Image

മഹാത്മാവും മണ്ടെലയും പിന്നെ മാര്‍ട്ടിനും (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 06 December, 2013
മഹാത്മാവും മണ്ടെലയും പിന്നെ മാര്‍ട്ടിനും (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
സ്വര്‍ഗവാതില്‍ക്കല്‍ സ്വാഗത ഘോഷവുമായി
നില്‌ക്കുന്നു മഹാത്മാ നെല്‍സനെ ആനയിക്കാന്‍
ചാരത്ത്‌ നില്‍ക്കുന്നുണ്ട്‌ മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങും
സ്വര്‍ഗം സംപൂര്‍ണമായ്‌ ത്രിമൂര്‍ത്തി സംഗമത്താല്‍

അഹിംസതന്‍ പാത വെട്ടി ലോകത്തെ വിസ്‌മയിപ്പിച്ചോര്‍
അസമത്ത്വ കുടിലതതന്‍ മുഖമൂടി വലിച്ചൂരി
മൂന്നു വന്‍കരകളെ പ്രോജ്വലിപ്പിച്ച സൂര്യന്മാര്‍
തലയുയര്‍ത്തി നില്‍ക്കുന്നു സ്വര്‍ഗത്തിന്‍ നിറുകയില്‍

ഓര്‍മതന്‍ യാനം പാഞ്ഞു യുഗങ്ങള്‍ക്കപ്പുറത്തേക്ക്‌
ഗതകാല സ്‌മരണകള്‍ മനസ്സില്‍ കൊത്തി വലിക്കുന്നു
പതിനെട്ടാണ്ടുകള്‍ നീണ്ട റോബന്‍ ദ്വീപിന്‍ തടവറ
നെല്‍സന്റെ യൌവനത്തിന്‍ പാതിയും അപഹരിച്ചു

വര്‍ണ്ണവെറിയന്മാര്‍തന്‍ ക്രൌര്യം ഉന്മാദത്തില്‍
പീറ്റെര്‍മരിസ്‌ബര്‍ഗില്‍ ഗാന്ധിജി ചവിട്ടേറ്റു വീഴുന്നു
എനിക്കുമുണ്ടൊരു സ്വപ്‌നമെന്ന്‌ ലോകത്തോടുല്‌ഘോഷിച്ച
മാര്‍ട്ടിന്‍ ആക്രുഷ്ടനായ്‌ ഗാന്ധിതന്‍ അഹിംസയില്‍

സ്വാതന്ത്ര്യം മരീചികയെന്നൊര്‍ത്തൊരു ജനതയ്‌ക്ക്‌
പുനര്‍ജനി നല്‍കിയ പ്രവരന്മാര്‍ മൂവരും
സമത്വത്തിന്‍ ഗാനം പാടി ഉണര്‍ത്തിയ സമൂഹത്തെ
ജീവിതം പഠിപ്പിച്ച തേജസരൂപന്മാരെ

മരിക്കില്ലൊരിക്കലും നിങ്ങള്‍ ജീവിക്കുമെന്നെന്നേയ്‌ക്കും
ജനകോടിതന്‍ മനസ്സിലെ തുടിക്കും ഹൃത്താളമായ്‌
കാതിരിക്കുന്നുണ്ടീ ലോകം മറ്റൊരു ഗാന്ധിജിയെ ,
മറ്റൊരു മണ്ടേലയെ , പുതുജീവന്‍ തുടിക്കും മാര്‍ട്ടിനെ !!!
മഹാത്മാവും മണ്ടെലയും പിന്നെ മാര്‍ട്ടിനും (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
ശ്രീകുമാര്‍ പുരുഷോത്തമന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക