Image

അരുണ്‍കുമാറിനെതിരെ ഉടന്‍ നടപടിയില്ല.

Published on 27 October, 2011
 അരുണ്‍കുമാറിനെതിരെ ഉടന്‍ നടപടിയില്ല.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യില്ല. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങളെപ്പറ്റി നിയമസഭാ സമിതിയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. സുബ്രഹ്മണ്യത്തെയും അരുണ്‍ കുമാറിനെയും സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ വിദ്യാഭ്യാസ സെക്രട്ടറി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരുണ്‍കുമാറിനെ സര്‍ക്കാര്‍ ഇന്നുതന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സെക്രട്ടറി സസ്‌പെന്‍ഷന് ശുപാര്‍ശ നല്‍കിയത്. ഐ.എച്ച്.ആര്‍.ഡിയുടെ ഗവേണിങ് ബോഡിയെ നോക്കുകുത്തിയാക്കി എല്ലാ തീരുമാനങ്ങളും ചെയര്‍മാനായ മുന്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുടെ അംഗീകാരത്തോടെ നടപ്പാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം.

അരുണ്‍കുമാറിനെ മോഡല്‍ ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടറായി നിയമിച്ചത് ഐ.എച്ച്.ആര്‍.ഡി ഭരണസമിതി അംഗീകരിച്ചിരുന്നില്ല. നാല് വര്‍ഷമായി ഭരണസമിതി യോഗം പോലും ചേര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഡയറക്ടറുടെ യോഗ്യത ഇതുവരെ നിശ്ചയിച്ചിട്ടുപോലുമില്ല. എന്‍ജിനീയറിങ് കോളേജുകളില്‍ നിന്നടക്കമുള്ള കുട്ടികളെ പരീശീലിപ്പിക്കുന്ന ഫിനിഷിങ് സ്‌കൂളിന്റെ ഡയറക്ടറാകാന്‍ അരുണ്‍കുമാറിന് യോഗ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രിന്‍സിപ്പല്‍ ആകാന്‍വേണ്ട ഏഴ് വര്‍ഷത്തെ അധ്യാപന പരിചയം ഇദ്ദേഹത്തിനില്ലായിരിക്കെ അദ്ദേഹത്തിന് ആ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കി. തുടര്‍ന്ന് ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളിലേക്കും സ്ഥാനക്കയറ്റം നല്‍കി. അഡീഷണല്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിച്ചതിന് സര്‍ക്കാരിന്റെ അനുവാദവും വാങ്ങിയിട്ടില്ല. ഇതുകൂടാതെ ഡോ. ജേക്കബ് തോമസ്, പ്രൊഫ. ജ്യോതി ജോണ്‍, ഡോ വി.പി. ദേവസ്യ എന്നിവര്‍ക്ക് നല്‍കിയ സ്ഥാനക്കയറ്റവും ചട്ടപ്രകാരമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനിഷിങ് സ്‌കൂളിന്റെ ഫണ്ട് വിനിയോഗിച്ചതും ക്രമപ്രകാരമായിരുന്നില്ല. കെല്‍ട്രോണുമായി നിയമാനുസൃത കരാറിലേര്‍പ്പെടാതെയാണ് പണി ഏല്പിച്ചത്. ഈ കാരണങ്ങളാല്‍ അരുണ്‍കുമാറിനെതിരെയും സുബ്രഹ്മണ്യത്തിനെതിരെയും നടപടി വേണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക