Image

നാലാമത്‌ യുക്‌മ നാഷണല്‍ കലാമേള സമാപിച്ചു

Published on 08 December, 2013
നാലാമത്‌ യുക്‌മ നാഷണല്‍ കലാമേള സമാപിച്ചു
ലോകത്തെ എറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്‌മയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന യുക്‌മ നാഷണല്‍ കലാമേളയില്‍ നാലാമത്തെ നാഷണല്‍ കലാമേളക്ക്‌ യുകെയുടെ സാംസ്‌കാരിക തലസ്ഥാനമായ ലിവര്‍പൂളില്‍ നിറഞ്ഞ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ തിരശ്ശീല വീണു. യുക്‌മ നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയന്‌ വേണ്ടി ലിംക ആതിഥ്യം നല്‍കിയ ഈ മഹാമേളയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 600ല്‍ അധികം കലാകാരന്മാരും കലാകാരികളുമാണ്‌ 4 വേദികളിലായി 41 ഇനങ്ങളില്‍ മാറ്റുരച്ചത്‌.ലിവര്‍പൂളിലെ ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അങ്കണം യുക്‌മ കലാമേള വേദിയായ വി ദക്ഷിണാമൂര്‍ത്തി നഗര്‍ ആക്കി മാറ്റുന്നതില്‍ ആതിഥ്യം നല്‌കിയ ലിംകയും യുക്‌മ നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയനും ലിമ ലിവര്‍പൂളും കൂട്ടായ പരിശ്രമത്തിലൂടെ വിജയം വരിച്ചു. യുക്‌മയുടെ പ്രധാന സാംസ്‌കാരിക പരിപാടിയായ യുക്‌മ നാഷണല്‍ കലാമേളയില്‍ യുക്‌മയുടെ പ്രധാന പ്രവര്‍ത്തന പരിപാടികളുടെ വിശദീകരണവും ഉദ്‌ഘാടനവും നടന്നു.

രാവിലെ മുതല്‍ വി ദക്ഷിണാമൂര്‍ത്തി നഗറിലേക്ക്‌ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷികളാക്കിക്കൊണ്ട്‌ സംശുദ്ധ മലയാളത്തിന്റെ സൗന്ദര്യത്തെ മുഴുവന്‍ ആവാഹിച്ചെടുത്ത അവതരണ ശൈലിയുമായി ലിംക ലിവര്‍പൂളിന്റെ രേഷ്‌മ ജോസ്‌, ക്രിസ്റ്റി തോമസ്‌ എന്നീ കൊച്ചുമിടുക്കികള്‍ അവതാരകരായി വേദിയിലെത്തി ഉദ്‌ഘാടന സമ്മേളനത്തിന്‌ തുടക്കം കുറിച്ചു. മൗനദീപ്‌തമായ ഈശ്വരസ്‌മരണക്കു ശേഷം കലാദേവതയ്‌ക്ക്‌ വന്ദനവുമായി മാതാപിതാഗുരുദൈവ വന്ദനവുമായി രംഗപൂജയുമായി എത്തിയത്‌ ലിംകയുടെ സുനിത ജോര്‍ജ്ജ്‌, ഷെറിള്‍ ബിജു എന്നീ നര്‍ത്തകിമാരായിരുന്നു. യുക്‌മ നാലാമത്‌ നാഷണല്‍ കലാമേളക്ക്‌ തിരശ്ശീല ഉയരുന്നു എന്നറിയിച്ച്‌ യുക്‌മ നാഷണല്‍ കലാമേളക്ക്‌ സ്വാഗതം ആശംസിക്കാന്‍ ജനറല്‍ സെക്രട്ടറി ബിന്‍സു ജോണിനെ അവതാരകര്‍ വേദിയിലേക്ക്‌ ക്ഷണിച്ചു. തുടര്‍ന്നു മുഖ്യാതിഥിയും പ്രമുഖ സാഹിത്യകാരനുമായ കാരൂര്‍ സോമനെയും, യുക്‌മ നാഷണല്‍ പ്രസിഡന്റ്‌ വിജി കെപിയെയും യുക്‌മയുടെ നാഷണല്‍ റീജിയണല്‍ ഭാരവാഹികളെയും വേദിയിലേക്ക്‌ ആനയിച്ചു. നിറഞ്ഞ സദസ്സിന്റെ അനുഗ്രഹാശിസ്സുകളോടെ കാരൂര്‍ സോമന്‍ അവര്‍കള്‍ യുക്‌മ നാഷണല്‍ കലാമേളക്ക്‌ ഭദ്രദീപം കൊളുത്തിയതോടെ അവേശത്തിമിര്‍പ്പിന്റെ അലയടികളുയര്‍ന്നു. ഉദ്‌ഘാടന പ്രസംഗത്തില്‍ യുക്‌മ എന്ന പ്രസ്ഥാനത്തിന്റെ മികവിനെപ്പറ്റിയും മലയാളി സമൂഹം ഒറ്റ കൂട്ടായ്‌മയായി വളര്‍ന്ന്‌ ഈ പ്രവാസ ജീവിതത്തില്‍ തങ്ങളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയുംപറ്റി അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. തുടര്‍ന്ന്‌ യു കെ യിലെ മലയാളി സമൂഹത്തിനുവേണ്ടി യുക്‌മ പ്രസിഡന്റ്‌ വിജി കെ പി കാരൂര്‍ അവര്‍കളെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ഉദ്‌ഘാടന ചടങ്ങിന്‌ അദ്ധ്യക്ഷം വഹിച്ച വിജി കെപി ലോകത്തെ എറ്റവും വലിയ മലയാളി സംഘടനയായി യുക്‌മയെ വളര്‍ത്തിയ യുകെയിലെ മലയാളി സമൂഹത്തെ അനുസ്‌മരിക്കുകയും കലാമേളയെ കൂടാതെയുള്ള യുക്‌മയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തു. യുകെയിലെ മികച്ച ചാരിറ്റി പ്രവര്‍ത്തകനും ലിംക പ്രസിഡന്റുമായ തമ്പി ജോസ്‌ യുക്‌മ നാഷണല്‍ കലാമേളക്ക്‌ എല്ലാ വിധ ആശംസകളും അര്‍പ്പിക്കുകയും യുക്‌മ നാഷണല്‍ ട്രഷററും നാഷണല്‍ കലാമേള കമ്മിറ്റി ജെനറല്‍ കണ്‍വീനറുമായ അഡ്വ ഫ്രാന്‍സീസ്‌ മാത്യു കവളക്കാട്ടില്‍ നന്ദിപ്രകാശനം നടത്തുകയും ചെയ്‌തു.`അമ്മ മലയാളമേ വണക്കം' എന്ന മന്ത്ര മൊഴിയുമായി വേദിയിലെത്തി `അരങ്ങ്‌ അറിവ്‌ ആവിഷ്‌കാരം' എന്ന യുക്‌മ കലാമേള ആപ്‌തവാക്യത്തെ അന്വര്‍ത്ഥക്കിയ ഉദ്‌ഘാടനചടങ്ങിന്റെ അവതരണം യുക്‌മ നാഷണല്‍ കലാമേള പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും ലിംക ഭാരവാഹിയുമായ തോമസ്‌കുട്ടി ഫ്രാന്‍സീസ്‌ ആണ്‌ അണിയിച്ചൊരുക്കിയത്‌.

ഉദ്‌ഘാടന സമ്മേളനത്തിന്‌ ശേഷം നിശ്ചയിക്കപ്പെട്ട പ്രകാരം ഇടതടവില്ലാതെ നാല്‌ വേദികളിലായി രൂപ ലയ താളങ്ങള്‍ വിരിഞ്ഞു. സദസ്സിന്റെ നിലക്കാത്ത കരഘോഷവും, ആര്‍പ്പുവിളികളും വേദികളെ പ്രകമ്പനം കൊള്ളിച്ചു. മത്സരമെന്ന വികാരത്തെ മറന്ന്‌ ഓരോ കുട്ടികളും ഗ്രൂപ്പും തങ്ങളുടെ എതിരാളികളുടെ പ്രകടനത്തെ വിസ്‌മയത്തോടെ ആസ്വദിച്ച്‌ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുന്നത്‌ കാണുമ്പോള്‍ കൂട്ടായ്‌മ എന്ന വികാരം കലാമേളയിലൂടെ വരും തലമുറയിലേക്ക്‌ പകരാന്‍ യുക്‌മക്ക്‌ കഴിഞ്ഞു എന്നതിന്‌ നിദാനമായി. യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നാലും അഞ്ചും മണിക്കൂറുകള്‍ യാത്ര ചെയ്‌ത്‌ ലിവര്‍പൂളിലെത്തിയ മത്സരാര്‍ത്ഥികള്‍ പരസ്‌പരം പരിചയപ്പെടുന്നതും പ്രോത്സാഹിപ്പിക്കുന്നതും സൗഹൃദം സ്ഥാപിക്കുന്നതിനും യുക്‌മ നാഷണല്‍ കലാമേള വേദികള്‍ സാക്ഷിയായി മാറി. ഉച്ച തിരിഞ്ഞതോടെ മനുഷ്യക്കടലായി മാറിയ വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ആളുകളെ നിയന്ത്രിക്കുന്നതിനും, വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനും സംഘാടകര്‍ക്ക്‌ പോലും ബുദ്ധിമുട്ടായി. എന്നാല്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ വീഴ്‌ചവരുത്താതെ തികഞ്ഞ അച്ഛടക്കത്തോടെ കാണികള്‍ സഹകരിച്ചത്‌ തിക്കും തിരക്കും ഒഴിവാക്കാന്‍ സഹായകമായി.

യുക്‌മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ബ്ലഡ്‌ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മജ്ജ മാറ്റിവക്കല്‍ ശസ്‌ത്രക്രിയകള്‍ക്ക്‌ സഹായകമാകും വിധം ദാതാക്കളെ കണ്ടുപിടിക്കുന്നതിന്‌ വേണ്ടി സാമ്പിളുകള്‍ ശേഖരിക്കുന്നതിനും കലാമേള വേദി സഹായകമായി. ഇതിനു നേതൃത്വം നല്‍കിയത്‌ ജോജോ ജോസഫ്‌ ബാസില്‍ഡന്‍. യുക്‌മ വൈസ്‌ പ്രസിഡന്റ്‌ ഷാജി തോമസ്‌ യുക്‌മ ചാരിറ്റി ഫൗണ്ടേന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ച ചാരിറ്റി ഫൗണ്ടേഷന്‍ സമ്മേളനത്തില്‍ `ഡിലീറ്റ്‌ ബ്ലഡ്‌ ക്യാന്‍സര്‍' പ്രവര്‍ത്തകനായ ഡോ അബിദ്‌ ബ്ലഡ്‌ക്യാന്‍സര്‍ നിവാരണത്തെ കുറിച്ച്‌ ബോധവല്‍ക്കരണം നല്‍കുകയും ചെയ്‌തു. യുക്‌മയുടെ നേതൃത്വത്തില്‍ ആയിരം പേരുടെ സാമ്പിളുകള്‍ ശേഖരിക്കുക എന്നാ ദൗത്യമാണ്‌ ചാരിറ്റി ഫൗണ്ടേഷന്‍ അംഗങ്ങളായ മാമന്‍ ഫിലിപ്പ്‌, ബൈജു തോമസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാകുന്നത്‌. യുകെയുടെ ചരിത്രത്തില്‍ ഇത്രയധികം സാമ്പിളുകള്‍ ശേഖരിക്കുന്നതിന്‌ ഒരു കമ്മ്യൂണിറ്റിക്കും കഴിഞ്ഞിട്ടി񠦣3342;ന്നതും ഈ സംരഭത്തിന്റെ മാറ്റു കൂട്ടുന്നു.

യുക്‌മ നഴ്‌സസ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ്‌ സര്‍വേക്കും മികച്ച പിന്തുണയാണ്‌ ലഭിച്ചത്‌. അബ്രഹാം ജോസ്‌, സാറാ ബിനു, മായ ജോസ്‌, ടോജി ജോര്‍ജ്ജ്‌, ജിജോ ഉണ്ണി, ദേവലാല്‍ സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ 800ല്‍ അധികം പേര്‍ നഴ്‌സസ്‌ സര്‍വേയില്‍ പങ്കെടുക്കുകയും നഴ്‌സസ്‌ ഫോറത്തില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. യുക്‌മ നഴ്‌സസ്‌ ഫോറത്തിന്റെ (യുഎന്‍എഫ്‌) വെബ്‌ സൈറ്റ്‌ പ്രകാശനം ചെയ്യുന്നതിനും യുക്‌മ നാഷണല്‍ കലാമേള വേദി ഉപയോഗ്യമായി.
യുക്‌മ സാംസ്‌കാരിക വേദിയുടെ ഔപചാരികമായ ഉദ്‌ഘാടനം സാംസ്‌കാരിക വേദി കണ്‍വീനര്‍ ജോയി ആഗസ്‌തി നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി നിര്‍വഹിച്ചു. നാടക കലക്ക്‌ ആജീവനാന്തം നല്‌കിയ സേവനങ്ങള്‍ക്ക്‌ യു കെ മലയാളികളുടെ ആദരസൂചകമായി പ്രശസ്‌ത നാടകകൃത്തും സംവിധായകനുമായ ശശി കുളമടയെ യുക്‌മ പ്രസിടന്റ്‌റ്‌ വിജി കെ പി പൊന്നാടയണിയിച്ച്‌ സ്വീകരിച്ചു. സാംസ്‌കാരിക വേദി പ്രവര്‍ത്തകരായ റെജി നന്തിക്കാട്ട്‌, സിഎ ജോസഫ്‌, ആഷ മാത്യു, റോയി കാഞ്ഞിരത്താനം. ജെയ്‌സണ്‍ ജോര്‍ജ്ജ്‌ ടോണി വഞ്ചിത്താനം, മരിയ തങ്കച്ചന്‍, തുടങ്ങിയവര്‍ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു.

സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന `യുക്‌മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍' ന്റെ ഉദ്‌ഘാടനം ഈ പരിപാടിയുടെ ഉത്തരവാദിത്തമുള്ള കനേഷ്യസ്‌ അത്തിപ്പൊഴിയില്‍ നിര്‍വഹിക്കുകയും മത്സര നിബന്ധനകളും രീതിയും വീഡിയോ ദൃശ്യങ്ങളിലൂടെ ഹരീഷ്‌ പാല വിശദീകരിക്കുകയും ചെയ്‌തു.

യുക്‌മ2014 വര്‍ഷത്തേക്കുള്ള യുക്‌മ കലണ്ടറിന്റെ പ്രകാശന കര്‍മ്മവും കലാമേള വേദിയില്‍ വച്ച്‌ നടക്കുകയുണ്ടായി. യുക്‌മ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ ബീന സെന്‍സ്‌ മുന്‍ ജനറല്‍ സെക്രട്ടറിയും യുക്‌മ പിആര്‍ഒയുമായ ബാലസജീവ്‌ കുമാറിന്‌ കൈമാറിക്കൊണ്ടാണ്‌ യുക്‌മ കലണ്ടറിന്റെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്‌. ലഭ്യമായിരുന്ന 2000 കലണ്ടറുകള്‍ യുക്‌മ കലാമേള വേദിയില്‍ വിതരണം ചെയ്‌തു. ബാക്കി കലണ്ടറുകള്‍ ഓരോ റീജിയന്റെയും നേതൃത്വം വഴി അംഗ സംഘടനകള്‍ക്ക്‌ ഉടന്‍ തന്നെ ലഭ്യമാക്കുന്നതാണ്‌.15000 കലണ്ടറുകള്‍ ആണ്‌ ഈ വര്‍ഷം യുക്‌മ സൗജന്യമായി വിതരണത്തിന്‌ തയ്യാറാക്കിയിരിക്കുന്നത്‌.

യുക്‌മ നാഷണല്‍ കലാമേളക്ക്‌ ആതിഥ്യം അരുളുന്ന പത്താം വാര്‍ഷികം ആഘോഷത്തിന്റെ നിറവിലുള്ള ലിംക യുടെ ചില്‍ഡ്രന്‍സ്‌ ഫെസ്റ്റിലെ വിജയികളെ ആദരിക്കുന്നതിനും യുക്‌മ നാഷണല്‍ കലാമേള വേദി സാക്ഷിയായി. ലിംകയുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനത്തിലെ മികവിലൂടെ അവര്‍ നേടിയെടുത്ത അംഗീകാരത്തിന്റെ ഭാഗമായാണ്‌ സ്‌കൂള്‍ കമ്മിറ്റി അംഗമായ തോമസ്‌ വാരിക്കാട്ടിന്റെ നേതൃത്വത്തില്‍ ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ യുക്‌മ നാഷണല്‍ കലാമേളക്ക്‌ വേദിയായി ലഭിച്ചത്‌.

ഇതിനിടെ നാല്‌ വേദികളില്‍ ആയി പുരോഗമിച്ചുകൊണ്ടിരുന്ന കലാ മത്സരങ്ങള്‍ പരിസമാപ്‌തിയിലേക്ക്‌ എത്തിക്കൊണ്ടിരുന്നു. മത്സരാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നതിനു വന്ന താമസവും മറ്റും മൂലം രാത്രി 8.30 ന്‌ പൂര്‍ണമാകുമെന്ന്‌ കരുതിയ മത്സരങ്ങള്‍ രാത്രി 10 മണിയോടെ ആണ്‌ അവസാനിച്ചത്‌. സുനില്‍ രാജന്റെയും, തോമസ്‌ മാറാട്ടുകളത്തിന്റെയും, അജയ്‌ പെരുമ്പലത്തിന്റെയും നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഓഫീസ്‌ കമ്മിറ്റി ഉടനടി വിജയികളെ കണ്ടെത്തി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കികൊണ്ടിരുന്നു. ഉടനടി ആരംഭിച്ച സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും യുക്‌മയുടെ മുഴുവന്‍ നാഷണല്‍/ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ ഭാരവാഹികളും, പോഷക സംഘടനാ ഭാരവാഹികളും സ്‌പോണ്‍സേഴ്‌സും, മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു. ആവേശത്തിന്റെയും ആര്‍പ്പു വിളികളുടെയും നിലക്കാത്ത കരഘോഷത്തിന്റെയും അകമ്പടിയോടെ വിജയികള്‍ ഓരോരുത്തരായി യുക്‌മ യുടെ അംഗീകാരം ഏറ്റുവാങ്ങുമ്പോള്‍ സമ്മാനം ലഭിക്കാത്തവരുടെ മുഖങ്ങളില്‍ നിരാശയെക്കാള്‍ ഏറെ ആരാധനയുടെയും അടുത്ത വര്‍ഷം ഈ അംഗീകാരത്തിന്‌ പാത്രമാകണമെന്ന ദൃഠനിശ്ചയത്തിന്റെയും ബഹീര്‍സ്‌ഫുരണങ്ങളായിരുന്നു ഉണ്ടായിരുന്നത്‌.

ഫല പ്രഖ്യാപനത്തിനോടുവില്‍ ഈ വര്‍ഷത്തെ യുക്‌മ കലാതിലകമായി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ചിന്റെ ലിയ ടോം തിരഞ്ഞെടുക്കപ്പെട്ടു. മലയാളം പ്രസംഗം, നാടോടി നൃത്തം, മോണോ ആക്‌റ്റ്‌ എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തോടെ 15 പോയന്റ്‌ നേടിയാണ്‌ ലിയ ടോം കലാതിലകമായത്‌. പങ്കെടുത്ത മൂന്നു വ്യക്തിഗത നൃത്ത ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാസില്‍ഡണിലെ സ്‌നേഹ സജി 15 പോയന്റ്‌ നേടി എങ്കിലും കലാതിലക പട്ടത്തിന്‌ അര്‍ഹത നേടിയില്ലു. കലാപ്രതിഭ പട്ടത്തിനുള്ള മാനദണ്ഡങ്ങള്‍ക്ക്‌ അനുസരിച്ചുള്ള വ്യക്തിഗത പെര്‍ഫോമന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഈ വര്‍ഷത്തെ യുക്‌മ കലാമേളയില്‍ കലാപ്രതിഭയെ നിര്‍ണ്ണയിക്കാന്‍ സാധിച്ചില്ല.

എറ്റവും കൂടുതല്‍ പോയന്റ്‌ (174 പോയന്റ്‌)നേടി ഓവറോള്‍ ചാമ്പ്യന്മാരായി ഡെയിലിമലയാളം എവര്‍ റോളിംഗ്‌ ട്രോഫിക്ക്‌ അര്‍ഹത നേടിയത്‌ മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഈസ്റ്റ്‌ ആന്റ്‌ വെസ്റ്റ്‌ മിഡ്‌ലാന്‍ഡ്‌സ്‌ റീജിയനാണ്‌. ഈസ്റ്റ്‌ ആംഗ്ലിയ റീജിയന്‍ 154 പോയന്റ്‌ നേടി റണ്ണര്‍ അപ്പായി. സൗത്ത്‌ ഈസ്റ്റ്‌ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ 139 പോയന്റ്‌ നേടി മൂന്നാം സ്ഥാനത്തെത്തി. ആദ്യമായി യുക്‌മ നാഷണല്‍ കലാമേളയില്‍ മികച്ച പങ്കാളിത്തം നടത്തിയ യോര്‍ക്ക്‌ഷെയര്‍ ആന്റ്‌ ഹംബര്‍ റീജിയനും റീജിയണല്‍ ഭാരവാഹികളായ ടോം ജോസഫ്‌, ടോം തോമസ്‌, ജേക്കബ്‌ കുയിലാടന്‍ അലക്‌സ്‌ അബ്രഹാം എന്നിവര്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ആദ്യമായി യുക്‌മ നാഷണല്‍ കലാമേളയില്‍ പങ്കെടുത്ത കീത്ത്‌ലി മലയാളി അസോസിയേഷന്‍ 26 പോയന്റ്‌ നേടി യുക്‌മ നാഷണല്‍ കലാമേള ഗ്രാഫില്‍ റീജിയന്‌ നാലാം സ്ഥാനം നേടി കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

എറ്റവും കൂടുതല്‍ പോയന്റ്‌ നേടി ചാമ്പ്യന്‍ അസ്സോസിയേഷനായി യുക്‌മ ചാമ്പ്യന്‍സ്‌ ട്രോഫി കരസ്ഥമാക്കിയത്‌ ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിലെ ബാസില്‍ഡണ്‍ മലയാളി അസോസിയേഷനാണ്‌. പങ്കെടുത്ത ഇനങ്ങളില്‍ എല്ലാം സമ്മാനം നേടിയ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സൗത്ത്‌ ഈസ്റ്റ്‌ സൗത്ത്‌ വെസ്റ്റ്‌ റീജിയണിലെ ഗ്ലോസ്‌ടര്‍ഷെയര്‍ മലയാളി അസോസിയേഷനെ 2 പോയന്റിന്‌ പിന്തള്ളിയാണ്‌ ഒന്നാം സ്ഥാനത്തെത്തിയത്‌.

കെസിഎ റെഡ്ഡിച്ച്‌ 62 പോയന്റു നേടി മൂന്നാം സ്ഥാനത്തും, ലെസ്റ്റര്‍ കേരള കമ്മ്യൂനിറ്റി 57 പോയന്റ്‌ നേടി നാലാം സ്ഥാനത്തും എത്തി. പങ്കെടുത്ത മത്സരങ്ങളിലെ വിജയികളുടെ ലിസ്റ്റും പോയന്റ്‌ നിലവാരവും ഈ വാര്‍ത്തയുടെ അടിയിലും യുക്‌മ വെബ്‌സൈറ്റിലും നല്‍കിയിട്ടുണ്ട്‌.

ഒക്‌ടോബര്‍ രണ്ടിന്‌ നോര്‍ത്ത്‌ വെസ്റ്റ്‌ റീജിയനില്‍ തുടങ്ങിയ യുക്‌മ കലാമേളകളുടെ അവസാനമായാണ്‌ ഈ വര്‍ഷത്തെ യുക്‌മ നാഷണല്‍ കലാമേളക്ക്‌ തിരശ്ശീല വീഴുന്നത്‌. നിരവധി പേരുടെ അദ്ധ്വാനത്തിന്റെ ഫലമായി അറിവ്‌ അരങ്ങില്‍ ആവിഷ്‌കരിക്കപ്പെടുന്ന യുക്‌മ കലാമേളകള്‍ അരങ്ങേറുന്നത്‌. യുക്‌മയുടെ നാലാമത്‌ നാഷണല്‍ കലാമേള അവിസ്‌മരണീയമാക്കുന്നതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച യുക്‌മയുടെ എല്ലാ നാഷണല്‍ റീജിയണല്‍ ഭാരവാഹികളെയും അംഗ അസോസിയേഷനുകളെയും, മത്സരാര്‍ത്ഥികളെയും, അവരെ അണിയിച്ചൊരുക്കി കലാമേളക്ക്‌ സജ്ജരാക്കിയ മാതാപിതാക്കളെയും, ഉന്നത നിലവാരത്തിലുള്ള ശിക്ഷണം നല്‌കുന്ന അദ്ധ്യാപകരേയും, അഭ്യുദയകാംക്ഷികളെയും കലാമേളയില്‍ വിധി നിര്‍ണ്ണയം നടത്തിയ വിധികര്‍ത്താക്കളെയും, ശബ്‌ദവും വെളിച്ചവും നല്‍കിയ ശ്രുതി ഗാനമേള ടീമിനെയും, രുചികരമായ ഭക്ഷണം നല്‌കിയ ഡെന്നീസ്‌ ആന്റ്‌ ടീമിനെയും, സ്‌പോണ്‍സേഴ്‌സ്‌ ആയ അലൈഡ്‌, മുത്തൂറ്റ്‌, ജോര്‍ജ്‌ ക്ലെയിംസ്‌, പോള്‍ ജോണ്‍ ആന്റ്‌ കമ്പനി സോളിസിറ്റെഴ്‌സ്‌, സെന്റ്‌ മേരീസ്‌ എന്നിവരെയും ഹോര്‍ഷം ടി വി, കലാമേളക്ക്‌ പ്രചാരം നേടിത്തന്ന മാദ്ധ്യമ പ്രവര്‍ത്തകരെയും, ബ്രോഡ്‌ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതരെയും, ലിംക പ്രവര്‍ത്തകരെയും നന്ദിയോടെ സ്‌മരിച്ചു കൊണ്ട്‌ യുക്‌മ നാഷണല്‍ കമ്മിറ്റി അഭിമാനപുരസ്സരം യുക്‌മയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നേറും.
നാലാമത്‌ യുക്‌മ നാഷണല്‍ കലാമേള സമാപിച്ചു
നാലാമത്‌ യുക്‌മ നാഷണല്‍ കലാമേള സമാപിച്ചു
നാലാമത്‌ യുക്‌മ നാഷണല്‍ കലാമേള സമാപിച്ചു
നാലാമത്‌ യുക്‌മ നാഷണല്‍ കലാമേള സമാപിച്ചു
Join WhatsApp News
vaayanakkaaran 2013-12-08 17:10:03
കാരൂർ അവർകൾക്ക് ഒരു പൊന്നാട കൂടി. അഭിനന്ദനങ്ങൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക