Image

മഴ കനക്കുന്നു -11(കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)

Published on 03 December, 2013
മഴ കനക്കുന്നു -11(കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
32 സാറയ്ക്ക്
ഞാന്‍ അതിശയിക്കുകയാണ്-
ആ മലയിടുക്ക് എങ്ങനെയാവും
നിന്നെ ഓര്‍മ്മിക്കുന്നതെന്ന്.
നിന്റെ കനം കുറഞ്ഞ് കുറയ രൂപം
പുഞ്ചിരിക്കുന്ന കണ്ണുകള്‍
ഉച്ചത്തിലുള്ള പൊട്ടിച്ചിരി
ജന്മദേശത്തുനിന്ന്
നമ്മളെ വേര്‍പെടുത്തിക്കളഞ്ഞ
പ്രവിശാലമായ അകലം
നോക്കിയിരിക്കുകയാണ് നാം.
ഇവിടെ അമേരിക്ക ദേ ലോസ് ഇന്‍ഡ്യയോസില്‍
ഇന്ത്യന്‍ അമേരിക്ക
ജാലകത്തിനെതിരെ
എല്‍ പാരദോര്‍ ദേല്‍ കോല്‍ക്കയില്‍
അന്ന് നല്ല തണുപ്പായിരുന്നു
സാന്ദ്രത കുറഞ്ഞ ഓസോണ്‍ രഹിതമായ
വായു നിന്റെ ശ്വാസം കവര്‍ന്നെടുത്തു.
നമ്മുടെ എല്ലാ ചലനങ്ങളും
നിശ്ശബ്ദ സിനിമകളിലെ
സ് ലോമോഷനില്‍ എന്നപോലെ
വെറുങ്ങലിച്ചു.
ചൂടുപാലൊഴിച്ച് നാം ചായ കുടിച്ചു.
ആ ചൂടിനോടും ഈര്‍പ്പത്തോടുമുള്ള നന്ദിയില്‍
സ്വന്തം നാട്ടിലെ
പവിഴപുറ്റ് നിറഞ്ഞ
ഹരിതസമുദ്രങ്ങളുടെ
സ്മൃതികള്.
വര്‍ഷകാലത്തെപ്പറ്റി നാം കണ്ട സ്വപ്നങ്ങള്‍.
പിന്നെ, ചക്കയില്‍നിന്ന് തോണ്ടിയെടുക്കുന്ന ചൂളയും
ചെറിയ മധുരമുള്ള മാങ്ങയും.
എല്ലാം നിന്റെ
വര്‍ത്തമാനത്തിലും ഭാവിയിലും
വേര് പിടിച്ചവ.
ഈ കോല്‍ക്കാ ഗ്രാമത്തില്‍
അല്‍പാക്കയും വികുണയും
ദുരൂഹമായ പ്രശാന്തതയില്‍
ഒഴുകി നടക്കുന്നു.
നീ നിന്റെ കൂറ് പണയപ്പെടുത്തി.
നിന്റെ പതാക
ഉയരത്തിലുയരത്തില്‍ പാറുന്ന
ഈ പാമരത്തോട് കൂട്ടിക്കെട്ടുകയും ചെയ്തു.

എല്‍ പാരദോര്‍ ദെല്‍ കോര്‍ക്ക-കോല്‍ക്കയുടെ വീക്ഷണം എന്നര്‍ത്ഥം- സമുദ്രനിരപ്പില്‍ നിന്ന് 4000 മീററര്‍, പെറുവിലെ ആന്‍ഡിയന്‍ പര്‍വതനിരകള്‍ക്കിടയില്‍ കിടക്കുന്ന മലയിടുക്കാണ് കോല്‍ക്ക.
അല്‍പാക്ക- ഇലമയുമായി ബന്ധപ്പെട്ട കാമലോയ്ഡ് കുടുംബത്തിലെ ആന്‍ഡിയന്‍ മൃഗം.
വികുണ-ഇലമ കുടുംബത്തില്‍ പെട്ട ആന്‍ഡിയന്‍ മൃഗം. ഇതിന്റെ രോമത്തിന് വലിയ വിലയാണ്.

33. ചൈനീസ് ചിത്രങ്ങള്‍
നിന്റെ ചിത്രങ്ങളിലേയ്ക്ക് നോക്കിയിരിക്കുമ്പോള്‍
സ്മരണകള്‍ കലങ്ങിമറിയുകയാണ്.
റബ്ബറു കൊണ്ടുണ്ടാക്കിയതോ എന്ന് തോന്നിപ്പോകുന്ന
കൈകള്‍ സ്വതന്ത്രമാക്കിക്കൊണ്ട്
കായികാഭ്യാസി സ്വയം വലിച്ചെറിയുന്ന
അയാളുടെ എല്ലുകള്‍ അതിലോലം, സുതാര്യം.
വേദിക്കു മുകളില്‍
അയാളെ ഏതോ ബാഹ്യാകാശം കൊണ്ടു
പൊതിഞ്ഞപോലെ.
നമ്മുടെ ശ്വാസം നിന്നുപോകുന്നു.
പിന്നെ, രണ്ട് ആണ്‍കുട്ടികള്‍
ഒരുത്തന് മുടിമെടഞ്ഞ തൊപ്പി.
ഇരുവരും എന്തും തിരഞ്ഞുചെല്ലുന്ന
സൂക്ഷ്മതയേറിയ നിന്റെ ലെന്‍സില്‍ നിന്ന്
മുഖം ഒളിപ്പിക്കുന്നു.
എങ്ങനെയോ നീ ഒരു കണ്ണ്
അവരിലൊരുത്തന്റെ മുഖത്തുനിന്ന്
ചൂണ്ടിയെടുത്തു.
എന്നിട്ട് പറയുകയും ചെയ്തു-
നോക്കൂ, അവരുടെ ചിത്രപ്പണി ചെയ്ത നീലക്കുപ്പായം.
പിന്നെ
ആ നര്‍ത്തകന്റെ നിഴല്‍ച്ചിത്രം.
കറുത്ത അലങ്കാരപ്പണികളുള്ള
നേര്‍മ്മ വസ്ത്രം കാലറ്റം വരെ കിടന്നു.
അതിന്നെനിര്‍വശത്ത്
വെളുപ്പില്‍
ഗ്രഹങ്ങളുടെ ചിത്രങ്ങളെ ഭഞ്ജിച്ചുകൊണ്ട്
ഒരുപച്ഛായ.
നീ അതിശയിച്ചു;
പിന്നെ പറയുകയും ഉണ്ടായി-
ആ ചക്രവര്‍ത്തിയുടെ
വന്മതിലിനെ തകര്‍ത്തുവരുന്ന
വിദേശപാതകളുടെ
പ്രചണ്ഡമായ ആശ്ലേഷം
ഇപ്പോള്‍ എളുപ്പമായിത്തീര്‍ന്നിരിക്കാം.
രണ്ടു മുന്‍സിപ്പല്‍ ജീവനക്കാര്‍,
കാലാവസ്ഥയ്ക്ക് ചേര്‍ന്ന ഉടുപ്പണിഞ്ഞവര്‍,
വള്ളിച്ചെരിപ്പുകളും
തെരുവുചൂലുകളുമായി
അവര്‍ വന്നു.
പിന്നെ വഴിയോരത്ത്
ആരോ അവരെ പിടിച്ചിരുത്തി
ഒപ്പം
ചുവപ്പില്‍ വരച്ച ഒരു
ജിന്നിന്റെ മുഖപടം.
അതു തൊട്ടനുഭവിച്ചാല്‍
ആനന്ദം ഇരട്ടിയാകുമെന്ന്
അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇവിടെയിതാ,
ഒരു നരച്ച മഞ്ഞണിഞ്ഞ പ്രഭാതം
വെസ്റ്റ് ലെയ്ക്കില്‍
രൂപരഹിതമായ
പ്രകാശത്തിന്റെ പ്രവാഹവുമായി
മുളകള്‍ സാവകാശം വളര്‍ന്നെത്തുന്നു.
പിന്നെ
ഒരു കൈ നീളത്തില്‍
കൈയക്ഷരകലയുടെ ഭംഗികള്‍.
ശരത്ക്കാലത്തെ മഞ്ഞില്‍
വിജ്ഞാനത്തിന്റെ കാല്‍പ്പെരുമാറ്റം.

34 അജന്ത
അവള്‍ക്കാവശ്യം മഞ്ഞച്ച സ്വര്‍ണമാണ്,
ചെമ്പിച്ചതല്ല.
ചുളുങ്ങിപ്പോയ ചുമര്‍ചിത്രത്തിന്റെ
അതിരുകള്‍ നേരെയാക്കാനാണ്.
അതിന് വെള്ളനിറം പോരാ.
കമ്പ്യൂട്ടറിലെ രൂപരേഖകള്‍
താമരപ്പൂവ് കൈയിലേന്തിയ
രാജാവിന്റെ ചിത്രം കൊണ്ടുവരുന്നു.
ഭോഗത്തിന്റെ
തൃഷ്ണകളുപേക്ഷിച്ചുപോയവന്‍
പിന്നില്‍ ഹരിതാഭമായ ഒരു തുണ്ടു ഭൂമി.
നമ്മള്‍ അവിടെ
അവധാനപൂര്‍വം ക്ലിക്ക് ചെയ്യുന്നു.
പിന്നെ
ചെറിയ കള്ളികള്‍
ബ്രഷ് കൊണ്ട് ചായം തേച്ച് നിറയ്ക്കുന്നു.
യഥാര്‍ത്ഥചിത്രത്തെ
സൂക്ഷ്മമായി അനുവര്‍ത്തിക്കാന്‍ വേണ്ടി.
'ശ്രദ്ധിച്ച് ഒരടിക്കുറിപ്പ് ചേര്‍ക്കൂ'
-നിങ്ങള്‍ പറഞ്ഞു.
അങ്ങനെ
സംശയലേശമില്ലാത്ത സന്യാസികളുടെയും
ചിത്രകാരന്മാരുടെയും
സംഘങ്ങള്‍,
പിന്നെ
ഹംസങ്ങള്‍ചൂഴ്ന്നു നില്‍ക്കുന്ന
വര്‍ണാവിര്‍ഭാവങ്ങളും
ഉദ്‌ബോധിതരായി.
നീന്തിത്തുടിക്കുന്ന അപ്‌സരസ്സുകള്‍
തെക്കുപടിഞ്ഞാറായിക്കിടക്കുന്ന
പഥങ്ങളിലേയ്ക്കു ചൂണ്ടുന്നു
സഹ്യാദ്രിയില്‍ ചിതറിക്കിടക്കുന്ന
ആ നിഗൂഢതകളിലേയ്ക്ക്:
അവ നിന്റെ ലോകത്തേയ്ക്കുള്ള
പ്രവേശനകവാടങ്ങള്‍ -
ഈ ദിനരാത്രങ്ങള്‍ക്കും മുമ്പ്,
എനിക്കും എത്രയോ മുമ്പ്,
പ്രപഞ്ചസീമയിലെ
ഗ്രഹണാതീതമായ
അനന്തയുടെ ബിന്ദുക്കള്‍ക്കുമപ്പുറം
പിറന്നുവീണവ.

(അവസാനിച്ചു)



മഴ കനക്കുന്നു -11(കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി) മഴ കനക്കുന്നു -11(കവിതകള്‍: നിരുപമറാവു; പരിഭാഷ: എം.എന്‍ കാരശ്ശേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക