Image

മേളയിലെ ജനപങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തുന്നു - നടിയും ജൂറി അംഗവുമായ ഗൗതമി

Published on 10 December, 2013
മേളയിലെ ജനപങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തുന്നു - നടിയും ജൂറി അംഗവുമായ ഗൗതമി

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലെ വമ്പിച്ച ജനപങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നടിയും ജൂറി അംഗവുമായ ഗൗതമി പറഞ്ഞു. 'ഇന്‍ കോണ്‍വര്‍സേഷനി'ല്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യത്തെ മികച്ച മേളകളിലൊന്നാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. ഇതിന്റെ മത്സരവിഭാഗം ജൂറിയില്‍ അംഗമായതില്‍ സന്തോഷിക്കുന്നു. സിനിമകളെ വിലയിരുത്തുകയെന്നത് വെല്ലുവിളി നിറഞ്ഞ പ്രവൃത്തിയാണെന്നും സംവിധായകന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രക്രിയയാണ് അതെന്നും ഗൗതമി പറഞ്ഞു.

എന്റെ ജീവിതത്തിലെ ഹീറോകള്‍ സാധാരണ സ്ത്രീകളാണ്. ഇപ്പോള്‍ സാധാരണസ്ത്രീകളുടെ ജീവിതം തുറന്നുകാട്ടുന്നത് ടെലിവിഷനാണ്. വിദേശഭാഷകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കാന്‍ എപ്പോഴും താത്പര്യമാണ്. ദശാവതാരം സിനിമ ചെയ്യുമ്പോള്‍ കമലഹാസനാണ് കൊറിയോഗ്രാഫി ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ആദ്യം ചോദിക്കുന്നത്. അങ്ങനെയാണ് ആദ്യമായി ഈ രംഗത്തേക്ക് കടന്നുവരുന്നത്. സിനിമയില്‍ ഇനി അന്ധയായി ഒരു റോള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ഗൗതമി പറഞ്ഞു.

മലയാളികള്‍ തന്നെ ഇപ്പോഴും സ്‌നേഹത്തോടെ ഓര്‍മിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നു. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാംതന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്ന റോളുകളെന്നുകരുതി സംവിധായകര്‍ ഏല്‍പ്പിച്ചതാണ്. ഞാന്‍ സംവിധായകന്റെ നടിയാണ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും സംസ്‌കാരത്തിലുമുള്ള സിനിമകളില്‍ താന്‍ അഭിനയിച്ചു.

കമലഹാസന്‍ താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിശാലഹൃദയമുള്ള വ്യക്തിയാണ്. ഏറ്റവും നല്ല കുടുംബമാണ് എനിക്കുള്ളത്, അതുകൊണ്ടാണ് ഏത് പ്രതിസന്ധിഘട്ടത്തിലും പുഞ്ചിരിയോടെ നില്‍ക്കാന്‍ തനിക്ക് കഴിയുന്നതെന്നും ഗൗതമി പറഞ്ഞു. മീന ടി. പിള്ളയും പരിപാടിയില്‍ പങ്കെടുത്തു.

മേളയിലെ ജനപങ്കാളിത്തം തന്നെ അത്ഭുതപ്പെടുത്തുന്നു - നടിയും ജൂറി അംഗവുമായ ഗൗതമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക