത്‌ വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു, `Are you still in your sister's uniform?' എന്ന്‌. ആ വാചകം വായിച്ചപ്പോള്‍ ആദ്യം എനിക്ക്‌ നല്ല ദ്വേഷ്യം തോന്നി. കാരണം അപ്പോഴും ഞാന്‍ അദ്ദേഹത്തെ എന്റെ സഹോദരനെപ്പോലെ മാത്രമേ കണ്ടിരിന്നുള്ളൂ. അടുത്ത വാചകം ഇങ്ങിനെ ആയിരുന്നു. lay men like we call nurses as sisters when they are in their white uniforms..?. അതിനു സംശയ നിവര്‍ത്തിക്കായി ഞാന്‍ മറുപടി എഴുതി. ജോയിസ്‌ പിന്നെ അതിനെക്കുറിച്ച്‌ ഒന്നും ഉടനെ പറഞ്ഞില്ല.

പിന്നെയും മാസ്സങ്ങള്‍ കടന്നുപോയി. ഞാന്‍ പഴയതുപോലെ എഴുതിത്തുടങ്ങി. ജോയിസ്‌ കേന്ദ്ര ഗവണ്മെന്റില്‍ ഓഡിററ്‌ വിഭാഗത്തില്‍ ജോലിയായിരുന്നതിനാല്‍ പലപ്പോഴും യാത്രകളില്‍ ആയിരുന്നു. ഒരു ദിവസം ജോയ്‌സ്‌ ഇങ്ങിനെ എഴുതി, `ഞാന്‍ ബാംഗ്ലൂറിനു പോവുകയാണ്‌, കുട്ടി വരുന്നോ? ദൈവം എന്നോട്‌ വലിയ ക്രൂരവിനോദം ചെയ്‌തു. ഏതു പെണ്‍കുട്ടി എന്റെ കൂടെ വരാനാണ്‌?' ആ വാക്കുകളിലെ വേദന എന്റെ ഹൃദയത്തില്‍ വല്ലാതെ സ്‌പര്‌ശിച്ചു. അതിനു ഞാന്‍ നീണ്ട ഒരു സ്വന്തന മറുപടി എഴുതി. രണ്ടു പേര്‍ക്കും സന്തോഷം.

പിന്നെയുള്ള കത്തുകളില്‍ അദേഹം സഹോദരസ്ഥാനത്തുനിന്നും പയ്യെ മാ
റുന്നുവെന്നു തോന്നി. ഞാന്‍ ആകെ ധര്‌മ്മിസങ്കടത്തിലായി. എന്താണിത്‌? പ്രേമത്തിന്റെ തുടക്കമാണോ? ഞാന്‍ എന്ത്‌ മറുപടികളാണ്‌ എഴുതേണ്ടത്‌? വീടിലെ ആറു മക്കളില്‍ മൂത്ത കുട്ടിയാണ്‌ ഞാന്‍. മുപ്പത്തിയൊമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാര്യങ്ങള്‍ ആലോചിക്കാവുന്നതല്ലേ! ഞാന്‍ ജോയിസിനെ പ്രേമിക്കുന്നുവെന്ന്‌ വീട്ടില്‍ അറിഞ്ഞാല്‍ ഉള്ള സ്ഥിതി എനിക്ക്‌ ഓര്‌ക്കാ്യന്‌പോലും വയ്യായിരുന്നു.

ആ പ്രാവശ്യം അവധിക്കു വന്നപ്പോള്‍ മുഴുവന്‍ സമയവും ഞാന്‍ എന്റെ മുറിയില്‍ കയറി കതകടച്ച്‌ ഒരു പുസ്‌തകവും എടുത്തുവെച്ചു ആലോചനയില്‍ ആയിരുന്നു. മമ്മി പല പ്രാവശ്യം എന്നോട്‌ ചോദിച്ചു, `നിന്റെ പഠിത്തം കഴിഞ്ഞപ്പോഴാണോ നിനക്ക്‌ വായന കൂടിയതെന്ന്‌'. വാസ്‌തവത്തില്‍ ഞാന്‍ വായനയില്‍ ഒന്നുമല്ലായിരുന്നു. ജോയിസ്സിനു എന്നോട്‌ പ്രേമം ആണെങ്കില്‍ എന്ത്‌ മറുപടി പറയും എന്ന ചിന്തയില്‍ ആയിരുന്നു ഞാന്‍. `വിധിയുടെ വേദനയോടൊപ്പം ഞാനും കൂടി കൂടുതല്‍ വേദനിപ്പിക്കണോ', എത്ര ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടിയില്ല. അദ്ദേഹത്തെ പ്രേമി
ച്ചാലും വിവാഹം കഴിച്ചാലും ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ആലോചിച്ച്‌ എന്റെ ഒരു മാസം അവധിയും തീരാറായി. ഒത്തിരി കൂട്ടലും കിഴിക്കലും നടത്തിയ ശേഷം, ദൈവത്തോട്‌ തന്നെ ചോദിക്കാമെന്നു വിചാരിച്ചു.

അപ്പോഴാണ്‌ ഞങ്ങള്‍ ചെറിയ കുട്ടികള്‍ ആയിരുന്നപ്പോള്‍ ചെയ്യാറുണ്ടായിരുന്ന ഒരു കാര്യം ഓര്‌ത്തതത്‌. സ്‌കൂളില്‍ പോകുമ്പോള്‍ അധ്യാപകരുടെ അടി കിട്ടാതിരികാന്‍ ഞങ്ങള്‍ ഒരു പാണന്‍ ചെടിയെ ഒരു നൂലുകൊണ്ട്‌ കെട്ടിയിട്ടു അതിനോട്‌ പറയും `ഇന്നു അടി കിട്ടരുത്‌, അല്ലെങ്കില്‍ പാണലിനെ വെട്ടിഞ്ഞുറുക്കി തോട്ടില്‍ കലക്കും, അഥവാ പറഞ്ഞത്‌ കാര്യം സാധിച്ചുതന്നാല്‍, കെട്ട്‌ അഴിച്ചു വിട്ടു ഒരു കുടം വെള്ളവും ഒഴിച്ചേക്കാം' എന്ന്‌. അങ്ങിനെ ചെയ്‌തപ്പോള്‍ എല്ലാം ആഗ്രഹിച്ചതുപോലെ സംഭവിച്ചിട്ടുമുണ്ട്‌. പാണന്‍ ഒരു സത്യമുള്ള ചെടിയാണെന്ന്‌ പഴമക്കാര്‌ പറഞ്ഞിരുന്നതും ഓര്‌ത്തിരുന്നു. ഇതിനെ എല്ലാം സ്‌മരിച്ചുകൊണ്ട്‌, പ്രേമിക്കണോ വേണ്ടായോ എന്ന്‌ തീരുമാനിക്കാന്‍ ഒരു പാണന്‍ ഇല പറിച്ചിട്ടു നോക്കാം എന്ന്‌ ഞാന്‍ വിചാരിച്ചു. പാണന്‍ ഇല മലര്‍ന്നു വീണാല്‍ പ്രേമിക്കാം, അഥവാ കമഴ്‌ന്നു വീണാല്‍ പ്രേമിക്കണ്ട. അങ്ങനെ വേദപുസ്‌തകം എടുത്തു വായിച്ചതിനു ശേഷംഞാന്‍ കണ്ണ്‌ അടച്ചു പിടിച്ച്‌ ഒരു പാണന്‍ ഇല മേല്‌പോട്ട്‌ ഇട്ടിട്ടു പയ്യെ കണ്ണ്‌ തുറന്നു നോക്കി. `ദാ, ഇല ഇതാ മലര്‌ന്നുവ വീണിരിക്കുന്നു'. അപ്പോള്‍ ഒരു ചെറിയ കള്ളപ്പുഞ്ചിരി എന്റെ ചുണ്ടില്‍ വിടര്‌ന്നത്‌ ഞാന്‍ ഇപ്പോഴും ഓര്‌ക്കുന്നു. അങ്ങനെ `ജോയിസ്സിനു എന്നോട്‌ പ്രേമം എന്ന പറഞ്ഞാല്‍, ധൈര്യമായി അങ്ങ്‌ പ്രേമിച്ചേക്കാം' എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു.

പിറ്റേ ദിവസ്സം ഞാന്‍ തിരിച്ചു പോകുമ്പോള്‍ ജോയിസ്സും എന്നോടൊപ്പം കോട്ടയത്തു നിന്നും കോയമ്പത്തൂരു വരെ ഉണ്ടായിരുന്നു. എന്നും കിലുക്കാം പെട്ടിപോലെ നിര്‍ത്താതെ സംസാരിക്കുന്ന ഞാന്‍ ആകെ മൗനത്തിലായിരുന്നു, ചിന്തകളില്‍ ആയിരുന്നുവെന്ന്‌ പറയുന്നതാവാം ശരി. തൃശൂരും പാലക്കാട്ടും കടന്നുപോകുമ്പോഴോന്നും ജോയിസ്‌ ഒരു സൂചനയും തരാതെ മറ്റു പലതും സംസാരിച്ചുകൊണ്ടിരുന്നതിനാല്‍, മനസ്സില്‍ നേരിയ ആശ്വാസം തോന്നി. അദ്ദേഹത്തിന്‌ പ്രേമം ഇല്ലെങ്കില്‍ രക്ഷപെട്ടു, വലിയൊരു മാനസിക സംഘര്‌ഷത്തില്‍ നിന്നും സ്വതന്ത്രമായല്ലോ എന്നും കരുതി. കാരണം നേഴ്‌സിങ്ങില്‍ ഏറ്റവും ഉയര്‌ന്ന്‌ പദവിയില്‍ എത്തണമെന്ന ആഗ്രഹവും കൊണ്ടാണ്‌, ബി എസ്‌ സീയുടെ രണ്ടാം വര്‌ഷം പഠിക്കുമ്പോള്‍ നേഴ്‌സിങ്ങിനു പോയത്‌. പക്ഷെ എന്റെ പ്രതീക്ഷക്ക്‌ വിപരീതമായി, കോയമ്പത്തൂര്‍ സ്‌റ്റേഷനില്‍ ജോയിസ്‌ ഇറങ്ങുമ്പോള്‍ ഒരു കവര്‍ എന്റെ കയ്യില്‍ തന്നു, ഇരുപത്തിയൊന്നു പേജുള്ള ഒരു ലെറ്റര്‍, തന്റെ പ്രേമം വിശദമായി പ്രകടിപ്പിച്ചുകൊണ്ട്‌ തന്നെ!. പ്രേമിക്കാന്‍ സിഗ്‌നല്‍ കിട്ടിയ സ്ഥിതിക്ക്‌, രണ്ടും കല്‌പ്പി്‌ച്ച്‌ പ്രേമിക്കാന്‍ തന്നെ തീരുമാനിച്ചു. ആ തീരുമാനത്തിന്റെ കാരണം ഇതായിരുന്നു, `ഒരു പക്ഷെ വലിയ സുന്ദരനും അരോഗദൃഡഗാത്രനുമായ ഒരാളെ കല്യാണം കഴിച്ച്‌, ഒരു അപകടത്തിലോ രോഗത്തിലോ അയാളുടെ കയ്യോ കാലോ ബലഹീനമായാല്‍, ആ കാരണംകൊണ്ട്‌ അയാളെ ഉപേക്ഷിക്കാന്‍ പറ്റുമോ? നേരെ മറിച്ച്‌, നടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍ക്ക്‌ ഒരു ഊന്നുവടി ആകുന്നതല്ലേ മഹല്‍ കാര്യം'.

അങ്ങനെ നാല്‌ വര്‍ഷത്തെ കൊടുമ്പിരികൊണ്ട പ്രേമം. ആദ്യം എന്റെ വീട്ടുകാര്‍ എതിര്‌ത്തെങ്കിലും, ഞാന്‍ പിന്തിരിയില്ലെന്ന്‌ അറിയാമായിരുന്നത്‌ കൊണ്ട്‌, വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. വളരെ സന്തോഷകരമായ ഒരു ജീവിതം ദൈവം തന്നു ഞങ്ങളെ വളരെയധികം അനുഗ്രഹിച്ചു. ജോയ്‌സ്സിനു കാല്‍ വയ്യാത്തതുകൊണ്ട്‌ വീട്ടിലെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെ വേണം ചെയ്യാന്‍. പക്ഷേ, അതൊക്കെ ചെയ്യാന്‍ ദൈവം എനിക്ക്‌ ശക്തി തരുന്നു. വിഷമങ്ങളും പ്രയാസങ്ങളും തരണം ചെയ്യാന്‍ ദൈവം സഹായിച്ചു. ഞങ്ങള്‌ക്ക്‌ സുന്ദരനായ ഒരു മോന്‍ ഉണ്ട്‌. മോന്‌ നല്ല ഒരു മലയാളി കുട്ടിയെ തന്നെ ഭാര്യയായി കിട്ടി.
എല്ലാം ദൈവ കൃപ. ഇന്ന്‌ മുപ്പത്തിനാലാം വിവാഹവാര്‌ഷികത്തിന്റെ നിറവില്‍, കുറെ ആഴ്‌ചകള്‌ക്കുള്ളില്‍ ഞങ്ങള്‍ മുത്തച്ചനും മുത്തശ്ശിയും ആകാനുള്ള ആകാംക്ഷയിലാണ്‌. ഇത്രയും സ്‌നേഹവാനായ ഒരു ഭര്‌ത്താവിനെ തിരഞ്ഞെടുക്കാന്‍ സഹായിച്ച പാണന്‍ ഇലയോടും ഒരു വാക്ക്‌ `നന്ദി'.
നോക്കണേ ഒരു പാണന്‍ ഇല തന്‍ ശക്തി (കഥ: ആലീസ്‌ മാത്യു, ഒഹായോ)നോക്കണേ ഒരു പാണന്‍ ഇല തന്‍ ശക്തി (കഥ: ആലീസ്‌ മാത്യു, ഒഹായോ)
Join WhatsApp News
Alice Mathew 2013-12-06 14:38:13
good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക