Image

മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 25 November, 2013
മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
തെക്കുംകൂറിന്റെ രാജധാനിയായിരുന്ന കോട്ടയം ജില്ലയിലെ വെന്നിമലക്കുന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനിച്ചുവളര്‍ന്ന പുതുപ്പള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡാണ്‌. വാര്‍ഡ്‌ മെംബര്‍ ജെസിമോളെ ഒന്നു കാണാന്‍ മുഖ്യമന്ത്രിയുടെ ഞായറാഴ്‌ചത്തെ ദര്‍ബാറിനുതന്നെ പോകേണ്ടിവന്നു. ജനങ്ങളെ നേരിട്ടു കണ്ട്‌ ആവലാതികള്‍ കേട്ടു പരിഹരിക്കുന്നതിന്‌ രാജാക്കന്മാര്‍ നടത്തിവന്നിരുന്ന പരിപാടിയാണ്‌ ദര്‍ബാര്‍. എറണാകുളം നഗരമധ്യത്തില്‍ കൊച്ചി മഹാരാജാവിന്റെ ദര്‍ബാര്‍ ഹാള്‍ ഓര്‍ക്കുക. തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റിന്‌ ഉള്ളിലുമുണ്ട്‌ ഒരു ദര്‍ബാര്‍ ഹാള്‍.

പുതുപ്പള്ളി ടൗണില്‍നിന്ന്‌ അഞ്ചു മിനിറ്റ്‌ നടക്കാനേയുള്ളൂ ഉമ്മന്‍ചാണ്ടിയുടെ കരോട്ടു വള്ളക്കാലില്‍ എന്ന ഓടുമേഞ്ഞ തറവാട്ടുവീട്ടിലെത്താന്‍. അനുജന്‍ അലക്‌സും പത്‌നി ലൈലയുമാണ്‌ അവിടെ സ്ഥിരതാമസം. ചേട്ടന്‍ വാരാന്ത്യത്തിലെത്തും. ഞായറാഴ്‌ച ഇടവകയായ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ കുര്‍ബാനയ്‌ക്കു പോകും. പിന്നെ വീട്ടില്‍ സന്ദര്‍ശകരെ കാണും; അത്രതന്നെ. പക്ഷേ, ഇത്തവണ എണ്ണിയാലൊടുങ്ങാത്ത പുരുഷാരമുണ്ടായിരുന്നു വീട്ടുമുറ്റത്ത്‌. നാടാകെ കൊണ്ടുപിടിച്ചു നടത്തുന്ന ജനസമ്പര്‍ക്കത്തിന്റെ ഒരു കേളികൊട്ടു പോലെ തോന്നി.

ഹൈറേഞ്ചില്‍നിന്ന്‌ അര്‍ധരാത്രിക്കുള്ള ബസുപിടിച്ചെത്തിയ വയോവൃദ്ധന്മാരും അമ്മമാരും പെണ്‍മക്കളുമൊക്കെ മണല്‍ വിരിച്ച മുറ്റത്തെ തേന്മാവിന്റെ തണലില്‍ ക്യൂ നിന്നു. ഒളിച്ചും പാത്തും കഴിയുന്ന ഇടവപ്പാതിയുടെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യന്റെ തീജ്വാലകളേറ്റ്‌ പലരുടെയും ദേഹത്ത്‌ വിയര്‍പ്പുചാലൊഴുകി. നിലയ്‌ക്കല്‍ പള്ളിയില്‍ രണ്ടാമത്തെ കുര്‍ബാനയുടെ പാട്ട്‌: ``ഞാന്‍ സത്യപ്രഭയെന്നുടയോന്‍...'' ഒഴുകിവരുന്നതിനിടയില്‍ മുഖ്യമന്ത്രി എത്തി. അദ്ദേഹം അകത്തേക്കു പോകാതെ ക്യൂ നില്‍ക്കുന്നവരുടെ ഇടയിലേക്കു കയറി. ജനങ്ങള്‍ അദ്ദേഹത്തെ പൊതിഞ്ഞു. പരാതികളെഴുതിയ കടലാസുകള്‍ക്കിടയില്‍ ആ മുഖം മറഞ്ഞു. എങ്കിലും മുഖ്യന്റെ സജീവ സഹചാരിയും ഡി.സി.സി മെമ്പറും എല്ലാറ്റിനുമുപരി എന്റെ ക്ലാസ്‌മേറ്റുമായ എന്‍.എ. പങ്കജാക്ഷനെ ഞാന്‍ തിരിച്ചറിഞ്ഞു.

അക്കൂട്ടത്തില്‍നിന്ന്‌ നാലാം വാര്‍ഡുകാരി ജെസിമോളെ കണ്ടുപിടിക്കുക ദുഷ്‌കരമായിരുന്നു. പക്ഷേ, ജനങ്ങളെ തൊട്ടറിഞ്ഞു പരിചയമുള്ള മെംബര്‍ എന്നെ വേഗം തിരിച്ചറിഞ്ഞു. പുതുപ്പള്ളി പഞ്ചായത്തിന്റെ പ്രസിഡന്റായി മൂന്നുവര്‍ഷം ഭരിച്ചശേഷം കോണ്‍ഗ്രസിലെതന്നെ ശശികലയ്‌ക്കുവേണ്ടി സ്ഥാനമൊഴിഞ്ഞുകൊടുത്തിട്ട്‌ ദിവസങ്ങളേ ആയിട്ടുള്ളൂ.

``തെക്കുംകൂറിന്റെ മഹാറാണിയാണല്ലേ...?'' എന്ന എന്റെ ചോദ്യം ജെസിമോളെ അല്‌പം അലോസരപ്പെടുത്തിയെന്നു തോന്നി. ``ഞാന്‍ മഹാറാണിയൊന്നുമല്ല. എന്റെ വാര്‍ഡിലെ നൂറ്റുക്കു തൊണ്ണൂറു ശതമാനം പേരും കൂലിപ്പണിക്കാരാണ്‌. മൂന്നു സെന്റോ വീടോ സ്വന്തമായി ഇല്ലാത്തവര്‍ വരെ അക്കൂട്ടത്തിലുണ്ട്‌. അവരുടെ ഇടയിലെ ഒരു സാധാരണക്കാരിയാണു ഞാന്‍. അതുകൊണ്ട്‌ അവരുടെ ആവലാതി പുതുപ്പള്ളിക്കാരനായ എന്റെ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കാനാണു ഞാന്‍ വന്നത്‌.'' നാല്‌പത്തിമൂന്നുകാരിയായ ജെസിമോള്‍ ചുറുചുറുക്കോടെ നിലപാട്‌ വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ മണ്‌ഡലത്തില്‍ അദ്ദേഹത്തിന്റെ വലംകൈയാണ്‌ ജെസിമോള്‍. ഇടതുപക്ഷത്തിന്റെ സിന്ധു ജോയിയെയും സുജ സൂസന്‍ ജോര്‍ജിനെയും നേരിടുന്നതില്‍ ചാണ്ടിക്ക്‌ കൂട്ടായി നിന്നയാള്‍.

വെന്നിമല, വള്ളിമല, മലകുന്നം തുടങ്ങിയ മലകള്‍ ഉള്‍പ്പെടുന്നതാണ്‌ ജെസിമോളുടെ വാര്‍ഡ്‌ നമ്പര്‍ 4. റിക്കാര്‍ഡ്‌ പ്രകാരം 520 കുടുംബങ്ങള്‍, 1500 പേര്‍. പക്ഷേ, യഥാര്‍ത്ഥത്തില്‍ 1218 പേരേയുള്ളൂ. കണക്കെടുപ്പിനുശേഷം കുറേപ്പേര്‍ മരിച്ചുപോയി, കുറേപ്പേര്‍ സ്ഥിരമായി സ്ഥലംവിട്ടു.

പഴയ രാജധാനി നിലകൊണ്ടിരുന്ന ശ്രീരാമ-ലക്ഷ്‌മണ ക്ഷേത്രത്തിനു ചുറ്റുമായി 82 വീടുകളുണ്ട്‌. കോട്ടയം-കുമളി നാഷണല്‍ ഹൈവേയില്‍ ഏഴാംമൈലില്‍നിന്നു നടന്നുപോയാല്‍ അര മണിക്കൂറെടുക്കും. പുതുപ്പള്ളിയില്‍നിന്ന്‌ അഞ്ചു കിലോമീറ്റര്‍ പോയി പയ്യപ്പാടിയിലെത്തിയാല്‍ ശബരിമലയ്‌ക്കോ മലയാറ്റൂര്‍ക്കോ കയറുന്നതുപോലെ ഇടവിട്ടിടവിട്ട്‌ നടവരി പണിത കുറുക്കുവഴിയുണ്ട്‌. ആ വഴിക്കും അര മണിക്കൂര്‍.

നടകയറി പകുതിയായപ്പോള്‍ കണ്ടു, പത്ത്‌ കുഞ്ഞോമനകളുള്ള ഒരു ആംഗന്‍വാടി. അമ്പലത്തിനടുത്ത്‌ പഞ്ചായത്ത്‌ പണികഴിപ്പിച്ച ഷഡ്‌കാല ഗോവിന്ദമാരാര്‍ സ്‌മാരകത്തിലായിരുന്നു ഇതുവരെ.

``എന്തൊരോ ഭവാലു...'' എന്ന പ്രശസ്‌ത ത്യാഗരാജ കൃതി പാടി തെക്കുംകൂര്‍ രാജാവിനെ വിസ്‌മയംകൊള്ളിച്ച മാരാര്‍ ജന്മംകൊണ്ട്‌ രാമമംഗലത്തും കര്‍മംകൊണ്ട്‌ വെന്നിമലയിലും ഉള്ള ആളായിരുന്നു. രണ്ടിടത്തും സ്‌മാരകങ്ങളുമുണ്ട്‌. വെന്നിമലയിലെ സ്‌മാരകം കാടുപിടിച്ച്‌, പട്ടി പെറ്റു കിടക്കുന്നു. മുമ്പൊക്കെ ഗ്രാമസഭ കൂടുമായിരുന്നു. വെറുതെ കിടന്നു നശിക്കാനായിരിക്കും വിധി. സാമൂഹികക്ഷേമ ബോര്‍ഡ്‌ പണികഴിപ്പിച്ച പുതിയ ആംഗന്‍വാടിയില്‍ കറന്റ്‌ കണക്‌ഷനായിട്ടില്ല. കുഞ്ഞുങ്ങള്‍ക്ക്‌ ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു ടീച്ചര്‍ രാധാമണിയും സഹായി റേച്ചലും. മൂന്നുമണിക്കു കൊടുക്കാനുള്ള പായസം തിളച്ചുവരുന്നു; ഞങ്ങള്‍ക്കും കിട്ടി ഓരോ ഗ്ലാസ്‌.

``ഒരുകാലത്ത്‌ രാജധാനിയായിരുന്നു. പക്ഷേ, ഇവിടേക്ക്‌ ഒരു ബസുപോലും ഇല്ല'' -ക്ഷേത്രത്തിനു മുമ്പില്‍ 43 വര്‍ഷമായി ഭാര്യയുടെ പേരില്‍ `ലീലാ സ്റ്റോര്‍' നടത്തുന്ന എ.കെ. രാഘവന്‍പിള്ള (76) പറഞ്ഞു. ക്ഷേത്രത്തില്‍ ലക്ഷ്‌മണനാണു പ്രതിഷ്‌ഠ. സ്വയംഭൂ ആയി ശ്രീരാമനുമുണ്ട്‌. പ്രത്യേക സിദ്ധികളുള്ള ഈശ്വരചൈതന്യം ദര്‍ശിക്കാന്‍ ദൂരെനിന്നു പോലും ആളുകള്‍ പ്രവഹിക്കുന്നു. ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ അനുവദിച്ചിരുന്നത്‌ കുറേക്കാലമായി കാണുന്നതേയില്ല.

ക്ഷേത്രവൃത്തികളോടു ബന്ധപ്പെട്ടാവണം കുറേ വാര്യങ്ങള്‍ ചുറ്റുവട്ടത്തുണ്ട്‌. മറ്റൊരു അയല്‍വാസി, മാവേലിക്കരനിന്നു ചിത്രമെഴുത്തു പഠിച്ച്‌ അധ്യാപകനായിരുന്ന സി.ആര്‍. പുരുഷോത്തമ പിഷാരടി. 86 വയസായി. റോഡിനു വീതികൂട്ടിയപ്പോള്‍ അദ്ദേഹം ഉള്ളിലേക്കു വലിച്ചുവച്ച മതില്‍ക്കെട്ടിനു നടുവില്‍ ഒരു പടിപ്പുര സ്ഥാപിക്കുന്ന തിരക്കിലായിരുന്നു.

ജെസിമോളുടെ വാര്‍ഡിന്‌ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു സ്ഥാപനം അടുത്തകാലത്ത്‌ വെന്നിമലയില്‍ ഉയര്‍ന്നിട്ടുണ്ട്‌ - ഗുരുദേവ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി (ജിസാറ്റ്‌) എന്ന പുതുപുത്തന്‍ എന്‍ജിനീയറിംഗ്‌ കോളജ്‌. നാലു ബ്രാഞ്ചുകളിലായി വിദ്യാര്‍ത്ഥിനീ- വിദ്യാര്‍ത്ഥികള്‍, 80 അധ്യാപകര്‍. അതില്‍ പത്തു ശതമാനം പേര്‍ റിട്ടയര്‍ ചെയ്‌ത പ്രഗത്ഭമതികളാണ്‌. കുസാറ്റില്‍നിന്നു വന്ന കെമിക്കല്‍ എന്‍ജിനീയര്‍ ഡോ. ഫിലിപ്പ്‌ കുര്യനാണു പ്രിന്‍സിപ്പല്‍. മനോഹരമായി രൂപകല്‌പന ചെയ്‌ത കാമ്പസ്‌ സജീവം. ഒന്നാന്തരം കാന്റീന്‍, ഓരോ നിരപ്പിലും കഫറ്റേറിയ, പുതിയ ഹോസ്റ്റല്‍ മന്ദിരങ്ങളും ഓഡിറ്റോറിയവും തീര്‍ന്നാല്‍ ജിസാറ്റ്‌ മലമുകളിലെ ഒരു ഇന്ദ്രപുരിയായി മാറും.

വാര്‍ഡ്‌ നാലിലെ ദരിദ്രനാരായണന്മാരില്‍ കുറേപ്പേര്‍ക്കെങ്കിലും കോളേജില്‍ ജോലി കിട്ടിയിട്ടുണ്ട്‌. വലിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഒരവസരവും - ജെസിമോള്‍ പ്രതീക്ഷയിലാണ്‌.
മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)മുഖ്യമന്ത്രിയുടെ ദര്‍ബാറില്‍ ദരിദ്രനാരായണന്‍മാര്‍ക്ക്‌ ഒരു മഹാറാണി (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക