Image

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവാദ പാസ്റ്ററും രംഗത്ത്(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 28 October, 2011
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവാദ പാസ്റ്ററും രംഗത്ത്(അങ്കിള്‍സാം വിശേഷങ്ങള്‍)


ന്യൂയോര്‍ക്ക് : മുസ്‌ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ വിവാദപുരുഷനായ പാസ്റ്റര്‍ ടെറി ജോണ്‍സ് അടുത്തവര്‍ഷം നടക്കുന്ന യുഎസ് പ്രസ്രിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഏതെങ്കിലും പാര്‍ട്ടിയുടെ ബാനറിലല്ല സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരിക്കും മത്സരിക്കുകയെന്ന് ടെറി ജോണ്‍സ് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഫണ്ടു ശേഖരണം ആരംഭിച്ചതായും ജോണ്‍സ് വ്യക്തമാക്കി.

എന്നാല്‍ എത്ര രൂപയാണ് തെരഞ്ഞെടുപ്പ് ഫണ്ടായി ശേഖരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന കാര്യം ജോണ്‍സ് വ്യക്തമാക്കിയില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 11 വാര്‍ഷിക ദിവസത്തില്‍ ഖുറാന്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ചതിലൂടെയാണ് ജോണ്‍സ് ലോകശ്രദ്ധ നേടിയത്. എന്നാല്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും വിവിധ സംഘടനകളുടെയും എതിര്‍പ്പിനെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് ജോണ്‍സ് അവസാനനിമിഷം ഖുറാന്‍ കത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. എന്നാല്‍ ഇതിനുശേഷം ഈ വര്‍ഷം മാര്‍ച്ചില്‍ ഫ്‌ളോറിഡയിലെ ഒരു പള്ളിയില്‍ ഖുറാന്‍ കത്തിക്കുന്നതിന് ജോണ്‍സ് നേതൃത്വം നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷത്തില്‍ ഒബാമ പങ്കെടുക്കും

ന്യൂയോര്‍ക്ക്: വൈറ്റ്ഹൗസില്‍ ഇന്ന് നടക്കുന്ന ദീപാവലി ആഘോഷത്തില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുക്കും. വൈകിട്ട് ഐസണ്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ബില്‍ഡിംഗിലാണ് ദീപാവലി ആഘോഷം ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ ഭാഗമായാണ് ഐസണ്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ബില്‍ഡിംഗ് പ്രവര്‍ത്തിക്കുന്നത്.

ബുഷ് ഭരണകാലത്താണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. 2009ല്‍ ഇവിടെ നടന്ന ദീപാവലി ആഘോഷത്തിലും ഒബാമ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയിലായിരുന്നു ഒബാമ ദീപാവലി ആഘോഷിച്ചത്. ബുധനാഴ്ച ഒബാമ എല്ലാ ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസ നേര്‍ന്നിരുന്നു.

മൂന്നാം പാദത്തിത്തില്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ 2.5 ശതമാനം വളര്‍ച്ച

ന്യൂയോര്‍ക്ക്: സാമ്പത്തികമാന്ദ്യത്തിന്റെ ആശങ്കകള്‍ക്കിടയിലും സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ 2.5 ശതമാനം വര്‍ധന. ആദ്യ രണ്ടുപാദങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഫലമാണിതെന്ന് യുഎസ് വാണിജ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യപാദത്തില്‍ 0.4 ശതമാനവും, രണ്ടാം പാദത്തില്‍ 1.3 ശതമാനവും സാമ്പത്തിക വളര്‍ച്ച മാത്രമായിരുന്നു നേടാനായിരുന്നത്.

വ്യാവസായിക നിക്ഷേപത്തില്‍ 16.3 ശതമാനം വളര്‍ച്ച നേടാനായതും കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് ഉയര്‍ന്നതുമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തായത്. കഴിഞ്ഞ മാസം 1,03000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെങ്കിലും തൊഴിലില്ലായ്മാ നിരക്ക് ഇപ്പോഴും 9.1 ശതമാനത്തില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2009 ഫെബ്രുവരിയില്‍ 8 ശതമാനത്തിലെത്തിയശേഷം ഇതുവരെ തൊഴിലില്ലായ്മാ നിരക്ക് താഴ്ന്നിട്ടില്ല. 1948നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് ഇപ്പോഴത്തേതെന്നും വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹഖാനി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ഐഎസ്‌ഐയുടെ നിര്‍ബന്ധത്തിലെന്ന് ഹിലരി

വാഷിംഗ്ടണ്‍: പാക് തീവ്രവാദ സംഘടനയായ ഹഖാനി ഗ്രൂപ്പുമായി യുഎസ് സൈനിക നേതൃത്വം ചര്‍ച്ച നടത്തിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നിര്‍ബന്ധത്തിലാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഇത് ഒത്തുതീര്‍പ്പ് ചര്‍ച്ചയായിരുന്നില്ലെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നീട് തുടര്‍ച്ചയുണ്ടായിട്ടില്ലെന്നും യുഎസ് ജനപ്രതിനിധിസഭയുടെ വിദേശകാര്യസമിതി യോഗത്തെ അഭിസംബോധന ചെയ്യവെ ഹിലരി പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സഖ്യകക്ഷിയെന്ന നിലയില്‍ പാക്കിസ്ഥാന്‍ നല്‍കിയ സംഭാവന നിര്‍ണായകമായിരുന്നുവെന്നും ഹിലരി പറഞ്ഞു. പാക് - അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പാക് സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ഹിലരി ആവശ്യപ്പെട്ടു. തീവ്രവാദികളില്‍ നല്ലവരും മോശമായവരും ഇല്ലെന്നും അത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അപകടകരവും സ്വയം പരാജയം ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് പാക്കിസ്ഥാന്‍ ഓര്‍ക്കണമെന്നും ഹിലരി പറഞ്ഞു.

ഇന്ത്യ-യുഎസ് ആണവക്കരാറിന്റെ അണിയറക്കഥകളുമായി റൈസ്

വാഷിംഗ്ടണ്‍ : ഇന്ത്യ-യുഎസ് ആണവ കരാര്‍ ഒപ്പിടും മുന്‍പേ തകര്‍ച്ചയുടെ വക്കോളമെത്തിയതിന്റെ കഥയുമായി യുഎസ് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്. കരാര്‍ നടക്കാന്‍ പോകുന്നില്ലെന്ന് ഇരുകൂട്ടരും ഉറപ്പിക്കുകയും മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് എഴുതിത്തുടങ്ങുകയും ചെയ്ത ശേഷമാണ് അവസാനവട്ട ശ്രമത്തില്‍ കരാര്‍ യാഥാര്‍ഥ്യമായതെന്നു റൈസ് അനുസ്മരിക്കുന്നു. റൈസ് എഴുതുന്ന 'നോ ഹയര്‍ ഓണര്‍' എന്ന പുസ്തകത്തിലാണ് ഇന്ത്യ-യുഎസ് ആണവ കരാറിന്റെ കാലത്തെ സംഭവബഹുലമായ രാഷ്ട്രീയചിത്രം റൈസ് അനാവരണം ചെയ്യുന്നത്. അടുത്ത ചൊവ്വാഴ്ച പുസ്തകം പുറത്തിറങ്ങും.

കരാര്‍ സംബന്ധിച്ച് 2005 ജൂലൈ 18-നാണു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷും സംയുക്ത പ്രസ്താവന നടത്തിയത്. കരാര്‍ നടക്കാന്‍ പോകുന്നില്ലെന്നാണു തലേന്ന് ബുഷിനോടു റൈസ് പറഞ്ഞത്. 'കഷ്ടം എന്നായിരുന്നു ബുഷിന്റെ പ്രതികരണം. ഇതു തകരരുതെന്ന് ഉറപ്പിച്ച റൈസ് പിറ്റേന്നു രാവിലെ അന്തിമ ശ്രമം നടത്താനുറച്ചു. അന്നു രാവിലെ പത്തിനാണു മന്‍മോഹന്‍ -ബുഷ് കൂടിക്കാഴ്ച. അതിനു മുന്‍പ് രാവിലെ എട്ടിനു മന്‍മോഹനെ കാണാന്‍ റൈസ് അവസരം തേടി. പക്ഷേ, മന്‍മോഹന്‍ തയാറായില്ല. തുടര്‍ന്നു വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗിനെ വിളിച്ച റൈസ്, പ്രധാനമന്ത്രി എന്തുകൊണ്ടാണ് തന്നെ കാണാന്‍ വിസമ്മതിച്ചതെന്നു ചോദിച്ചു. താങ്കളോടു 'നോ പറയാനുള്ള മടിയാണെന്നായിരുന്നു നട്‌വറിന്റെ മറുപടി.

കരാര്‍ അനിവാര്യമെന്ന് അറിയാമെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള ബുദ്ധിമുട്ടായിരുന്നു പ്രശ്‌നം. ഒരു ശ്രമംകൂടി നടത്താന്‍ നട്‌വറിനോട് റൈസ് ആവശ്യപ്പെട്ടു. അല്‍പസമയത്തിനകം പച്ചക്കൊടിയുമായി നട്‌വറിന്റെ ഫോണ്‍. റൈസ് ആവേശത്തോടെ മന്‍മോഹന്റെ ഹോട്ടലിലേക്കു കുതിച്ചു. 'ചര്‍ച്ചയ്ക്കല്ല വന്നത്; ഇതു നടക്കണമെന്നു പറയാനാണ് - റൈസ് പറഞ്ഞു.

മൃദുവായി സംസാരിക്കുന്ന മന്‍മോഹന്‍ അതേയെന്നു തലയാട്ടി. അടക്കാനാവാത്ത ആഹ്ലാദവുമായി റൈസ് വൈറ്റ്ഹൗസിലേക്കു പാഞ്ഞു. റൂസ്‌വെല്‍റ്റ് റൂമില്‍ ഇന്ത്യ, യുഎസ് ഉദ്യോഗസ്ഥ സംഘങ്ങള്‍ കരാറിന്റെ അടിത്തറ പാകാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. ഒടുവില്‍, തകര്‍ച്ചയുടെ കഥകളെഴുതിത്തുടങ്ങിയ മാധ്യമങ്ങള്‍ അമ്പരന്നു നില്‍ക്കെ, മന്‍മോഹന്‍ - ബുഷ് സംയുക്ത പ്രഖ്യാപനം വന്നു.

ഓക്‌ലന്‍ഡ് പ്രക്ഷോഭം: പൊതുപണിമുടക്കിന് സമരക്കാരുടെ ആഹ്വാനം

ഓക്‌ലന്‍ഡ്: ഓക്‌ലന്‍ഡ് കൈയടക്കല്‍ പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അടുത്തമാസം രണ്ടിന് ഓക്‌ലന്‍ഡില്‍ പൊതു പണിമുടക്ക് നടത്താന്‍ പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തു. പോലീസ് നടപടിയില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള മുന്‍ സൈനികന്‍ സ്‌കോട്ട് ഓള്‍സന് ഗുരുതരമായി പരിക്കേറ്റതാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിയും ടിയര്‍ ഗ്യാസും ഉപയോഗിച്ചിരുന്നു. പോലീസിന്റെ ലാത്തിയടിയേറ്റ് ഓള്‍സന്റെ തലയോട്ടിക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിക്കാനായി ബുധനാഴ്ച ഓക്‌ലന്‍ഡിലെ സിറ്റി ഹാളിന് പുറത്ത് നടന്ന പ്രതിഷേധപ്രകടനത്തില്‍ ആയിരത്തോളംപേരാണ് പങ്കെടുത്തത്. യുഎസിന്റെ വിവിധഭാഗങ്ങളില്‍ ഓക്‌ലന്‍ഡ് പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് ബുധനാഴ്ച പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

ഫണ്ടു ശേഖരണം: കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ഒബാമയ്ക്കാവില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ഫണ്ടു ശേഖരണ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫണ്ടു ശേഖരണത്തില്‍ നൂറു കണക്കിന് ഡോളര്‍ ഒബമായുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തവര്‍ ഇത്തവണ മാറി നില്‍ക്കുകയാണെന്ന് അസോസിയേറ്റ് പ്രസ്(എപി) റിപ്പോര്‍ട്ട് ചെയ്തു. ഇതുമാത്രമല്ല കഴിഞ്ഞ തവണ ഒബാമയ്ക്ക് സംഭാവന നല്‍കയവരില്‍ പലരും ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോമനെയ്ക്കാണ് സംഭാവന നല്‍കിയതെന്നും എപി റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ-സെപ്റ്റംബര്‍ കാലഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ടായി ഒബാമ 70 മില്യണ്‍ ഡോളറാണ് ശേഖരിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ ഫണ്ടുകള്‍ നല്‍കിയവര്‍പോലും ഇത്തവണ ചെറിയതുകകളിലേക്ക് മാറിയിട്ടുണ്ട്. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളുമാണ് ഒബാമയ്ക്ക് ഇത്തവണ കുറഞ്ഞ ഫണ്ട് സംഭാവന ചെയ്തത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന റിക് പെറി ഗവര്‍ണറായിരിക്കുന്ന ടെക്‌സാസിലും ഒബാമയ്ക്ക് ഫണ്ടു ശേഖരണത്തില്‍ തിരിച്ചടി നേരിട്ടു. തെക്കന്‍ കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂഇംഗ്ലണ്ട് പ്രദേശങ്ങള്‍ ഇത്തവണ ഒബാമയെ തഴഞ്ഞ് റോമ്‌നെയ്ക്കാണ് കൂടുതല്‍ ഫണ്ട് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക