Image

സ്‌ത്രീക്ക്‌ പറയാനുള്ളത്‌ (റീനി മമ്പലം)

Published on 09 December, 2013
സ്‌ത്രീക്ക്‌ പറയാനുള്ളത്‌ (റീനി മമ്പലം)
സംസ്‌കാരത്തിന്റെ സൃഷ്ടികളിലും സംഭാവനകളിലും സ്‌ത്രീകള്‍ക്കുള്ള പങ്ക്‌ ബോധ്യപ്പെടുത്തുവാനുള്ള ശ്രമമായിരുന്നു സ്‌ത്രീവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ അടിസ്ഥാനമായത്‌. ഇത്തരം മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താന്‍ അപവാദങ്ങളാണ്‍്‌ പുരുഷസമൂഹം ആയുധങ്ങളായി ഉപയോഗിച്ചത്‌. സ്‌ത്രീയെഴുത്ത്‌ പെണ്ണെഴുത്തായി മാറുന്നത്‌ ഇത്തരം അവഹേളനത്തിന്റെ ഫലമായിട്ടാണ്‌. പെണ്ണ്‌ എന്ന വിശേഷണം ചേര്‍ന്ന്‌ വരുന്നതത്രയും അല്‍പ്പം മോശമാണന്നും പൊതുധാരണക്ക്‌ പുറത്താണന്നുമുള്ള മുന്‍വിധി നമ്മുടെ സമൂഹത്തില്‍ നിലവിലുണ്ടായിരുന്നു.

സച്ചിദാനന്ദനാണ്‌ സാറ ജോസഫിന്റെ പാപത്തറ എന്ന നോവലിന്റെ ആമുഖത്തില്‍ ആദ്യമായി `പെണ്ണെഴുത്ത്‌' എന്ന വാക്ക്‌ പ്രയോഗിച്ചത്‌.

ഏതാനും വര്‍ഷങ്ങള്‍ മുമ്പ്‌ കല്‍പ്പറ്റ നാരായണന്‍ എഴുതിയ ഒരു കവിത മാതൃഭൂമിയില്‍ വായിക്കുവാന്‍ ഇടയായി. കവിതയുടെ പേര്‌ ഓര്‍മ്മയില്ല. വരികള്‍ കൃത്യമായി ഓര്‍ക്കുന്നില്ല. ഏതാണ്ട്‌ ഇതുപോലെ ഒരു അര്‍ഥത്തിലാണ്‌, അന്തിക്ക്‌ അന്നം മുടങ്ങിയാല്‍ , അങ്ങാടിയില്‍ തോറ്റാല്‍ , വിചാരിച്ച കാര്യം നടന്നില്ലേല്‍ ആദം ഇപ്പോഴും ഹവ്വയോട്‌ പറയും, നീയാണ്‌ കാരണം, ഇതിനെല്ലാം നീയാണ്‌ കാരണം. നമ്മുടെ സമൂഹത്തില്‍ ഹവ്വയുടെ നേര്‍ക്ക്‌ ഇപ്പോഴും വിരല്‍ ചൂണ്ടുന്ന ആദാമുകള്‍ ഉണ്ടൊ എന്ന്‌ നിങ്ങള്‍ തീരുമാനിക്കുക.

ഹൈവേയില്‍ മുന്നില്‍ erratic ആയി ആരെങ്കിലും കാര്‍ ഓടിച്ചാല്‍ ?what is she doing' എന്ന പ്രതീകരണം സ്വാഭാവികമാണ്‌. `പെണ്ണാണെന്ന്‌ എന്താണ്‌ നിശ്ചയം' എന്നാണ്‌ സടകുടഞ്ഞ്‌ എഴുന്നേല്‍ക്കുന്ന എന്നിലെ പെണ്‍പുലിയുടെ വാദം. എണ്‍പതുശതമാനവും അതൊരു സ്‌ത്രീയാണന്ന്‌ സമ്മതിക്കാതെ വയ്യെങ്കിലും.

നാം ജീവിക്കുന്നത്‌ ഒരു പുരുഷ കേന്ദ്രികൃതമായ സമൂഹത്തിലാണ്‌. സ്‌ത്രീ ശാക്തീകരണം, സ്‌ത്രീ ചാലിക ശക്തിയാണ്‌, വിസ്‌മയവിസ്‌ഫോടനമാണ്‌ എന്നൊക്കെ കാല്‌പനികത നിറഞ്ഞ വാക്കുകള്‍ പുരുഷന്‍ പറയുമെങ്കിലും അവനില്‍ നിന്ന്‌ പിന്തുണ കിട്ടുന്നില്ലേ എന്ന്‌ സംശയം.

നമ്മുടെ പല സംഘടനകളുടെയും പള്ളികളുടെയും കമ്മറ്റിയില്‍ നോക്കിയാല്‍ കുറെ പുരുഷന്മാരുടെ പേരുകള്‍ കാണാം. ഇവരെയൊക്കെ തിരഞ്ഞെടുക്കുന്നതും കമ്മറ്റിയുണ്ടാക്കുന്നതും അവര്‍ക്ക്‌ സൌകര്യപ്പെടും വിധത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നതും പുരുഷന്മാരാണ്‌. നമുക്കെല്ലം അറിയാം കുടിയേറ്റത്തിന്റെ അദ്യകാലങ്ങളില്‍ ധാരാളം നേഴ്‌സുമാര്‍ ഇവിടേക്ക്‌ കുടിയേറി. പല കേസുകളിലും വീട്ടിലെ പൈസയുടെ സ്രോതസ്‌ അവരായിരിക്കും. പക്ഷെ അവര്‍ പോകുന്ന പള്ളിയുടെ കമ്മറ്റിയില്‍ സ്‌ത്രീകള്‍ പാടില്ല എന്ന്‌ പുരുഷന്മാര്‍ വാശിപിടിച്ച കഥകളും കേട്ടിട്ടുണ്ട്‌. അവരുടെ പൈസ ഉപയോഗിക്കാം പക്ഷെ സ്ഥാനമാനങ്ങള്‍ ഒന്നും കൊടുക്കുവാന്‍ തയ്യാറല്ല.

അതും പോരാഞ്ഞിട്ട്‌ അമ്പലങ്ങളിലും പള്ളികളിലും മാസങ്ങളില്‍ ചില ദിവസങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനം നിരോധിച്ചിരിക്കയാണ്‌. ശബരിമലയില്‍ കുറെ വര്‍ഷത്തേക്ക്‌ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമില്ല, ജീവിതത്തിന്റെ നല്ലൊരു കാലയളവിലേക്ക്‌. കാരണം ആ സമയങ്ങളില്‍ സ്‌ത്രീ അശുദ്ധയാണന്നാണ്‌ വെപ്പ്‌. മാനവരാശിയുടെ നിലനില്‍പ്പിന്‍്‌ ഈ `അശുദ്ധി' ആവശ്യമാണ്‌. ഇതൊക്കെ പ്രകൃതിയാണ്‌. പ്രകൃതി സത്യമാണ്‌, അമ്മയാണ്‌ എന്നൊക്കെ കവികള്‍ പാ!ടിനടക്കുമെങ്കിലും ഇവിടെ അതൊന്നും കാര്യമല്ല. സ്‌ത്രീയുടെ അവകാശം നിഷേധിക്കപ്പെടുകയാണ്‌. പുരുഷ മേല്‍ക്കോയ്‌മ കാണിക്കുകയാണ്‌. ഇതൊന്നും സ്‌ത്രീ ചോദിച്ച്‌ വാങ്ങിയതല്ല. അവളുടെ മേല്‍ അത്യധികം വിശ്വാസം അര്‍പ്പിച്ച്‌ പ്രകൃതി അടിച്ചേല്‌പിച്ചതാണ്‌. പക്ഷെ സന്തോല്‌പാദനത്തിന്റെ പേരില്‍ സ്‌ത്രീക്ക്‌ പ്രവേശനം നിഷേധിച്ചിരിക്കയാണ്‌. എന്റെ നോട്ടത്തില്‍ സന്തോല്‍പ്പാദനത്തിന്‌ ശരീരം എപ്പോഴും തയ്യാറായി ഇരിക്കുന്ന പുരുഷന്മാര്‍ക്കാണ്‌ പ്രവേശനം മുന്നൂറ്റി അറുപത്തിയഞ്ച്‌ ദിവസവും നിഷേധിക്കേണ്ടത്‌.

ഇവിടെ ആണ്‍ എഴുത്തുകാര്‍ക്ക്‌ തുല്യമോ അതില്‍ കൂടുതലോ സ്‌ത്രീ എഴുത്തുകാരുണ്ട്‌. അതില്‍ ഗീതാ രാജന്റെയും ഡോണാ മയൂരയുടെയും കവിതകളും , നിര്‍മ്മലയുടെയും എന്റെയും കഥകളും ലേഖനങ്ങളും കേരളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. ഈയിടെയാണ്‌ നീന പനക്കലിന്റെ നോവല്‍ ഡി. സി. ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ചത്‌. ഇവിടത്തെ സ്‌ത്രീകള്‍ സമൂഹത്തില്‍ അറിയപ്പെടാത്തവരല്ല, മോശക്കാരല്ല. എങ്കിലും പല അസോസിയേഷന്റെ കമ്മറ്റികളില്‍ സ്‌ത്രീ സാന്നിധ്യം വളരെ കുറവാണ്‍. എന്തുകൊണ്ട്‌ കൂടുതല്‍ സ്‌ത്രീകള്‍ മുന്നോട്ട്‌ വരുന്നില്ല. ഈ പറഞ്ഞ സംഗതികള്‍ക്ക്‌ പെണ്ണെഴുത്തുമായി ബന്ധമില്ല. പക്ഷെ സ്‌ത്രീകള്‍ക്ക്‌ സമൂഹത്തില്‍ നല്‍കിയിരിക്കുന്ന സ്ഥാനം ചൂണ്ടിക്കാട്ടിയെന്നേയുള്ളു.

സ്‌ത്രീ അബല എന്ന സങ്കല്‌പം തിരുത്താനും പുരുഷനെപ്പോലെ വ്യക്തി എന്ന സങ്കല്‍പ്പം വരുത്താനുമാണ്‌ സ്‌ത്രീ എഴുത്തിലൂടെ ശ്രമിക്കുന്നത്‌. കഴുത്തിന്‌ മുകളില്‍ ചിന്തിക്കുവാനുള്ള ഒരു അവയവം സ്‌ത്രീക്കും ഉണ്ടെന്ന്‌ എഴുത്തിലൂടെ തെളിയിച്ച്‌ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും പുരുഷനൊപ്പം അംഗീകാരം നേടിയെടുക്കുവാന്‍ ശ്രമിക്കയുമാണ്‌.

ഒരു സമൂഹത്തിന്‍ എത്ര നിഷ്‌പക്ഷമായി ആവിഷ്‌കരിച്ചാലും ആണിന്റെ മനസ്സ്‌ ആണിനും പെണ്ണിന്റെ മനസ്സ്‌ പെണ്ണിനും മാത്രമേ ആഴത്തില്‍ അവതരിപ്പിക്കാന്‍ കഴിയുകയുള്ളു. അവളുടെ ചിന്തകള്‍, വിചാരങ്ങള്‍, വികാരങ്ങള്‍ ഒക്കെയും നിലനില്‍ക്കുന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിക്കുള്ളില്‍ നിന്നുടലെടുക്കുമ്പോഴും ഒരു തിരിച്ചറിവിന്റെ സ്വരം അതിലുണ്ട്‌. ഈ തിരിച്ചറിവാണ്‌ പെണ്ണെഴുത്ത്‌.

പെണ്ണെഴുത്ത്‌ എന്ന പദം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ പെണ്ണിന്റെ കാഴ്‌ചപ്പടില്‍ നിന്നുള്ള എഴുത്ത്‌ എന്നാണ്‌. കാലാകാലങ്ങളോളം പെണ്ണിന്റെ കാഴ്‌ചപ്പാടില്‍ നിന്ന്‌ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമോ അംഗീകാരമോ സ്‌ത്രീക്ക്‌ ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട്‌ അതില്‍ വ്യത്യാസം വന്നു, സ്‌ത്രീക്ക്‌ തന്റെ കാഴ്‌ചപ്പാടില്‍ എഴുതാമെന്നായി. പിന്നെ പെണ്ണെഴുത്തായതുകൊണ്ടുമാത്രം ഒരു കൃതി സാഹിത്യത്തില്‍ കാലത്തെ അതിജീവിക്കുകയില്ല. സാഹിത്യത്തിന്റെ സൗന്ദര്യശാസ്‌ത്രം പെണ്ണെഴുത്തിലും ബാധകമാണ്‌. പെണ്ണെഴുത്ത്‌ വേണമെന്നോ, സ്‌ത്രീക്ക്‌ സംവരണം വേണമെന്നോ ഞാന്‍ വാദിക്കുന്നില്ല. സ്‌ത്രീ എഴുതുന്നതെല്ലാം സ്വന്തം ജീവിതമാണന്നോ, അനുഭവങ്ങളാണെന്നൊ എന്ന മുന്‍വിധിയില്ലാതെ സ്‌ത്രീ എഴുതുമ്പോള്‍ ഒന്ന്‌ ശ്രദ്ധിക്കണം എന്നേ പറയുന്നുള്ളു. കാരണം ഒരു സ്‌ത്രീക്ക്‌ മാത്രമെ അവളുടെ മനസ്സിലുള്ളത്‌ തുറന്നെഴുതാന്‍ സാധിക്കൂ, അവളുടെ മനസ്‌ മനസ്സിലാക്കാനാവാത്ത പുരുഷനെക്കൊണ്ടതാവില്ല, അവന്‍ അതിന്‌ മുതിര്‍ന്നാല്‍ ശരിയാവില്ല.


റീനി മമ്പലം

reenimambalam@gmail.com
സ്‌ത്രീക്ക്‌ പറയാനുള്ളത്‌ (റീനി മമ്പലം)സ്‌ത്രീക്ക്‌ പറയാനുള്ളത്‌ (റീനി മമ്പലം)
Join WhatsApp News
Anthappan 2013-12-10 07:25:47
A good write up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക