Image

എഴുത്തുകാര്‍ രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോള്‍ ശക്തമായ കൃതികളുണ്ടാകുന്നു: പെരുമ്പടവം

ജോയിച്ചന്‍ പുതുക്കുളം Published on 05 December, 2013
എഴുത്തുകാര്‍ രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോള്‍ ശക്തമായ കൃതികളുണ്ടാകുന്നു: പെരുമ്പടവം
ചിക്കാഗോ: എഴുത്ത്‌ രക്തം വിയര്‍പ്പാക്കുന്ന കലയാണെന്ന്‌ പെരുമ്പടവം ശ്രീധരന്‍. അതൊരു ദിവ്യബലിയാണ്‌; എഴുത്തുകാര്‍ സ്വന്തം രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോഴാണ്‌ ജീവിതഗന്ധിയും വായനക്കാരെ പിടിച്ചിരുത്തുന്നതുമായ ശക്തമായ കൃതികളുണ്ടാകുന്നത്‌. ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (ലാന) ഒന്‍പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ ചിക്കാഗോയിലെ എസ്‌.കെ പൊറ്റക്കാട്‌ നഗറില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ റോസ്‌മോണ്ട്‌ ഹോട്ടല്‍ ഷെറാട്ടണിലെ കമനീയമായി അലങ്കരിച്ച ഗ്രാന്റ്‌ ബാള്‍ റും അക്ഷരാര്‍ത്ഥത്തില്‍ വടക്കേ അമേരിക്കയിലെ അക്ഷരസ്‌നേഹികളുടെ സംഗമഭൂമിയായി പരിണമിക്കുകയായിരുന്നു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ പങ്കെടുക്കുന്ന പ്രഥമ ലാനാ സമ്മേളനമെന്ന നിലയിലും, സാഹിത്യ ശ്രേഷ്‌ഠരുടെ നിറസാന്നിധ്യം കൊണ്ടും, സമ്പന്നമായ ചര്‍ച്ചാപരിപാടികള്‍ കൊണ്ടും ലാനയുടെ ഒമ്പതാമത്‌ ദൈശീയ സമ്മേളനം ചരിത്രവിജയം നേടി.

നവംബര്‍ 29ന്‌ ചിക്കാഗോ കലാക്ഷേത്രയുടെ പഞ്ചവാദ്യത്തോടുകൂടി കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക്‌ തിരശീല ഉയര്‍ന്നു. തുടര്‍ന്ന്‌ ലാന പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ വച്ച്‌ വിശിഷ്‌ടാതിഥി പെരുമ്പടവം ശ്രീധരന്‍ ഭദ്രദീപം കൊളുത്തി കണ്‍വന്‍ഷന്‍ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. യുവ കഥാകൃത്ത്‌ സതീഷ്‌ ബാബു പയ്യന്നൂര്‍ , ഡോ. എം.വി പിള്ള, ഡോ. എ.കെ.ബി പിള്ള, ജോസ്‌ ഓച്ചാലില്‍ , സാം സി. കൊടുമണ്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജോസഫ്‌ നമ്പിമഠം, മനോഹര്‍ തോമസ്‌, ഡോ. എന്‍.പി ഷീല, വര്‍ഗ്ഗീസ്‌ ചുങ്കത്തില്‍ , എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുമാരി സ്വാതി അജികുമാര്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജോണ്‍ സി. ഇലയ്‌ക്കാട്‌ സ്വാഗതവും, ശ്രീമതി ഉമാരാജാ കൃതജ്ഞതാപ്രകാശനവും നടത്തി.

ഉദ്‌ഘാടന സമ്മേളനത്തിനുശേഷം നടന്ന `സ്‌മരണാഞ്‌ജലി' എന്ന അനുസ്‌മരണ പരിപാടിയില്‍ ഏബ്രഹാം തെക്കേമുറി, ജോസഫ്‌ നമ്പിമഠം എന്നിവര്‍ യഥാക്രമം എസ്‌.കെ പൊറ്റക്കാടിനെക്കുറിച്ചും, മുട്ടത്തു വര്‍ക്കിയെക്കുറിച്ചുമുള്ള സ്‌മാരക പ്രഭാഷണങ്ങള്‍ നടത്തി. ജോസ്‌ ഓച്ചാലില്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. തുടര്‍ന്നു ഡോ. രവിവര്‍മ്മ രാജയുടെയും, ഉമാ രാജയുടെയും നേതൃത്വത്തില്‍ അക്ഷരശ്ലോക സന്ധ്യ നടത്തി. അത്താഴവിരുന്നിനുശേഷം നടന്ന ലാന ജനറല്‍ബോഡിയില്‍ വെച്ച്‌ സംഘടനയുടെ അടുത്ത രണ്ടുവര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ശനിയാഴ്‌ച രാവിലെ `പെണ്ണെഴുത്ത്‌- സത്യവും മിഥ്യയും' എന്ന സെമിനാറില്‍ വടക്കെ അമേരിക്കയിലെ പ്രമുഖ മലയാള വനിതാ എഴുത്തുകാര്‍ പങ്കെടുത്തു. ഡോ. എന്‍.പി ഷീലയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അഡ്വ. രതി ദേവി, ഡോ. സുശീലാ രവീന്ദ്രനാഥ്‌, നിര്‍മ്മല തോമസ്‌, റീനി മമ്പലം, നീന പനയ്‌ക്കല്‍ , മീനു മാത്യു, സരോജ വര്‍ഗീസ്‌, ഷീല മോന്‍സ്‌ എന്നിവര്‍ സജീവമായി പങ്കെടുത്ത്‌ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്നുനടന്ന സമകാലിക മലയാള സാഹിത്യ സെമിനാറില്‍ പെരുമ്പടവം ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. എ.കെ.ബി പിള്ള, എം. വി പിള്ള, സതീഷ്‌ ബാബു പയ്യന്നൂര്‍ , പി.എസ്‌ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മാധ്യമങ്ങളും മലയാള സാഹിത്യവും എന്ന അടുത്ത സെമിനാറില്‍ ഡോ. മാത്യു ജോയിസ്‌, ജയിംസ്‌ കുരീക്കാട്ടില്‍ , മാത്യു മൂലേച്ചേരില്‍ , ജോണ്‍ ഇലയ്‌ക്കാട്ട്‌, മനോഹര്‍ തോമസ്‌, സാംസി കൊടുമണ്‍, ഏബ്രഹാം തെക്കേമുറി, ജോണ്‍ മാത്യു, ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌, തോമസ്‌ കര്‍ത്തനാല്‍, ബേബി സേവ്യര്‍ എന്നിവര്‍ സംസാരിച്ചു. `ജനനി' പത്രാധിപര്‍ ജെ മാത്യൂസ്‌ മോഡറേറ്റര്‍ ആയിരുന്നു.

ഉച്ചയൂണിനു ശേഷം നടന്ന `നര്‍മ്മവേദി' എന്ന സാഹിത്യ നര്‍മ്മ സല്ലാപ പരിപാടിയില്‍ ഡോ. എം.വി പിള്ള, ഡോ. റോയ്‌ പി. തോമസ്‌ എന്നിവര്‍ രസകരമായ നര്‍മ്മ പ്രഭാഷണം നടത്തി. ജേക്കബ്‌ പനയ്‌ക്കല്‍, നീനാ പനയ്‌ക്കല്‍, ജോണ്‍ ഇളമത എന്നിവര്‍ നുറുങ്ങ്‌ നര്‍മ്മങ്ങള്‍ പങ്കുവെച്ചു. ജോസ്‌ ചെരിപുറമായിരുന്നു മോഡറേറ്റര്‍. പിന്നീട്‌ നടന്ന അമേരിക്കന്‍ സാഹിത്യത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌, ഡോ. ശശിധരന്‍ കൂട്ടാല എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബാബു പാറയ്‌ക്കല്‍ മോഡറേറ്റ്‌ ചെയ്‌ത പ്രസ്‌തുത സെമിനാറില്‍ വാസുദേവ്‌ പുളിക്കല്‍, വര്‍ഗീസ്‌ ഏബ്രഹാം (ഡെന്‍വര്‍) എന്നിവര്‍ സംസാരിച്ചു.

അഡ്വ. രതി ദേവി, ശ്യാം പരമേശ്വരന്‍ എന്നിവര്‍ നയിച്ച കവിയരങ്ങില്‍ 17 കവികള്‍ തങ്ങളുടെ കവിതകള്‍ അവതരിപ്പിച്ചത്‌ ആസ്വാദ്യകരമായി. കവിതയെക്കുറിച്ച്‌ തുടര്‍ന്നു നടന്ന സെമിനാറില്‍ ജോസഫ്‌ നമ്പിമഠം, ജയന്‍ കെ. സി എന്നിവരാണ്‌ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്‌. ജോസ്‌ ഓച്ചാലില്‍ , സന്തോഷ്‌ പാല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചു. ജോണ്‍ ഇലയ്‌ക്കാട്‌ ആയിരുന്നു മോഡറേറ്റര്‍ .

വൈകുന്നേരം നടന്ന ചെറുകഥാ ശില്‌പശാലയില്‍ സാംസി കൊടുമണ്‍, ജോണ്‍ മാത്യു, സതീഷ്‌ ബാബു പയ്യന്നൂര്‍ , മനോഹര്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജെയിന്‍ ജോസഫ്‌, മാലിനി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന നോവല്‍ ചര്‍ച്ചയില്‍ ജോണ്‍ ഇളമത, സുരേന്ദ്രന്‍ നായര്‍, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഏബ്രഹാം തെക്കേമുറി മോഡറേറ്ററായി പ്രവര്‍ത്തിച്ചു. ക്രീയാത്മക രചനാക്രീയ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്‌ നടന്ന അവസാനത്തെ സെമിനാറില്‍ ഡോ. റോയ്‌ പി. തോമസ്‌ മോഡറേറ്ററായിരുന്നു. ഡോ. തെക്കേടത്ത്‌ മാത്യു, ഡോ. എം. വി പിള്ള എന്നിവരാണ്‌ മുഖ്യ പ്രബന്ധം അവതിരിപ്പിച്ച്‌ പ്രസംഗിച്ചത്‌. ഡോ. ശകുന്തള രാജഗോപാല്‍ , ഡോ. എം.പി രവീന്ദ്രനാഥ്‌, ജോസഫ്‌ നെല്ലുവേലി എന്നിവര്‍ പ്രസംഗിച്ചു.

ശനിയാഴ്‌ച വൈകിട്ടു ചേര്‍ന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി പെരുമ്പടവം ശ്രീധരന്‍ സമാപന സന്ദേശം നല്‍കി. കണ്‍വെന്‍ഷന്‍ പരിപാടികളിലെ സംതൃപ്‌തമായ അനുഭവങ്ങള്‍ അദ്ദേഹം എല്ലാവരുമായി പങ്കുവെച്ചു. വളരെ സന്തോഷത്തോടെയും, അഭിമാനത്തോടെയുമാണ്‌ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഈ കൂട്ടായ്‌മയെ കണ്ടറിഞ്ഞതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. വാസുദേവ്‌ പുളിക്കല്‍, ജോസ്‌ ഓച്ചാലില്‍, സാംസി കൊടുമണ്‍, ജോസഫ്‌ നമ്പിമഠം, മനോഹര്‍ തോമസ്‌, ജോണ്‍ ഇളമത, ഡോ. എം.വി പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലാന സാഹിത്യ അക്കാദമിയുടെ പ്രഥമ പുരസ്‌കാരം കരസ്ഥമാക്കിയ ജോണ്‍ മാത്യു, ജയന്‍ കെ.സി, എസ്‌.കെ പിള്ള എന്നിവരെ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ഏബ്രഹാം തെക്കേമുറി പരിചയപ്പെടുത്തുകയും, മുഖ്യാതിഥി പെരുമ്പടവം ശ്രീധരന്‍ പ്രശംസാ ഫലകവും, ക്യാഷ്‌ അവാര്‍ഡും അവര്‍ക്ക്‌ നല്‍കുകയുമുണ്ടായി. തുടര്‍ന്ന്‌ ലാനയുടെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നേടിയ ഡോ. എം.വി പിള്ള, ഡോ. എ.കെ.ബി പിള്ള, ചെറിയാന്‍ കെ. ചെറിയാന്‍ എന്നിവരെ മീനു മാത്യു പരിചയപ്പെടുത്തി. പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ്‌ സമ്മാനിച്ചു. തുടര്‍ന്ന്‌ ഡോ. റോയ്‌ പി തോമസ്‌, ജോണ്‍ ഇലയ്‌ക്കാട്ട്‌, പ്രഫ. എംടി ആന്റണി എന്നിവരെ ലാനയുടെ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. നിര്‍മ്മല തോമസ്‌, ഡോ. ജോയി ടി. കുഞ്ഞാപ്പു, സരോജ വര്‍ഗ്ഗീസ്‌ എന്നിവര്‍ക്ക്‌ ത്രൈമാസിക അംഗീകാരത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. ഡോ. തെക്കേടത്ത്‌ മാത്യു, ജോര്‍ജ്ജ്‌ മണ്ണിക്കരോട്ട്‌, ജോണ്‍ ഇളമത, ജോസ്‌ ഓച്ചാലില്‍ , ഡോ. എന്‍.പി ഷീല, അബ്ദുള്‍ പുന്നയൂര്‍ക്കുളം, എന്നിവരുടെ പുതിയ പുസ്‌തകങ്ങള്‍ പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്‌തു. കണ്‍വെന്‍ഷന്‍ പരിപാടികളുടെ സ്‌പോണ്‍സര്‍മാരായ ജോസ്‌ പുല്ലാപ്പള്ളി, ജയചന്ദ്രന്‍, മണി ചന്ദ്രന്‍, ടോമി നെല്ലാമറ്റം, ബേസില്‍ പെരേര, ഡോ. എ.കെ.ബി പിള്ള, വാസുദേവ്‌ പുളിക്കല്‍, ഡോ. ശശിധരന്‍ കൂട്ടാല എന്നിവര്‍ക്കുള്ള പ്രശംസാ ഫലകങ്ങള്‍ പെരുമ്പടവം ശ്രീധരന്‍ വിതരണം ചെയ്‌തു. അമേരിക്കയിലെ ഭാഷാ പരിഭോഷണത്തിനുള്ള അംഗീകാരമായി ചിക്കാഗോ സാഹിത്യവേദി കോഓര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്‌ക്കാട്ടിനെ പെരുമ്പടവം ശ്രീധരന്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ഇ മലയാളി പത്രാധിപര്‍ ജോര്‍ജ്ജ്‌ ജോസഫ്‌, ജോയിച്ചന്‍ പുതുക്കുളം എന്നിവര്‍ക്കും പ്രശംസാ ഫലകം നല്‍കി. മുഖ്യാതിഥി പെരുമ്പടവം ശ്രീധരനെ ലാനയ്‌ക്കുവേണ്ടി പ്രസിഡന്റ്‌ വാസുദേവ്‌ പുളിക്കല്‍ പൊന്നാടയണിയിച്ചു ആദരിച്ചു. ഷാജന്‍ ആനിത്തോട്ടം സ്വാഗതം ആശംസിച്ച ചടങ്ങിന്‌, രാധാകൃഷ്‌ണന്‍ നായര്‍ കൃതജ്ഞത പറഞ്ഞു. ജെയിന്‍ ജോസഫ്‌ എം.സി ആയി പ്രവര്‍ത്തിച്ചു.

അത്താഴവിരുന്നിനു ശേഷം നടന്ന കലാസന്ധ്യയില്‍ ജിനു വര്‍ഗീസ്‌, ശ്രീദേവി പണ്ടാല, എന്നിവരുടെ ശിക്ഷണത്തില്‍ ചിക്കാഗോ ലാന്‍ഡിലെ കലാകാരികള്‍ നൃത്തം അവതരിപ്പിച്ചു. എന്റെര്‍ടെയ്‌ന്മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ അജിത്‌ ചന്ദ്രന്റെ നേതൃത്വത്തില്‍ പോയ കാലത്തെ മികച്ച മലയാള സിനിമാ മെലഡി ഗാനങ്ങള്‍ കോര്‍ത്തിണക്കി പാട്ടരങ്ങ്‌ അവതരിപ്പിക്കപ്പെട്ടു. ഡോ. ശ്രീധരന്‍ കര്‍ത്താ സംവിധാനം ചെയ്‌ത പാട്ടരങ്ങില്‍ ഡോ. തെക്കേടത്ത്‌ മാത്യു, അജിത്‌ ഭാസ്‌കരന്‍, മീനു മാത്യു, അജിത്‌ ചന്ദ്രന്‍, നീലിമ അജിത്‌, നേഹാ ഹരിദാസ്‌, സുനില്‍ പിള്ള എന്നിവര്‍ ഗാനങ്ങളാലപിച്ചു. ചിന്നു തോട്ടം ആയിരുന്നു എംസി.

കണ്‍വെന്‍ഷന്റെ സമാപന ദിവസമായ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ഓക്ക്‌ പാര്‍ക്കിലെ ഏണെസ്റ്റ്‌ ഹെമിങ്‌ വേ മ്യൂസിയത്തിലേക്കുള്ള യാത്രാപരിപാടി സംഘടിപ്പിച്ചു. സാഹിത്യ നോബല്‍ സമ്മാന ജേതാവായ ഹെമ്മിങ്‌ വേയുടെ ബാല്യകാല വസതിയും, മ്യൂസിയവും സ്ഥിതിചെയ്യുന്ന ഓക്ക്‌ പാര്‍ക്ക്‌ യാത്രയില്‍ പെരുമ്പടവം ശ്രീധരനും നിരവധി സാഹിത്യപ്രവര്‍ത്തകരും പങ്കെടുത്തു.

ചരിത്ര വിജയമായി മാറിയ ലാനയുടെ ഒന്‍പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ യാഥാര്‍ത്ഥ്യമാക്കിയ എല്ലാവരെയും സംഘാടക കമ്മിറ്റി അഭിനന്ദിക്കുന്നു. കലാഭംഗി നിറഞ്ഞ കണ്‍വെന്‍ഷന്‍ ഹാള്‍ ഒരുക്കിയ നാരായണന്‍ & രവി കുട്ടപ്പന്‍, സൗണ്ട്‌ എഞ്ചിനീയര്‍ ജേക്കബ്‌ ചിറയത്ത്‌, ഫോട്ടോഗ്രാഫിയും വീഡിയോയും കൈകാര്യം ചെയ്‌ത ഡോമിനിക്ക്‌ ചൊള്ളമ്പേല്‍, ടിബു, അച്ചടി, ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, കമ്മിറ്റിയംഗങ്ങളായ ജോണ്‍ സി. ഇലയ്‌ക്കാട്ട്‌, ഡോ. റോയ്‌ തോമസ്‌, അശോകന്‍ കൃഷ്‌ണന്‍, മാത്യു കളത്തില്‍ , ഡോ. രവി രാജ, ഉമാ രാജാ, എന്‍.വി കുര്യാക്കോസ്‌, രാധാകൃഷ്‌ണന്‍ നായര്‍, നാരായണന്‍ നായര്‍, ജോസി കുറുപ്പം പറമ്പില്‍, ഡോ. ശ്രീധരന്‍ കര്‍ത്താ എന്നിവര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. കണ്‍വെന്‍ഷന്‍ നഗറിന്‌ കമനീയഭംഗി നല്‍കി മനോഹരമായ ചിത്രപ്രദര്‍ശനം നടത്തിയ പ്രശസ്‌ത ചിത്രകാരി സുജാ ജേക്കബിനെ സംഘാടക കമ്മിറ്റി ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ലാന കണ്‍വെന്‍ഷന്‌ അര്‍ഹിക്കുന്ന ആദരവോടെ പ്രോത്സാഹനം നല്‍കിയ പത്രമാസികകള്‍ക്കും ഓണ്‍ ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും നന്ദി!
എഴുത്തുകാര്‍ രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോള്‍ ശക്തമായ കൃതികളുണ്ടാകുന്നു: പെരുമ്പടവംഎഴുത്തുകാര്‍ രക്തം വിയര്‍പ്പാക്കി പുനര്‍ജ്ജനിക്കുമ്പോള്‍ ശക്തമായ കൃതികളുണ്ടാകുന്നു: പെരുമ്പടവം
Join WhatsApp News
വിദ്യാധരൻ 2013-12-06 13:43:03
അമേരിക്കയിലെ എഴുത്തുകാർ രക്തം വിയർപ്പാക്കുന്നുണ്ടോ? ഇല്ല എന്നാണു എന്റ അഭിപ്രായം. കാരണം അവരുടെ രചനകളിൽ ലോകസാഹിത്യത്തിന്റെ അടിസ്ഥാനമായ അദ്ധ്വാനിക്കുന്ന ജനതയുടെ വിയർപ്പിന്റെ മണം ഇല്ലാ എന്നുള്ളതാണ്.  അതുകൊണ്ട് അത് ജീവിതഗന്ധിയല്ല.  അമേരിക്കൻ എഴുത്തുകാരുടെ സില്ക്ക് ജുബ്ബകൊണ്ട് മൂടിയ കക്ഷങ്ങളിൽ നിന്ന് പുറത്തേക്ക് പറക്കുന്ന പരിമളത്തിൽ പച്ചയായ  മനുഷ്യന്റെ വിയർപ്പുതുള്ളികൾ ശ്വാസം മുട്ടി മരിക്കുന്നു. അവന്റെ കഥയുടെയും കവിതയുടെയും നിശ്വാസങ്ങളിൽ വിലകൂടിയ മദ്യത്തിന്റെ പുളിച്ച മണം. അവനെ താങ്ങി നിറുത്തുന്നത് ഏതോ സർവ്വകലശാലയുടെ വായനശാലയിൽ കുത്തിയിരുന്നു അന്വേഷിച്ചു കണ്ടുപിടിച്ച, തിരമാലകളോട് മല്ലിട്ട് മരിച്ച പളനി എന്ന മുക്കവനെപോലുള്ളവരുടെ , ജീവിത സത്യങ്ങൾ മൂന്നൂറോ നാനൂറോ പേജുകളിൽ സമർപ്പിച്ച പ്രബന്ധമോ നിബന്ധമോ (പഠനം)  നേടികൊടുത്ത ബിരുധമൊ  ബിരുധാനന്ത ബിരുധമൊ ആയിരിക്കാം. വയലാർ പാടിയതുപോലെ എഴുത്തുകാർ അധ്വ്വനത്തിന്റെ വിയർപ്പായി മാറുക  

"മുറ്റത്തെ തുളസിത്തറയ്കലെരിയും 
               തൃക്കൽ വിളക്കല്ല , വെണ്‍
കൊറ്റപ്പൂങ്കുടചൂടി വാണ നൃപവം -
                ശത്തിൻ വിഴുപ്പല്ല ഞാൻ 
ഒറ്റക്കല്ല, മനുഷ്യമാനസ ദിവാ -
                സ്വപ്നങ്ങൾതൻ പൊൻകതിർ-
ക്കറ്റക്കെട്ടു ചുമന്നു വന്ന യുഗസ -
                സത്യത്തിൻ വിയർപ്പാണ് ഞാൻ"  



Malayaali 2013-12-06 21:55:01

അദ്ധ്വാനിക്കുന്ന ജനതയുടെ വിയർപ്പിന്റെ മണംമാത്രമല്ല സാഹിത്യത്തെ ജീവിതഗന്ധീ ആക്കുന്നത്‌.  ്കുന്നത്‌.  സാമൂഹ്യചുറ്റുപാടുകളെ ഉൾക്കണ്ണുകൊണ്ട് കാണാൻ കഴിവില്ലാത്തവന്‌ ജീവിതഗന്ധിയായ സാഹിത്യം സൃഷ്ടിക്കുവാൻ കഴിയുകയില്ല. ഇത്തരം ഉൾക്കാഴ്ചകളുണ്ടായിരുന്ന എത്രയോ അമേരിക്കൻ എഴുത്തുകാരുണ്ടായിരുന്നു.  അവരുടെ കക്ഷങ്ങളിൽനിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന പരിമളത്തിൽ ജീവിതഗന്ധിയായ സാഹിത്യമുണ്ടായിരുന്നു.  ചുരുക്കിപ്പറഞ്ഞാൽ ഏത്‌ രാജ്യത്ത് എങ്ങനെ ജീവിക്കുന്നു എന്നത് അപ്രധാനമാണ്‌.

 ഭക്ഷണത്തിനും വസ്ത്രത്തിനും പാര്‍പ്പിടത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും കുടിവെള്ളത്തിനും വഴികാണാതെ കോടിക്കണക്കായ ജനങ്ങള്‍ ലോകമെമ്പാടും നരകയാതന അനുഭവിക്കുമ്പോള്‍ ന്യൂനപക്ഷംവരുന്ന ഒരു ജനസമൂഹം സമ്പത്ത് അടിക്കടി കുന്നുകൂട്ടിക്കൊണ്ട് നിസ്വരായ ഈ ജനതയുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്നു. യുദ്ധം, ഭീകരപ്രവര്‍ത്തനം, വര്‍ഗ്ഗീയ-വംശീയ കലാപങ്ങള്‍ എന്നിവയിലൂടെ മാരകവിപത്തുകള്‍ മനുഷ്യരാശിക്കുമേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ആധുനിക ജനാധിപത്യഭരണകൂടങ്ങള്‍ സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്ന ഫ്രഞ്ചുവിപ്ലവമുയര്‍ത്തിയ മാനവവാദാദര്‍ശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് പരമാവധി ലാഭം എന്ന സ്വാര്‍ത്ഥജടിലതയുടെ നയപരിപാടികള്‍ സര്‍വ്വമേഖലകളിലും ആവിഷ്‌കരിക്കുകയാണ്. രാഷ്ട്രങ്ങളുടെയോ പ്രദേശത്തിന്റെയോ സ്വഭാവസവിശേഷതകള്‍ക്കുപരിയായി മദ്യപാനികളും അക്രമകാരികളും ബലാത്സംഗക്കാരും ശിശു-സ്ത്രീഹത്യക്കാരും മോഷ്ടാക്കളും ക്വട്ടേഷന്‍സംഘങ്ങളും മറ്റു നിരവധി തരത്തിലും വിധത്തിലുമുള്ള കുറ്റവാളികളുടെ സംഘങ്ങള്‍ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളില്‍പ്പോലും വര്‍ദ്ധിച്ചുവന്നുകൊണ്ടിരിക്കുന്നു.

 ഇത്തരമൊരു സാഹചര്യത്തില്‍  വിക്തർ യൂഗോയുടെ പാവങ്ങള്‍പോലുള്ള കൃതികളുടെ പ്രസക്തി സാഹിത്യമൂല്യങ്ങള്‍ക്കുപരിയായി മുമ്പെന്നെത്തേക്കാളേറെ വര്‍ദ്ധിച്ചിരിക്കുന്നു എന്ന് സാമൂഹ്യചുറ്റുപാടുകളെ ഒരല്പമെങ്കിലും ഗൗരവത്തോടെ നോക്കിക്കാണുന്ന ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടുമെന്ന് ഉറപ്പാണ്. ഇത്തരം ക്ലാസിക്കുകളുടെ പാരായണം മനുഷ്യന്റെ സാംസ്‌കാരികചക്രവാളത്തെ വികസിപ്പിക്കുകയും മാനവികതയുടെ മുന്നോട്ടുള്ള പ്രയാണത്തിലെ ഈടുവയ്പുകളായി മാറുകയും ചെയ്യും.

 എന്താണ് ഈ നോവലിന്റെ വശ്യതയ്ക്കാധാരം? എങ്ങനെയാണതു മനുഷ്യരെ വീണ്ടും വീണ്ടും വായിക്കുന്നതിനു പ്രേരിപ്പിക്കുന്നത്? അതു സമൂഹത്തില്‍ ആലംബമില്ലാതുഴറുന്ന ഭ്രഷ്ടരും ബഹിഷ്‌കൃതരുമായവരുടെ ദൈന്യത്തിന്റെ കഥയായതുകൊണ്ടു മാത്രമാണോ? അത്തരമൊരു നിഗമനത്തിലെത്തുന്നതു സാഹസമായിരിക്കും. അങ്ങനെയെങ്കില്‍ ഡിക്കന്‍സിന്റെ ടെയില്‍ ഓഫ് ടൂ സിറ്റീസും ഒലിവര്‍ ട്വിസ്റ്റും ഹാരിയട്ട് ബിച്ചര്‍ സ്റ്റോവിന്റെ അങ്കിള്‍ ടോംസ് ക്യാബിനും ക്ലിഫോര്‍ഡ് ഓ ഡെദ്‌സിന്റെ വെയ്റ്റിങ് ഫോര്‍ ലെഫ്റ്റിയുമൊക്കെ പാവങ്ങളുടെ സ്ഥാനം കൈയേല്‍ക്കുമായിരുന്നു. നേരേമറിച്ച്, ഈ ആലംബഹീനരായ മനുഷ്യര്‍ക്കും അജയ്യരായി മാറാവുന്ന ധാര്‍മ്മികാന്നൗത്യത്തിലേക്ക്, കാരുണ്യപ്രഭാവത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക്, സ്വയം സമര്‍പ്പണത്തിലൂടെയും സ്‌നേഹവായ്പിലൂടെയും നിസ്വാര്‍ത്ഥതയിലൂടെയും എത്തിച്ചേരാന്‍ കഴിയുമെന്ന ഉറച്ച ബോദ്ധ്യം വായനക്കാരന് സ്വാനുഭൂതിയിലൂടെ കൈവരുത്തുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു എന്നുള്ളിടത്താണിതിന്റെ രഹസ്യം കുടികൊള്ളുന്നത്.

Mathew Joys 2013-12-06 15:24:42
മനോഹരമായ റിപ്പോര്ട്ട് . എല്ലാം കവര ചെയ്ത ജോയി ച്ചന് പുതുക്കളത്തിനും അഭിനന്ദനങ്ങൾ .ലാനയുടെ പരിപാടികൾ ആകെപ്പാടെ നല്ല ഒരു ശില്പശാല ആയിരുന്നു. പ്രത്യേകിച്ചും പെരുമ്പടവത്തിന്റെ സൌമ്യമായ അവതരണ ശൈലിയും മാർഗരേഖകളും എല്ലാവര്ക്കും നല്ല ഒരു അനുഭവം ആയിരുന്നു. ലാനയുടെ സംഘടകര്ക്ക് പ്രത്യേകിച്ചും ചുക്കാൻ പിടിച്ച ഷാജൻ ആനിത്തോട്ടത്തിനും ഒരിക്കൽക്കൂടി അനുമോദനങ്ങൾ.  
വിദ്യാധരൻ 2013-12-07 09:07:18
അമേരിക്കൻ പൊങ്ങച്ച സാഹിത്യത്തിൽ എവിടെ ധാര്‍മ്മികത? എവിടെ  കാരുണ്യപ്രഭാവം?   എവിടെ സമര്‍പ്പണം? എവിടെ  സ്‌നേഹമസൃണമായ തലോടുകൾ?  സ്വാർത്ഥതയുടെ  ഉത്തുംഗശൃംഗങ്ങളിൽ ഉന്മത്തരായി ഉൾക്കാഴ്ച നഷ്ടപ്പെട്ട്  വിലസുമ്പോൾ, സാമുഹിയ ചുറ്റുപാടുകളിൽ നടക്കുന്ന ഉപരിപ്ലവകാഴ്ചകൾ മാത്രമെ പല എഴുത്തുകാർക്കും കാണാൻ കഴിയുന്നുള്ളൂ.  തങ്ങളുടെ ചില്ലുമേടകളിൽ   നിന്ന് ഇറങ്ങി ചെന്ന് അടിച്ചമാർത്തപെട്ടവരുടെ ലോകങ്ങളിൽ ജീവിച്ചു, അവരിൽ ഒരാളായിതീരാതെ പടച്ചു വിടുന്ന കഥക്കോ  കവിതയ്ക്കോ വായനക്കാരൻ എന്ന സാധാരണ മനുഷ്യരുടെ ഇടയിൽ പുനർജനിക്കാൻ ആവില്ല. മോക്ഷം ഇല്ലാത്ത എന്റെ ജീവിത സാഹചര്യങ്ങളിൽ, എന്റെ ഹൃദയ സ്പന്ദനങ്ങളെ മനസിലാക്കുന്ന കവി, കഥാകൃത്തെ നിന്റെ മൃതസജ്ജീവിനികളായ കൃതികൾ കൊണ്ട് എന്നെ ഉയർത്തു.  ഞാൻ നിന്നെയും നിന്റെ കൃതികളെയും കാത്തു എന്റെ പ്രതീക്ഷയുടെ വിളക്ക് കൊളുത്തി കാത്തിരിക്കും 

"വിത്തനാഥന്റെ 'ബേബി'ക്ക് പാലും 
നിർദ്ധന 'ചെറുക്ക' ന്നുമിനീരും 
ഈശ്വരേച്ഛയല്ലാകീൽമ്മട്ടു-
ള്ളീശ്വരനെ ചവിട്ടുക നമ്മൾ 
ദൈവനീതിതൻ പേരിലിന്നോളം 
കൈതവംതന്നെ ചെയ്തത് ലോകം 
ലോകമെന്നാൽ ധനത്തിന്റെ ലോകം 
ലോകസേവനം ഹാ രക്തപാനം 
മത്തു കണ്ണിലിരുട്ടടിച്ചാർക്കും 
മർദ്ദനത്തിന്നു സമ്മാനദാനം 
നിറുത്തികിത്തരം നീതി നാം -നമ്മൾ" (ചങ്ങമ്പുഴ)

ചെറുത്തിടാം ഇത്തരക്കാരുടെ മൂട് താങ്ങികളാം  കവികളെ കലാകാരന്മാരെ 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക