Image

``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)

Published on 09 December, 2013
``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)
``മണ്‌ഡേല...മണ്‌ഡേല'': ലോകത്തില്‍ ഏതു ഭാഷയില്‍ പറഞ്ഞാലും ഒരേ ശബ്‌ദം. ജോഹന്നാസ്‌ബര്‍ഗിലും ഉംറ്റാറ്റായിലും മലയാളികള്‍ ആവേശത്തോടെ ഒരിക്കല്‍ക്കൂടി വിളിച്ചു പറഞ്ഞപ്പോള്‍ അത്‌ `മാഡിബ'യോടുളള അന്ത്യാഭിവാദനമായി ഭവിച്ചു. ഇരുപതതിയേഴു വര്‍ഷം വര്‍ണ്ണവെറിയന്‍മാരുടെ തടവറയില്‍ കഴിയുകയും, മോചനം നേടി തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റുപദത്തിലേറുകയും, തുടര്‍ന്ന്‌ നൊബേല്‍ പുരസ്‌ക്കാരവും ഭാരതരത്‌നവും നേടിയ ആ മഹാപ്രതിഭയ്‌ക്ക്‌ ലോകമാസകലം സമര്‍പ്പിക്കുന്ന അന്ത്യാലി.

മൂന്നു തലമുറയില്‍പ്പെട്ട മലയാളികളാണ്‌ ഇന്നിപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ മാഡിബയ്‌ക്ക്‌ പ്രണാമം അര്‍പ്പിക്കുന്നത്‌. അദ്ദേഹം ജയിലിലായിരുന്നപ്പോള്‍ എത്തിച്ചേര്‍ന്ന അദ്ധ്യാപകര്‍ ഒരു വിഭാഗം, അവരുടെ പിന്‍തലമുറകളില്‍പ്പെട്ട എന്‍ജിനീയര്‍മാരും ഡോക്‌ടര്‍മാരും സോഫ്‌റ്റ്വെയര്‍ വിദഗ്‌ധരും മറ്റൊരു വിഭാഗം. മൂന്നാം തലമുറയില്‍പ്പെട്ട കുട്ടികള്‍ ജോബര്‍ഗിലും പ്രിറ്റോറിയയിലും കേപ്‌ടൗണിലും റെസ്റ്റംബര്‍ഗിലും സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്നു.

ഈസ്റ്റേണ്‍കേപ്പിന്റെ തലസ്ഥാനം ഉംറ്റാറ്റായില്‍നിന്ന്‌ കഷ്‌ടിച്ച്‌ ഇരുപത്തിയഞ്ചു കിലോമീറ്റര്‍ അകലെയാണ്‌ മണ്‌ഡേലയ്‌ക്ക്‌ അന്ത്യവിശ്രമം ഒരുക്കുന്ന കൂനു എന്ന ഗ്രാമം. അവിടെ അദ്ദേഹത്തിന്റെ മാതാപിതാക്കളെയും കൊച്ചുന്നാളിലെ മരിച്ച ഒരു പുത്രിയേയും ഇരുപത്തഞ്ചാം വയസ്സില്‍ കാറപകടത്തില്‍ മരിച്ച ഒരു മകനേയും അടക്കം ചെയ്‌തിട്ടുണ്ട്‌.

മണ്‌ഡേലയ്‌ക്ക്‌ അസുഖമാണെന്നറിഞ്ഞതു മുതല്‍ രണ്ടു വര്‍ഷം മുന്‍പേ ഉംറ്റാറ്റ അദ്ദേഹത്തിന്‌ രാജോചിത യാത്രയയപ്പു നല്‍കാന്‍ തയ്യാറെടുക്കുകയായിരുന്നു. വിമാനത്താവളം പുതുക്കിപ്പണിതു, റോഡുകളില്‍ ആറു വാഹനങ്ങള്‍ക്ക്‌ ഒരുപോലെ സഞ്ചരിക്കത്തക്ക വിധം വീതി കൂട്ടി. ഗ്രാമത്തിലുടനീളം പച്ചപ്പരവതാനികള്‍ വിരിച്ചു. പുഷ്‌പവാടികള്‍ തീര്‍ത്തു.

ഉംറ്റാറ്റയിലെ മലയാളി അദ്ധ്യാപകര്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന്റെ തിരക്കിലാണ്‌. എങ്കിലും അവരില്‍ നല്ലൊരു പങ്കും അടുത്ത ഞായറാഴ്‌ച നടക്കുന്ന ഈ ചരിത്രസംഭവത്തിന്‌ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

ജോബര്‍ഗിലും പിന്നാലെ ഡര്‍ബനിലും തോറ്റു തുന്നംപാടിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ പ്രതീക്ഷയുണ്ടായിരുന്നു, മാഡിബയുടെ മരണം മൂലം ഏകദിനപരമ്പര മാറ്റിവയ്‌ക്കുമെന്ന്‌. പക്ഷേ, അങ്ങനെയല്ല ദക്ഷിണാഫ്രിക്കന്‍ ജനതയുടെ വീക്ഷണം. ഓരോ മരണവും അവര്‍ക്ക്‌ ആഘോഷമാണ്‌, തമിഴ്‌നാട്ടിലെ പോലെ. അവര്‍ ആടുന്നു, പാടുന്നു. മരണം കൊണ്ടാടുന്നു. മണ്‌ഡേലതന്നെ പ്രസിഡന്റായതിനുശേഷം പല പൊതുപരിപാടികളിലും നാട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നത്‌ കണ്ടറിഞ്ഞവരാണല്ലോ ലോകര്‍.

ജോഹന്നാസ്‌ബര്‍ഗില്‍ നിന്ന്‌ 491 കിലോമീറ്റര്‍ അകലെയാണ്‌ ഉംറ്റാറ്റ. അവിടെ ഇക്കണോമിക്‌സ്‌ അദ്ധ്യാപകനും സൗത്താഫ്രിക്കന്‍ മലയാളി അസ്സോസിയേഷന്റെ മുന്‍പ്രസിഡന്റുമായ കോട്ടയം സ്വദേശി മാത്യു പാലമറ്റം ഒരു സംഘത്തോടൊപ്പമാണ്‌ ജോബര്‍ഗില്‍ എത്തി മാഡിബയുടെ ഔദ്യോഗികവസതിക്കു മുമ്പില്‍ പുഷ്‌പചക്രം അര്‍പ്പിച്ചത്‌. എ.ടി.എം നെറ്റ്‌ വര്‍ക്ക്‌ കമ്പനിയില്‍ എന്‍ജിനീയറായ രഞ്‌ജിത്‌ ജോസ്‌ ജോര്‍ജും അക്കൂടെ ഉള്‍പ്പെട്ടിരുന്നു.

ജോബര്‍ഗില്‍ നിന്ന്‌ മണിക്കൂറുകള്‍ അകലെ ഒരുകാലത്ത്‌ ഗാന്ധിജിയെ ട്രെയിനില്‍ നിന്ന്‌ ഇറക്കിവിട്ട പീറ്റര്‍മാരിറ്റ്‌സ്‌ബര്‍ഗില്‍ ``നാറ്റാള്‍ വിറ്റ്‌നസ്‌'' എന്നൊരു ഇംഗ്ലീഷ്‌ പത്രമുണ്ട്‌. അവിടെ കാഞ്ഞിരപ്പള്ളി സ്വദേശി എബ്രഹാം കല്ലൂര്‍ എന്നൊരു സീനിയര്‍ സബ്‌എഡിറ്ററും. ജോര്‍ജ്ജ്‌ കല്ലൂരിന്റെയും ലളിതയുടേയും മകനാണ്‌ ദീപു. സാംബിയയില്‍ ജനിച്ച്‌ സൗത്താഫ്രിക്കയിലേക്ക്‌ കുടിയേറി.. ദീപുവിന്റെ സഹോദരി പ്രീതി അവിടെത്തന്നെ ഒരാശുപത്രിയില്‍ അടുത്തകാലം വരെ ഗൈനക്കോളജിസ്റ്റ്‌ ആയിരുന്നു. പിന്നീടവര്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേണിലേക്കു കുടിയേറി. ഇങ്ങിനെ, പറഞ്ഞാല്‍ തീരാത്ത ബന്ധമാണ്‌ മലയാളികള്‍ക്ക്‌ ആഫ്രിക്കയുമായുള്ളത്‌.

ദക്ഷിണാഫ്രിക്കയിലെ പുതിയ തലമുറയിയെ പ്രതിനിധാനം ചെയ്യുന്ന മലയാളികളില്‍ പലരും നല്ല നിലയിലാണ്‌. ഉദാഹരണത്തിന്‌ കോട്ടയം ഗാന്ധിനഗര്‍ പാലമറ്റത്തില്‍ പി.വി. സ്‌കറിയുടേയും ലില്ലിക്കുട്ടിയുടേയും മകന്‍ എമില്‍ ജോര്‍ജ്‌ ജോബര്‍ഗിന്‌ 120 കിലോമീറ്റര്‍ അകലെ പോച്ചസ്‌ട്രൂമിലെ ഒരു ജര്‍മന്‍ ആയുധനിര്‍മ്മാണശാലയില്‍ (ഇന്ത്യ അവിടെ നിന്ന്‌ തോക്കും തിരകളും വാങ്ങുന്നുണ്ട്‌) എക്‌സിക്യൂട്ടീവ്‌ മാനേജരാണ്‌. എമിലിന്റെ ഭാര്യ സ്‌മിത പോച്ചസ്‌ട്രൂം യൂണിവേഴ്‌സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ എം.ടെക്‌ ചെയ്യുന്നു. അതുകഴിഞ്ഞാല്‍ വെള്ളക്കാര്‍ക്ക്‌ മേധാവിത്വമുള്ള അവിടെ തന്നെ ജോലിക്കും സാധ്യതയുണ്ട്‌. അടുത്തകാലത്ത്‌ മനോഹരമായ പൂന്തോട്ടത്തിനു നടുവില്‍ ഒരു വീടു വാങ്ങി രണ്ടു ജോലിക്കാരേയും വെച്ച്‌ താമസിക്കുന്നു. ഒരാള്‍ ഗാര്‍ഡനറാണ്‌.

മണ്‌ഡേല മോചിതനായ ഉടന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രമുഖമലയാളികളില്‍ ഒരാള്‍ കോട്ടയത്തെ പ്രൊഫസര്‍ ജോര്‍ജുകോശിയാണ്‌. സി.എസ്‌.ഐ. സിനഡ്‌ ജനറല്‍ സെക്രട്ടറിയും വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ കേന്ദ്രകമ്മറ്റി അംഗവുമായ അദ്ദേഹം കേപ്‌ടൗണില്‍ ഒരു സഭാസമ്മേളനത്തിന്‌ എത്തിയതാണ്‌. മണ്‌ഡേല സ്‌നേഹപൂര്‍വ്വം സംസാരിക്കുകയും ഇന്‍ഡ്യയെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും മതിപ്പോടെ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു.

ഓഫീസിലെ കംപ്യൂട്ടറില്‍ മാഡിബയെക്കുറിച്ചുള്ള അനുശോചന വാര്‍ത്തകള്‍ എഡിറ്റു ചെയ്യുന്നതിനിടയില്‍ ഒരു നിമിഷം ദീപു വീര്‍പ്പടക്കിയിരുന്നു. മാതാപിതാക്കളോടൊപ്പം ഡര്‍ബനില്‍ എത്തുമ്പോള്‍ തനിക്കു നാല്‌ വയസ്സ്‌. മാഡിബ അന്നു ജയിലിലായിരുന്നു. മണ്‌ഡേല പ്രസിഡന്റായ കാലത്തു ഇന്‍ഡ്യയില്‍ പഠിക്കാനെത്തി. ഇപ്പോള്‍ അദ്ദേഹം കടന്നുപോകുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ നാട്ടില്‍ ജോലി ചെയ്യാനെത്തി. വിധിയുടെ വൈപരീത്യമോര്‍ത്തു ദീപു സ്‌തബ്‌ധനായി.

മാഡിബ വിവ

``മാഡിബ വിവ,'' ഘാനസ്വദേശി ക്വാസി മെന്‍സാ ന്യാര്‍ക്കോ ഉദ്‌ഘോഷിച്ചു. കോട്ടയത്തെ എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്‌ സംഘടിപ്പിച്ച മണ്‌ഡേല അനുസ്‌മരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു. സ്‌കൂളിലെ എം.എ. വിദ്യാര്‍ത്ഥിയായ അദ്ദേഹം ചാഡ്‌ രാജ്യത്തില്‍ നിന്നു വന്ന അബൂം ഇദ്രിസ്‌ അബൂമിന്റെ പ്രസംഗത്തില്‍ ആഫ്രിക്കയിലെ എണ്ണമറ്റ ഗോത്രവര്‍ഗ്ഗങ്ങളെ ദേശീയബോധത്തില്‍ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ മണ്‌ഡേല വഹിച്ചപങ്ക്‌ അതുല്യമാണെന്ന്‌ അനുസ്‌മരിച്ചു.

സ്‌കൂള്‍ ഡയറക്‌ടര്‍ ഡോ.കെ.എം. സീതി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടാന്‍സാനിയയില്‍ ജനിച്ച ഡോ.എ.എം.തോമസും ഡര്‍ബനില്‍ പഠിപ്പിച്ച്‌ മടങ്ങി വന്ന
ഡോ.എം.എസ്‌.ജോണും മണ്‌ഡേലയുടെ ബഹുമുഖ പ്രതിഭയെ പ്രകീര്‍ത്തിച്ചു. ജോഹന്നാസ്‌ബര്‍ഗില്‍ മണ്‌ഡേലയുടെ വസതിയില്‍ പുഷ്‌പാഞ്‌ജലി അര്‍പ്പിച്ച ശേഷം അപ്രതീക്ഷിതമായി എത്തിയ അതിഥി മാത്യു പാലമറ്റം ജാതിമതവര്‍ണ്ണ ഭേദമെന്യേ ദക്ഷിണാഫ്രിക്കയെ ഒരു മഴവില്‍ രാഷട്രം (റെയിന്‍ബോ കണ്‍ട്രി - എല്ലാ നിറങ്ങളും സംയോജിക്കുന്ന മഴവില്‍പോലെ) ആയി രൂപാന്തരം ചെയ്‌ത മണ്‌ഡേല ആഫ്രിക്കയിലൊട്ടാകെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പരത്തിയ ഋഷി തുല്യനായ നേതാവായിരുന്നുവെന്ന്‌ പ്രസ്‌താവിച്ചു.

സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആഫ്രിക്കക്കാരും ഫ്രഞ്ചുകാരും അടക്കം നിരവധി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.
``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)``മണ്‌ഡേല.... മണ്‌ഡേല'' ദക്ഷിണാഫ്രിക്കയില്‍ ഒരിക്കല്‍ക്കൂടി മലയാളിയുടെ മുദ്രാവാക്യം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക