Image

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പു മത്സരരംഗം സജീവമായി

പി.പി.ചെറിയാന്‍ Published on 11 December, 2013
 ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പു മത്സരരംഗം സജീവമായി
ഹൂസ്റ്റണ്‍ : മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സംഘടനാ തിരഞ്ഞെടുപ്പ്  ഡിസംബര്‍ 14 ശനിയാഴ്ച നടക്കുകയാണ്. അമേരിക്കന്‍ മലയാളി സംഘടനകളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന 'മാഗ്' ഹൂസ്റ്റണിലെ ഏകദേശം 1300 ല്‍ പരം മലയാളികളുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു.

1987-ല്‍ സ്ഥാപിതമായ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം 1987 മെയ് മാസം ഫൊക്കാന പ്രസിഡന്റായിരുന്ന അനിരുദ്ധനാണ് നിര്‍വ്വഹിച്ചത്. 1996 ല്‍ ജോര്‍ജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഒരു ബില്‍ഡിങ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ പരിണിത ഫലമാണ് 2007 ല്‍ അസോസിയേഷന്‍ സ്വന്തമാക്കിയ ഇന്നത്തെ കേരള ഹൗസ്.

കേരളത്തിന്റെ തനതായ മൂല്യങ്ങളും കലാ സാംസ്‌കാരിക പാരമ്പര്യങ്ങളും വരും തലമുറക്ക് പകര്‍ന്ന് നല്‍കുന്നതിനും മാതൃഭാഷയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടു സ്ഥാപിതമായ മാഗ് ലക്ഷ്യ പ്രാപ്തിയിലേക്ക് അതിവേഗം കുതിക്കുകയാണ്.

കാലകാലങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി, മെമ്പര്‍മാരുടെ അകമഴിഞ്ഞ പിന്തുണയോടെ പ്രവര്‍ത്തന നിരതമായിരുന്ന സംഘടനകളില്‍ ഐക്യം നിലനിര്‍ത്തുന്നതിന് പരിശ്രമിക്കുകയും ചെയ്തിരുന്നു.

ഭരണ സമിതിയുടെ തിരഞ്ഞെടുപ്പുവരുമ്പോള്‍ മെമ്പര്‍മാര്‍ ഒത്തുചേര്‍ന്ന് എതിരില്ലാതെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ പതിവ്. ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായി. ഈ വര്‍ഷം ശക്തമായ  മൂന്ന് പാനലുകളും തിരഞ്ഞെടുപ്പ്  ഗോദയില്‍ അണി നിരന്നിരിക്കുന്നു.

തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി)യുടെ നേതൃത്വത്തിലുളള പാനല്‍ മുഴുവന്‍ സ്ഥാനത്തേക്കും സ്ഥാനാര്‍ഥികളെ കണ്ടെത്തിയപ്പോള്‍, തോമസ് വര്‍ക്കിയുടേയും ഷാജി മോന്‍ ജേക്കബിന്റേയും നേതൃത്വത്തില്‍ പരിമിത സ്ഥാനങ്ങളിലേക്ക്  സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നത്.

ഡിസംബര്‍ 14 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മീഷനെ പ്രഖ്യാപിച്ചത് നിലവിലുളള ഭരണ സമിതിയാണ്. അസോസിയേഷന്‍ ഭരണ ഘടന ആര്‍ട്ടിക്കിള്‍ 16 സെക്ഷന്‍ 16-2 വിധേയമായി അര്‍ദ്ധവാര്‍ഷിക പൊതുയോഗമാണ് മൂന്നംഗ ഇലക്ഷന്‍ കമ്മീഷനെ തിരഞ്ഞെടുക്കേണ്ടത്. ഇലക്ഷന്‍ കമീഷനില്‍ നിന്നും ചീഫ് ഇലക്ഷന്‍ ഓഫീസറെ തിരഞ്ഞെടുക്കേണ്ടതാണെന്ന് (സെക്ഷന്‍ 16-3)ല്‍ പറയുന്നു. വ്യക്തമായ ഭരണ ഘടനയെ മറികടന്ന് ഭരണ സമിതി ഇലക്ഷന്‍ കമ്മീഷനെ പ്രഖ്യാപിച്ചത് തികച്ചും തെറ്റായ നടപടിയാണ്. ഈ നടപടിയില്‍ പ്രതിഷേധിച്ചു ഇലക്ഷന്‍ കമ്മീഷനെ ബഹിഷ്‌കരിക്കുവാന്‍ തയ്യാറാകാതെ ഇവര്‍ക്ക് മുമ്പില്‍ നാമനിര്‍ദ്ദേശങ്ങള്‍ പത്രികള്‍ സമര്‍പ്പിക്കുവാന്‍ മുന്നോട്ടു വന്നവര്‍ പിന്നീട് ഇതിനെ എതിര്‍ക്കുന്നതില്‍ യാതൊരു യുക്തിയുമില്ല. ഇതൊരിക്കലും ഭരണ സമിതിയുടെ തീരുമാനത്തെ അംഗീകരിക്കുകയാണെന്ന് അര്‍ത്ഥമാക്കരുത്.

ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചതിനുശേഷം ജനറല്‍ ബോഡി വിളിച്ചു കൂട്ടി തിരഞ്ഞെടുപ്പുകമ്മീഷന്റെ നിയമനത്തിന് അംഗീകാരം നേടുക. ഇത്തരം പൊതുയോഗത്തില്‍ അംഗങ്ങള്‍ വന്ന് പങ്കെടുക്കുക എന്നതും ശരിയായ നടപടിയല്ല.

ഡിസംബര്‍ ഏഴിന് കേരള ഹൗസില്‍ നടന്ന പൊതുയോഗത്തില്‍ ഭരണ സമിതി ഇലക്ഷന്‍ കമ്മീഷനെ നിയമിച്ചതിന് തെറ്റാണെന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഇലക്ഷന്‍ നടപടികള്‍ ഇത്രയും മുന്നോട്ട് പോയതിനാല്‍ ഇലക്ഷന്‍ കമ്മീഷനെ നിയമിക്കുവാന്‍ എടുത്ത തീരുമാനം അംഗീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ യോഗത്തില്‍ ഉയര്‍ന്ന വികാര പ്രകടനങ്ങള്‍ അനിയന്ത്രിതമായപ്പോള്‍ നിയമനം ഐക്യകണ്‌ഠ്യേനെ പാസാക്കിയിരിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും കൈയടിച്ച് പാസാക്കുകയും ചെയ്ത് യോഗം പിരിച്ചുവിടുകയാണുണ്ടായത്.

പുതിയ ഇലക്ഷന്‍ കമ്മീഷനെ ജനറല്‍ ബോഡിയില്‍ നിന്നും തിരഞ്ഞെടുക്കണമെന്ന് വാദിച്ചപ്പോള്‍ അതിനെ അവഗണിക്കുകയും ധിക്കാരപൂര്‍വ്വം നിയമനം അംഗീകരിച്ചു എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി അലക്‌സാണ്ടര്‍ തോമസും, ഷാജി മോന്‍ ജേക്കബും ആരോപിച്ചപ്പോള്‍ ഐക്യ കണ്‌ഠ്യേന നിയമനം അംഗീകരിച്ചു പാസാക്കിയതായി അസോസിയേഷന്‍ സെക്രട്ടറി എബ്രഹാം ഈപ്പന്‍ ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുയും ചെയ്തു.

നോമിനേഷന്‍ സ്വീകരിച്ച രീതിയിലും ചിലര്‍ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ മെയിലിലൂടെ നോമിനേഷന്‍ സമര്‍പ്പിച്ചവരുടെ നോമിനേഷനുകള്‍ പരസ്യപ്പെടുത്തിയിരുന്ന തെറ്റായ ഈമെയിലിലേക്കാണ് പോയത്. ഇതു മനപൂര്‍വ്വം ചെയ്തതാണെന്ന് വാദിക്കുന്നവരും ഉണ്ട്.

നാമനിര്‍ദേശം ചെയ്യുന്നവരുടെ പേരുകള്‍ രേഖപ്പെടുത്താതേയും ഏത് സ്ഥാനത്തേക്കാണ് മത്സരിക്കുന്നതെന്ന് സൂചിപ്പിക്കാതെ സമര്‍പ്പിച്ച നോമിനേഷനുകള്‍ മാത്രമാണ് നിരാകരിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക ഭാഷ്യം.

വോട്ടേഴ്‌സ് ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുന്നു എന്ന് സ്ഥാനാര്‍ഥികള്‍ പരാതിപ്പെട്ടപ്പോള്‍ നോമിനേഷന്‍ അംഗീകരിക്കപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വോട്ടേഴ്‌സ് ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഭരണ സമിതി ചെയ്തിട്ടുണ്ടെന്ന് മറുഭാഗം തറപ്പിച്ചു പറയുന്നു.

ആരോപണങ്ങള്‍ കൊണ്ടും പ്രത്യാരോപണങ്ങള്‍ കൊണ്ടും മുഖരിതമായിരിക്കുന്ന തിരഞ്ഞെടുപ്പ് രംഗം ആരോഗ്യകരമായ ഒരു മത്സരം കാഴ്ച വെയ്ക്കുമോ എന്നാണ് ഹൂസ്റ്റണിലെ മലയാളികള്‍ ഉറ്റു നോക്കുന്നത്.

മൈസൂര്‍ തമ്പിയുടെ പാനലിന് ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുകയും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുമെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ അനീതിക്കും, അധര്‍മ്മത്തിനും എതിരെ പ്രതിഷേധിക്കുന്നതിനും വോട്ടര്‍മാരെ ബോധവല്‍ക്കരിച്ചു വിജയം കൈവരിക്കുന്നതിനുമുളള ശ്രമമാണ് ഞങ്ങള്‍ ഒത്തൊരുമിച്ചു നടത്തുന്നതെന്ന് അലക്‌സാണ്ടര്‍ തോമസും ഷാജിമോന്‍ ജേക്കബും പറഞ്ഞു.

ഒരു പാനലിലെ തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളേയും വോട്ടര്‍മാര്‍ തിരഞ്ഞെടുക്കും എന്ന് പ്രതീക്ഷ ആരും വച്ചു പുലര്‍ത്തുന്നില്ല. ഹൂസ്റ്റണിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അസോസിയേഷന്റെ വളര്‍ച്ചയ്ക്കും ഐക്യത്തിനും മുന്നോട്ടുളള സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുവാന്‍ കഴിവുളള സ്ഥാനാര്‍ഥികളെ വരും വര്‍ഷങ്ങളിലെ ചുമതല ഏല്പിക്കുവാന്‍ മുന്നോട്ടുവരുമെന്നതില്‍ രണ്ട് പക്ഷമില്ല.


Join WhatsApp News
SHIJIMON JACOB 2013-12-11 07:36:28
THIS IS WRONG NEWS I HAVE 16 CANDIDATES ... WE HAVE ONLY 15 POSITIONS OPEN .... I HAVE ONE EXTRA CANDIDATE ALSO
Sreekumar 2013-12-11 12:14:41
പതിവ് പോലെ 2-3 സംഘടനകൾ കൂടി ഹൂസ്റ്റെനിൽ മുള പൊട്ടുവാനുള്ള   സാധ്യത തെളിയുന്നു. സംഘടനക്കു സാമ്പത്തിക നീക്കിയിരുപ്പുന്ടെന്നു നിസംശയം അനുമാനിക്കാം ... മലയാളികളുടെ ഉന്നമനത്തിന്റെ പേര് പറഞ്ഞു പാനൽ തിരിഞ്ഞു പരസ്പരം ചീറിക്കടിച്ചു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ചിരി അടക്കാൻ കഴിയുന്നില്ല ... 3 റൌണ്ട് പ്രചരണം കഴിഞ്ഞുപോലും ...നിയമസഭ തിരഞ്ഞെടുപ്പിൽ പോലും 2 റൌണ്ട് കഴിഞ്ഞാൽ മൌന പ്രചരണം ആണ്.. ഇവിടെ അതും കടത്തി വെട്ടി ... സംഘടകൾ ആളുകളെ ഒരുമിപ്പിക്കുവനുള്ളതാകണം...അല്ലാതെ അധികാര ദുർമോഹത്തിന്റെ പേരില്  ഭിന്നിപ്പിക്കാൻ ഉള്ളത് ആകരുത് ....അതും മറുനാട്ടിൽ ...ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം ......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക