Image

മാര്‍ ബര്‍ണബാസ്: പിത്രു പുത്ര നിര്‍വിശേഷ ബന്ധത്തിന്റെ അനുസ്മരണയില്‍ മാര്‍ നിക്കളോവോസ്‌

മാത്യു മൂലേച്ചേരില്‍ Published on 08 December, 2013
മാര്‍ ബര്‍ണബാസ്: പിത്രു പുത്ര നിര്‍വിശേഷ ബന്ധത്തിന്റെ അനുസ്മരണയില്‍ മാര്‍ നിക്കളോവോസ്‌
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആത്മീയ വഴികാട്ടിയും, സഭാക്ഷേമത്തിനും, ഭക്തരുടെ ആത്മീയ അഭിവൃദ്ധിയ്ക്കും വേണ്ടി അക്ഷീണപ്രയത്‌നവും ചെയ്ത കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്തയുടെ അനുസ്മരണം ന്യൂയോര്‍ക്കിലെ വാലി കോട്ടേജിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്നു. രണ്ടു പതിറ്റാണ്ടിലേറെക്കാലം അമേരിക്കന്‍ ഭദ്രാസനത്തെ വഴിനടത്തിയ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ പ്രഥമ ദുഖ്രോനയോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗമായിരുന്നിത്.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കൊളോവോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇടവക വികാരി റവ.ഫാ. മാത്യു തോമസ് സ്വാഗതം ആശംസിച്ചു.

മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയും താനുമായുള്ള ബന്ധം പിതൃപുത്ര നിര്‍വിശേഷ ബന്ധമായിരുന്നെന്നും പത്തുവര്‍ഷത്തിലേറെക്കാലം അദ്ദേഹത്തോടൊപ്പം വസിക്കുവാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നുവെന്നും സഖറിയാസ് മാര്‍ നിക്കോളോവോസ് തിരുമേനി തന്റെ അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ നിര്‍ദ്ദേശപ്രകാരം അങ്കമാലി ഭദ്രാസനം ആചാരാനുഷ്ഠാന പ്രകാരം അഭിവന്ദ്യ തിരുമേനിയുടെ കബറിടം ലളിതമായ രീതിയില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ വളയന്‍ ചിറങ്ങരയില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്; അതിന് അങ്കമാലി ഭദ്രാസനത്തോട് നന്ദിയും കടപ്പാടും അറിയിക്കുന്നതായും അമേരിക്കയില്‍ നിന്ന് നാട്ടിലേക്കു കടന്നുപോകുന്ന വിശ്വാസികള്‍ തീര്‍ച്ചയായും വളയന്‍ ചിറങ്ങരയില്‍ എത്തി വലിയ തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും അഭിവന്ദ്യ തിരുമേനി കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്‌സിയിലെ മിഡ്‌ലാന്റ് പാര്‍ക്കിലുള്ള സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദുഖ്രോനയില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അറിയിച്ചു.

പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണു ജീവിതമെന്നു വിശ്വസിച്ച മാര്‍ ബര്‍ണബാസ് തിരുമേനി, അന്ത്യകാലത്തോളം ആ വിശുദ്ധിയിലും എളിമയിലുമാണു ജീവിച്ചത്. റവ.ഫാ മാത്യു തോമസ് തന്റെ അനുസ്മരണ സന്ദേശത്തില്‍ ഇടവക ജനങ്ങളോട് ബര്‍ണബാസ് തിരുമേനിയെപ്പറ്റി പറഞ്ഞു.

വലിയ തിരുമേനിയോടൊപ്പം ഭദ്രാസന കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുവാനും, അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയില്‍ കൂടി തനിക്കും തന്റെ കുടുംബത്തിനും ലഭിച്ച അനുഗ്രഹങ്ങളെയും പറ്റി തിരുമേനിയുടെ നാട്ടുകാരനും, ഇടവകാംഗവും, സഭാ മാനേജിങ് കമ്മിറ്റി മെമ്പറും, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ പോള്‍ കറുകപ്പള്ളി തന്റെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലം എല്ലാദിവസവും വളയന്‍ ചിറങ്ങരയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.

ലാളിത്യം എന്ന വാക്കിനു നേരില്‍ കാണിക്കാവുന്ന നിര്‍വചനമായിരുന്നു കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി. അദ്ദേഹം ഇടുക്കി ബിഷപ്പായിരിക്കുമ്പോള്‍ കോട്ടയത്തുനിന്ന് ഇടുക്കിവരെ സാധാരണക്കാരനെപ്പോലെ തിരക്കേറിയ ബസ്സില്‍ തൂങ്ങിക്കിടന്ന് യാത്രചെയ്യുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും, കൂടാതെ ന്യൂജേഴ്‌സിയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പുരോഹിതരില്ലാതിരുന്ന വേളയില്‍ ന്യൂയോര്‍ക്കില്‍ നിന്ന് കടന്നുവന്ന് അദ്ദേഹം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നതായും ഡയോസിഷന്‍ കൗണ്‍സില്‍ മെമ്പര്‍ ഷാജി വര്‍ഗ്ഗീസ് തന്റെ അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് ഉലഹന്നാന്‍, റവ.ഫാ. കെ.കെ കുര്യാക്കോസ്, സെക്രട്ടറി ജോര്‍ജ്ജ് ഫിലിപ്പ്, ഡീക്കന്മാരായ ഡോ. ജോയി ഫിലിപ്പ്,  ഫിലോമോന്‍ ഏബ്രഹാം, മര്‍ത്തമറിയം വനിതാ സമാജം പ്രതിനിധി മേരി മാത്യു എന്നിവര്‍  അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. സെക്രട്ടറി ജോര്‍ജ്ജ് ഫിലിപ്പ് കൃതജ്ഞത രേഖപ്പെടുത്തി.


മാര്‍ ബര്‍ണബാസ്: പിത്രു പുത്ര നിര്‍വിശേഷ ബന്ധത്തിന്റെ അനുസ്മരണയില്‍ മാര്‍ നിക്കളോവോസ്‌ മാര്‍ ബര്‍ണബാസ്: പിത്രു പുത്ര നിര്‍വിശേഷ ബന്ധത്തിന്റെ അനുസ്മരണയില്‍ മാര്‍ നിക്കളോവോസ്‌ മാര്‍ ബര്‍ണബാസ്: പിത്രു പുത്ര നിര്‍വിശേഷ ബന്ധത്തിന്റെ അനുസ്മരണയില്‍ മാര്‍ നിക്കളോവോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക