Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍10 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)

സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌ Published on 05 December, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍10 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
ചിലപ്പോള്‍ തോന്നും ഏകാന്തതയുടെ ശൂന്യതയില്‍ പറക്കുന്ന ഒരു അപ്പൂപ്പന്‍ താടിയാണു ഞാനെന്ന്. വീട്ടിലെ ഓരോ മുറികളിലും ഘനീഭവിച്ച നിശ്ശബ്ദതയാണു അനുഭവപ്പെടുക. തുറന്നിട്ട ജാലകത്തിലൂടെ വെറുതെ ആകാശത്തേക്ക് നോക്കി  നിന്ന് ജോയെ ക്കുറിച്ച് ആലോചിക്കും. ''സരോ നീ എവിടെ' എന്ന് ചോദിച്ച് വീട്ടിലേക്ക് കയറി വരാറുള്ള ജോ 'നീ എവിടെയാണു' എന്ന് എന്റെ ചുണ്ടുകള്‍ അപ്പോള്‍ മന്ത്രിച്ച്‌കൊണ്ടിരിക്കും.. ഒരു പക്ഷെ ജോ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടായിരിക്കും എന്നോട് മറുപടി പറയുന്നുണ്ടാകും. മനുഷ്യ ജീവിതം ഒരു പ്രഹേളികയാണെന്ന് ഞാന്‍ ചിന്തിക്കുന്നു. അപരിചിതരായ ഒരു സ്ര്തീയും പുരുഷനും കണ്ടു മുട്ടുന്നു, വിവാഹത്തിലൂടെ അല്ലെങ്കില്‍ പരസ്പരാകര്‍ഷണത്തിലൂടെ. പിന്നെ അവര്‍ ഒന്നാകുന്നു, രണ്ടാകുന്നു. അതില്‍ കൂടുതലാകുന്നു. ആരെങ്കിലും ആദ്യം ഇവിടം വിട്ടുപോകുമെന്ന ചിന്തയില്ലാതെ യൗവ്വനം അതിന്റെ എല്ലാ അനുഭൂതികളും പകരുമ്പോള്‍ കാലം പതുക്കെ കടന്നുപോകുന്ന കാലടി ശബ്ദം അവര്‍ കേള്‍ക്കുന്നില്ല. ഇണകളില്‍ ഒന്നിനെ കവര്‍ന്നെടുക്കുന്ന കാലം നമുക്കായ് പിന്നേയും സമയം അനുവദിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നിസ്സഹായാവസ്ഥയാണ്. അതേ സമയം കാലത്തിന്റെ കലവറകളില്‍ കേട് കൂടാതെ കിടക്കുന്ന ഓര്‍മ്മകള്‍ നമുക്ക് സാന്ത്വനവുമായി എത്തുന്നു. അവ്യക്തമായ ഒരു കണക്ക്കൂട്ടലായി ഓരോ ദിവസങ്ങള്‍ പുലര്‍ന്നസ്തമിക്കുന്നു.

ഇങ്ങനെ ചില ദിവസങ്ങല്‍ കടന്നു പോകുമ്പോള്‍ ഞാന്‍ കാറുമെടുത്ത് ജോയുടെ കുഴിമാടത്തിലേക്ക് പോകും. ശിശിര കാലത്തിനു മുമ്പുള്ള ശരത്കാലത്തിന്റെ തണുത്ത കാറ്റില്‍ ചുവപ്പും, മഞ്ഞയും കലര്‍ന്ന ഇലകളെല്ലാം  പൊഴിയാന്‍ തുടങ്ങീട്ടുണ്ടാകും.മഞ്ഞ് തുള്ളികള്‍ കണ്ണീരാക്കി പ്രകൃതി വിലപിക്കുന്ന ഒരു കാലം. പ്രകൃതിയും പെണ്ണാണു്. എല്ലാ മാറ്റങ്ങളുടേയും ദുരിത ഫലങ്ങള്‍ അനുഭവിക്കേണ്ടത് അവളാണ്. ഒരിക്കലും ഉണരാത്ത നിദ്രയില്‍ എന്റെ പ്രിയതമന്‍ ശയിക്കുന്ന മണ്ണിലേക്ക് ഞാന്‍ തനിയെ പോകുന്നു. ഇന്ന് രാവിലെ ഉണര്‍ന്ന് മെത്തവിരിപ്പുകള്‍ക്ക് മേലെ കംഫര്‍ട്ടുകള്‍ നിവര്‍ത്തിയിട്ടപ്പോള്‍ എന്റെ കരള്‍ പിടഞ്ഞു. എന്റെ ജോ എത്രയോ ദൂരെ ഭൂമി ദേവി ഒരുക്കിയ ആറടി മണ്ണില്‍ വിശ്രമം കൊള്ളുന്നു. ഒരു നാള്‍ ഞാനും അവിടെ എത്തിചേരുമെന്നറിയാമെങ്കിലും മനസ്സ് വെറുതെ പകച്ച്‌പോകുന്നു.


എന്റെ ചിന്തകള്‍ എന്നെ കണ്ണീരണിയിക്കുമ്പോള്‍ ഞാന്‍ ജോയുടെ ശബ്ദം കേള്‍ക്കുന്നു. കാറോടിക്കുമ്പോള്‍ അതില്‍ ശ്രദ്ധിക്കൂ, കഥയും കവിതയും കാറില്‍ കയറുമ്പോള്‍ വേണ്ട, പ്രത്യേകിച്ച് കാര്‍ ഓടിക്കുമ്പോള്‍. ഇലകള്‍ നിറം മാറുമ്പോള്‍ ജോ ചോദിക്കും, സരോ നിനക്ക് ഒരു ലോങ്ങ് ഡ്രൈവിനു പോകണോ? ഞാനത് കേള്‍ക്കാന്‍ കൊതിച്ചിരിക്കും. ജോ ഡ്രൈവ്  ചെയ്യുമ്പോള്‍ റോഡിന്റെ ഇരുവശങ്ങളിലും വിവിധ  വര്‍ണ്ണങ്ങള്‍ പേറുന്ന മരങ്ങളുടെ ഭംഗി ആസ്വദിച്ച് ഞാനിരിക്കും. പഴുത്ത് വീഴുന്ന ഇലകളെ സ്‌നേഹത്തോടെ ഏറ്റ് വാങ്ങുന്ന ഭൂമി ദേവി. സര്‍വ്വം സഹയായ അമ്മ. എന്റെ ആനന്ദത്തിനുവേണ്ടി എന്നേയും കൂട്ടി കാറോടിച്ച് പോകുന്ന ജോ. ആഹ്ലാദത്തിന്റെ ആ നിമിഷങ്ങളെ വീണ്ടും ഞാന്‍ വിളിക്കുന്നു. അരികില്‍ നീയുണ്ടായിരുന്നെങ്കില്‍ എന്ന് ഒരു മാത്ര വെറുതെ നിനച്ച്‌പോയി.... കാറിലെ സി ഡി പ്ലയര്‍ പാടുന്നു. എനിക്കത് ജോയുടെ സ്വരമാണെന്ന് തോന്നുന്നു. ജോ എന്നെ വിട്ടു പിരിഞ്ഞിട്ട് ആദ്യം വരുന്ന തണുപ്പുകാലമാണു ഇത്. മഞ്ഞ് പൊഴിഞ്ഞ് ഭൂമി ശുഭ്രവേഷധാരിയാകുമ്പോള്‍ കൊച്ച്മക്കളുമൊത്ത് 'സ്‌നൊ മാനേയും'', അതെപോലെ ഓരോ രൂപങ്ങളേയും ഉണ്ടാക്കി അവരോടൊത്ത് കളിക്കുന്ന ജോവളരെ സന്തോഷമനുഭവിച്ചിരുന്നു. പിന്നീട് അസും മൂലം ശയ്യാവലംമ്പിയായിരുന്നപ്പോള്‍ മകന്റെ  മകന്‍ കയ്യില്‍ നിറയെ മഞ്ഞും വാരി വീട്ടുനുള്ളില്‍ കയറി വന്നപ്പോള്‍ ജോയുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു. കൊച്ച്മക്കളെ  ജോ എത്ര മാത്രം സ്‌നേഹിച്ചു. കൊച്ചുമകനൊത്ത് മഞ്ഞില്‍ കുഞ്ഞുങ്ങളെ പോലെ കളിക്കാന്‍ വെമ്പുന്ന ജോയുടെ ഹൃദയം എനിക്ക് കാണാന്‍ കഴിയുമായിരുന്നു. ജോയുടെ അസുഖം മാറും, അപ്പോള്‍ കൊച്ച്‌മോനുമൊത്ത് കളിച്ച് നടക്കാം. ഞാന്‍ സമാധാനിപ്പിച്ചു. എന്നാല്‍ വിധി വിഹിതം മറ്റൊന്നായിരുന്നു. ജോ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു. ജോയുടെ  അന്ത്യവിശ്രമ സ്ഥാനത്തേക്ക് എന്റെ കാര്‍ തിരിഞ്ഞു.

ശാന്തതയുടെയും സമാധാനത്തിന്റേയും പര്യായം പോലെ നീണ്ടു കിടക്കുന്ന സെമിത്തേരിയില്‍ ചിലപ്പോള്‍ പൂക്കളും മെഴുകുതിരികളുമായി അവിടേയും ഇവിടേയും ചിലരെ കാണാം. വേര്‍പ്പെട്ടുപോയ പ്രിയമുള്ളവരുടെ ഭൗതിക ശരീരം വിലയം പ്രാപിച്ച മണ്ണില്‍ കണ്ണീരൊപ്പി അവര്‍ നില്‍ക്കുന്നു. ഞാനും കയ്യില്‍ കരുതിയ പൂക്കളും മെഴുകുതിരി കൂടുമായി ജോയുടെ വിശ്രമസ്ഥലത്ത് ചെല്ലുന്നു. ജോയുടെ കുഴിമാടത്തിനരികെ ഒരു പൂമരം നില്‍പ്പുണ്ട്. ധാരാളം പൂക്കള്‍ വീഴ്ത്തി അത് ജോയെ സന്തോഷിപ്പിച്ച്‌കൊണ്ടിരുന്നു. ആ കാഴ്ച്ച എനിക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരാറുണ്ട്. ഞാനപ്പോള്‍ ഒലിവിയ സൂസന്‍ എന്ന അമേരിക്കകാരി പെണ്‍ക്കുട്ടിയെ ഓര്‍ക്കും. വിശ്വവിഖ്യാത
സാഹിത്യകാരനായ മാര്‍ക് ടൈ്വനിന്റെ മകള്‍. അവള്‍ ഇരുപത്തിനാലാമത്തെ വയസ്സില്‍ മരിച്ചു. അവളുടെ കുഴിമാടത്തിനുമേല്‍ മാര്‍ക് ടൈ്വന്‍  ഏതൊ ഒരു ആസ്‌ട്രേലിയന്‍ കവിയുടെ ഒരു കവിത ശകലം കുറിച്ച് വച്ചിട്ടുണ്ട്. ഗ്രീഷ്മ കാലത്തെ  സൂര്യാ, ഇവിടെ ഇളം ചൂടിന്റെ തിളക്കത്തോടെ പ്രകാശിക്കുക, തെക്കന്‍ കാറ്റെ വളരെ മ്രുദുവായി ഇവിടെ വീശികൊണ്ടിരിക്കുക, പച്ചപ്പുല്ലു നിറഞ്ഞ മണ്‍തിട്ടകളെ അധികം ഭാരംകൊടുക്കാതെ കിടക്കുക, ശുഭ്രരാത്രി എന്റെ പൊന്നോമനേ, നിനക്ക് ശുഭ രാത്രി.

ജോയുടെ സമാധിശിലയില്‍ അതെപോലെ ഒരു കവിത കുറിച്ച് വയ്ക്കണമെന്ന് എന്തുകൊണ്ടൊ എനിക്ക് തോന്നിയില്ല. ഇപ്പോഴിതാ അരികില്‍ നില്‍ക്കുന്ന മരത്തിലെ പൂക്കള്‍ പുഷ്പ്പചക്രങ്ങള്‍ ഉണ്ടാക്കുന്നു. ഏതോ ദേവഭാഷയില്‍ ജോയിക്കുള്ള സന്ദേശങ്ങള്‍ എഴുതുന്നു. ഞാന്‍ മെഴുകുതിരി കൂടു തുറന്ന് തിരികള്‍ നിരത്തി വച്ചു. പൂക്കള്‍ വളരെ സ്‌നേഹാര്‍ദ്രമായി അവിടെ അര്‍പ്പിച്ചു. മെഴുകുതിരികള്‍ കത്തിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ച്‌കൊണ്ടിരുന്നു. അപ്പോള്‍ എന്റെ പിന്‍ കഴുത്തില്‍ മ്രുദുവായ ഒരു സ്പര്‍ശനം. ഞാന്‍ തിരിഞ്ഞ്‌നോക്കിയപ്പോള്‍ മൂന്നുനാലു വയസ്സ് തോന്നുന്ന  ഒരു കോമളബാലന്‍ കൊച്ചരിപല്ലുകള്‍ കാട്ടി എന്നെ നോക്കി ചിരിക്കുന്നു. വളരെ പരിചയമുള്ള പോലെ അവന്‍ എനിക്ക് എന്റെ പുറകില്‍ ഇര്‍ക്കുന്ന ഒരു അണ്ണാറക്കണ്ണനെ ചൂണ്ടിക്കാട്ടി. ഒരു വിധവ അവരുടെ മരിച്ച്‌പോയ ഭര്‍ത്താവിന്റെ ശവക്കല്ലറയില്‍ മെഴുകുതിരികള്‍ കത്തിച്ച് വച്ച് അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കും സ്വയം മന്‍ഃശ്ശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നൊന്നും അവനറിഞ്ഞ്കൂട. ബാല്യത്തിന്റെ നിഷ്‌ക്കളങ്കത നിഴലാടുന്ന ആ കൊച്ചു മുത്ത് കൗതുകത്തിന്റെ രജതരേകള്‍. അവനെ വിഷമിപ്പിക്കണ്ടെന്ന് കരുതി അവന്‍ ചൂണ്ടിക്കാണിച്ചേടത്തേക്ക് നോക്കിയപ്പോള്‍ എന്തോ കൊറിച്ച്‌കൊണ്ട് വാലിളക്കി ഒരു അണ്ണാറക്കണ്ണന്‍ ഇരിക്കുന്നു. അത് ഞങ്ങളെ  രണ്ടുപേരേയും ശ്രദ്ധിക്കുന്നില്ല. അപ്പോഴെക്കും അവന്റെ അമ്മ വന്നു. അവരുടെ പ്രിയതമന്‍ അവരെ വിട്ട്‌പോയിട്ട് അന്നേക്ക് നാല്‍പ്പത് ദിവസം തികയുകയാണു്. മതപരമായ ഏതോ ചടങ്ങിനെത്തിയിരിക്കയാണു്. ബന്ധുക്കള്‍ അകലെ നില്‍പ്പുണ്ട്. അ'ന്‍ മരിച്ച്‌പോയിയെന്നറിയാതെ അവന്‍ കിളികളുടേയും അണ്ണാറക്കണ്ണന്മാരുടേയും പുറകെ ഓടുകയാണു. ഈ ലോകത്തില്‍ എത്രയോ മനുഷ്യര്‍ അവരുടെ സ്വ്കാര്യ ദുഃഖങ്ങളില്‍ മുഴുകി കഴിയുന്നു. അവനു ആ അണ്ണാറക്കണ്ണനെ പിടിക്കണം. ഒരു കിലുക്കാം പെട്ടി പോലെ ചിരിച്ച്‌കൊണ്ട് അവന്‍ അതിനു പുറകെ ഓടിയപ്പോള്‍ അവന്റെ അമ്മ അവനെ പിടിച്ച് കൊണ്ടുപോയി. ആ കുട്ടി അമ്മയുടെ കയ്യും പിടിച്ച് നടന്നു പോകുന്നത് കണ്ടപ്പോള്‍ വളരെ സങ്കടം തോന്നി. എന്റെ ബാഗിലുണ്ടായിരുന്ന ച്യൂവിങ്ങ് ഗം അവനു ഞാന്‍ കൊടുക്കുമായിരുന്നു.. എന്നാല്‍ അപരിചിതരുടെ കയ്യില്‍ നിന്നും ഇവിടെ ആരും ഒന്നും വാങ്ങിക്കയില്ലല്ലോ. ജോയുടെ കുഴിമാടത്തിലേക്ക് എന്നും ച്യൂവിങ്ങ്ഗമുമായിട്ടാണു ഞാന്‍ പോകുക. ജോയിക്ക് ച്യുയിങ്ങ് ഗം ഇഷ്ടമായിരുന്നു. ജോയെ അടക്കിയ കല്ലറയില്‍ കൊച്ചുമക്കള്‍ കുറെ ച്യൂയിങ്ങ് ഗം ഇട്ടിരുന്നു. കുഞ്ഞുങ്ങളുമായി തമാശക്ക് ച്യൂയിങ്ങ്ഗമിനു വഴക്ക് പിടിക്കുക ജോയുടെ വിനോദമായിരുന്നു. ദുഃഖത്തിന്റെ വിങ്ങല്‍ തിങ്ങുന്ന ശ്മാശന മൂകതയില്‍ ജീവിതത്തില്‍ ഒറ്റപെട്ടവരുടെ കാലടിശബ്ദങ്ങള്‍. ഇവിടെ ആറടി മണ്ണില്‍ ഉറങ്ങുന്നവര്‍ക്ക് ഈ ലോകത്തിലെ ഒന്നും വേണ്ട. ഞാനൊരു ച്യൂയിങ്ങ് ഗം അതിന്റെ കടലസ്സ് പൊതി നീക്കി വെറുതെ പിടിച്ച് നിന്നു. കണ്ണീര്‍ തളം കെട്ടി നില്‍ക്കുന്ന ഈ സെമിത്തേരിയുടെ അപാര വിജനതയില്‍ നില്‍ക്കുമ്പോള്‍ 'ഇവിടം അദ്ധ്യാത്മ വിദ്യാലയം '' എന്നു പാടിയ കവിയെ ഞാന്‍ ഓര്‍ത്തു പോകുന്നു.

അഹങ്കാരം നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ആസ്പത്രിയും സെമിത്തേരിയും സന്ദര്‍ശിക്കണമെന്ന് എനിക്ക് തോന്നി. ഈ ലോകം അസ്ഥിരമാണു്. ഓരോ നിമിഷത്തിലും എന്തു സംഭവിക്കുമെന്ന് നമുക്കറിയാന്‍ കഴിവില്ല. മെഴുക് തിരികള്‍ ഊതികെടുത്തി ഞാന്‍ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഹ്രുദയം ഒരു നിമിഷം മോഹിച്ചു. ' സരോ'' എന്ന ജോയുടെ വിളി. അത് ഒരിക്കലും ഇനി കേള്‍ക്കുകയില്ലെന്ന യാതാര്‍ഥ്യത്തിന്റെ കയ്പ്പ് നീര്‍ മനസ്സില്‍ നിറഞ്ഞപ്പോള്‍ അകലെ കിളികളുടേയും അണ്ണാറക്കണ്ണന്റേയും പുറകെ നിഷക്കളങ്കനായ ആ കുട്ടി ഓടിക്കളിക്കുന്നു. ശിശുക്കളെപോലെ നിഷക്കളങ്കരാകുക എന്ന ദൈവ വചനം എന്നെ സമാശ്വസിപ്പിച്ചു.

എന്റെ കാര്‍ ഹൈവെയിലേക്ക് കയറി. ആളൊഴിഞ്ഞ കൂട്ടിലേക്ക് തിരിച്ച് പറക്കുന്ന ചിറകറ്റ പക്ഷിയാണു ഞാന്‍. ശിശിരകാലം അറിയിച്ച്‌കൊണ്ട് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഇലകള്‍ പൊഴിഞ്ഞ് വീണുകൊണ്ടിരുന്നു. തണുപ്പുകാലത്ത് എന്നെ മണ്ണില്‍ അടക്കം ചെയ്യല്ലേ എനിക്ക് തണുക്കുമെന്ന ജോയുടെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങുന്നു. ദൈവം അത് കേട്ടിരിക്കും. വസന്താഗമത്തിലെ ഒരു ദിവസമാണു ജോയുടെ ആത്മാവ് ശരീരം വിട്ടുപോയത്. എന്നാലും ജോയുടെ കുഴിമാടത്തിനുമീതെ മഞ്ഞ് വീഴുമല്ലോ എന്നോര്‍ത്ത് ഞാന്‍ വിഷമിക്കുന്നു. പലരും ശവക്കല്ലറക്കുമേല്‍ പുതപ്പുകള്‍ വിരിച്ചിടുന്നത് ഒരു പക്ഷെ മരിച്ച്‌പോയവരുടെ വാക്കുകളെ ബഹുമാനിക്കാനായിരിക്കും. എല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടും ഞാന്‍ ചിന്തിച്ച്‌പോകുന്നു. ആകാശം മഞ്ഞ്‌പൊഴിക്കുന്ന ഈ തണുപ്പുകാലത്ത് എന്റെ ജോക്ക് തണുക്കുമോ? ഒരു പുതപ്പ് ആ കുഴിമാടത്തില്‍ വിരിച്ചിടണം എന്ന ചിന്ത ഇപ്പോള്‍ എന്റെ മനസ്സില്‍ വരുന്നു.

(തുടരും)




പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍10 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, നൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക