Image

ജനത്തിന്‍െറ പക്ഷം ചേരുകയാണ് സഭ

Published on 02 December, 2013
ജനത്തിന്‍െറ പക്ഷം ചേരുകയാണ് സഭ
ഫാ. സെബാസ് റ്റ്യന്‍ കൊച്ചുപുരക്കല്‍: ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തെ ആവാസ മേഖലയെന്നും പരിസ്ഥിതി പ്രാധാന്യ മേഖലയെന്നും തരംതിരിച്ചത് സ്വാഗതാര്‍ഹമാണ്. ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവയെല്ലാം ആവാസ മേഖലയില്‍പെടുത്തിയതും ഉചിതം തന്നെ. എന്നാല്‍, കേരളത്തിലെ 123 വില്ളേജുകള്‍ ആവാസമേഖലയില്‍ നിന്നൊഴിവാക്കി പരിസ്ഥിതി പ്രാധാന്യ മേഖലയില്‍ ഉള്‍പ്പെടുത്തിയതും തീവ്ര ജനവാസ കേന്ദ്രങ്ങളായ ഈ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളെന്ന് പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചതും ഞങ്ങള്‍ എതിര്‍ക്കുന്നു.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ (ഇ.എസ്.എ) വനസംരക്ഷണ നിയമങ്ങളെല്ലാം ബാധകമാകുന്ന പ്രദേശങ്ങളാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നു (പേജ് 97). സര്‍ക്കാര്‍ നവംബര്‍ 16ന് പുറത്തിറക്കിയ ഉത്തരവില്‍ 2006ലെ വനാവകാശ നിയമം ഇവിടെ കര്‍ശനമായി പാലിക്കപ്പെടുമെന്ന് പ്രഖ്യാപിക്കുന്നു. ഇ.എസ്.എയിലെ എല്ലാ ചെറിയ പദ്ധതികള്‍ക്കു പോലും ഫോറസ്റ്റ് ക്ളിയറന്‍സ് നിര്‍ബന്ധമാണെന്നും പരിസ്ഥിതി ആഘാത പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ഇത് വനഭൂമിക്ക് തുല്യമാകും. വന നിയമങ്ങളെല്ലാം അടിച്ചേല്‍പിക്കപ്പെടും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ തടയും.
പട്ടയ നടപടികള്‍ നിന്നുപോകും. മരത്തിന്‍െറ ചില്ലകള്‍ വെട്ടുന്നതുപോലും കുറ്റകരമാകും. വികസനങ്ങളെല്ലാം അസാധ്യമാകും. ഒരു പരിഷ്കൃത സമൂഹത്തിന് ആവശ്യമായ സാധാരണ വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടക്കില്ല. കാലക്രമത്തില്‍ ഇത് വനഭൂമിയാകും. ഇവിടെയുള്ളവര്‍ കുടിയൊഴിഞ്ഞ് പോകേണ്ടിവരും. ഇങ്ങനെയുള്ള സാഹചര്യത്തെ ഒരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല.
ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ മലയോര മേഖലയില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇടുക്കി രൂപതയുടെ മാത്രമാണെന്നും തെറ്റിദ്ധരിക്കേണ്ട. ഇവിടെ അതിജീവനത്തിനുവേണ്ടി പോരാടുന്ന ജനത്തിന്‍െറ പക്ഷം ചേരുകയാണ് സഭ ചെയ്യുന്നത്. അതില്‍ സഭയുടെ അംഗങ്ങള്‍ ഒരു ചെറിയ വിഭാഗം മാത്രമാണ്. ജില്ലയില്‍ മൊത്തം ജനസംഖ്യയില്‍ 39 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ബാക്കിയുള്ളവര്‍ മറ്റ് സമുദായക്കാരാണ്.
ഈ പ്രദേശങ്ങളെ വനഭൂമിയാക്കാനുദ്ദേശിച്ചുള്ളതും ഇവിടെ കൃഷിയും വികസനവും അസാധ്യമാക്കുന്ന റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്നതില്‍ വര്‍ഗീയത കാണേണ്ടതില്ല.
സഭ പരിസ്ഥിതി സംരക്ഷണത്തിന് വളരെ അനുകൂലമാണ്. എന്നാല്‍, പശ്ചിമഘട്ട മൗലിക വാദത്തെ അങ്ങേയറ്റം എതിര്‍ക്കുന്നു. ഇവിടെ സംഭവിച്ചിരിക്കുന്നത് അതാണ്. പരിസ്ഥിതിവാദികളും പരിസ്ഥിതി സംഘടനകളും പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയില്‍ കൊണ്ടുവരാന്‍ നടത്തിയ നീക്കങ്ങളുടെ ഭാഗമാണ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍. അങ്ങനെ കൊണ്ടുവരുന്നത് വഴി ഉണ്ടാകാവുന്ന സാമ്പത്തിക ലാഭമാണ് സര്‍ക്കാര്‍ ഉന്നംവെക്കുന്നത്. പക്ഷേ, ഇതിന്‍െറ പേരില്‍ ഇവിടെയുള്ളവര്‍ ബലിയാടാകുന്ന സാഹചര്യത്തിലാണ് സഭയും ഈ സമരങ്ങളില്‍ പങ്കുചേരുന്നത്. അതുകൊണ്ടുതന്നെ സഭ ചെയ്യുന്നത് പാപമല്ല പുണ്യമാണ്.
പരിസ്ഥിതി സംരക്ഷണം ഒരു പ്രദേശത്തുള്ള ആളുകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ധാരണയില്‍ പ്രചാരണം നടത്തുന്നത് അനീതിയാണ്. ഇതൊക്കെ പാര്‍ശ്വവത്കരണമാണ്.
ഇ.എസ്.എയുടെ പരിധിയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കിയാണ് ഈ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടത്. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണ്. സമൂഹത്തില്‍ ജനങ്ങളുടെ വീക്ഷണത്തിലും മനോഭാവത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തിയേ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂ. അതിന് ഓരോരുത്തരും അവരുടെ സുഖങ്ങളിലും സൗകര്യങ്ങളിലും കുറവുവരുത്താന്‍ തയാറാകണം.
ജനങ്ങളുടെ സഹകരണത്തോടെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ന്യായമായ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് വേണംപരിസ്ഥിതി സംരക്ഷിക്കേണ്ടത്. അതിന്നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാം. കൂടുതല്‍ നിയമങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ നിയമനിര്‍മാണ സഭകളില്‍ ചര്‍ച്ചചെയ്ത് നിയമങ്ങളുണ്ടാക്കാം. കൂടുതല്‍ ചെടികളും മരങ്ങളും സംരക്ഷിക്കുന്ന കൃഷിക്കാര്‍ക്ക് ന്യായമായ പ്രതിഫലം ഉറപ്പാക്കിയാല്‍ കൂടുതല്‍ കര്‍ഷകര്‍ ആ മേഖലയില്‍ ശ്രദ്ധയൂന്നും.
അല്ലാതെ, ഒരു പ്രദേശത്തെ ആളുകളുടെ മേല്‍ പരിസ്ഥിതി സംരക്ഷണത്തിന്‍െറ ഉത്തരവാദിത്തം കെട്ടിവെച്ച് ശ്വാസംമുട്ടിക്കുന്നത് അനീതിയാണ്. സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും പരിസ്ഥിതിയുടെ പേരില്‍ സാമ്പത്തിക ലാഭത്തിന് ഇത്തരം പദ്ധതികള്‍ അടിച്ചേല്‍പിക്കുമ്പോള്‍ കാര്‍ഷിക മേഖല തകര്‍ന്ന് തരിപ്പണമാകും. കൃഷിക്കാരെയും അവരുടെ പരിസ്ഥിതിപരമായ പ്രവര്‍ത്തനങ്ങളെയും അംഗീകരിച്ചേ മതിയാകൂ. താരതമ്യേന ഏറ്റവും കൂടുതല്‍ പരിസ്ഥിതി സംരക്ഷണം നടത്തുന്നത് കാര്‍ഷിക മേഖലയിലെ കൃഷിക്കാരാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക