Image

ബ്രിട്ടനും ഓസ്‌ട്രേലിയയും സ്റ്റുഡന്റ്‌സ്‌ വിസയ്‌ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

Published on 26 October, 2011
ബ്രിട്ടനും ഓസ്‌ട്രേലിയയും സ്റ്റുഡന്റ്‌സ്‌ വിസയ്‌ക്ക്‌ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
ലണ്ടന്‍/സിഡ്‌നി: ബ്രിട്ടനും ഓസ്‌ട്രേലിയയും വിദ്യാര്‍ഥിവിസയുടെ കാര്യത്തില്‍ കര്‍ക്കശ നിലപാട് കൈക്കൊള്ളുന്നത് ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു. വിസ അനുവദിക്കുന്നതിന് ഇന്ത്യയിലെ 1900 ബാങ്കുകള്‍ നല്‍കുന്ന സാക്ഷ്യപത്രം സ്വീകാര്യമല്ലെന്നാണ് ബ്രിട്ടനിലെ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. 15,000 വിദ്യാര്‍ഥിവിസകള്‍ ഓസ്‌ട്രേലിയ റദ്ദാക്കിയതും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികളെ.

ബ്രിട്ടനില്‍ വിദ്യാഭ്യാസത്തിനായി പോവുന്ന കുട്ടികളുടെ പേരില്‍ പഠനകാലയളവിലെ ചെലവിന് ആവശ്യമായ തുക മുന്‍കൂര്‍നിക്ഷേപിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇന്ത്യയിലെ സഹകരണ, അര്‍ബന്‍ സഹകരണബാങ്കുകള്‍ ഇതുസംബന്ധിച്ചു നല്‍കുന്ന സാക്ഷ്യപത്രങ്ങള്‍ അംഗീകരിക്കേണ്ടെന്നു തീരുമാനിച്ച ബ്രിട്ടന്‍ തങ്ങള്‍ക്ക് സ്വീകാര്യമായ 85 ബാങ്കുകളുടെ പട്ടിക ചൊവ്വാഴ്ച പുറത്തിറക്കി.

ബഹുരാഷ്ട്രബാങ്കുകളോ ബ്രിട്ടീഷ് ബാങ്കുകളുമായി ഇടപാടുള്ള ദേശീയബാങ്കുകളോ കോര്‍ ബാങ്കിങ് സംവിധാനമുള്ള ദേശീയ-സംസ്ഥാനബാങ്കുകളോ ആവണം ഇനിമുതല്‍ സാക്ഷ്യപത്രം നല്‍കേണ്ടതെന്നാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധന. ഇതോടെ, ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷം ബാങ്കുകളും പട്ടികയില്‍നിന്ന് പുറത്തായി. വിദ്യാര്‍ഥികള്‍ക്ക് മതിയായ നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ബാങ്കുകളുടെ എണ്ണം നിജപ്പെടുത്തുന്നതെന്നാണ് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്.

ഓസ്‌ട്രേലിയ 15,066 വിദ്യാര്‍ഥി വിസകളാണ് കഴിഞ്ഞ ഒരു കൊല്ലത്തിനിടെ റദ്ദാക്കിയത്. പരീക്ഷയില്‍ പരാജയപ്പെട്ട 3624 വിദ്യാര്‍ഥികളുടെയും പഠനകാലാവധി കഴിഞ്ഞ 2235 വിദ്യാര്‍ഥികളുടേതുമുള്‍പ്പെടെയുള്ള വിസകളാണ് റദ്ദാക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനത്തിന്റെ വര്‍ധനയാണിത്. ഓസ്‌ട്രേലിയയിലെ വിദേശവിദ്യാര്‍ഥികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യയില്‍നിന്നാണ്. മൂന്നരലക്ഷത്തോളം വിദേശവിദ്യാര്‍ഥികളാണ് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളിലും തൊഴിലധിഷ്ഠിതസ്ഥാപനങ്ങളിലുമായി പഠിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക