Image

കേരള സാഹിത്യ അക്കാദമി വിശ്വമലയാളത്തിന്റെ അക്കാദമിയാകണം

Published on 04 December, 2013
കേരള സാഹിത്യ അക്കാദമി വിശ്വമലയാളത്തിന്റെ അക്കാദമിയാകണം
(ചിക്കാഗോയിലെ ഷെറാട്ടന്‍ ഹോട്ടലില്‍ (എസ്.കെ.പൊറ്റക്കാട് നഗര്‍) 2013 നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളിലായി നടത്തപ്പെട്ട ലാനയുടെ 9-മത് ദേശീയ കണ്‍വന്‍ഷനില്‍ ലാനയുടെ ആദ്യസെക്രട്ടറിയും രണ്ടാമത്തെ പ്രസിഡന്റുമായ ശ്രീ.ജോസഫ് നമ്പിമഠം ചെയ്ത ലഘുപ്രസംഗങ്ങള്‍. ലാനയുടെ ഭരണഘടനയും അതിന്റെ ചരിത്രവും എഴുതിയത് ശ്രീ. നമ്പിമഠമാണ്.)

ഉത്ഘാടനസമ്മേളനം
1997 ജൂണ്‍ 14ന് ഡാളസില്‍ രൂപം കൊണ്ട ലാന പതിനേഴാം വയസ്സിലേക്ക് കടന്നിരിക്കുന്നു. ലാനയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായി ഇരിക്കുന്ന ഒരാള്‍ ലാനയുടെ ദേശീയ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി എത്തുന്നത്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിന് പ്രത്യേകം നന്ദി അറിയിക്കുന്നു.

2008 ല്‍ കേരള സാഹിത്യ അക്കാദമി തുടങ്ങിവച്ച ഒരു സംരംഭം എന്തു കൊണ്ടോ തുടര്‍ന്നു പോയില്ല. അക്കാര്യം ശ്രദ്ധയില്‍പെടുത്താന്‍ ഞാനീയവസരം വിനിയോഗിക്കുകയാണ്. ശ്രീ. പെരുമ്പടവം അക്കാദമി അധ്യക്ഷനായതിന്റെ തൊട്ടു മുമ്പു പ്രവര്‍ത്തിച്ചിരുന്ന ഭരണസമിതി, അതായത് ശ്രീ.എം. മുകുന്ദന്‍  അദ്ധ്യക്ഷനും ശ്രീ. പുരുഷന്‍ കടലുണ്ടി സെക്രട്ടറിയുമായിരുന്ന കാലയളവില്‍ മറുനാടന്‍ മലയാളികളുടെ കഥകളും കവിതകളും വിവിധ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കുവാന്‍ വിശ്വമലയാള പരമ്പര എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. അതിലെ ആദ്യ പുസ്തകം അമേരിക്കന്‍ മലയാളികവിതകള്‍ എന്ന പുസ്തകമായിരുന്നു. അന്ന് അക്കാദമി നിര്‍വ്വാഹകസമിതിയംഗമായിരുന്ന കവി രാവുണ്ണിയാണ് അതിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചത്. അമേരിക്കയില്‍ നിന്നുള്ള 40 കവികളുടെ 40 കവിതകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കവിതകള്‍ ശേഖരിക്കുകയും അതിന്റെ ഗസ്റ്റ് എഡിറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തത് ഞാന്‍ (ജോസഫ് നമ്പിമഠം) ആയിരുന്നു. കവിതകള്‍ കൂടാതെ അക്കാദമി സെക്രട്ടറിയുടെ പ്രസാധകക്കുറിപ്പും, വേരുകള്‍ പൊട്ടുന്നതിന്റെ ശബ്ദങ്ങള്‍ എന്ന പേരില്‍ രാവുണ്ണി എഴുതിയ ആമുഖവും, പ്രവാസം പ്രവാസി പ്രവാസ സാഹിത്യം എന്ന പേരില്‍ ഞാനെഴുതിയ ഒരു ലേഖനവും അതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2009 ജനുവരി 3ന് തൃശ്ശൂരിലെ സാഹിത്യഅക്കാദമി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ കൃതിയുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. അശോകന്‍ ചരുവില്‍ അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തില്‍ ഞാന്‍ (ജോസഫ് നമ്പിമഠം) ആയിരുന്നു മുഖ്യാതിഥി. പ്രശസ്ത കവി മുല്ലനേഴി, അമേരിക്കയിലെ പ്രശസ്ത കവിയത്രി രതീദേവിക്ക് കോപ്പി നല്‍കികൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി സ്വാഗതം ആശംസിച്ചു. രാവുണ്ണി ആമുഖ പ്രസംഗം നടത്തി. കെ.വി.ബേബി, കെ.ആര്‍.ടോണി, കവിതാബാലകൃഷ്ണന്‍ തുടങ്ങി ധാരാളം പേര്‍ ഈ സമ്മേളനത്തിലും തുടര്‍ന്നു നടന്ന കവി സമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി. വിശ്വമലയാള പരമ്പരയിലെ ആദ്യപുസ്തകം എന്ന പേരില്‍ തുടങ്ങിവച്ച ആ സംരംഭം #െന്തു കൊണ്ട് തുടര്‍ന്നില്ല എന്ന് ദയവായി അന്വേഷിക്കണമെന്നും, ആ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടുപോകണമെന്നും അക്കാദമി അദ്ധ്യക്ഷനോട് അഭ്യര്‍ത്ഥിക്കുന്നു. നന്ദി നമസ്‌ക്കാരം.

സമാപന സമ്മേളനത്തില്‍ ചെയ്ത പ്രസംഗം

ലാനയുടെ സമാപനസമ്മേളനത്തിന്റെ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ഏതാണ്ട് മുപ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലായിരുന്നപ്പോള്‍ ഞാന്‍ എഴുതിയ ഇനി ഞാനുറങ്ങട്ടെ എന്ന കവിതയിലെ നാലുവരികളാണ് ഓര്‍മ്മയില്‍ വരുന്നത്.

പൊട്ടിപ്പൊളിഞ്ഞതാം ഇടയ്ക്കകൊട്ടിപ്പാടി
ഞാനൊരായിരമഷ്ടപദിപ്പാട്ടുകള്‍ നിത്യം
കേട്ടില്ലാരുമാഗീതങ്ങള്‍ ഗാഢമാം സുഷുപ്തിയില്‍
തുറന്നില്ല ശ്രീകോവിലില്‍ കനത്ത വാതിലും
ഈ വരികള്‍ എഴുതാന്‍ പ്രചോദനം കിട്ടിയത് ശ്രീ. പെരുമ്പടത്തിന്റെ അഷ്ടപദി എന്ന നോവല്‍ വായിച്ചതില്‍ നിന്നാണ്. ഈ കവിത എഴുതയപ്പോള്‍ ഞാന്‍ അമേരിക്കയില്‍ എത്തുമെന്നോ ലാനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുമെന്നോ വിചാരിച്ചിരുന്നില്ല. അന്ന്, അത്ര പ്രശസ്തനൊന്നുമായിട്ടില്ലാത്ത ശ്രീ.പെരുമ്പടവം സാഹിത്യഅക്കാദമിയുടെ അദ്ധ്യക്ഷനാകുമെന്നോ ഈ ലാന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നോ അദ്ദേഹവും കരുതിയിരുന്നില്ല. പണ്ടേ എനിക്ക് പ്രിയങ്കരനായിരുന്ന അദ്ദേഹത്തെ ഇവിടെ വച്ച് കാണാനും അദ്ദേഹത്തോടൊപ്പം ഈ വേദിയില്‍ ഇരിക്കുവാനും ഈ വാക്കുകള്‍ പറയാനും അവസരം കിട്ടിയത് ഒരു നിയോഗമായും അംഗീകാരമായും ഞാന്‍ കരുതുന്നു.

കേരളത്തെപ്പറ്റി പറയുമ്പോള്‍ നാം എപ്പോഴും ഉപയോഗിക്കുന്ന ഒരു വിശേഷണമാണ് കൊച്ചുകേരളം എന്നത്. ശരിയാണ്, ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ കേരളമെന്നത് വളരെ ചെറിയ ഒരു ഭൂപ്രദേശമാണ്. എന്നാല്‍, ആ കൊച്ചുകേരളത്തിലെ ജനങ്ങളും അവരുടെ കേരളീയ സംസ്‌ക്കാരവും, അവരുടെ ഭാഷയായ മലയാള ഭാഷയും, ആ ഭാഷയിലെ സാഹിത്യവും എത്തിച്ചേരാത്ത ഒരു സ്ഥലവും ഇന്ന് ഭൂമുഖത്ത് ഇല്ല. അങ്ങിനെ നോക്കുമ്പോള്‍ കേരളത്തിന്റെ അതിര്‍ത്തികള്‍ എന്നത് ഭൂഗോളത്തിന്റെ തന്നെ അതിര്‍ത്തികളാണ്. അതിനാല്‍ തന്നെ കേരളസാഹിത്യ അക്കാദമി എന്ന സ്ഥാപനം കേരളത്തിലെ സാഹിത്യകാരെയും അവരുടെ സൃഷ്ടികലെയും മാത്രം ആദരിക്കുന്ന, പ്രതിനിധീകരിക്കുന്ന ഒരു സ്ഥാപനമായി ചുരുങ്ങാന്‍ പാടില്ല എന്നാണ് എനിക്ക് പറയുവാനുള്ളത്. മലയാളഭാഷയും  സാഹിത്യവും അതിനോടു ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ലോകത്തിന്റെ ഏതുകോണില്‍ നടന്നാലും അവയെ വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും അംഗീകരിക്കാനും കേരളസാഹിത്യഅക്കാദമിക്ക് ബാദ്ധ്യതയുണ്ട് എന്ന കാര്യം സാഹിത്യഅക്കാദമി അദ്ധ്യക്ഷനായ ശ്രീ.പെരുമ്പടത്തിന്റെ ശ്രദ്ധയില്‍പെടുത്തുന്നു.

ഈ സമ്മേളനഹാളിന്റെ ചുറ്റും ഒന്നു ശ്രദ്ധിക്കുക. ജന്മശതാബ്ദി ആഘോഷിക്കുന്ന പ്രശസ്തരായ എസ്.കെ.പൊറ്റക്കാടിന്റെയും, മുട്ടത്തുവര്‍ക്കിയുടെയും വലിയ ചിത്രങ്ങള്‍, കേരളത്തിലെ ഏതാണ്ട് മുഴുവന്‍ സാഹിത്യകാരുടെ ചിത്രങ്ങള്‍, നാലു ഭിത്തികളെ അലങ്കരിച്ചിരിക്കുന്നു. കൂടാതെ അമേരിക്കയിലെ എഴുത്തുകാരുടെ പുസ്തകപ്രദര്‍ശനം ഒരു മലയാളി യുവതിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം, മുത്തുക്കുടകള്‍, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ കട്ടൗട്ടുകള്‍, കേരളീയ വസ്ത്രങ്ങള്‍ ധരിച്ചവര്‍, പഞ്ചവാദ്യമേളം, ഇത്രയും കേരളീയതയും ഭാഷാ സ്‌നേഹവും, കേരള സംസ്‌ക്കാരസ്‌നേഹവും ഇന്ന് കേരളത്തില്‍ പോലും കാണാന്‍ പറ്റുകയില്ല എന്ന് ഉറപ്പിച്ചു പറാന്‍ കഴിയും.

ലാനയുടെ അടുത്ത സമ്മേളനം കേരളത്തില്‍ വച്ച് നടത്തുന്നതിന് സാഹിത്യ അക്കാദമിയുടെ ഹാളുകളും അക്കാദമിയുടെ പൂര്‍ണ്ണ സഹകരണവും പിന്തുണയും വാഗ്ദാനം ചെയ്ത ശ്രീ.പെരുമ്പടത്തിന്റെ മഹാമനസ്‌ക്കതയ്ക്കും പ്രോത്സാഹനത്തിനും, ലാനയുടെ പേരിലും വ്യക്തിപരമായും പ്രത്യേകം നന്ദി പറയുന്നു. കേരളത്തില്‍ വച്ച് വീണ്ടും കാണാം. നന്ദി, നമസ്‌ക്കാരം.

കേരള സാഹിത്യ അക്കാദമി വിശ്വമലയാളത്തിന്റെ അക്കാദമിയാകണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക