Image

സേവനത്തിന്റെ പാത തുറന്ന ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌

emalayalee exclusive Published on 02 December, 2013
സേവനത്തിന്റെ പാത തുറന്ന ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌
ന്യൂയോര്‍ക്ക്‌: പതിനെട്ടുവര്‍ഷം മുമ്പ്‌ ലാലി കളപ്പുരയ്‌ക്കലും ഏതാനും വനിതകളും മുന്നിട്ടിറങ്ങി രൂപംകൊടുത്ത ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ ധനസമാഹരണ ഡിന്നറും കലാവിരുന്നും നിരവധി സുമനസുകളുടെ സാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമായി. ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു എന്നിവരായിരുന്നു മുഖ്യാതിഥികള്‍.

ആമുഖ പ്രസംഗം നടത്തിയ പ്രസിഡന്റ്‌ മാത്യു സിറിയക്‌ മഠത്തിക്കുന്നേല്‍ സംഘനടയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ക്വീന്‍സിലെ രണ്ടു ഡസനോളം കുടുംബങ്ങള്‍ ചുക്കാന്‍ പിടിക്കുന്ന സംഘടനയുടെ പ്രധാന വരുമാനം ഈ ഫണ്ട്‌
റെയ്‌സിംഗ്‌  ഡിന്നറാണ്‌. പ്രതിവര്‍ഷം 25000-ല്‍പ്പരം ഡോളര്‍ സമാഹരിച്ച്‌ കേരളത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക്‌ എത്തിക്കുന്നു. ആംബുലന്‍സ്‌, ബസ്‌ തുടങ്ങിയവ നല്‍കിയതിനു പുറമെ തൊടുപുഴയില്‍ ഒരു വ്യക്തിയുടെ വൃക്ക മാറ്റിവെയ്‌ക്കലിനുള്ള പൂര്‍ണ്ണ ചെലവും സംഘടന വഹിച്ചു.

മറ്റുള്ളവര്‍ക്ക്‌ നല്‍കുമ്പോഴുണ്ടാകുന്ന സംതൃപ്‌തിയാണ്‌ തങ്ങളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്ന്‌ ലാലി കളപ്പുരയ്‌ക്കല്‍ പറഞ്ഞു. നന്ദിപൂര്‍വ്വമുള്ള അവരുടെ കത്തുകള്‍ കാണുമ്പോള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക്‌ ആവേശം കൈവരുന്നു. ഇത്‌ ചെറിയൊരു കൈത്തിരി മാത്രമാണ്‌. അതൊരു തീജ്വാലയായി മാറട്ടെ എന്നാഗ്രഹിക്കുന്നു.

മുഖ്യാതിഥിയായി പങ്കെടുത്ത ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയുടെ നാനാവിധ സേവന പ്രവര്‍ത്തനങ്ങളും ലാലി ചൂണ്ടിക്കാട്ടി. ചിക്കാഗോയില്‍ നേഴ്‌സിംഗ്‌ രംഗത്ത്‌ മറിയാമ്മ പിള്ളയുടെ സഹായമോ അവരുടെ കൈയ്യില്‍ നിന്ന്‌ പേ ചെക്കോ വാങ്ങാത്ത മലയാളി നേഴ്‌സുമാരില്ലെന്നാണ്‌ കേട്ടിട്ടുള്ളത്‌. അത്തരമൊരാള്‍ അതിഥിയായി പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ട്‌.
നിരവധി വര്‍ഷങ്ങളായി ജോര്‍ജ്‌ മാത്യുവിനൊപ്പം സംഘടനാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ അവര്‍ അനുസ്‌മരിച്ചു.

തന്റെ ശരീരത്തിലെ ഏതുഭാഗം മുറിച്ചാലും അവിടെ നിന്നുള്ള രക്തത്തില്‍ `ചാരിറ്റി'യോടുള്ള പ്രതിബദ്ധത തെളിഞ്ഞു കാണുമെന്ന്‌ മറിയാമ്മ പിള്ള പറഞ്ഞു. 39 വര്‍ഷം മുമ്പ്‌ അമേരിക്കയിലെത്തിയ താന്‍ 35 വര്‍ഷമായി തന്നാലാവുന്നത്‌ ചെയ്യാന്‍ ഒരിക്കലും മടിച്ചിട്ടില്ല. പുതുതായി എത്തുന്ന നേഴ്‌സുമാരെ ജോലിക്ക്‌ പരിശീലിപ്പിക്കാനും കള്‍ച്ചര്‍ ഷോക്കില്‍ നിന്നു മാറ്റി അമേരിക്കന്‍ മുഖ്യധാരയിലെത്തിക്കാനുമൊക്കെ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്‌.

നാട്ടില്‍ പത്തു നിര്‍ധന വനിതകളുടെ വിവാഹം നടത്തിക്കൊടുത്തു. 39 നേഴ്‌സുമാര്‍ക്ക്‌ സഹായമെത്തിച്ചു. പത്തുപേരെ സ്‌പോണ്‍സര്‍ ചെയ്‌തുകൊണ്ടുവന്നു. ഇവയൊന്നും എന്തെങ്കിലും അംഗീകാരത്തിനോ പ്രതിഫലത്തിനോ അല്ല. അവ കടമയായി തന്നെ കാണുന്നു- അവര്‍ പറഞ്ഞു.

ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു ശ്രദ്ധേയമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ചാരിറ്റി കേരളത്തില്‍ മാത്രമല്ല വേണ്ടതെന്നദ്ദേഹം പറഞ്ഞു. ഇവിടെയും മലയാളി കുടുംബങ്ങള്‍ ഒട്ടേറെ വിഷമതയില്‍ കഴിയുന്നുണ്ട്‌. പ്രത്യേകിച്ച്‌ പുതുതായി എത്തുന്നവര്‍. നല്ല ജോലിയോ സൗകര്യങ്ങളോ കണ്ടെത്താന്‍ അവര്‍ക്ക്‌ ദീര്‍ഘകാലം വേണ്ടിവന്നേക്കും. അത്തരക്കാരെ സഹായിക്കാന്‍ വായ്‌പാടിസ്ഥാനത്തിലാണെങ്കില്‍ കൂടി ഒരു ലോണ്‍ ഫണ്ട്‌ ഉണ്ടാകേണ്ട കാര്യം സംഘടനകള്‍ ആലോചിക്കേണ്ടതാണ്‌.

അതുപോലെ തന്നെ മെഡിക്കല്‍ രംഗത്ത്‌
സഹായമാവശ്യമുള്ളവര്‍ ഒട്ടേറെ പേര്‍ ഇവിടെയുണ്ട്‌. അവരെയും നാം മറക്കാന്‍ പാടില്ല. വര്‍ധക്യത്തിലേക്ക്‌ കടക്കുന്ന പഴയ തലമുറയാണ്‌ മറ്റൊന്ന്‌. അവര്‍ക്ക്‌ സഹായവും സേവനങ്ങളുമെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്‌. ഫോമയും ഇക്കാര്യത്തെപ്പറ്റിയൊക്കെ ചിന്തിക്കുകയും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്‌.

നാട്ടില്‍ നടക്കുന്ന തട്ടിപ്പുകളെപ്പറ്റി അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. നാട്ടില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണമെങ്കില്‍ അതു നേരിട്ട്‌ കൊടുക്കുക. മൂന്നാമതൊരാളുടെ കൈയ്യില്‍ കൊടു
ത്താല്‍ നാം ഉദ്ദേശിക്കുന്നയാള്‍ക്ക്‌ കിട്ടിയെന്നുവരില്ല.

ന്യൂയോര്‍ക്കിലെ പ്രശസ്‌ത നൃത്തവിദ്യാലയങ്ങള്‍ അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും ചടങ്ങിനെ ഹൃദ്യമാക്കി.

സഹായധനത്തിലെ ഒരു ഗഡു മലയാളപത്രം എഡിറ്റര്‍ ടാജ്‌ മാത്യു ചടങ്ങില്‍ കൈമാറി.
സേവനത്തിന്റെ പാത തുറന്ന ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌സേവനത്തിന്റെ പാത തുറന്ന ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക